52-Surah Al Ththoor -01--49


سورة الطور-52
അവതരണം: മക്ക
 സൂക്തങ്ങൾ : 49

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....

( 01-06 ) പർവ്വതവും, തുറന്നുവെക്കപ്പെട്ട തോളിൽ രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥവും,
( ധാരാളം ) പെരുമാറ്റമുള്ള മന്ദിരവും,  ഉയർന്ന മേൽ തട്ടും, നിറഞ്ഞുനിൽക്കുന്ന സമുദ്രവും തന്നെയാണ് സത്യം....

( 07 ) തീർച്ചയായും താങ്കളുടെ നാഥന്റെ  ശിക്ഷ സംഭവിക്കുന്നത്  തന്നെയാണ്.....

( 08 ) അതിനെ തടയുന്ന ആരുമില്ല.....

( 09-10 ) ആകാശം കിടു കിടാ  വിറക്കുകയും,  പർവ്വതങ്ങൾ ( ശക്തിയായി ) ചലിക്കുകയും ചെയ്യുന്ന ദിവസം
( അതുണ്ടാകും ).....


( 11 ) എന്നാൽ സത്യനിഷേധികൾക്കാണ്  അന്നത്തെ ദിവസം വമ്പിച്ച നാശം....

( 12 ) അതായത് അനാവശ്യത്തിൽ മുഴുകി വിനോദിക്കുന്നവർക്ക്.....

( 13 )( അതെ ) നരകത്തിലേക്ക് അവർ ശക്തിയോടെ പിടിച്ചു തള്ളപ്പെടുന്ന ദിവസം...

( 14 ) നിങ്ങൾ നിഷേധിച്ച് കൊണ്ടിരിക്കുന്ന നരകമാണ് ഇത്
( എന്ന് അവരോട് പറയപ്പെടും )....

(  15 ) അപ്പോൾ ഇതൊരു മാരണമാണോ  ?
 അതല്ല. ഇതു നിങ്ങൾ കാണുന്നില്ല എന്നുണ്ടോ  ?

( 16 ) നിങ്ങൾ ഇതിൽ കടന്നു കൊള്ളുക.
 എന്നിട്ട് ക്ഷമിക്കുകയോ ക്ഷമിക്കാതിരിക്കുകയോ ചെയ്യുക.
 രണ്ടും നിങ്ങളെ സംബന്ധിച്ചിടത്തോളം സമമാണ്.
 നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിന് മാത്രമാണ് പ്രതിഫലം നൽകപ്പെടുന്നത്.....

( 17 ) തീർച്ചയായും ഭയഭക്തിയുള്ളവർ സ്വർഗ്ഗങ്ങളിലും സുഖാനുഭൂതിയിലുമാകുന്നു....

( 18 ) തങ്ങളുടെ നാഥൻ നൽകിയതിൽ ആനന്ദം കൊള്ളുന്നവരായികൊണ്ട് കത്തിജ്വലിക്കുന്ന നരകശിക്ഷയിൽ നിന്ന് അവരുടെ നാഥൻ അവരെ രക്ഷിക്കുകയും ചെയ്തിരിക്കുന്നു...

( 19 ) നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിന് പ്രതിഫലമായി സന്തോഷത്തോടെ നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക
( എന്ന് അവരോട് പറയപ്പെടും  ).....

( 20 ) നിരത്തിവെക്കപ്പെട്ട കട്ടിലുകളിൽ ചാരിയിരിക്കുന്നവരായി
( അവർ ആനന്ദിക്കും )
 വെളുത്തവരും വിശാലാക്ഷികളുമായ ഇണകളെ നാം അവർക്ക് ഇണ ചേർത്ത് കൊടുക്കുകയും ചെയ്തിരിക്കുന്നു.....

( 21 ) സത്യത്തിൽ വിശ്വസിക്കുകയും,  തങ്ങളുടെ സന്താനങ്ങളെ സത്യവിശ്വാസത്തോടെ നാമവരോടു  പിന്തുടർത്തുകയും ചെയ്തവർ ഉണ്ടല്ലോ അവരുടെ സന്താനങ്ങളെ ( സ്വർഗ്ഗത്തിൽ) അവരോട് നാം ചേർത്തു കൊടുക്കുന്നതാണ്.
 അവരുടെ പ്രവർത്തനഫലങ്ങളിൽ നിന്നും ഒന്നും  നാം കുറക്കുന്നതുമല്ല.
 എല്ലാ ഓരോ മനുഷ്യനും താൻ സമ്പാദിച്ചതിന് പണയം വെക്കപ്പെട്ടവനാണ്...

( 22 ) തങ്ങളാഗ്രഹിക്കുന്നതിൽ നിന്നുള്ള
പഴങ്ങളും മാംസവും നാമവർക്ക് വിശാലമാക്കി കൊടുക്കുന്നതാണ്....

( 23 ) അവർ അതിൽ മദ്യ കോപ്പകൾ കൈമാറും.
 യാതൊരു അനാവശ്യവും കുറ്റകരമായതും അതിലില്ല....

( 24 ) അവരുടെ ബാലൻമാർ അവർക്കിടയിൽ ( സേവന സന്നദ്ധരായി ) ചുറ്റിത്തിരിഞ്ഞു കൊണ്ടിരിക്കും.
 അവർ മറച്ചുവെക്കപ്പെട്ട മുത്തുപോലെയായിരിക്കും....

( 25 ) അവർ പരസ്പരം ( പലതും ) ചോദിച്ചുകൊണ്ട്  അങ്ങോട്ടുമിങ്ങോട്ടും അഭിമുഖമായിരിക്കും....

( 26 ) അവർ പറയും : നാം ഇതിനു മുൻപ് നമ്മുടെ കുടുംബത്തിൽ ആയിരിക്കേ
( അല്ലാഹുവിനെ ) ഭയപ്പെടുന്നവരായിരുന്നു...

( 27 ) അതിനാൽ അല്ലാഹു നമ്മോട് ദയ കാണിച്ചു.
 നരകശിക്ഷയിൽ നിന്ന് അവൻ നമ്മെ കാത്തുരക്ഷിക്കുകയും ചെയ്തു....

( 28 ) തീർച്ചയായും ഇതിനുമുൻപ് നാം അവനോട് പ്രാർത്ഥിക്കുന്നവരായിരുന്നു.
 അവൻ നന്മ ചെയ്യുന്നവനും പരമകാരുണികനും  തന്നെയാണ്....

( 29 ) അതുകൊണ്ട് ( നബിയെ ) താങ്കൾ ഉദ്ബോധിപ്പിക്കുക.  താങ്കളുടെ നാഥന്റെ അനുഗ്രഹത്താൽ താങ്കൾ ഒരു പ്രശ്നം വെക്കുന്ന ആളല്ല. ഒരു ഭ്രാന്തനുമല്ല....

( 30 ) അതല്ല. "അദ്ദേഹം ഒരു കവിയാണ്.വല്ല കാലവിപത്തും അദ്ദേഹത്തെ ബാധിക്കുന്നത് നമുക്ക് കാത്തിരിക്കാം" എന്ന് അവർ പറയുന്നുവോ ?

( 31 ) താങ്കൾ പറയുക. നിങ്ങൾ കാത്തിരുന്നു  കൊള്ളുക.  തീർച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരിൽ  പെട്ടവനാകുന്നു...


( 32 ) അതല്ലെങ്കിൽ അവരുടെ ബുദ്ധികൾ ഇതിന് ( ഇങ്ങനെ പറയാൻ ) അവരോട് കൽപ്പിക്കുകയാണോ   ?
 അതല്ല. പക്ഷേ ധിക്കാരികളായ ജനത യാകുന്നു...

( 33 ) അതല്ലെങ്കിൽ അദ്ദേഹം
( മുഹമ്മദ് നബി ) ഇത് ( ഖുർആൻ ) സ്വയം കെട്ടിയുണ്ടാക്കിയതാണെന്ന് അവർ പറയുന്നുവോ ?
 പക്ഷേ അവർ വിശ്വസിക്കുന്നില്ല...

( 34 ) എങ്കിൽ ഇതുപോലെയുള്ള ഒരു സന്ദേശം അവർ കൊണ്ടുവരട്ടെ.
 അവർ സത്യസന്ധരാണെങ്കിൽ....

( 35 ) അതുമല്ല. ഒരു വസ്തുവുമില്ലാതെ അവരങ്ങു  സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ ?
 അതോ അവർ തന്നെയാണോ
 സ്രഷ്ടാക്കൾ ?

( 36 ) അതല്ല. അവരാണോ  ആകാശഭൂമികളെ സൃഷ്ടിച്ചത് ?
 പക്ഷേ അവർ ഒന്നും ദൃഢമാക്കുന്നില്ല....

( 37 ) അതല്ല. അവരുടെ പക്കലാണോ താങ്കളുടെ നാഥന്റെ ഖജനാവുകൾ ?
 അതോ അവരാണ് അധികാരം നടത്തുന്നവർ....

( 38 ) അതല്ല. കയറിച്ചെന്ന് ശ്രദ്ധിച്ചു കേൾക്കാവുന്ന എന്തെങ്കിലും കോണി അവർക്കുണ്ടോ ?
 എങ്കിൽ അവരിൽ  ശ്രദ്ധിച്ചു കേൾക്കുന്നവൻ വ്യക്തമായ ഒരു തെളിവ് കൊണ്ടുവരട്ടെ...

( 39 ) അതല്ല.  പെൺകുട്ടികൾ അല്ലാഹുവിനും ആൺകുട്ടികൾ നിങ്ങൾക്കുമാണോ  ?

( 40 ) അല്ലെങ്കിൽ ( നബീ ) താങ്കൾ അവരോട് എന്തെങ്കിലും പ്രതിഫലം ചോദിക്കുകയും, അതുമൂലം അവർ എന്തെങ്കിലും കടബാധ്യത യായാൽ വിഷമം ബാധിച്ചവരാവുകയും ചെയ്യുന്നുണ്ടോ  ?

( 41 ) അതുമല്ലെങ്കിൽ തങ്ങളുടെ പക്കൽ എന്തെങ്കിലും അദൃശ്യജ്ഞാനം ഉണ്ടായിരിക്കുകയും എന്നിട്ട്  അത് അവർ എഴുതുകയും ചെയ്യുന്നുണ്ടോ   ?
 ( അതിന്റെ അടിസ്ഥാനത്തിലാണോ അവർ പ്രവാചകനെ എതിർക്കുന്നത് ? )...

( 42 ) അതല്ല. അവർ വല്ല കുതന്ത്രവും  ഉദ്ദേശിക്കുന്നുണ്ടോ   ?
 എന്നാൽ ആ സത്യനിഷേധികൾ തന്നെയാണ് തോൽപ്പിക്കപ്പെടുന്നവർ....

( 43 ) അതല്ല. അള്ളാഹു അല്ലാതെ അവർക്ക് ഏതെങ്കിലും ദൈവമുണ്ടോ ?
 അവർ പങ്കുചേർക്കുന്നതിൽ നിന്നും അള്ളാഹു പരിശുദ്ധനായിരിക്കുന്നു...

( 44 ) ആകാശത്തുനിന്ന് ഒരു കഷണം വീഴുന്നതായി കണ്ടാലും അവർ പറയും ; ഇത് ആട്ടിയാക്കപ്പെട്ട മേഘമാണെന്ന്....

( 45 ) അതുകൊണ്ട് അവർ മരണമടയുന്ന ആ ദിവസത്തെ കണ്ടുമുട്ടുന്നതുവരെ
( നബിയേ) താങ്കൾ അവരെ വിട്ടേക്കുക...


( 46 )അതായത് അവരുടെ കുതന്ത്രമൊന്നും
 അവർക്ക് ഒരു പ്രയോജനവും ചെയ്യാത്ത  അവർ സഹായിക്കപ്പെടാത്ത ആ ദിവസം....

( 47 ) തീർച്ചയായും അക്രമം പ്രവർത്തിച്ചവർക്ക്  അതല്ലാത്ത ശിക്ഷയുമുണ്ട്.പക്ഷേ അവരിൽ അധികപേരും അത് അറിയുന്നില്ല....

 ( 48 )( നബിയെ ) താങ്കളുടെ നാഥന്റെ വിധി
( അവരെ സംബന്ധിച്ച് ) ഉണ്ടാകുന്നതുവരെ താങ്കൾ ക്ഷമിക്കുക.
 തീർച്ചയായും താങ്കൾ നമ്മുടെ കൺമുമ്പിൽ തന്നെയാണുള്ളത്.
 എഴുന്നേൽക്കുന്ന സമയത്ത് താങ്കളുടെ നാഥനെ  സ്തുതിക്കുന്നതോടൊപ്പം
 അവന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുക...

( 49 ) രാത്രിയിൽ നിന്നും നക്ഷത്രങ്ങൾ അസ്തമിക്കുപോഴും അവന്റെ പരിശുദ്ധിയെ വാഴ്ത്തുക..

അഭിപ്രായങ്ങള്‍