30-Surathu rroom -16-32

അദ്ധ്യായം- 30
 സൂറത്തുർ  റൂം
 അവതരണം- മക്ക
സൂക്തങ്ങൾ- 60
 16 മുതൽ 32 വരെ യുള്ള വചനങ്ങളുടെ അർഥം
 പരമകാരുണ്യകനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
( ഞാൻ ആരംഭിക്കുന്നു )

( 16 ) സത്യത്തെ നിഷേധിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെയും പരലോകത്തെ കണ്ടുമുട്ടുന്നതിനെയും കള്ളമാക്കുകയും ചെയ്തിട്ടുള്ളവർ ആരോ അവർ ശിക്ഷയിൽ ഹാജരാക്കപ്പെടുന്നവരാണ്...


( 17 ) ആകയാൽ നിങ്ങൾ സന്ധ്യാവേളയിൽ ഇരിക്കുമ്പോഴും പ്രഭാത വേളയിൽ ഇരിക്കുമ്പോഴും അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തിച്ചു കൊള്ളുക...


( 18 ) ആകാശഭൂമികളിൽ സർവ്വസ്തുതിയും അവനു തന്നെയാണ്.
 സായാഹ്ന വേളയിലും നിങ്ങൾ മധ്യാഹ്ന വേളയിൽ ഇരിക്കുമ്പോഴും( അവന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുക).


( 19 ) അവൻ ജീവിയെ നിർജ്ജീവിയിൽ നിന്നും നിർജ്ജീവിയെ ജീവിയിൽ നിന്നും പുറത്തുകൊണ്ടുവരികയും ഭൂമി നിർജ്ജീവമായി കിടക്കുന്നതിനുശേഷം അതിനെ ജീവിപ്പിക്കുകയും ചെയ്യുന്നു: അപ്രകാരം നിങ്ങളും
( മരണശേഷം കബറുകളിൽ നിന്നും പുറത്ത് കൊണ്ടുവരപ്പെടുന്നതാണ്).


( 20 ) അവന്റെ ദൃഷ്ടാന്തങ്ങളിൽപ്പെട്ടതാണ്   നിങ്ങളെ അവൻ മണ്ണിൽ നിന്ന് സൃഷ്ടിച്ചത്.
 പിന്നീട് നിങ്ങൾ ഇതാ ഭൂമിയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരായി തീർന്നിരിക്കുന്നു...

( 21) അവന്റെ ദൃഷ്ടാന്തങ്ങളിൽപ്പെട്ടത് തന്നെയാണ്, നിങ്ങളുടെ വർഗ്ഗത്തിൽ 
 നിന്നുതന്നെ നിങ്ങൾക്ക്ക്കവൻ ഇണകളെ
സൃഷ്ടിച്ചു  തന്നിട്ടുള്ളത്.
 നിങ്ങൾ അവരുമായി ഇണങ്ങിച്ചേർന്നു മനസ്സമാധാനം കൈവരിക്കാനായി, അവൻ നിങ്ങൾ തമ്മിൽ പ്രേമബന്ധവും കാരുണ്യവും സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.
 തീർച്ചയായും ചിന്തിക്കുന്ന ജനതയ്ക്ക് 
ഇതിൽ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്....

( 22 ) അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടത് തന്നെയാണ് ആകാശഭൂമികളെ സൃഷ്ടിച്ചതും,  നിങ്ങളുടെ ഭാഷകളും വർണ്ണങ്ങളും വ്യത്യസ്തമായതും.
 തീർച്ചയായും വിവരമുള്ളവർക്ക് ഇതിൽ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.

( 23 ) രാത്രിയും പകലും നിങ്ങൾ ഉറങ്ങുന്നതും അവന്റെ അനുഗ്രഹത്തിൽ നിന്നും നിങ്ങൾ ഉപജീവനമാർഗ്ഗം തേടുന്നതും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടത്  തന്നെയാണ്.
 തീർച്ചയായും ശ്രദ്ധിച്ചു കേൾക്കുന്ന ജനതക്ക് ഇതിൽ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്...

( 24 ) അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടത് തന്നെയാണ് നിങ്ങൾക്ക് ഭയവും ആശയും നൽകിക്കൊണ്ട് അവൻ മിന്നൽ കാണിച്ചുതരുന്നത്.
 അവൻ ആകാശത്തുനിന്ന് മഴ ഇറക്കിയിട്ട് അതുകൊണ്ട് ഭൂമിയെ- അതു 
മൃതമായിക്കിടന്നതിനു ശേഷം- അവൻ ജീവിപ്പിക്കുന്നു എന്നതും തീർച്ചയായും ബുദ്ധി ഉപയോഗിക്കുന്ന ജനതക്ക് ഇതിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട്...

