59-Surah Al Hashr -01-24


سورة الحشر-59
 അവതരണം: മദീന
 സൂക്തങ്ങൾ : 24


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....

( 01 ) ആകാശഭൂമികളിലുള്ളവയെല്ലാം അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുന്നുണ്ട്.
 അവൻ അജയ്യനും യുക്തിമാനുമാകുന്നു ....

( 02 ) വേദക്കാരിൽ നിന്ന് സത്യനിഷേധികളെ ഒന്നാമത്തെ നാടുകടത്തലിൽ സ്വന്തം ഭവനങ്ങളിൽ നിന്ന് പുറത്താക്കിയവനാണവൻ.
 അവർ പുറത്തുപോകുമെന്ന് നിങ്ങൾ
കരുതിയിരുന്നില്ല.
 തങ്ങളുടെ കോട്ടകൾ അല്ലാഹുവിൽ നിന്നും തടഞ്ഞുനിർത്തുന്നവയാണെന്ന് അവർ ധരിക്കുകയും ചെയ്തു.
 എന്നാൽ അവർ ഊഹിക്കാത്ത ഭാഗത്ത്കൂടി അള്ളാഹു( വിന്റെ ശിക്ഷ ) അവർക്ക് വരികയും അവരുടെ ഹൃദയങ്ങളിൽ അവൻ ഭീതി ഇട്ടു കൊടുക്കുകയും ചെയ്തു.
 അവർ തങ്ങളുടെ വീടുകളെ  സ്വന്തം കൈകൾ കൊണ്ടും സത്യവിശ്വാസികളുടെ കൈകൾകൊണ്ടും നശിപ്പിക്കുന്നു.
 അപ്പോൾ കണ്ണുകളുള്ളവരേ,  നിങ്ങൾ ശരിക്കും ചിന്തിച്ചു നോക്കുക...

( 03 ) ഈ നാടുവിട്ടു പോകൽ അല്ലാഹു അവരുടെ മേൽ വിധിച്ചിരുന്നെങ്കിൽ ഇഹത്തിൽ വെച്ച് തന്നെ അള്ളാഹു അവരെ
( മറ്റൊരുതരത്തിൽ ) ശിക്ഷിക്കുമായിരുന്നു.
 പരലോകത്തിൽ അവർക്ക് നരകശിക്ഷയുണ്ട്...

( 04 ) അല്ലാഹുവോടും അവന്റെ ദൂതനോടും
 അവർ മത്സരിച്ചതുകൊണ്ടാകുന്നു അത്.
 അല്ലാഹുവിനോട് ആരെങ്കിലും മത്സരിച്ചാൽ
 തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു...

( 05 )( സത്യവിശ്വാസികളേ ) നിങ്ങൾ ഈത്തപ്പനയിൽ നിന്ന് എന്തെങ്കിലും മുറിക്കുകയോ അല്ലെങ്കിൽ അവയെ മുരടുകളിൽ നിലകൊള്ളുന്നതായി വിടുകയോ ചെയ്താൽ അത് അല്ലാഹുവിന്റെ അനുവാദപ്രകാരമാകുന്നു.
( സത്യവിശ്വാസികളെ ആദരിക്കാനും ) ആ ധിക്കാരികളെ നിന്ദിക്കാനും വേണ്ടിയാണത്....

( 06 )അവരിൽ നിന്ന് തന്റെ ദൂതന് അള്ളാഹു കൈവരുത്തികൊടുത്തതെന്തോ അത് അല്ലാഹുവിനും അവന്റെ റസൂലിനും
 അടുത്തകുടുംബാംഗങ്ങൾക്കും അനാഥ കുട്ടികൾക്കും അഗതികൾക്കും വഴിയാത്രക്കാർക്കും ഉള്ളതാണ്.
 ആ ധനം  നിങ്ങളിലുള്ള ധനികർക്കിടയിൽ കൈമാറ്റപ്പെടുന്നതാവാതിരിക്കാൻ വേണ്ടിയാണ്
( ഇങ്ങനെ കൽപ്പിച്ചിരിക്കുന്നത് )
 റസൂൽ നിങ്ങൾക്ക് നൽകിയത് എന്തോ
 അത് സ്വീകരിച്ചു കൊള്ളുക.
 നബി നിങ്ങളോട് വിരോധിച്ചത്  എന്തോ
 അതിൽനിന്ന് അകന്ന് നിൽക്കുക.
 അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുകയും ചെയ്യുക.
 തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്....

( 08 ) തങ്ങളുടെ വീടുകളിലും സ്വത്തുക്കളിലും നിന്ന് പുറത്താക്കപ്പെട്ട മുഹാജിറുകളായ ദരിദ്രക്കുള്ളതാണ്
( പ്രത്യേകിച്ച് ആ സമ്പത്ത് ) അവർ അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടുകയും അല്ലാഹുവിനെയും അവന്റെ റസൂലിനെയും സഹായിക്കുകയും ചെയ്യുന്നു.
 അവർ തന്നെയാണ് സത്യസന്ധന്മാർ...

