46-Surah Al Ahkhaaf -01-35سورة الأحقاف
 അവതരണം-മക്ക
 സൂക്തങ്ങൾ -35

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....


( 01 ) ഹാമീം...

( 02 ) ഈ ഗ്രന്ഥത്തിന്റെ അവതരണം അജയ്യനും യുക്തിമാനുമായ അല്ലാഹുവിൽ നിന്നാകുന്നു....

( 03 ) ആകാശഭൂമികളെയും അവക്കിടയിലുള്ള വസ്തുക്കളെയും
 ന്യായമായ ഉദ്ദേശത്തോടെയും,
 ഒരു നിശ്ചിത അവധിയോടുകൂടിയും  മാത്രമാണ് നാം സൃഷ്ടിച്ചിട്ടുള്ളത്.
 സത്യനിഷേധികൾ തങ്ങൾക്ക് നല്കപ്പെടുന്ന താക്കീതുകളെ അവഗണിച്ച് കളയുന്നവരാണ്......


( 04 )( നബിയെ ) താങ്കൾ പറയുക.
 അല്ലാഹുവിനു പുറമേ നിങ്ങൾ ആരാധിക്കുന്ന വസ്തുക്കളെ നിങ്ങൾ കണ്ടുവോ ?
 ഭൂമിയിൽനിന്ന് ഏത് ഭാഗമാണ് അവർ സൃഷ്ടിച്ചതാണെന്ന് നിങ്ങൾ എനിക്കൊന്നു കാണിച്ചു തരിക.
 അല്ലെങ്കിൽ ആകാശങ്ങളിൽ അവർക്ക് എന്തെങ്കിലും പങ്കുണ്ടോ?
 ഇതിനു മുൻപുള്ള ഏതെങ്കിലും വേദഗ്രന്ഥമോ അറിവി(ന്റെ ഇനത്തിൽ )പ്പെട്ട ഏതെങ്കിലും പ്രമാണമോ എനിക്ക്  നിങ്ങൾ  കൊണ്ടുവരുവിൻ നിങ്ങൾ സത്യവാദികളാണെങ്കിൽ.....


( 05 ) അന്ത്യനാൾ വരെയും ഉത്തരം നൽകാത്തവരെ അല്ലാഹുവിനു പുറമേ ആരാധിക്കുന്നവരെക്കാൾ വഴിപിഴച്ചവർ ആരുണ്ട് ?
 അവരാകട്ടെ ഇവരുടെ ആരാധനയെക്കുറിച്ച്  അശ്രദ്ധരുമാകുന്നു.....


( 06 )( മാത്രമല്ല അന്ത്യനാളിൽ ) മനുഷ്യർ ഒരുമിച്ച് കൂട്ടപ്പെടുമ്പോൾ  അവർ ഇവരുടെ ശത്രുക്കൾ ആയിത്തീരുകയും ഇവരുടെ ആരാധനയെ അവർ നിഷേധിക്കുന്നവരാവുകയും ചെയ്യും.....


( 07 ) നമ്മുടെ വചനങ്ങൾ അവർക്ക് വ്യക്തമായ നിലയിൽ ഓതികേൾപ്പിക്കപ്പെടുമ്പോൾ സത്യം തങ്ങൾക്ക് വന്നെത്തിയ സന്ദർഭത്തിൽ അതിനെപ്പറ്റി ഇത് വ്യക്തമായ മാരണമാണ് എന്ന് ആ സത്യനിഷേധികൾ പറയും.....

( 08 ) അതല്ല, ഇത് അദ്ദേഹം
( നബി ) കെട്ടി ഉണ്ടാക്കിയതാണെന്ന് അവർ പറയുന്നുവോ  ?
( നബിയെ )അവരോട് പറയുക. ഇത് ഞാൻ കെട്ടിച്ചമച്ചുണ്ടാക്കിയതാണെങ്കിൽ അല്ലാഹുവിന്റെ ശിക്ഷയിൽനിന്ന് എന്നെ രക്ഷിക്കാൻ നിങ്ങൾക്ക് ഒട്ടും കഴിയുകയില്ല.
 ഖുർആന്റെ കാര്യത്തിൽ നിങ്ങൾ  സംസാരിക്കുന്നതിനെപറ്റി  അവൻ ഏറ്റവും അറിയുന്നവനാണ്.
 എനിക്കും നിങ്ങൾക്കുമിടയിൽ സാക്ഷിയായി അവൻ തന്നെ മതി.
 അവൻ ഏറ്റവും പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു....

