42-Surah Al Shooraa -01-53


سورة الشورى
അവതരണം-മക്ക
 സൂക്തങ്ങൾ -53

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....


( 01 )ഹാമീം...

( 02 ) ഐൻ, സീൻ, ഖാഫ്...

( 03 )( നബിയെ ) താങ്കൾക്കും താങ്കളുടെ മുൻപുള്ളവർക്കും അജയ്യനും  യുക്തിമാനുമായ  അള്ളാഹു
 ഇതേപ്രകാരം സന്ദേശം ( വഹിയ്യ് )
 നൽകിയിട്ടുണ്ട്....

( 04 ) ആകാശഭൂമികളിലുള്ളതെല്ലാം അവന്നുള്ളതാണ്.
 അവൻ ഉന്നതനും മഹാനുമാകുന്നു.....

( 05 ) ആകാശങ്ങൾ അവയുടെ
മേൽ ഭാഗത്തുനിന്ന് പൊട്ടിപൊളിയാൻ അടുക്കുന്നു.
 മലക്കുകൾ തങ്ങളുടെ നാഥനെ സ്തുതിക്കുന്നുതോടൊപ്പം അവന്റെ പരിശുദ്ധിയെ പ്രകീർത്തനം ചെയ്യുകയും, ഭൂമിയിലുള്ളവർക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുന്നു. അറിയുക. തീർച്ചയായും അല്ലാഹു വളരെ പൊറുക്കുന്നവനും  പരമകാരുണികനുമാകുന്നു......

( 06  ) അല്ലാഹുവിനെകൂടാതെ
( മറ്റുള്ളവരെ ) രക്ഷാധികാരികളായി വെക്കുന്നവരാകട്ടെ അവരെപ്പറ്റി അല്ലാഹു സസൂക്ഷ്മം വീക്ഷിക്കുന്നവനാണ്.
 താങ്കൾ അവരെ സംബന്ധിച്ച് ഉത്തരവാദിത്വം ഏൽപ്പിക്കപ്പെട്ടവനല്ല.....

( 07  ) നാടുകളുടെ കേന്ദ്രത്തെ( മക്ക )യും 
 അതിനു ചുറ്റുമുള്ളവരെയും താക്കീത് ചെയ്യാൻ വേണ്ടി അറബിയിലുള്ള ഒരു ഖുറാആനെ അപ്രകാരം നാം വഹിയ്യ് നൽകി.
 എല്ലാവരെയും ഒരുമിച്ചു കൂട്ടുന്ന ദിവസത്തെപറ്റി - അതിൽ ഒരു സംശയവുമില്ല- താങ്കൾ താക്കീത് ചെയ്യാൻ വേണ്ടിയും
( അന്ന്) ഒരു വിഭാഗം സ്വർഗ്ഗത്തിലും ഒരു വിഭാഗം നരകത്തിലുമായിരിക്കും.....

( 08 ) അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ എല്ലാ മനുഷ്യരെയും അവൻ ഒറ്റ സമുദായമാക്കുമായിരുന്നു.
 പക്ഷേ അവൻ ഉദ്ദേശിക്കുന്നവരെ അവരെ കരുണയിൽ പ്രവേശിപ്പിക്കുന്നു.
 അക്രമികൾക്കാകട്ടെ  ഒരു രക്ഷാധികാരിയും ഒരു സഹായിയും ഉണ്ടാവുകയില്ല....

( 09 ) അതല്ല അല്ലാഹുവിനു പുറമേ ചില രക്ഷാധികാരികളെ ആക്കിയിരിക്കുകയാണോ  ?
 എന്നാൽ അല്ലാഹു തന്നെയാണ് രക്ഷാധികാരി.
 അവൻ മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു.
 എല്ലാ കാര്യത്തിനും കഴിവുള്ളവനാണവൻ...

( 10 ) നിങ്ങൾ ഏതൊരു കാര്യത്തിൽ ഭിന്നിച്ചിരിക്കുന്നുവോ അതിന്റെ വിധി അല്ലാഹുവിങ്കലേക്കാണ്.
 അവനാണ് എന്റെ നാഥനായ അള്ളാഹു.
 അവന്റെ മേൽ ഞാൻ ഭാരം ഏല്പിച്ചിരിക്കുന്നു.
 അവങ്കലേക്ക് തന്നെ ഞാൻ മടങ്ങുകയും ചെയ്യുന്നു.....

