45-Surah Al Jaasiya -01-37


سورة الجاثية-45
അവതരണം : മക്ക
സൂക്തങ്ങൾ : 37

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....

( 01 ) ഹാമീം...

( 02 ) ഈ ഗ്രന്ഥത്തിന്റെ അവതരണം അജയ്യനും യുക്തിമാനുമായ അല്ലാഹുവിങ്കൽ നിന്നാകുന്നു...

( 03 ) തീർച്ചയായും  ആകാശഭൂമികളിൽ  സത്യവിശ്വാസികൾക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.

( 04 ) നിങ്ങളെ സൃഷ്ടിച്ചതിലും ( ഭൂമിയിൽ ) അവൻ പരത്തിയ ജീവികളിലും ദൃഢമായി വിശ്വസിക്കുന്ന ജനതക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.


( 05 ) രാപകലുകൾ മാറി മാറി വരുന്നതിലും,
 ആകാശത്തുനിന്നും അള്ളാഹു ആഹാരം
( മഴ ) ഇറക്കി അതുമൂലം ഭൂമിയെ- അത് വരണ്ടുണങ്ങിയതിനുശേഷം- ജീവിപ്പിക്കുന്നതിലും ചിന്തിക്കുന്ന ജനതക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്...

( 06 ) അവയെല്ലാം അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്.
( നബിയെ ) യഥാർത്ഥ നിലക്ക് അവയെല്ലാം താങ്കൾക്ക് നാം  പറഞ്ഞു തരുന്നു.
 അല്ലാഹുവിനും അവന്റെ ദൃഷ്ടാന്തങ്ങളും പുറമേ മറ്റെന്തു വാർത്തയാണ് അവർ വിശ്വസിക്കുന്നത്....

( 07 ) നന്നായി കള്ളം പറയുകയും മഹാപാപം ചെയ്യുകയും ചെയ്യുന്ന എല്ലാവർക്കും വമ്പിച്ച നാശം....


( 08 ) അല്ലാഹുവിന്റെ ആയത്തുകൾ ഓതി കേൾപ്പിക്കപ്പെടുന്നത് അവൻ കേൾക്കുന്നു.
 എന്നിട്ട് അത് കേട്ടിട്ടില്ലാത്ത ഭാവത്തിൽ അഹംഭാവം നടിച്ചവനായി
( സത്യനിഷേധത്തിൽ തന്നെ ) അവൻ ഉറച്ചുനിൽക്കുന്നു.
 അതിനാൽ അവനു  വേദനാജനകമായ ശിക്ഷ ഉണ്ടെന്ന സന്തോഷവാർത്ത അറിയിക്കുക.


( 09 ) നമ്മുടെ വചനങ്ങളിൽ നിന്ന് ഏതെങ്കിലും അറിഞ്ഞാൽ അതിനെ അവർ പരിഹാസപാത്രമാക്കും.
അവർക്ക് അപമാനകരമായ ശിക്ഷയുണ്ട്....

( 10 ) അവരുടെ മുൻപിൽ നരകമുണ്ട്.
 അവർ പ്രവർത്തിച്ചതാകട്ടെ.  അല്ലാഹുവിനെ കൂടാതെ അവർ രക്ഷാധികാരികളാക്കി വെച്ചവരാകട്ടെ
( നരകശിക്ഷ തടയുന്നതിൽ )
 അവർക്ക് ഒട്ടും ഉപകാരപ്പെടുകയുമില്ല.
 അവർക്ക് വമ്പിച്ച ശിക്ഷയുണ്ട്....

( 11 ) ഇത് (ഖുർആൻ) ശരിയായ മാർഗദർശനമാണ്.
 തങ്ങളുടെ നാഥന്റെ  വചനങ്ങളെ നിഷേധിക്കുന്നവരാകട്ടെ അവർക്ക് കടുത്ത യാതനയാകുന്ന വേദനാജനകമായ ശിക്ഷയുണ്ട്...

( 12 ) തന്റെ കല്പനയനുസരിച്ച് സമുദ്രത്തിൽ കപ്പലുകൾ സഞ്ചരിക്കാനും,  അവന്റെ അനുഗ്രഹത്തിൽ നിന്ന് നിങ്ങൾ
( ഉപജീവനമാർഗ്ഗം ) തേടാനും, നിങ്ങൾ നന്ദി ചെയ്യാനും വേണ്ടി നിങ്ങൾക്ക് സമുദ്രത്തെ അധീനപ്പെടുത്തിത്തന്നവനാണ് അല്ലാഹു...