( 09 )( നബി ) ഞാൻ ദൂതന്മാരിൽ ഒന്നാമനല്ല.
 എന്നെകൊണ്ടും നിങ്ങളെകൊണ്ടും എന്തു ചെയ്യപ്പെടുമെന്ന് എനിക്ക് അറിയുകയുമില്ല.
 എനിക്ക് ബോധനം നൽകപ്പെടുന്നത്  മാത്രമാണ് ഞാൻ പിന്തുടരുന്നത്.
 ഞാൻ( കാര്യങ്ങൾ ) വ്യക്തമാക്കുന്ന ഒരു മുന്നറിയിപ്പുകാരൻ മാത്രമാണ്....

( 10 )( നബിയെ ) താങ്കൾ പറയുക. ഇത് (ഖുർആൻ )അല്ലാഹുവിങ്കൽ നിന്നുള്ളതായിരിക്കുകയും അതിനെ നിങ്ങൾ നിഷേധിക്കുകയുമാണെങ്കിൽ  
ഇസ്റാഈലിൽപ്പെട്ട
( അതേ സമയം )
ഒരു സാക്ഷി ഖുർആനിന് തുല്യമായ ഒന്നിന് സാക്ഷ്യം വഹിക്കുകയും, അങ്ങനെ അയാൾ വിശ്വസിക്കുകയും നിങ്ങൾ വിശ്വസിക്കാതെ
 അഹംഭാവം നടിക്കുകയും ചെയ്തു.
(എന്നാൽ നിങ്ങൾ അക്രമികൾ തന്നെയല്ലേ ) നിങ്ങൾ എന്നോട് പറയൂ, തീർച്ചയായും അക്രമികളായ ജനതയെ അല്ലാഹു നേർമാർഗ്ഗത്തിലാക്കുകയില്ല.....

( 11 ) സത്യനിഷേധികൾ സത്യവിശ്വാസികളെ പറ്റി പറയുകയാണ്. ഇത്
 ( നബി കൊണ്ടുവന്നത് ) ഒരു നല്ല കാര്യം ആയിരുന്നെങ്കിൽ ഞങ്ങളെക്കാൾ മുമ്പ് ഇവരിതു സ്വീകരിക്കുമായിരുന്നില്ല.  അവർ ഇത് ( ഖുർആൻ ) മൂലം സന്മാർഗ്ഗം പ്രാപിക്കാതിരിക്കുമ്പോൾ  പറയുന്നു : ഇതൊരു പഴയ കള്ളമാണെന്ന്......

( 12 ) മൂസയുടെ വേദം ഇതിനുമുൻപ്
( ജനങ്ങൾക്ക് ) നേതൃത്വം നൽകുന്നതായും കാരുണ്യമായും വന്നിട്ടുണ്ട്.
 ഇതാകട്ടെ അറബിഭാഷയിലായികൊണ്ട്
( മുൻപുള്ള വേദങ്ങളെ ) ശരിവെക്കുന്ന ഒരു ഗ്രന്ഥവുമാണ്.
അക്രമം പ്രവർത്തിച്ചവർക്ക് മുന്നറിയിപ്പു നൽകാനും, സൽകർമ്മം ചെയ്തവർക്ക് സന്തോഷവാർത്ത അറിയിക്കാനും വേണ്ടി....

( 13 ) തീർച്ചയായും ഞങ്ങളുടെ നാഥൻ അള്ളാഹു ആണെന്ന് പ്രഖ്യാപിക്കുകയും,  പിന്നീട്  ചൊവ്വായി  നിൽക്കുകയും ചെയ്തവർ, അവർക്ക് യാതൊരു ഭയവുമില്ല. അവരോട് ദുഃഖിക്കുകയുമില്ല.....