( 11 ) ആകാശഭൂമികളുടെ സൃഷ്ടാവാണവൻ.
 അവൻ നിങ്ങൾക്ക് വേണ്ടി നിങ്ങളിൽനിന്ന് തന്നെ ഇണകളെ ഉണ്ടാക്കിത്തന്നിരിക്കുന്നു.
 കാലികളിൽ നിന്നും ഇണകളെ
( അവൻ ഉണ്ടാക്കി ).
  അത് മുഖേന അവൻ നിങ്ങളെ വർധിപ്പിക്കുന്നു.
 അവനെപ്പോലെ ഒന്നും തന്നെ ഇല്ല തന്നെ.
 അവൻ എല്ലാം കാണുന്നവനും കേൾക്കുന്നവനുമാണ്.....

( 12 ) ആകാശഭൂമികളുടെ
 ( ഖജനാവുകളുടെ ) താക്കോലുകൾ അവന്റെ പക്കലാണുള്ളത്.
 അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ ആഹാരം സമൃദ്ധിയായി നൽകും.
( ഉദ്ദേശിക്കുന്നവർക്ക് ) പ്രയാസമാക്കുകയും ചെയ്യും.
 തീർച്ചയായും അവൻ എല്ലാ കാര്യങ്ങളെക്കുറിച്ചും നല്ലതുപോലെ അറിയുന്നവനാണ്.....

( 13 ) നൂഹിനോട്‌  അവൻ കൽപ്പിച്ചതും താങ്കൾക്ക് നാം വഹിയ് നൽകിയിട്ടുള്ളതും, ഇബ്രാഹിമിനോടും മൂസായോടും ഈസായോടും നാം കല്പിച്ചിട്ടുള്ളതുമായ
 മതം തന്നെയാണ് അവൻ നിങ്ങൾക്ക് നിയമമാക്കി തന്നിട്ടുള്ളത്.
 അതായത് ഈ മതത്തെ നിങ്ങൾ നിലനിർത്തണം.
 അതിൽ ഭിന്നിക്കരുത് എന്ന്.
 ബഹുദൈവവിശ്വാസികളെ താങ്കൾ ഏതാന്നിലേക്ക് വിളിക്കുവോ,  അത് അവർക്ക് വളരെ ഭാരമുള്ളതായിരിക്കുകയാണ്.
 അവൻ ഉദ്ദേശിക്കുന്നവരെ അള്ളാഹു അവന്റെ അടുത്തേക്ക് തെരഞ്ഞെടുക്കുകയും, അവനിലേക്ക് മടങ്ങുന്നവരെ  അവൻ നേർമാർഗത്തിലാക്കുകയും ചെയ്യും...

( 14 )താങ്കൾക്ക് അറിവ്  ലഭിച്ചതിനുശേഷം മാത്രമാണ് അവർ ഭിന്നിച്ചത്.
 അതെ അവർക്കിടയിലെ ധിക്കാരം മൂലം. ഒരു നിശ്ചിത അവധിവരേക്കും  ബാധകമായ ഒരു വാക്ക് താങ്കളുടെ നാഥങ്കൽ  നിന്നുമുണ്ടായിരുന്നില്ലെങ്കിൽ അവർക്കിടയിൽ വിധി കൽപ്പിക്കപ്പെടുക  തന്നെ ചെയ്യുമായിരുന്നു.
 അവർക്ക് ശേഷം വേദഗ്രന്ഥം അനന്തരാവകാശമായി നൽകപ്പെട്ടവരാകട്ടെ തീർച്ചയായും അതിനെ സംബന്ധിച്ച് വലിയ സംശയത്തിലുമാണ്....