( 25 ) അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടത്  തന്നെയാണ് ആകാശ ഭൂമികൾ അവന്റെ കല്പനയനുസരിച്ച് നിലനിൽക്കുന്നത്.
 പിന്നീട് ഭൂമിയിൽ നിന്ന് നിങ്ങളെ അവൻ ഒരൊറ്റ വിളിച്ചാൽ നിങ്ങൾ അതാ പുറത്തേക്ക് വരുന്നു...

( 26 ) ആകാശഭൂമികളിലുള്ളവരെല്ലാം അവനുള്ളതാണ്.
 അവരെല്ലാവരും അവനെ കീഴടങ്ങുന്നവരുമാണ്...

( 27 ) അവൻ സൃഷ്ടി ആരംഭിക്കുകയും അനന്തരം അത് ആവർത്തിക്കുകയും ചെയ്യുന്നവനാണ്.
 അവനെ സംബന്ധിച്ചിടത്തോളം ഏറ്റവും നിസ്സാരമായതാണത്.
ആകാശഭൂമികളിൽ അവന് അത്യുന്നതങ്ങളായ  ഗുണങ്ങളുണ്ട്.
 അവൻ അജയ്യനും മഹായുക്തിമാനുമാണ്...

( 28 ) നിങ്ങളിൽ
നിന്ന് തന്നെയുള്ള ഒരു ഉപമ നിങ്ങൾക്കവൻ
വിവരിച്ചു തരുന്നു.
നിങ്ങൾക്കു നാം നൽകിയിട്ടുള്ളതിൽ
നിങ്ങളുടെ അടിമകളിൽ നിന്ന് വല്ല പങ്കുകാരും നിങ്ങൾക്കുണ്ടോ ?
എന്നിട്ട് നിങ്ങൾ പരസ്പരം ഭയപ്പെടുന്ന നിലക്ക് അതിൽ നിങ്ങൾ രണ്ടുകൂട്ടരും
സമന്മാരായിരിക്കുന്നതാണ്.
( അങ്ങനെ ഉണ്ടാകുമോ ? ).
ബുദ്ധി ഉപയോഗിക്കുന്ന
ജനതക്കു വേണ്ടി നാം
ഇപ്രകാരം ദൃഷ്ടാന്തങ്ങൾ  വിവരിച്ചു കൊടുക്കുന്നു....

( 29 ) പക്ഷേ അക്രമം പ്രവർത്തിച്ചവർ യാതൊരു അറിവുമില്ലാതെ തങ്ങളുടെ ദേഹേഛകളെ പിൻപറ്റിയിരിക്കുകയാണ്.
 എന്നിരിക്കെ അള്ളാഹു വഴിതെറ്റിച്ചവരെ ആരാണ് സന്മാർഗത്തിലാക്കുക?
അവർക്കു p സഹായികൾ ആരുമില്ല തന്നെ...

( 30 ) അതിനാൽ ശുദ്ധമനസ്ക്കനായ് കൊണ്ട് താങ്കളുടെ മുഖം ഈ
 വിശ്വാസത്തിലേക്ക്
( മതത്തിലേക്ക് )ശരിയാക്കി നിർത്തുക.
 അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയോടു കൂടി  സൃഷ്ടിച്ചിരിക്കുന്നുവോ അതെ പ്രകൃതിയനുസരിച്ച്( ജീവിക്കുക).
 അല്ലാഹുവിന്റെ സൃഷ്ടിക്ക് മാറ്റം വരുത്തലില്ല തന്നെ.
  ഇതാണ് വക്രത ഇല്ലാതെ 
 നിലനിൽക്കുന്ന  നേരായമാർഗം 
 മിക്കയാളുകളും ഇത് തിരിച്ചറിയുന്നില്ല.

( 31 ) അല്ലാഹുവിങ്കലേക്ക്
(ഇതിലേക്ക്) മടങ്ങിയവരായി
( താങ്കളും മറ്റുള്ളവരും
 ഇതിനെ  അവലംബിക്കുക).
അവനെ സൂക്ഷിക്കുകയും നിസ്കാരം നിലനിർത്തുകയും ചെയ്യുക.
 നിങ്ങൾ ബഹുദൈവ വിശ്വാസികളിൽ പെട്ടവരാകരുത്..

( 32 ) അതായത് തങ്ങളുടെ വിശ്വാസത്തെ
( മതത്തെ ) ഭിന്നിപ്പിക്കുകയും പല കക്ഷികളായി തീരുകയും ചെയ്തവരുടെ കൂട്ടത്തിൽ .
 ഓരോ കക്ഷികളും തങ്ങളുടെ പക്കലുള്ളത് കൊണ്ട് തൃപ്തരാണ്..


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Al Quran