60-Surah al Mumthahana 01-13


سورة الممتحنة-60
 അവതരണം : മദീന
 സൂക്തങ്ങൾ : 13


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....

( 01 ) സത്യവിശ്വാസികളേ,  എന്റെയും നിങ്ങളുടെയും ശത്രുക്കളായവരോട്  സ്നേഹബന്ധം കാണിച്ചുകൊണ്ട് അവരെ നിങ്ങൾ മിത്രങ്ങളാക്കി വെക്കരുത്.
 നിങ്ങൾക്ക് വന്നുകിട്ടിയ സത്യത്തെ അവർ നിഷേധിച്ചിരിക്കെ റസൂലിനെയും നിങ്ങളെയും നിങ്ങളുടെ നാഥനായ അള്ളാഹുവിൽ വിശ്വസിച്ചു എന്ന കാരണത്താൽ അവർ പുറത്താക്കുന്നു.
 നിങ്ങൾ എന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നതിനും എന്റെ തൃപ്തി നേടുന്നതിനും വേണ്ടി  പുറപ്പെട്ടവരാണെങ്കിൽ
( നിങ്ങൾ അങ്ങനെ ചെയ്യരുത് ) നിങ്ങൾ അവരോട് രഹസ്യമായി സ്നേഹബന്ധം
 പുലർത്തുന്നു.
 നാമാകട്ടെ നിങ്ങൾ മറച്ചുവെച്ചതും വെളിപ്പെടുത്തിയതും അറിയുന്നുണ്ട്.
 നിങ്ങളിൽ ആരെങ്കിലും അത് ചെയ്യുകയാണെങ്കിൽ തീർച്ചയായും അവൻ നേർമാർഗ്ഗം തെറ്റിപോയിരിക്കുന്നു....


( 02 ) നിങ്ങളെ അവർക്ക് പിടികിട്ടിയാൽ അവർ നിങ്ങളുടെ ശത്രുക്കളായിത്തീരുകയും
 തിന്മയുമായി നിങ്ങൾക്ക് നേരെ
 അവർ തങ്ങളുടെ കൈകളും നാവുകളും നീട്ടുകയും നിങ്ങൾ സത്യനിഷേധികളായെങ്കിൽ എന്നവർ ആശിക്കുകയും ചെയ്യുന്നു....

( 03 ) നിങ്ങളുടെ രക്തബന്ധങ്ങളോ  സന്താനങ്ങളോ അന്ത്യനാളിൽ നിങ്ങൾക്ക് ഉപകരിക്കുകയില്ല.
( അന്ന് ) അവൻ നിങ്ങൾക്കിടയിൽ വേർതിരിക്കും.
 നിങ്ങളുടെ പ്രവർത്തനങ്ങൾ കണ്ടറിയുന്നവനാകുന്നു അള്ളാഹു...

( 04 ) ഇബ്റാഹീമിലും അദ്ദേഹത്തോടോപ്പമുള്ളവരിലും
 നിങ്ങൾക്ക് ഉത്തമ മാതൃകയായിട്ടുണ്ട്.
 അവർ തങ്ങളുടെ ജനതയോട് പറഞ്ഞ സന്ദർഭം : തീർച്ചയായും ഞങ്ങൾ നിങ്ങളിൽ നിന്നും അല്ലാഹുവിനെ കൂടാതെ നിങ്ങൾ ആരാധിക്കുന്നവയിൽ നിന്നും ഒഴിവായവരാകുന്നു.
 അല്ലാഹു ഏകൻ എന്ന നിലയ്ക്ക് നിങ്ങൾ അവനിൽ വിശ്വസിക്കുന്നതുവരെ എക്കാലത്തും ഞങ്ങൾ നിങ്ങളെ നിഷേധിക്കുകയും, ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ ശത്രുതയും അമർഷവും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
 പക്ഷേ ഇബ്റാഹീം തന്റെ പിതാവിനോട്
" ഞാൻ താങ്കൾക്ക് വേണ്ടി
( അള്ളാഹുവിനോട് ) പാപമോചനത്തിനുവേണ്ടി തേടുക തന്നെ ചെയ്യും" അല്ലാഹുവിങ്കൽ നിന്ന് താങ്കൾക്ക് യാതൊന്നും തന്നെ ഞാൻ അധീനമാക്കുന്നില്ല ' എന്ന് പറഞ്ഞതല്ലാതെ
( ഇതിൽ നിങ്ങൾക്ക് മാതൃകയില്ല )
" ഞങ്ങളുടെ നാഥാ, നിന്റെ മേൽ ഞങ്ങൾ ഭാരമേൽപ്പിച്ചു.
 നിന്റെ അടുത്തേക്ക് ഞങ്ങൾ മടങ്ങുകയും ചെയ്തു.
 നിന്റെ അടുത്തേക്ക് ആണല്ലോ എല്ലാറ്റിന്റെയും മടക്കം "
( എന്നും അവർ പറഞ്ഞിരിക്കുന്നു )....