( 15 )( നബിയെ ) അതുകൊണ്ട് അതിലേക്ക്
( ആ തത്യത്തിലേക്ക് ) താങ്കൾ
( ജനങ്ങളെ ) ക്ഷണിക്കുകയും
 കൽപിക്കപ്പെട്ടത് പോലെ താങ്കൾ ശരിക്കു  ചൊവ്വായി നിലകൊള്ളുകയും ചെയ്യുക.
 അവരുടെ തന്നിഷ്ടങ്ങളെ പിന്തുടരരുത്.
( അവരോട് ഇങ്ങനെ ) പറയുക. അള്ളാഹു അവതരിപ്പിച്ച എല്ലാ വേദഗ്രന്ഥങ്ങളിലും
 ഞാൻ വിശ്വസിക്കുകയും, നിങ്ങൾക്കിടയിൽ നീതി പാലിക്കാൻ ഞാൻ കൽപ്പിക്കുകയും ചെയ്തിരിക്കുന്നു.
 അള്ളാഹു നിങ്ങളുടെയും ഞങ്ങളുടെയും നാഥനാണ്.
 ഞങ്ങളുടെ കർമ്മ( ഫല )ങ്ങൾ ഞങ്ങൾക്കും നിങ്ങളുടെ കർമ്മ( ഫല )ങ്ങൾ നിങ്ങൾക്കുമാകുന്നു.
ഞങ്ങളും നിങ്ങളും തമ്മിൽ ഒരു തർക്കവുമില്ല. അല്ലാഹു നമ്മെയെല്ലാം
( ഒരു സ്ഥലത്ത് ) ഒരുമിച്ച് കൂട്ടും.
 അവങ്കലേക്ക് തന്നെയാണ്
( എല്ലാവരുടെയും ) മടക്കം.....

( 16 ) അല്ലാഹുവിന് ( അവന്റെ മതത്തിന് )
 സ്വീകരണം ലഭിച്ചതിനുശേഷം അതിനെക്കുറിച്ച് തർക്കിക്കുന്നവരാകട്ടെ
 അവരുടെ ന്യായവാദങ്ങൾ തങ്ങളുടെ നാഥന്റെ  പക്കൽ ഫലശൂന്യമാണ്.
 അവരുടെ മേൽ കോപവും അവർക്ക് കഠിനമായ ശിക്ഷയുമുണ്ട്...

( 17 ) സത്യസമേതം വേദഗ്രന്ഥവും നീതിയും ഇറക്കിയവനാണ്  അള്ളാഹു.
 താങ്കൾക്ക് എങ്ങനെ അറിവ് ലഭിക്കുന്നു.?
 അന്ത്യസമയം അടുത്തതായിരിക്കാം.....

( 18 ) അതിൽ വിശ്വസിക്കാത്തവർ അതിന് ധൃതികൂട്ടി കൊണ്ടിരിക്കുന്നു.
 അതിൽ വിശ്വസിക്കുന്നവർ അതിനെക്കുറിച്ച് ഭയപ്പെടുന്നവരാണ്.
 അത് സത്യമാണെന്ന് അവർക്ക് അറിയുകയും ചെയ്യാം.
 അറിയുക.
 അന്ത്യനാളിന്റെ കാര്യത്തിൽ  തർക്കിക്കുന്നവർ ( സത്യത്തിൽ നിന്ന് )
 വിദൂരമായ വഴികേടിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.....


( 19 ) അല്ലാഹു തന്റെ അടിമകളോട് വളരെ ദയയുള്ളവനാണ്.
 അവനുദ്ദേശിക്കുന്നവർക്ക് അവൻ ആഹാരം നൽകുന്നു.
 അവൻ ശക്തനും അജയ്യനുമാകുന്നു....

( 20 ) ആരെയെങ്കിലും
(തന്റെ പ്രവർത്തി കൊണ്ട് )
 പരലോക വരുമാനം ഉദ്ദേശിക്കുന്നുവെങ്കിൽ   തന്റെ വരുമാനത്തിൽ നാം അവന് വർദ്ധനവുണ്ടാക്കിക്കൊടുക്കും.
 ആരെയെങ്കിലും ഇഹലോക വരുമാനമാണ് ഉദ്ദേശിക്കുന്നതെങ്കിൽ  അവനു  അതിൽ നിന്നും  നാം കൊടുക്കും.
( പക്ഷേ) പരലോകത്ത് അവനു  ഒരു വിഹിതവും ഉണ്ടായിരിക്കുകയില്ല.....

( 21 ) പക്ഷേ അള്ളാഹു അനുവദിച്ചിട്ടില്ലാത്ത ചിലത് മതത്തിൽപെട്ടതായി അവർക്ക് നിയമിച്ചു  കൊടുത്തിട്ടുള്ള ചില പങ്കാളികൾ അവർക്കുണ്ട് .
തീരുമാനത്തിന്റെ  വാക്ക് ( മുൻപ് ) ഉണ്ടായിരുന്നില്ലെങ്കിൽ അവർക്കിടയിൽ   (ഉടനടി ) തീർപ്പ് കൽപ്പിക്കപ്പെടുമായിരുന്നു.
തീർച്ചയായും അക്രമികൾക്ക് വേദനാജനകമായ ശിക്ഷയുണ്ട്.....