( 13 ) ആകാശഭൂമികളിലുള്ളതെല്ലാം അവന്റെ പക്കൽനിന്ന് നിങ്ങൾക്കവൻ അധീനപ്പെടുത്തിതന്നിരിക്കുന്നു.
 ചിന്തിക്കുന്ന ജനതയ്ക്ക് തീർച്ചയായും അതിലെല്ലാം പല ദൃഷ്ടാന്തങ്ങളുമുണ്ട്....


( 14 ) (നബിയേ) സത്യവിശ്വാസികളോട്  താങ്കൾ പറയുക.  അല്ലാഹുവിന്റെ ദിവസങ്ങളെ ഭയപ്പെടാത്തവർക്ക് അവർ പൊറുത്തു കൊടുക്കട്ടെ.
 ഒരു ജനതയ്ക്ക് തങ്കൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിന് അവൻ പ്രതിഫലം നൽകാൻ വേണ്ടിയാണത്....

 ( 15 ) ആരെങ്കിലും നന്മ പ്രവർത്തിച്ചാൽ അതിന്റെ ഗുണം അവനു  തന്നെയാണ്.
 ആരെങ്കിലും തിൻമ പ്രവർത്തിച്ചാൽ അതിന്റെ ദോഷവും അവന് തന്നെ.
 പിന്നീട് നിങ്ങളുടെ നാഥങ്കലേക്കു നിങ്ങൾ മടക്കപ്പെടും...


( 16 )തീർച്ചയായും ഇസ്റാഈൽ  സന്തതികൾക്ക് നാം വേദവും വിധിയും പ്രവാചകത്വവും നൽകുകയുണ്ടായി.
 നല്ല വസ്തുക്കളിൽ നിന്ന് അവർക്ക് നാം ആഹാരം നൽകുകയും ലോകരെക്കാൾ അവരെ നാം ഉൽകൃഷ്ടരാക്കുകയും  ചെയ്തു..

( 17 )(മത ) കാര്യത്തിൽ വ്യക്തമായ തെളിവുകളും അവർക്ക് നാം നൽകി. എന്നാൽ അവർക്ക് അറിവ് കിട്ടിയതിനുശേഷം മാത്രമാണ് അവർ ഭിന്നിച്ചത്.
 അതാകട്ടെ അവർക്കിടയിലെ സ്പർദ്ധ മൂലവും.
 തീർച്ചയായും അവർ ഭിന്നിച്ചു കൊണ്ടിരിക്കുന്ന കാര്യത്തിൽ അന്ത്യനാളിൽ അവർക്കിടയിൽ താങ്കളുടെ നാഥൻ തീർപ്പ് കൽപ്പിക്കുന്നതാണ്....

( 18 )(നബീ ) പിന്നീട് മതകാര്യത്തിൽ താങ്കളെ നാം ഒരു തെളിഞ്ഞ മാർഗ്ഗത്തിൽ ആക്കിയിരിക്കുകയാണ്.
 അതുകൊണ്ട് താങ്കൾ അതിനെ പിൻതുടർന്ന് കൊള്ളുക.
 അറിവില്ലാത്തവരുടെ ഉഛകളെ  താങ്കൾ പിന്തുടർന്നു പോകരുത്....

( 19 ) അല്ലാഹുവിങ്കൽ നിന്ന് യാതൊരു കാര്യത്തിനും അവർ താങ്കൾക്ക് ഉപകരിക്കുന്നതേയല്ല.
 അക്രമികൾ പരസ്പരം സഹായികൾ തന്നെയാകുന്നു.
 അള്ളാഹു ഭയഭക്തിയോടെ ജീവിക്കുന്നവരുടെ സഹായിയാകുന്നു.....

( 20 ) ഇത് (ഖുർആൻ )ജനങ്ങൾക്ക്  ഉൾക്കാഴ്ച നൽകുന്ന തെളിവുകളാണ്.
 ദൃഢവിശ്വാസം കൈക്കൊള്ളുന്ന ജനതക്ക് മാർഗ്ഗദർശനവും കാരുണ്യവുമാകുന്നു....