( 05 ) ഞങ്ങളുടെ നാഥാ,
സത്യനിഷേധികൾക്ക് ഞങ്ങളെ നീ പരീക്ഷണ പാത്രങ്ങളാക്കരുതേ.
 ഞങ്ങൾക്ക് നീ പൊറുത്തുതരികയും ചെയ്യേണമേ.
 തീർച്ചയായും നീ തന്നെയാണ് അജയ്യനും യുക്തിമാനും...

( 06 ) തീർച്ചയായും അവരിൽ നിങ്ങൾക്ക് മാതൃകയുണ്ട്.
 അതായത് അല്ലാഹുവിനെയും അന്ത്യനാളിനെയും ഭയപ്പെടുന്നവർക്ക്. ആരെങ്കിലും പിന്തിരിഞ്ഞു കളയുന്നപക്ഷം
 അല്ലാഹു തന്നെയാണ് നിരാശ്രയനും സ്തുത്യർഹനും.....


( 07 ) നിങ്ങൾക്കും അവരിൽനിന്ന് നിങ്ങൾ ശത്രുത വെച്ചവർക്കും ഇടയിൽ അള്ളാഹു സ്നേഹബന്ധം ഉണ്ടാക്കിയേക്കാം.
 അള്ളാഹു സർവ്വശക്തനാണ്.
 അല്ലാഹു വളരെ പൊറുക്കുന്നവനും പരമകാരുണ്യകനുമാണ്...

( 08 ) മതകാര്യങ്ങളിൽ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, സ്വന്തം വീടുകളിൽ നിന്ന് നിങ്ങളെ പുറത്താക്കാതെയിരിക്കുകയും ചെയ്തവർക്ക് നിങ്ങൾ നന്മ ചെയ്യുന്നതും അവരോട് നിങ്ങൾ നീതി പാലിക്കുന്നതും
 അള്ളാഹു നിങ്ങളോട് നിഷേധിച്ചിട്ടില്ല.
 തീർച്ചയായും നീതി  പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു....

( 09 ) മതകാര്യത്തിൽ നിങ്ങളോട് യുദ്ധം ചെയ്യുകയും, സ്വന്തം വീടുകളിൽ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കാൻ സഹായിക്കുകയും ചെയ്തവരോട്  മൈത്രിബന്ധം സ്ഥാപിക്കുന്നത് മാത്രമേ അള്ളാഹു നിങ്ങളോട് നിഷേധിച്ചിട്ടുള്ളൂ.
 ആരെങ്കിലും അവരോട് മൈത്രിബന്ധം
 പുലർത്തുന്നുവെങ്കിൽ അക്കൂട്ടർ തന്നെയാണ് അക്രമികൾ.....