( 22 ) തങ്ങൾ സമ്പാദിച്ചുവെച്ചതിനെപ്പറ്റി
 ( പരലോകത്ത് ) ഈ  അക്രമികളെ താങ്കൾക്ക് കാണാം.
 ആ ശിക്ഷ അവരിൽ സംഭവിക്കുക തന്നെ ചെയ്യും.
 സത്യവിശ്വാസം സ്വീകരിക്കുകയും സൽകർമമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവരാകട്ടെ  അവർ സ്വർഗ്ഗത്തോപ്പുകളിലായിരിക്കും.
 തങ്ങളുടെ നാഥന്റെ  പക്കൽ തങ്ങൾ ഉദ്ദേശിക്കുന്നത് അവർക്കുണ്ട്.
 അതുതന്നെയാണ് മഹത്തായ അനുഗ്രഹം....

( 23 ) വിശ്വസിക്കുകയും സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്ത തന്റെ ദാസന്മാർക്ക് അള്ളാഹു സന്തോഷവാർത്ത അറിയിക്കുന്നതാണിത്.
( നബിയെ ) പറയുക.
 ഇതിന്റെ പേരിൽ യാതൊരു പ്രതിഫലവും ഞാൻ ചോദിക്കുന്നില്ല.
 അടുത്ത ബന്ധത്തിന് വേണ്ടി സ്നേഹം മാത്രമേ ഞാൻ ആവശ്യപ്പെടുന്നുള്ളൂ.
 ആരെങ്കിലും ഒരു നന്മ പ്രവർത്തിക്കുകയാണെങ്കിൽ അതിൽ അവന് നാം പ്രതിഫലം വർധിപ്പിച്ചു കൊടുക്കുന്നതാണ്.
 തീർച്ചയായും അല്ലാഹു വളരെ പൊറുക്കുന്നവനും പ്രതിഫലം ഏറ്റികൊടുക്കുന്നവനുമാണ്....

( 24 ) അദ്ദേഹം ( നബി ) അല്ലാഹുവിന്റെ പേരിൽ കളവ് കെട്ടി പറയുകയാണെന്ന് അവർ പറയുന്നു.
 എന്നാൽ അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം താങ്കളുടെ ഹൃദയത്തിന് അവൻ സീൽ വെക്കും.
 അസത്യത്തെ അല്ലാഹു മായ്ച്ചുകളയുകയും സത്യത്തെ തന്നെ വചനങ്ങൾ മൂലം അവൻ നിലനിർത്തുകയും ചെയ്യും.
 തീർച്ചയായും ഹൃദയങ്ങളിലുള്ളതിനെപ്പറ്റി
 നല്ലതുപോലെ അറിയുന്നവനാണവൻ.....

( 25 ) തന്റെ അടിമകളിൽ നിന്ന് പശ്ചാത്താപം സ്വീകരിക്കുന്നത് അവനാണ്.
 അവൻ തിന്മകൾ മാപ്പ് ചെയ്തുകൊടുക്കുകയും നിങ്ങൾ പ്രവർത്തിക്കുന്നത് അറിയുകയും ചെയ്യുന്നു...
 
( 26 ) വിശ്വസിക്കുകയും സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നവർക്ക് അവൻ ഉത്തരം നൽകുകയും തന്റെ അനുഗ്രഹത്തിൽ നിന്ന് അവർക്ക് വർദ്ധിപ്പിച്ചു കൊടുക്കുകയും ചെയ്യും. സത്യനിഷേധികൾക്ക് കഠിനമായ ശിക്ഷയുണ്ട്...

( 27 ) തന്റെ ദാസന്മാർക്ക് അള്ളാഹു  ആഹാരം വിശാലമാക്കികൊടുത്തിരുന്നെങ്കിൽ ഭൂമിയിൽ അവർ അതിക്രമം കാണിക്കുമായിരുന്നു.
 പക്ഷേ അവൻ ഉദ്ദേശിക്കുന്നത് ഒരു തോതനുസരിച്ച് അവൻ ഇറക്കി കൊടുക്കുന്നു.
 തീർച്ചയായും അവൻ തന്റെ അടിമകളെ കുറിച്ച് സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമാണ്.....