( 21 ) അതെല്ല തിന്മകൾ ചെയ്തുകൂട്ടിയവർ
 ധരിച്ചുവോ സത്യവിശ്വാസം സ്വീകരിക്കുകയും, സൽകർമമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവരെ പോലെ അവരെ നാം ആക്കുമെന്ന്.  അതായത് അവരുടെ ജീവിതവും മരണവും സമമായതാക്കുമെന്ന്   ?
 അവർ തീരുമാനിക്കുന്നത് വളരെ മോശം തന്നെ...

( 22 ) ആകാശഭൂമികളെ ന്യായമായ ആവശ്യത്തോടെ അല്ലാഹു സൃഷ്ടിച്ചിരിക്കുകയാണ്. എല്ലാ ഓരോരുത്തർക്കും അവർ പ്രവർത്തിച്ചതിന് പ്രതിഫലം നൽകാൻ വേണ്ടിയും (മറ്റും ) ആണത്.
 അവരോട് അക്രമം കാണിക്കപ്പെടുകയില്ല...

( 23 ) താൻ ഇച്ഛിക്കുന്നതിനെ തന്റെ ദൈവമാക്കി വെക്കുകയും അറിഞ്ഞുകൊണ്ട് തന്നെ അള്ളാഹു വഴിതെറ്റിക്കുകയും തന്റെ കേൾവിക്കും ഹൃദയത്തിനും മുദ്രവെയ്ക്കുകയും കണ്ണിന്മേൽ ഒരുതരം മൂടിയിടുകയും ചെയ്തവരെ താങ്കൾ കണ്ടുവോ ?
( ഇങ്ങനെയുള്ളവൻ എങ്ങനെ സൻമാർഗ്ഗം പ്രാപിക്കും  ? ) അള്ളാഹു വഴിതെറ്റിച്ചതിനുശേഷം  അവനെ നേർവഴിക്കാക്കുന്നതാരാണ്  ?
 അപ്പോൾ നിങ്ങൾ ഉൽബുദ്ധരാകുന്നില്ലേ   ?

( 24 ) അവർ പറഞ്ഞു : അത്
( ജീവിതമെന്നത്) നമ്മുടെ ഐഹികജീവിതം മാത്രമാണ്.
 നാം മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു. കാലം മാത്രമാണ് നമ്മെ മരിപ്പിക്കുന്നത്.  അവർക്ക് അതിനെക്കുറിച്ച് യാതൊരു അറിവുമില്ല.
 ഊഹിക്കുക മാത്രമാണവർ ചെയ്യുന്നത്...

( 25 ) നമ്മുടെ വചനങ്ങൾ വ്യക്തമായ നിലയിൽ അവർക്ക് ഓതി കൊടുക്കുമ്പോൾ നിങ്ങൾ സത്യസന്ധരാണെങ്കിൽ ഞങ്ങളുടെ
 പിതാക്കളെ( ഇങ്ങ് ജീവിപ്പിച്ചു )
കൊണ്ടു വരിക എന്ന് അവർ പറയുക മാത്രമാണവരുടെ ന്യായം....

( 26  ) താങ്കൾ പറയുക. അല്ലാഹു നിങ്ങളെ ജീവിപ്പിക്കുകയും പിന്നീട് മരിപ്പിക്കുകയും, പിന്നീട് അന്ത്യനാളിൽ നിങ്ങളെ
 ഒരുമിച്ച് കൂട്ടുകയും ചെയ്യുന്നു.
 അതിൽ ഒട്ടും സംശയമില്ല. പക്ഷേ മിക്ക ആളുകളും ഇത് അറിയുന്നില്ല....


( 27 ) ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാകുന്നു.
 അന്ത്യഘട്ടം നിലനിൽക്കുന്ന ദിവസം അതെ അന്ന് അസത്യവാദികൾ നഷ്ടത്തിലാകുന്നതാണ്...

( 28 ) എല്ലാ ഓരോ സമുദായത്തെയും
( പേടിച്ച് ) മുട്ട് കുത്തിയതായി നിങ്ങൾക്ക് കാണാം.
 എല്ലാ ഓരോ സമുദായവും തങ്ങളുടെ ഗ്രന്ഥത്തിലേക്കു വിളിക്കപ്പെടും.
 നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിന്
 ഇന്ന് നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടും.
( എന്ന് അവരോട് പറയപ്പെടുകയും ചെയ്യും)....