( 14 ) അവർ സ്വർഗ്ഗാവകാശികളാകുന്നു.
 താങ്കൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിന്റെ പ്രതിഫലമായി അതിൽ അവർ സ്ഥിരമായി വസിക്കുന്നവരുമാണ് .....

( 15 ) മനുഷ്യനോട് മാതാപിതാക്കൾക്ക് നന്മ ചെയ്യണമെന്ന് നാം കൽപിച്ചിരിക്കുന്നു.
 അവന്റെ മാതാവ് വിഷമത്തോടെ അവനെ ഗർഭം ചുമക്കുകയും, വിഷമത്തോടെ തന്നെ പ്രസവിക്കുകയും ചെയ്തു.
 അവനെ ഗർഭം ചുമന്ന കാലവും അവന്റെ മുലകുടി അവസാനിപ്പിച്ച കാലവും
( കൂടി ) 30 മാസമാകുന്നു.
 അങ്ങനെ തന്റെ  ശക്തിയുടെ പ്രായം എത്തുകയും 40 വയസ്സ് ആവുകയും ചെയ്തപ്പോൾ അവൻ പറയും : എന്റെ  നാഥാ,
എന്റെയും എന്റെ മാതാപിതാക്കളുടെയും മേൽ നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദി ചെയ്യാനും നീ ഇഷ്ടപ്പെടുന്ന സൽകർമ്മങ്ങൾ അനുഷ്ഠിക്കാനും എനിക്ക് പ്രചോദനം ചെയ്യുകയും എന്റെ സന്താനങ്ങളിൽ  എനിക്ക് നീ നന്മ വരുത്തുകയും ചെയ്യേണമേ  !
 തീർച്ചയായും നിന്റ  അടുത്തേക്ക് ഞാൻ
 പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു.
 ഞാൻ മുസ്‌ലിംകളിൽ  പ്പെട്ടവൻ തന്നെയാണ്....


( 16 ) അങ്ങനെയുള്ളവരുടെ  നല്ല പ്രവർത്തനങ്ങൾ നാം സ്വീകരിക്കുകയും അവരുടെ തിന്മകൾ നാം വിട്ടുകൊടുക്കുകയും ചെയ്യും.
 അവർ സ്വർഗ്ഗക്കാരിൽ പ്പെട്ടവനായിരിക്കും.
 അവർക്ക് നല്കപ്പെട്ടുകൊണ്ടിരിക്കുന്ന സത്യമായ വാഗ്ദാനമാണത്...


( 17 ) തന്റെ മാതാപിതാക്കളോട്, ഛെ, നിങ്ങൾ രണ്ടുപേരുടെയും കാര്യം കഷ്ടം തന്നെ.
 ഞാൻ ( മരണശേഷം കബറിൽ നിന്ന് ) പുറത്തേക്ക് കൊണ്ടുവരപ്പെടുമെന്ന് നിങ്ങളെന്നെ ഭയപ്പെടുത്തുകയാണോ  ?
 എന്റെ മുൻപ് പല തലമുറകളും കഴിഞ്ഞുപോയിട്ടുണ്ട്
( അവരാരും ഇതുവരെയും പുറത്തുവന്നിട്ടില്ല ) എന്ന് പറയുന്നവൻ.
അവർ രണ്ടുപേരുമാകട്ടെ അല്ലാഹുവിനോട് സഹായം തേടി കൊണ്ടിരിക്കുന്നു.
( മകനോട് അവർ പറയുന്നു )
 നിനക്ക് നാശം!
( മരണാന്തര ജീവിതത്തിൽ ) നീ വിശ്വസിക്കുക.
 തീർച്ചയായും അല്ലാഹുവിന്റെ  വാഗ്ദാനം സത്യമാണ്.
 അപ്പോൾ അവൻ പറയുകയാണ്  : ഇത് പൂർവ്വീകരുടെ കെട്ടുകഥകളല്ലാതെ മറ്റൊന്നുമല്ല...

( 18 ) ഇങ്ങനെയുള്ളവരുടെ മേൽ നമ്മുടെ ശിക്ഷയുടെ വാക്ക് സ്ഥിരപ്പെട്ടിരിക്കുന്നു.
 ജിന്നുകളിലും മനുഷ്യരിലും നിന്ന് ഇവർക്കു കഴിഞ്ഞുപോയ സമുദായങ്ങളുടെ കൂട്ടത്തിൽ.
തീർച്ചയായും അവർ നഷ്ടപ്പെട്ടവർ തന്നെയാകുന്നു ....

( 19 )തങ്ങൾ പ്രവർത്തിച്ചിരുന്നതിന് എല്ലാവർക്കുമുണ്ട് പദവികൾ.
 തങ്ങളുടെ പ്രവർത്തന ഫലങ്ങൾ അവർക്ക് പൂർത്തിയാക്കികൊടുക്കാൻ വേണ്ടിയും മറ്റുമാകുന്നു അത്.
 അവരോട് അനീതി കാണിക്കപ്പെടുകയില്ല....

( 20 ) സത്യനിഷേധികൾ നരകത്തിൽ വെളിവാക്കപ്പെടുന്ന ദിവസം
( അവരോട് പറയപ്പെടും )
നിങ്ങളുടെ വിശിഷ്ട വസ്തുക്കളെല്ലാം ഐഹിക ജീവിതത്തിൽ നിങ്ങൾ പൂർണ്ണമായി അനുഭവിക്കുകയും
 അവകൊണ്ട് സുഖമെടുക്കുകയും ചെയ്തു.
 അത് മുഖേന ഒട്ടും ന്യായമില്ലാതെ ഭൂമിയിൽ അഹങ്കരിക്കുകയും ധിക്കാരം പ്രവർത്തിച്ചു കൊണ്ടിരിക്കുകയും ചെയ്തതിനാൽ നിങ്ങൾക്ക് അപമാനകരമായ ശിക്ഷ പ്രതിഫലമായി നൽകപ്പെടുന്നതാണ്...

( 21 )ആദ് ഗോത്രത്തിന്റെ സഹോദരനെ
( ഹൂദ് നബിയെ ) ഓർക്കുക.
 അതായത് അഹ്ഖാഫിലുളള തന്റെ ജനതയെ നബി താക്കീത് ചെയ്ത സന്ദർഭം- നബിയുടെ മുൻപും പിൻപും പല താക്കീതുക്കാരും  കഴിഞ്ഞുപോയിട്ടുണ്ട് - നിങ്ങൾ അല്ലാഹുവിനു അല്ലാതെ ഇബാദത് ചെയ്യരുത്.
 വമ്പിച്ച ഒരു ദിവസത്തെ ശിക്ഷ നിങ്ങളുടെ മേൽ ഞാൻ ഭയപ്പെടുക തന്നെ ചെയ്യുന്നു....

( 22 ) അവർ മറുപടി പറഞ്ഞു : ഞങ്ങളുടെ ദൈവങ്ങളിൽ നിന്ന് ഞങ്ങളെ തിരിച്ചു കളയാനാണോ നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നത് ?
 നീ സത്യവാദികളിൽപെട്ടവനാണെങ്കിൽ നീ ഞങ്ങൾക്ക് നൽകുന്ന താക്കീത്
( ശിക്ഷാ ) ഞങ്ങൾക്ക് ഇങ്ങ് കൊണ്ടുവരു.....

( 23 ) നബി പറഞ്ഞു : ( അതിനെക്കുറിച്ചുള്ള ) അറിവ് അല്ലാഹുവിങ്കൽ മാത്രമാണ്.
 ഞാൻ എന്തു കൊണ്ട് കല്പിക്കപ്പെട്ടിരിക്കുന്നുവോ അത് നിങ്ങൾക്ക് ഞാൻ എത്തിച്ചു തരുന്നു.
 പക്ഷേ വിവരമില്ലാത്ത ഒരു ജനതയായാണ് നിങ്ങളെ ഞാൻ കാണുന്നത്....

( 24 ) അങ്ങനെ അതിനെ ( ശിക്ഷയെ ) തങ്ങളുടെ താഴ്വരകളുടെ നേരെ മുന്നിട്ടു വരുന്ന  ഒരു മേഘമായി കണ്ടപ്പോൾ അവർ പറഞ്ഞു : "ഇതാ നമുക്ക് മഴ നൽകുന്ന  ഒരു മേഘം " അല്ല. നിങ്ങൾ ഏതൊന്നിനെ പറ്റി  ധൃതികൂട്ടിയിരുന്നുവോ അതാണത്.
 അതെ വേദനാജനകമായ ശിക്ഷ ഉൾക്കൊള്ളുന്ന ഒരു കാറ്റ്.....


( 25 ) തന്റെ നാഥന്റെ കല്പനയനുസരിച്ച് അത് എല്ലാ വസ്തുക്കളെയും തകർത്തുകളയും. അങ്ങനെ അവർ തങ്ങളുടെ വാസസ്ഥലമല്ലാതെ മറ്റൊന്നും കാണപ്പെടാത്ത നിലയിലായിത്തീർന്നു.
 കുറ്റവാളികളായ ജനതക്ക് അതുപ്രകാരം നാം പ്രതിഫലം നൽകുന്നു.....

( 26 ) നിങ്ങൾക്ക് നാം സൗകര്യം ചെയ്തു തന്നിട്ടില്ലാത്ത പലതിലും അവർക്ക്
( ആദ് ഗോത്രത്തിന് ) നാം സൗകര്യം ചെയ്തു കൊടുത്തു.
അവർക്ക് നാം കേൾവിയും കാഴ്ചയും ഹൃദയവും നൽകിയിരുന്നു.
 എന്നിട്ട് അവരുടെ കേൾവിയാകട്ടെ ഹൃദയങ്ങളാകട്ടെ  അവർക്ക് ഒട്ടും പ്രയോജനവും ചെയ്തില്ല.
 അവർ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ നിഷേധിച്ചു കൊണ്ടിരുന്നതിനാൽ.
 അവർ പരിഹസിച്ചു കൊണ്ടിരുന്നത്
( ശിക്ഷ ) അവരിൽ ഇറങ്ങുക തന്നെ ചെയ്യുകയുമുണ്ടായി....

( 27 ) തീർച്ചയായും നിങ്ങളുടെ ചുറ്റുമുള്ള ചില നാടുകളിലെയും നാം നശിപ്പിച്ചു കളഞ്ഞിട്ടുണ്ട്.
 അവർ മടങ്ങേണ്ടതിനായി പല ദൃഷ്ടാന്തങ്ങളും
( വ്യത്യസ്ത രൂപത്തിൽ ) നാം വിവരിക്കുകയും ചെയ്തു....

( 28 ) അല്ലാഹുവിനു പുറമേ അവങ്കലേക്ക് അടുപ്പിക്കാൻ അവർ ദൈവങ്ങളാക്കി വെച്ച
 വസ്തുക്കൾ എന്തുകൊണ്ട് അപ്പോൾ അവരെ സഹായിച്ചില്ല  ?
 മാത്രമല്ല ആ ദൈവങ്ങൾ അവരെ വിട്ടു മറഞ്ഞുപോകുകയാണ്  ചെയ്തത്.
 അത് അവരുടെ കള്ളവാദവും അവർ കെട്ടിച്ചമച്ചിരുന്നതുമാകുന്നു......


( 29 )( നബിയെ ) ജിന്നുകളിൽപെട്ട ഒരു സംഘത്തെ ഖുർആൻ ശ്രദ്ധിച്ചു കേൾക്കുന്നവരായി താങ്കളുടെ അടുത്തേക്ക് നാം തിരിച്ചുവിട്ട സന്ദർഭം ( ഓർക്കുക) അങ്ങനെ അവർ അതിന്റെ അടുത്ത് സന്നിഹിതരായപ്പോൾ നിശബ്ദത പാലിക്കുക എന്നവർ
( പരസ്പരം ) പറഞ്ഞു.
 അങ്ങനെ ഖുർആൻ പാരായണം നിർവഹിക്കപ്പെട്ടു കഴിഞ്ഞപ്പോൾ തങ്ങളുടെ ജനതയുടെ അടുത്തേക്ക് താക്കീത് ചെയ്യുന്നവരായിക്കൊണ്ട് അവർ തിരിഞ്ഞുപോയി ....


( 30 )( എന്നിട്ട് തങ്ങളുടെ ജനതയോട് ) അവർ പറഞ്ഞു: ഞങ്ങളുടെ ജനങ്ങളേ,  മുൻപുള്ള
( വേദങ്ങളെ ) ശരിവെച്ചുകൊണ്ട്  മൂസാ
( അ. സ )മിനു ശേഷം ഇറക്കപ്പെട്ട ഒരു വേദം
( പാരായണം ചെയ്യുന്നത് ) തീർച്ചയായും ഞങ്ങൾ കേട്ടു.
 അത് സത്യത്തിലേക്കും ശരിയായ മാർഗത്തിലേക്കും  വഴികാണിക്കുന്നു....

( 31 ) ഞങ്ങളുടെ ജനങ്ങളേ,  അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന ആൾക്ക് നിങ്ങൾ ഉത്തരം ചെയ്യുകയും അദ്ദേഹത്തിൽ വിശ്വസിക്കുകയും ചെയ്യുക.
 എന്നാൽ നിങ്ങളുടെ തെറ്റുകളിൽ നിന്ന് നിങ്ങൾക്ക് അവൻ പൊറുത്തുതരികയും വേദനാജനകമായ ശിക്ഷയിൽനിന്ന് നിങ്ങളെ അവൻ രക്ഷിക്കുകയും ചെയ്യും...

( 32 ) അല്ലാഹുവിങ്കലേക്ക് വിളിക്കുന്ന ആൾക്ക് ആരെങ്കിലും ഉത്തരം ചെയ്യുന്നില്ലെങ്കിൽ ഭൂമിയിൽ വെച്ച് അല്ലാഹുവിനെ ഉത്തരം ചെയ്യാൻ അവനു കഴിയുകയില്ല.
 അല്ലാഹുവിനു പുറമെ യാതൊരു രക്ഷാധികാരികളും അവനുണ്ടാവുകയില്ല.
 അവർ വ്യക്തമായ ദുർമാർഗ്ഗത്തിലാകുന്നു....

( 33 ) ആകാശഭൂമികളെ സൃഷ്ടിക്കുകയും അവയെ സൃഷ്ടിച്ചത് കൊണ്ട് ക്ഷീണം ബാധിക്കാതിരിക്കുകയും  ചെയ്ത അള്ളാഹു
 മരിച്ചവരെ ജീവിപ്പിക്കാൻ കഴിവുള്ളവൻ തന്നെയാണെന്ന്
 അവർക്ക്അറിഞ്ഞുകൂടെ  ?
 അതെ. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവൻ തന്നെയാണ്....


( 34 ) സത്യനിഷേധികൾ നരകത്തിന്മേൽ പ്രദർശിപ്പിക്കപ്പെടുന്ന ദിവസം.
 ഇത് സത്യം തന്നെയല്ലേ
( എന്ന് അവരോട് ചോദിക്കപ്പെടും )
 അവർ പറയും. അതെ. ഞങ്ങളുടെ നാഥനെ തന്നെയാണ് സത്യം. അവൻ ( അല്ലാഹു ) പറയും  : എന്നാൽ നിങ്ങൾ സത്യംനിഷേധിച്ചുകൊണ്ടിരുന്നതിനാൽ ശിക്ഷ രുചിച്ചു നോക്കുക.....


( 35 ) അതുകൊണ്ട് ( നബിയെ ) റസൂലുകളാകുന്നു ദൃഢചിത്തന്മാർ ക്ഷമിച്ചതു പോലെ താങ്കളും ക്ഷമിക്കുക.
 അവർക്കുവേണ്ടി താങ്കൾ ധൃതി കൂട്ടേണ്ടാ.
 അവരോട് താക്കീത് ചെയ്യപ്പെടുന്നത്
( ശിക്ഷ ) അവർ കാണുന്ന ദിവസം ഒരു പകലിൽ നിന്നുള്ള ഒരു മണിക്കൂർ അല്ലാതെ
( ഈ ലോകത്ത് ) അവർ താമസിച്ചിട്ടില്ല എന്ന പോലെയായിരിക്കും.
 എന്നാൽ ധിക്കാരികളായ ജനതയല്ലാതെ നശിപ്പിക്കപ്പെടുമോ   ? 

അഭിപ്രായങ്ങള്‍