( 28 ) അവൻ തന്നെയാണ് ജനങ്ങൾ നിരാശരായതിനുശേഷം മഴ വർഷിപ്പിക്കുകയും തന്റെ കാരുണ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നവൻ.
 അവൻ തന്നെയാണ് രക്ഷാധികാരിയും സ്തുത്യർഹനും....

( 29 ) ആകാശഭൂമികളെ സൃഷ്ടിച്ചതും അവ രണ്ടിലും ജീവവസ്തുക്കളെ പരത്തിയതും  അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതാണ്.
 താൻ ഉദ്ദേശിച്ചാൽ അവയെ ഒരുമിച്ച് കൂട്ടാൻ കഴിയുന്നവനാണവൻ......

( 30 ) നിങ്ങൾക്ക് എന്തെങ്കിലും വിപത്ത് ബാധിക്കുകയാണെങ്കിൽ അത് നിങ്ങളുടെ കരങ്ങൾ പ്രവർത്തിച്ചത് നിമിത്തമായിരിക്കും.
 പലതിനെക്കുറിച്ചും അവൻ മാപ്പു നൽകുകയും ചെയ്യുന്നു...

( 31 ) നിങ്ങൾ ഭൂമിയിൽ ( അല്ലാഹുവിനെ ) പരാജയപ്പെടുത്തുന്നവരല്ല.
 അല്ലാഹുവിനെ കൂടാതെ നിങ്ങൾക്ക് ഒരു രക്ഷകനും സഹായിയുമില്ല.....

( 32 ) സമുദ്രത്തിൽ പർവ്വതങ്ങൾ പോലെ
( ഉയർന്നു ) സഞ്ചരിക്കുന്ന കപ്പലുകൾ അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാകുന്നു....

( 33 ) അവനുദ്ദേശിക്കുന്നുവെങ്കിൽ കാറ്റിനെ അവൻ അടക്കി നിർത്തുകയും അങ്ങനെ അവ സമുദ്രത്തിന്റെ മുകളിൽ നിശ്ചലമായി നിൽക്കുകയും ചെയ്യുന്നതാണ്.
 തീർച്ചയായും അതിൽ ക്ഷമാശീലരും നന്ദിയുള്ളവരുമായ എല്ലാവർക്കും ദൃഷ്ടാന്തങ്ങളുണ്ട്....

( 34 ) അല്ലെങ്കിൽ ജനങ്ങൾ പ്രവർത്തിച്ചതിന്റെ  കാരണമായി കപ്പലുകളെ അവൻ തകർത്തു കളയുന്നതാണ്.
  മിക്ക കാര്യങ്ങളും  മാപ്പു നൽകുകയും ചെയ്യുന്നു.....

( 35 ) തങ്ങൾക്ക് ഓടി രക്ഷപ്പെടാവുന്ന ഒരു സ്ഥലവും ഇല്ലെന്ന് നമ്മുടെ ദൃഷ്ടാന്തങ്ങളെ കുറിച്ച്  തർക്കിക്കുന്നവർക്ക്  അറിയാവുന്നതാണ് ......

( 36 ) നിങ്ങൾക്ക് എന്തെങ്കിലും സാധനങ്ങൾ നൽകപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഐഹിക ജീവിതത്തിന്റെ വിഭവങ്ങളാണ്.
 അല്ലാഹുവിന്റെ പക്കലുള്ളതാകട്ടെ വിശ്വസിക്കുകയും കാര്യങ്ങൾ തങ്ങളുടെ നാഥങ്കൽ അർപ്പിക്കുകയും ചെയ്യുന്നവർക്ക് കൂടുതൽ ഉത്തമവും നിലനിൽക്കുന്നതുമാണ്....

( 37 ) വൻപാപങ്ങളും നീചവൃത്തികളും ഉപേക്ഷിക്കുകയും കോപം വന്നാൽ മാപ്പ് ചെയ്യുകയും ചെയ്യുന്നവർക്കും.....

( 38 ) തങ്ങളുടെ രക്ഷിതാവിന്  ഉത്തരം നൽകുകയും മുറപ്രകാരം നിസ്കാരം അനുഷ്ഠിക്കുകയും തങ്ങളുടെ കാര്യം പരസ്പരം കൂടി ആലോചിച്ച് തീരുമാനിക്കുകയും നാം നൽകിയിട്ടുള്ളതിൽ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവർക്കും.....

( 39 ) തങ്ങൾക്ക് ആരിൽ നിന്നെല്ലാം അതിക്രമം ബാധിച്ചാൽ സ്വയം രക്ഷാനടപടി സ്വീകരിക്കുന്നവർക്കും....