( 10 ) സത്യവിശ്വാസികളേ,  വിശ്വസിച്ച സ്ത്രീകൾ സ്വദേശം വിട്ടു നിങ്ങളുടെ അടുത്ത് വന്നാൽ അവരെ പരീക്ഷിച്ചു നോക്കണം.
 അവരുടെ വിശ്വാസത്തെ കുറിച്ച് അല്ലാഹു ഏറ്റവും അറിയുന്നവനാണ്.
 എന്നിട്ട് സത്യവിശ്വാസികളാണെന്ന് ബോധ്യമായാൽ അവരെ സത്യനിഷേധികളുടെ അടുത്തേക്ക് നിങ്ങൾ മടക്കി അയക്കരുത്.
 ആ  സ്ത്രീകൾ അവർക്കും അവർ ആ സ്ത്രീകൾക്കും അനുവദനീയമാവുകയില്ല.
 സത്യനിഷേധികൾ ചെലവഴിച്ചത് അവർക്ക് നിങ്ങൾ കൊടുക്കുകയും വേണം.
 ആ സ്ത്രീകൾക്ക് അവരുടെ മഹർ കൊടുക്കുകയാണെങ്കിൽ അവരെ നിങ്ങൾക്ക് വിവാഹം ചെയ്യുന്നതിന് നിങ്ങൾക്ക് തടസ്സമൊന്നുമില്ല.
 അവിശ്വാസിനികളുടെ വിവാഹബന്ധത്തിൽ നിങ്ങൾ പിടിച്ചു നിൽക്കരുത്.
 നിങ്ങൾ ചെലവഴിച്ചത് നിങ്ങൾ ചോദിച്ചു വാങ്ങിച്ചു കൊള്ളുക.
 അവർ ചെലവഴിച്ചത് അവരും ചോദിച്ചു വാങ്ങികൊള്ളട്ടെ.
 ഇതെല്ലാം അല്ലാഹുവിന്റെ നിയമമാകുന്നു.
 അവൻ നിങ്ങൾക്കിടയിൽ വിധി നൽകുന്നു.
 അല്ലാഹു സർവ്വജ്ഞനും യുക്തിമാനുമാകുന്നു....

( 11 ) നിങ്ങളുടെ ഭാര്യമാരിൽ ആരെങ്കിലും സത്യനിഷേധികളിലേക്ക് പോയികളയുകയും
 എന്നിട്ട് നിങ്ങൾ അനന്തര നടപടി എടുക്കുകയും ചെയ്താൽ ആരുടെ ഭാര്യമാർ  വിട്ടുപോയിട്ടുണ്ടോ അവർ ചെലവ് ചെയ്തത് പോലെയുള്ളത് നിങ്ങൾ അവർക്ക് കൊടുത്തു കൊള്ളുക.
 നിങ്ങൾ യാതൊരുവനിൽ വിശ്വസിക്കുന്നവരാണോ ആ അല്ലാഹുവിനെ സൂക്ഷിക്കുക....

( 12 )നബീ,  സത്യവിശ്വാസിനികളായ സ്ത്രീകൾ തങ്കൾ അല്ലാഹുവിനോട് യാതൊന്നിനെയും പങ്ക് ചേർക്കുകയില്ലെന്നും,  മോഷ്ടിക്കുകയില്ലെന്നും,  വ്യഭിചരിക്കുകയില്ലെന്നും,  തങ്ങളുടെ സന്താനങ്ങളെ കൊല്ലുകയില്ലെന്നും,  മനപ്പൂർവ്വം കെട്ടിചമക്കുന്ന യാതൊരു കള്ളവാദവും കൊണ്ടുവരികയില്ലെന്നും,  ഒരു നല്ല കാര്യത്തിലും താങ്കളോട് അനുസരണക്കേട് കാണിക്കുകയില്ലെന്നും പ്രതിജ്ഞ ചെയ്യാനായി താങ്കളുടെ അടുത്ത് വന്നാൽ അവരോട് പ്രജ്ഞ വാങ്ങുകയും അവർക്ക് വേണ്ടി അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്യുക.
 തീർച്ചയായും അല്ലാഹു വളരെ പൊറുക്കുന്നവനും പരമകാരുണ്യകനുമാകുന്നു....

( 13 )സത്യവിശ്വാസികളേ,  അള്ളാഹു കോപിച്ച ഒരു ജനതയോട് നിങ്ങൾ മൈത്രിബന്ധം പുലർത്തരുത്.
 ഖബറുകളിൽ ഉള്ളവരെപറ്റി സത്യനിഷേധികൾ നിരാശപ്പെട്ടതുപോലെ അവർ പരലോകത്തെ കുറിച്ച് നിരാശരാവുക തന്നെ ചെയ്തിരിക്കുന്നു.. ..

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam