49-Surah Al hujuràthth 01-18

سورة الحجرات-49
 അവതരണം : മദീന
 സൂക്തങ്ങൾ :  18

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
( ഞാൻ ആരംഭിക്കുന്നു )....

( 01 ) സത്യവിശ്വാസികളേ,  നിങ്ങൾ അല്ലാഹുവിന്റെയും റസൂലിന്റെയും
മുമ്പിൽ മുൻകടന്നു ( ഒന്നും ) ചെയ്യരുത്.
 നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക.
 തീർച്ചയായും അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.....

( 02 ) സത്യവിശ്വാസികളേ,  നബിയുടെ ശബ്ദത്തേക്കാൾ നിങ്ങളുടെ ശബ്ദം ഉയർത്തരുത്.
 നിങ്ങളിൽ  ചിലർ ഉച്ചത്തിൽ സംസാരിക്കുന്നത് പോലെ നബിയോട്  ഉച്ചത്തിൽ സംസാരിക്കുകയും ചെയ്യരുത്.
നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ കർമ്മങ്ങൾ നിഷ്ഫലമായേക്കുമെന്നതുകൊണ്ടാണ്
( ഇത് നിരോധിച്ചത് )...

( 03 ) തീർച്ചയായും അല്ലാഹുവിന്റെ ദൂതന്റെ  അടുത്തു വെച്ച്  തങ്കളുടെ ശബ്ദങ്ങളെ
 താഴ്ത്തുന്നതവരാരോ  അവരുടെ ഹൃദയങ്ങളെ ഭക്തിയിലേക്ക് അള്ളാഹു വിശാലമാക്കി കൊടുത്തിരിക്കുന്നു.
 അവർക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ട്.....

( 04 )(നബിയെ ) തീർച്ചയായും മുറികളുടെ പുറത്തുനിന്ന് താങ്കളെ വിളിക്കുന്നവരിൽ ഭൂരിഭാഗം പേരും ബുദ്ധിശൂന്യരാണ്.....


( 05 ) താങ്കൾ അവരുടെ അടുത്തേക്ക് പുറപ്പെടുന്നത് വരെ  ക്ഷമിച്ചിരുന്നെങ്കിൽ  അത് അവർക്ക് ഉത്തമമാകുമായിരുന്നു.
 അല്ലാഹു ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു...

( 06 ) സത്യവിശ്വാസികളേ,  ദുർമാർഗ്ഗിയായ ഒരാൾ നിങ്ങളുടെ അടുത്ത് ഒരു വാർത്തയും കൊണ്ടുവന്നാൽ( അതിനെപ്പറ്റി ) അന്വേഷിച്ച് സത്യാവസ്ഥ മനസ്സിലാക്കുക.
 അറിയാത്തവരായി ഒരു ജനതക്ക് നിങ്ങൾ ആപത്ത് വരുത്തിവയ്ക്കുകയും അങ്ങനെ ചെയ്ത പ്രവർത്തിയിൽ നിങ്ങൾ ദുഃഖിക്കുകയും ചെയ്യാതിരിക്കാനാണ്
( നാം ഇങ്ങനെ കൽപ്പിക്കുന്നത് )....

( 07 ) അല്ലാഹുവിന്റെ ദൂതൻ നിങ്ങളിൽ ഉണ്ടെന്ന് നിങ്ങൾ മനസ്സിലാക്കണം.
 പല കാര്യങ്ങളിലും അവിടുന്ന് നിങ്ങളെ അനുസരിച്ചിരുന്നെങ്കിൽ നിങ്ങൾ വിഷമിച്ചു പോയേനെ. പക്ഷേ സത്യവിശ്വാസത്തെ അള്ളാഹു നിങ്ങൾക്ക് പ്രിയങ്കരമാക്കി തരികയും നിങ്ങളുടെ ഹൃദയങ്ങളിൽ അതിനെ മനോഹരമാക്കുകയും ചെയ്തിരിക്കുകയാണ്.
 സത്യനിഷേധവും ദുർനടപ്പും ധിക്കാരവും അവൻ നിങ്ങൾക്ക് വെറുപ്പാക്കി  തീർക്കുകയും ചെയ്തിരിക്കുന്നു.
 അവർ തന്നെയാണ് സൻമാർഗ്ഗം  പ്രാപിച്ചവർ.....

( 08 ) അല്ലാഹുവിങ്കൽ നിന്നുള്ള ഔദാര്യവും അനുഗ്രഹവുമായികൊണ്ടാണ്
( ഈ ഗുണം അവർക്ക് ലഭിച്ചത് )
 അല്ലാഹു സർവ്വജ്ഞനും യുക്തിമാനുമാകുന്നു...

( 09 ) സത്യവിശ്വാസികളിൽ നിന്നുള്ള രണ്ടു വിഭാഗങ്ങൾ പരസ്പരം സമരത്തിലായാൽ
 അവർക്കിടയിൽ നിങ്ങൾ യോജിപ്പുണ്ടാക്കുക.
 എന്നിട്ട് അവയിലൊന്ന് മറ്റേതിന്റെ  മേൽ അതിക്രമം കാണിച്ചാൽ അതിക്രമം കാണിച്ചവർ അല്ലാഹുവിന്റെ കല്പനയിലേക്ക് മടങ്ങുന്നതുവരെ നിങ്ങൾ അവരോട് പോരാടുക.
 അങ്ങനെ മടങ്ങിയാൽ അവർക്കിടയിൽ നീതിയനുസരിച്ച് യോജിപ്പ് ഉണ്ടാക്കുകയും, നിങ്ങൾ നീതിപൂർവ്വം പെരുമാറുകയും ചെയ്യുക.
 നീതി പാലിക്കുന്നവരെ തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്.....

( 10 ) തീർച്ചയായും സത്യവിശ്വാസികൾ സഹോദരന്മാരാകുന്നു.  അതിനാൽ നിങ്ങളുടെ രണ്ട് സഹോദരന്മാർക്ക് ഇടയിൽ യോജിപ്പ് ഉണ്ടാക്കുകയും അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുകയും ചെയ്യുക.
 നിങ്ങൾ കരുണ ചെയ്യപ്പെടാൻ വേണ്ടി....

( 11 ) സത്യവിശ്വാസികളേ,  ഒരു ജനത മറ്റൊരു ജനതയെ പരിഹസിക്കരുത്.
 ഇവർ( പരിഹസിക്കപ്പെടുന്നവർ ) അവരെക്കാൾ നല്ലവരാണെന്ന് വരാം.
 സ്ത്രീകൾ മറ്റു സ്ത്രീകളെയും പരിഹസിക്കരുത്.
 ഇവർ( പരിഹസിക്കപ്പെടുന്ന സ്ത്രീകൾ ) അവരെക്കാൾ നല്ലരാണെന്ന് വരാം.
 നിങ്ങൾ നിങ്ങളെ തന്നെ ( പരസ്പരം ) കുത്തുവാക്കുകൾ പറയരുത്.
 ചീത്ത പേരുകൾ കൊണ്ട് ( മോശമായ പേരുകൾ കൊണ്ട്) നിങ്ങൾ പരസ്പരം വിളിക്കുകയും ചെയ്യരുത്.
 ആ പേര് ഉപയോഗിക്കൽ വളരെ മോശമായതാണ്.
 സത്യവിശ്വാസത്തിന് ശേഷം ദുഷ്ടത
( മോശമായ പ്രവർത്തനങ്ങൾ) ( കൈ കൊള്ളൽ കുറ്റകരമാണ് ) ആരെങ്കിലും ( അതിൽനിന്ന്) വിരമിക്കുന്നില്ലെങ്കിൽ അവർ അക്രമികൾ തന്നെയാണ്....

( 12 ) സത്യവിശ്വാസികളേ,  ഊഹങ്ങളിൽ
 മിക്കതും നിങ്ങൾ ഉപേക്ഷിക്കുക( കാരണം ) തീർച്ചയായും ഊഹങ്ങളിൽ ചിലത് കുറ്റകരമാണ്.
 നിങ്ങൾ ചാരവൃത്തി നടത്തുകയോ ചിലർ ചിലരെ ദൂഷണം നടത്തുകയോ, ചെയ്യരുത്. തന്റെ സഹോദരൻ മരിച്ച സ്ഥിതിയിൽ അവന്റെ മാംസം തിന്നുന്നത് നിങ്ങളിൽ  ഒരാൾ ഇഷ്ടപ്പെടുമോ?
 എന്നാൽ അതു നിങ്ങൾ വെറുക്കുന്നു.
 നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക.
 തീർച്ചയായും അല്ലാഹു വളരെ അധികം പശ്ചാത്താപം സ്വീകരിക്കുന്നവനും പരമകാരുണികനുമാകുന്നു......

( 13 ) ജനങ്ങളേ,  തീർച്ചയായും ഒരു പുരുഷനിൽ നിന്നും ഒരു സ്ത്രീയിൽ നിന്നുമായി നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നു.
 നിങ്ങൾ പരസ്പരം അറിഞ്ഞു പരിചയപ്പെടാൻ വേണ്ടിയാണ്  നിങ്ങളെ നാം
 ശാഖകളും ഗോത്രങ്ങളുമാക്കിയിരിക്കുന്നത്.
 തീർച്ചയായും നിങ്ങളിൽ വെച്ച് ഏറ്റവും ഭയഭക്തിയുള്ളവനാണ്. നിങ്ങളിൽ വെച്ച് അല്ലാഹുവിങ്കൽ ഏറ്റവും ആദരണീയൻ.
 തീർച്ചയായും അല്ലാഹു  സർവ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.....

( 14 ) ഞങ്ങൾ സത്യവിശ്വാസം സ്വീകരിച്ചിരിക്കുന്നു എന്നു  ഗ്രാമവാസികളായ അറബികൾ പറയുന്നു.
( നബിയേ ) താങ്കൾ പറയുക.
 നിങ്ങൾ വിശ്വസിച്ചിട്ടില്ല പക്ഷേ ഞങ്ങൾ അനുസരിച്ചു എന്ന് നിങ്ങൾ പറഞ്ഞു കൊള്ളുക. സത്യവിശ്വാസം ഇതുവരെയും നിങ്ങളുടെ ഹൃദയങ്ങളിൽ കടന്നിട്ടില്ല. നിങ്ങൾ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്ന പക്ഷം നിങ്ങളുടെ പ്രവർത്തനങ്ങളിൽനിന്ന് ഒന്നും അവൻ കുറച്ചുകളയുകയില്ല.
 തീർച്ചയായും അല്ലാഹു വളരെ പൊറുക്കുന്നവനും കാരുണികനുമാകുന്നു.....

( 15 ) അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് ഒട്ടും സംശയിക്കാതെയിരിക്കുകയും തങ്ങളുടെ ശരീരങ്ങൾ കൊണ്ടും സമ്പത്ത് കൊണ്ടും അല്ലാഹുവിന്റെ മാർഗത്തിൽ ധർമ്മസമരം നടത്തുകയും ചെയ്യുന്നവർ മാത്രമാണ് യഥാർത്ഥ സത്യവിശ്വാസികൾ.
 സത്യസന്ധന്മാരും ഇവർ തന്നെയാണ്....

( 16 )( നബി) പറയുക.
 നിങ്ങളുടെ മതവിശ്വാസത്തെ പറ്റി നിങ്ങൾ അല്ലാഹുവിനെ അറിയിക്കുകയാണോ  ?
 അല്ലാഹുവാകട്ടെ ആകാശഭൂമികളിലുള്ളതെല്ലാം അറിയുന്നു.
 എല്ലാ കാര്യങ്ങളും അറിയുന്നവനാണ് അള്ളാഹു...

( 17 ) അവർ ഇസ്ലാം മതം സ്വീകരിച്ചത് താങ്കളോട് ചെയ്ത ഒരു ഔദാര്യമായി എടുത്തുകാണിക്കുന്നു.
 നിങ്ങൾ ഇസ് ലാംമതം സ്വീകരിച്ചത് എന്നോട് ചെയ്ത ഒരു ഔദാര്യമായി എടുത്തു കാണിക്കരുത്.
 പക്ഷേ നിങ്ങൾ യാഥാർത്ഥ്യം പറയുന്നവരാണെങ്കിൽ, സത്യവിശ്വാസത്തിലേക്ക് മാർഗദർശനം ചെയ്യുകവഴി അള്ളാഹു നിങ്ങളോട് ഔദാര്യം കാണിക്കുകയാണ് ചെയ്തിരിക്കുന്നത്.....

( 18 ) തീർച്ചയായും അല്ലാഹു ആകാശഭൂമികളിലെ അദൃശ്യകാര്യങ്ങൾ അറിയുന്നുണ്ട്.
 നിങ്ങളുടെ പ്രവർത്തനങ്ങൾ അള്ളാഹു നല്ലവണ്ണം കാണുന്നവനാണ്.....

അഭിപ്രായങ്ങള്‍