( 29 ) ഇത് നമ്മുടെ ഗ്രന്ഥമാകുന്നു.
 അത് നിങ്ങളോട് സത്യസന്ധമായി എല്ലാം തുറന്നു പറയുന്നതാണ്.
 തീർച്ചയായും നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിനെ നാം എഴുതി സൂക്ഷിക്കുന്നുണ്ടായിരുന്നു.....

( 30 ) എന്നാൽ സത്യവിശ്വാസം കൈക്കൊള്ളുകയും സൽകർമമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നവരുണ്ടല്ലോ തങ്ങളുടെ നാഥൻ അവരെ തന്റെ  കാരുണ്യത്തിൽ( സ്വർഗ്ഗത്തിൽ ) പ്രവേശിപ്പിക്കും. അതുതന്നെയാണ് വ്യക്തമായ വിജയം...

( 31 ) എന്നാൽ സത്യനിഷേധികളോ
( അവരോട് പറയപ്പെടും ) എന്റെ വചനങ്ങൾ നിങ്ങൾക്ക് ഓതി കേൾപ്പിക്കപ്പെട്ടിരുന്നില്ലേ  ?
 അപ്പോൾ നിങ്ങൾ അഹങ്കരിച്ചു.
 നിങ്ങൾ കുറ്റവാളികളായ ഒരു ജനതയായി തീരുകയും ചെയ്തു....

( 32 ) അല്ലാഹുവിന്റെ വാഗ്ദാനം സത്യം തന്നെയാണെന്നും അന്ത്യഘട്ടമാകട്ടെ അതിൽ യാതൊരു സംശയവുമില്ലെന്നും പറയപ്പെട്ടപ്പോൾ നിങ്ങൾ പറഞ്ഞിരുന്നത്
( ഇതാണ് ) അന്ത്യഘട്ടം എന്താണെന്ന് ഞങ്ങൾക്ക് അറിയില്ല.
 ഞങ്ങൾക്ക് ഒരുതരം ഊഹം  മാത്രമാണുള്ളത്.
 ഞങ്ങൾ ഇതൊന്നും ഉറപ്പായി കരുതുന്നവരല്ല.....

( 33 )തങ്ങൾ പ്രവർത്തിച്ചതിന്റെ  തിന്മകൾ അവർക്ക് വ്യക്തമാവുകയും തങ്ങൾ പരിഹസിച്ചു കൊണ്ടിരുന്നത്  ( ശിക്ഷ ) അവരിൽ വന്നു  എത്തുകയും ചെയ്തു....

( 34 ) ഈ ദിവസം കണ്ടുമുട്ടുന്നതിനെ  നിങ്ങൾ വിസ്മരിച്ചത്  പോലെ ഇന്ന് നിങ്ങളെ നാം വിസ്മരിക്കുന്നു.
 നിങ്ങളുടെ വാസസ്ഥലം നരകമാണ്.
 നിങ്ങൾക്ക് സഹായികൾ ആരുമില്ല എന്ന്
( അവിടെവച്ച് ) അവരോട് പറയപ്പെടും......


( 35 ) അതൊക്കെ സംഭവിച്ചത് നിങ്ങൾ അല്ലാഹുവിന്റെ വചനങ്ങളെ  പരിഹാസ പാത്രമാക്കിയത് കൊണ്ടാണ്.
 ഐഹിക ജീവിതം നിങ്ങളെ വഞ്ചിക്കുകയും ചെയ്തു.
 ഇനി ഇന്ന് അവരെ അതിൽ നിന്ന്
( നരകത്തിൽ നിന്ന് ) പുറത്ത് വിടുകയില്ല.
 അവരോട് പശ്ചാത്തപിച്ച് മടങ്ങി തൃപ്തിപ്പെടാൻ ആവശ്യപ്പെടുകയുമില്ല....

( 36 ) അപ്പോൾ ( വസ്തുതകൾ ഇങ്ങനെയായിരിക്കെ ) ആകാശഭൂമികളുടെ നാഥനായ ലോകനാഥനായ അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും.....

( 37 ) ആകാശഭൂമികളിൽ  മഹത്വം അവനു തന്നെയാണ്.
 അവൻ അജയ്യനും  യുക്തിമാനുമാകുന്നു....

അഭിപ്രായങ്ങള്‍