( 40 ) ഒരു തിന്മയുടെ പ്രതിഫലം അതുപോലെയുള്ള ഒരു തിന്മയാകുന്നു.
 എന്നാൽ ആരെങ്കിലും മാപ്പുനൽകുകയും നല്ലത് പ്രവർത്തിക്കുകയും ചെയ്താൽ അവന്നു  പ്രതിഫലം അല്ലാഹുവിങ്കൽ നിന്നാണ്.
 തീർച്ചയായും അവൻ അക്രമികളെ ഇഷ്ടപ്പെടുകയില്ല......

( 41 ) താൻ അക്രമിക്കപ്പെട്ടതിനുശേഷം ആരെയെങ്കിലും പ്രതികാര നടപടി എടുത്താൽ അവർക്കെതിരെ
( എന്തെങ്കിലും പ്രവർത്തിക്കാൻ )
 യാതൊരു മാർഗവുമില്ല.....

( 42 ) തീർച്ചയായും
( കുറ്റം ചുമത്താൻ ) മാർഗ്ഗമുള്ളത് ജനങ്ങളെ ആക്രമിക്കുകയും ന്യായമില്ലാതെ ഭൂമിയിൽ അതിക്രമം കാണിക്കുകയും ചെയ്യുന്നവരുടെ പേരിൽ മാത്രമാണ്.
 അവർക്ക് വേദനാജനകമായ ശിക്ഷയുണ്ട്.....


( 43 ) ആരെങ്കിലും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്താൽ തീർച്ചയായും അത് മനോദാർഢ്യതയുള്ള കാര്യങ്ങളിൽ പെട്ടതാകുന്നു....

( 44 ) അള്ളാഹു ആരെയെങ്കിലും വഴിപിഴപ്പിച്ചാൽ അതിനുശേഷം ഒരു രക്ഷാധികാരിയും  അവനുണ്ടാവുകയില്ല.
 അക്രമികൾ (നമ്മുടെ )ശിക്ഷ കാണുമ്പോൾ
( ഇഹലോകത്ത് )ഒരു  തിരിച്ചുപോക്കിന്
 വല്ല മാർഗ്ഗവും ഉണ്ടോ എന്ന് അവർ ചോദിക്കുന്നതായി നീ അവരെ കാണുന്നതാണ്....

( 45 ) അപമാനത്തിൽ വിനയം കാണിക്കുന്നവരായി നരകത്തിന്റെ അടുത്ത് അവർ പ്രദർശിപ്പിക്കപ്പെടുന്നതായും നിനക്ക് അവരെ കാണാം.
 ഗോപ്യമായ കണ്ണുകൊണ്ട് അവർ നോക്കുന്നതാണ്.
( അപ്പോൾ ) സത്യവിശ്വാസികൾ പറയും : തീർച്ചയായും യഥാർത്ഥ നഷ്ടക്കാർ അന്ത്യനാളിൽ തങ്ങളെതന്നെയും തങ്ങളുടെ സ്വന്തക്കാരെയും നഷ്ടപ്പെടുത്തിയവരാണ്.
 അറിയുക. തീർച്ചയായും അക്രമികൾ നിത്യമായ ശിക്ഷയിലാണ്....


( 46 ) അല്ലാഹുവിനെ കൂടാതെ തങ്ങളെ സഹായിക്കുന്ന രക്ഷാധികാരികളൊന്നും അവർക്ക് ഉണ്ടാവുകയില്ല.
 അള്ളാഹു ആരെങ്കിലും വഴിതെറ്റിച്ചാൽ അവന് യാതൊരു രക്ഷാമാർഗവുമില്ല.....

( 47 )( ജനങ്ങളേ ) ഒരുദിവസം വരുന്നതിനു മുൻപ് നിങ്ങളുടെ നാഥനു  നിങ്ങൾ ഉത്തരം ചെയ്യുക.
 അല്ലാഹുവിങ്കൽ നിന്ന് ആ ദിവസത്തെ മാറ്റിനിർത്തൽ ഉണ്ടാവുകയില്ല.
 അന്ന് നിങ്ങൾക്ക് ഒരു രക്ഷാസ്ഥാനവും ഉണ്ടാവുകയില്ല.
 നിങ്ങളുടെ കുറ്റങ്ങളെ നിഷേധിക്കാൻ നിങ്ങൾക്ക് കഴിയുകയില്ല......