( 09 ) അവരുടെ മുൻപായി
( മുഹാജിറുകളുടെ ആഗമനത്തിനു മുൻപായി ) തന്നെ വാസസ്ഥലം സൗകര്യപ്പെടുത്തി വെച്ചവരും
 സത്യവിശ്വാസം സ്വീകരിച്ചവരുമായവർക്കും ഉള്ളതാണ്.
 തങ്ങളുടെ അടുത്തേക്ക് ഹിജ്‌റ  ചെയ്തെത്തിയവരെ അവർ സ്നേഹിക്കുന്നു.
 മുഹാജിറുകൾക്ക് നൽകപ്പെട്ടതിനെക്കുറിച്ച്
 തങ്ങളുടെ മനസ്സുകളിൽ ഒരു അസൂയയും അവർ കണ്ടെത്തുകയില്ല.
 സ്വത്തിന് ആവശ്യമുണ്ടെങ്കിൽ പോലും തങ്ങളെക്കാൾ( മറ്റുള്ളവർക്ക് ) അവർ പ്രാധാന്യം നൽകും.
 മനസ്സിന്റെ പിശുക്കിൽ നിന്ന് ആർ സുരക്ഷിതരായോ അവർ തന്നെയാണ് വിജയികൾ....

( 10 ) അവരുടെ ശേഷം വന്നവർക്കുമുള്ളതാണ്.  അവർ പറയും.
 ഞങ്ങളുടെ നാഥാ, ഞങ്ങൾക്കും സത്യവിശ്വാസത്തോടെ മുൻ കടന്നുപോയ ഞങ്ങളുടെ സഹോദരന്മാർക്കും നീ പൊറുത്തുതരികയും ഞങ്ങളുടെ ഹൃദയങ്ങളിൽ സത്യവിശ്വാസികളോട് ഒരു പകയും ഉണ്ടാക്കാതിരിക്കുകയും ചെയ്യേണമേ !
 ഞങ്ങളുടെ നാഥാ, തീർച്ചയായും നീ വളരെ കൃപയുള്ളവനും കാരുണ്യവാനുമാകുന്നു...

( 11 )( നബിയേ ) കാപട്യം കാണിച്ചവരെ താങ്കൾ കണ്ടില്ലേ ?
 വേദക്കാരിൽ നിന്നുള്ള സത്യനിഷേധികളായ തങ്ങളുടെ സഹോദരന്മാരോട് അവർ പറഞ്ഞു : " നിങ്ങൾ നാട്ടിൽ നിന്ന് പുറത്താക്കപ്പെട്ടാൽ  ഞങ്ങളും നിങ്ങളോടൊപ്പം പുറത്തുപോവുക തന്നെ ചെയ്യും.
 നിങ്ങളുടെ കാര്യത്തിൽ ഒരിക്കലും ഒരാളെയും ഞങ്ങൾ അനുസരിക്കുകയില്ല.
 നിങ്ങളോട് യുദ്ധം ചെയ്യപ്പെട്ടാൽ തീർച്ചയായും തീർച്ചയായും ഞങ്ങൾ നിങ്ങളെ സഹായിക്കുകയും ചെയ്യും.
 തീർച്ചയായും അവർ കള്ളം പറയുന്നവരാണെന്ന് അള്ളാഹു സാക്ഷ്യം വഹിക്കുന്നു....

( 12 ) അവർ പുറത്താക്കപ്പെട്ടാൽ ഇവർ അവരോടൊപ്പം പുറത്തുപോവുകയില്ല.
 അവരോട് യുദ്ധം ചെയ്യപ്പെട്ടാൽ ഇവർ അവരെ സഹായിക്കുകയുമില്ല.
 അവരെ സഹായിച്ചാൽ തന്നെയും ഇവർ പിന്തിരിഞ്ഞു ഓടുകയാണ് ചെയ്യുക.
 പിന്നീട് അവർക്ക് ഒരു സഹായവും ലഭിക്കുകയില്ല....

( 13 )( സത്യവിശ്വാസികളേ ) തീർച്ചയായും അവരുടെ ഹൃദയങ്ങളിൽ അല്ലാഹുവിനെക്കുറിച്ചുള്ളതിനേക്കാൾ
 കഠിനഭയം നിങ്ങളെക്കുറിച്ചാണ്.
 അവർ ( വസ്തുതകൾ) ഗ്രഹിക്കാത്ത ഒരു ജനതയാണ് എന്നത് കൊണ്ടാണത്....

( 14 ) കോട്ടകെട്ടി ഭദ്രമാക്കപ്പെട്ട നാടുകളിൽ വെച്ചോ,  മതിലുകളുടെ പിന്നിൽനിന്നോ  അല്ലാതെ അവർ നിങ്ങളോട് യുദ്ധം ചെയ്യുകയില്ല.
 അവർക്കിടയിൽ അവരുടെ സമര ശക്തി വളരെ ശക്തമാണ്.
 അവർ സംഘടിതരാണെന്ന് താങ്കൾ ധരിക്കുന്നു.
 അവരുടെ ഹൃദയങ്ങളാകട്ടെ വിഭിന്നങ്ങളാണ് അത് അവർ ചിന്തിക്കാത്ത ജനതയായതുകൊണ്ടാണ്....

( 15 ) (ഇവരുടെ സ്ഥിതി) അടുത്തകാലത്ത് ഇവരുടെ മുൻപുണ്ടായിരുന്നവരുടെ സ്ഥിതി പോലെയാണ്.
 തങ്ങളുടെ കാര്യത്തിന് ദുഷ്ഫലം
( ഇഹലോകത്ത് വെച്ച്) അവർ അനുഭവിച്ചു.
( പരലോകത്ത് ) അവർക്ക് വേദനാജനകമായ ശിക്ഷയുമുണ്ട്...


( 16 )( ആ കപടവിശ്വാസികളുടെ സ്ഥിതി ) പിശാചിന്റെ സ്ഥിതി പോലെയാണ്.
 നീ സത്യം നിഷേധിക്കുക എന്ന് അവൻ മനുഷ്യനോട് പറഞ്ഞ സന്ദർഭം.
അങ്ങനെ മനുഷ്യൻ സത്യം നിഷേധിച്ചപ്പോൾ പിശാച് പറഞ്ഞു : തീർച്ചയായും ഞാൻ നിന്നിൽ നിന്നും ഒഴിവായവനാണ്. തീർച്ചയായും ലോകനാഥനായ അള്ളാഹുവിനെ ഞാൻ ഭയപ്പെടുന്നു...

( 17 ) അങ്ങനെ അവർ ഇരുവരുടെയും പര്യവസാനം ഇരുവരും നരകത്തിലാണ്  എന്നതായി തീർന്നു.
 അവരതിൽ സ്ഥിരവാസികളാകുന്നു.
 അതാണ് അക്രമികളുടെ പ്രതിഫലം.....

( 18 ) സത്യവിശ്വാസികളേ,  നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക.
 നാളേക്ക് വേണ്ടി താൻ മുൻകൂട്ടി ഒരുക്കി വെച്ചിട്ടുള്ളത് എന്താണ് എന്ന് ഓരോ മനുഷ്യനും ചിന്തിക്കട്ടെ.
 നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. തീർച്ചയായും
 നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അല്ലാഹു സൂക്ഷ്മജ്ഞനാകുന്നു.....

( 19 ) അല്ലാഹുവിനെ മറന്നുകളയുകയും അത് മൂലം അവർക്ക് തങ്ങളെ തന്നെ അവർ വിസ്മരിച്ച് കളയുകയും ചെയ്തവരെ പോലെ നിങ്ങൾ ആകരുത്.
 അങ്ങനെയുള്ളവർ തന്നെയാണ് ധിക്കാരികൾ.....

( 20 )നരകക്കാരും  സ്വർഗ്ഗക്കാരും  തുല്യരാവുകയില്ല.
 സ്വർഗ്ഗക്കാർ തന്നെയാണ് വിജയികൾ...

( 21 ) ഈ ഖുർആനെ  ഒരു പർവ്വതത്തിൽ നാം അവതരിപ്പിച്ചിരുന്നെങ്കിൽ   അത് വിനയം കാണിക്കുന്നതായും അല്ലാഹുവിനെ ഭയപ്പെട്ടതിനാൽ പൊട്ടിപ്പിളരുന്നതായും നീ കാണുമായിരുന്നു.
 ആ ഉപമകൾ നാം മനുഷ്യർക്ക് വേണ്ടി വിവരിക്കുന്നു.
അവർ ചിന്തിക്കാൻ വേണ്ടി....

( 22 ) അവൻ അല്ലാഹുവാണ്.
 അവനല്ലാതെ മറ്റൊരു ദൈവവുമില്ല.
 ദൃശ്യവും അദൃശ്യവുമായ കാര്യങ്ങൾ അറിയുന്നവൻ.
 അവൻ കാരുണ്യവാനും കരുണാനിധിയുമാണ്....

( 23 )അവൻ അള്ളാഹുവാണ്.
 അവനല്ലാതെ ഒരു ദൈവവുമില്ല.
 അവൻ രാജാവും മഹാപരിശുദ്ധനും  അത്യുന്നതനുമാകുന്നു.
 അഭയം നൽകുന്നവനും മേൽനോട്ടം നടത്തുവനും അജയ്യനും പരമാധികാരിയും
 മഹാന്നതനുമാണ്.
 അവർ പങ്കുചേർക്കുന്നതിൽ നിന്നും അല്ലാഹു പരിശുദ്ധനാകുന്നു.....

( 24 ) അവൻ അള്ളാഹുവാണ്.
 സൃഷ്ടിക്കുന്നവനും നിർമ്മിച്ചുണ്ടാക്കുന്നവനും രൂപം നൽകുന്നവനും.
 അവന് ഉൽകൃഷ്ടമായ നാമങ്ങളുണ്ട്.
 ആകാശഭൂമികളിലുള്ളവയെല്ലാം  അവന്റെ പരിശുദ്ധിയെ പ്രകീർത്തിച്ചു കൊണ്ടിരിക്കുന്നു.
 അവൻ അജയ്യനും യുക്തിമാനുമാകുന്നു....

അഭിപ്രായങ്ങള്‍