( 48 ) അവർ ( ഇതെല്ലാം കേട്ടിട്ടും )
 തിരിഞ്ഞു കളയുകയാണെങ്കിൽ
( നബിയെ ) താങ്കളെ അവരുടെമേൽ കാവൽക്കാരനായി നാം അയച്ചിട്ടില്ല.
 ദൗത്യം എത്തിച്ചു കൊടുക്കൽ അല്ലാതെ താങ്കൾക്ക് ഒരു ബാധ്യതയുമില്ല.
 നമ്മുടെ പക്കൽ നിന്നും ഒരു കാരുണ്യം നാം മനുഷ്യനെ ആസ്വപ്പിദിച്ചാൽ അത് മൂലം അവൻ ആഹ്ലാദിക്കും.
 താങ്കളുടെ കരങ്ങൾ മുൻകൂട്ടി ചെയ്തത് മൂലം  എന്തെങ്കിലും തിന്മ അവരെ ബാധിച്ചാൽ അപ്പോൾ മനുഷ്യരതാ നന്ദികെട്ടവനായിത്തീരുക തന്നെ ചെയ്യുന്നു.....

( 49 ) ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനുള്ളതാണ്.
 അവൻ ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു.
 അവനുദ്ദേശിക്കുന്നവർക്ക് അവൻ പെൺമക്കളെയും അവനുദ്ദേശിക്കുന്നവർക്ക് ആൺമക്കളെയും പ്രദാനം ചെയ്യുന്നു...

( 50 )അല്ലെങ്കിൽ അവനുദ്ദേശിക്കുന്നവർക്ക് ആൺമക്കളെയും പെൺമക്കളെയും ഇടകലർത്തി കൊടുക്കുകയും അവൻ ഉദ്ദേശിക്കുന്നവരെ അവൻ വന്ധ്യരാക്കുകയും ചെയ്യുന്നു.
 തീർച്ചയായും അവൻ സർവ്വജ്ഞനും സർവ്വശക്തനുമാകുന്നു....


( 51 ) യാതൊരു മനുഷ്യനോടും
( താഴെപ്പറയുന്ന നിലയ്‌ക്കല്ലാതെ ) അല്ലാഹു സംസാരിക്കുകയില്ല. ബോധനം നൽകുക,  അല്ലെങ്കിൽ ഒരു മറയുടെ പിന്നിൽനിന്ന് അല്ലെങ്കിൽ അവൻ ഒരു ദൂതനെ അയച്ചു, എന്നിട്ട് അദ്ദേഹം അവന്റെ അനുവാദപ്രകാരം അവൻ ഉദ്ദേശിക്കുന്നത് ബോധനം നൽകുക. തീർച്ചയായും അവൻ ഉന്നതനും യുക്തിമാനുമാകുന്നു.....


( 52 ) അത് പ്രകാരം നമ്മുടെ കല്പനയനുസരിച്ച് താങ്കൾക്ക് നാം മഹത്തായ ആത്മാവിനെ ( ഖുർആനെ ) വഹിയ്യ് നൽകിയിരിക്കുന്നു.
 വേദഗ്രന്ഥമാകട്ടെ,  സത്യവിശ്വാസമാകട്ടെ
 എന്താണെന്ന് താങ്കൾക്ക് അറിയുമായിരുന്നില്ല.
 പക്ഷേ അതിനെ നാം ഒരു പ്രകാശമാക്കി വെച്ചിരിക്കുന്നു. അത് മുഖേന നമ്മുടെ അടിമകളിൽ നിന്ന് നാം ഉദ്ദേശിക്കുന്നവരെ നാം നേർമാർഗ്ഗത്തിലാക്കുന്നു.
 തീർച്ചയായും താങ്കൾ ശരിയായ മാർഗ്ഗത്തിലേക്ക് വഴി കാണിക്കുക തന്നെ ചെയ്യുന്നു .....


( 53 ) അതായത് ആകാശഭൂമികളിലുള്ളതെല്ലാം   യാതൊരുത്തന്നുള്ളതാണോ ആ അല്ലാഹുവിന്റെ മാർഗ്ഗത്തിലേക്ക്.
 അറിയുക. അല്ലാഹുവിങ്കലേക്കാണ്  എല്ലാ കാര്യങ്ങളും മടങ്ങുന്നത്........

അഭിപ്രായങ്ങള്‍