41-Surah-Fussilathth -54سورة فصلت
 അവതരണം- മക്ക
 സൂക്തങ്ങൾ-54

 പരമകാരുണികനും  കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
( ഞാൻ ആരംഭിക്കുന്നു )

( 01 ) ഹാമീം..

( 02 ) പരമകാരുണികനും  കരുണാനിധിയുമായ അല്ലാഹുവിൽ നിന്നും
 അവതരിച്ചതാണ് ( ഇത് ).......


( 03 ) അറബി ഭാഷയിലുള്ള ഖുർആൻ എന്ന നിലയിൽ ബോധമുള്ള ജനതയ്ക്ക് വേണ്ടി വചനങ്ങൾ വിശദീകരിക്കപ്പെട്ടിട്ടുള്ള  ഒരു ഗ്രന്ഥം  ! 

( 04 ) സന്തോഷ വാർത്ത അറിയിക്കുന്നതും മുന്നറിയിപ്പ് നൽകുന്നതുമായി കൊണ്ട്.
 എന്നാൽ അവരിൽ അധികപേരും പിന്തിരിഞ്ഞു കളഞ്ഞു.
അങ്ങനെ അവർ ശ്രദ്ധിച്ചു കേൾക്കുന്നില്ല.....

( 05 ) അവർ പറഞ്ഞു ( മുഹമ്മദേ ) നീ ഏതൊന്നിലേക്കു  ഞങ്ങളെ  ക്ഷണിക്കുന്നുവോ അതിനെക്കുറിച്ച് ഞങ്ങളുടെ ഹൃദയങ്ങൾ ഒരുതരം മൂടിയിലാണ്.
 ഞങ്ങളുടെ കാതുകളിലുമുണ്ട് ഒരുതരം കട്ടി.
 ഞങ്ങൾക്കും നിനക്കും തമ്മിൽ
( യോജിക്കാൻ കഴിയാത്ത )
 ഒരു മറയുമുണ്ട്.
 അതിനാൽ നീ ( കണ്ടതനുസരിച്ചു )
 പ്രവർത്തിച്ചു കൊള്ളുക.
 ഞങ്ങളും (അങ്ങനെ )പ്രവർത്തിച്ചു  കൊള്ളാം....

( 06-07 )( നബിയെ) പറയുക.
 ഞാൻ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ തന്നെയാണ്.
 നിങ്ങളുടെ ദൈവം ഒരേയൊരു ദൈവം മാത്രമാണെന്ന് എനിക്ക് വഹിയ്യ്
(സന്ദേശം )നൽകപ്പെടുന്നുണ്ട്.
 അതുകൊണ്ട് നിങ്ങൾ അവങ്കലേക്ക് ശരിയായി മുന്നിട്ടു നിൽക്കുകയും, അവനോട് പാപമോചനം തേടുകയും ചെയ്യുക.
 സക്കാത്ത് കൊടുക്കാതിരിക്കുകയും, പരലോകത്തെ നിഷേധിക്കുകയും ചെയ്യുന്ന ബഹുദൈവവിശ്വാസികൾക്ക് വമ്പിച്ച നാശം !

( 08 ) തീർച്ചയായും സത്യവിശ്വാസം കൈക്കൊള്ളുകയും സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവർക്ക് മുറിഞ്ഞു പോകാത്ത പ്രതിഫലമുണ്ട്....

( 09 )( നബിയെ) പറയുക.
രണ്ടുദിവസങ്ങളിലായി ഭൂമിയെ സൃഷ്ടിച്ച അല്ലാഹുവിനെ നിങ്ങൾ നിഷേധിക്കുകയും അവന് സമന്മാരെ ഉണ്ടാക്കുകയുമാണോ ?
 അവൻ ലോകനാഥനാണ്....

( 10 ) ഭൂമിയിൽ അതിന്റെ ഉപരിതലത്തിൽ ഉറച്ചുനിൽക്കുന്ന പർവ്വതങ്ങളെ അവൻ സ്ഥാപിക്കുകയും അതിൽ നന്മകൾ വർദ്ധിപ്പിക്കുകയും, അതിലെ ആഹാരവസ്തുക്കൾ വ്യവസ്ഥപ്പെടുത്തി നിർണയിക്കുകയും ചെയ്തു.
( എല്ലാംകൂടി ) നാല് ദിവസങ്ങളിലായി
( അതെ ) അന്വേഷിക്കുന്നവർക്ക് കൃത്യമായ നാല് ദിവസം....

( 11 ) പിന്നെ അവൻ ആകാശത്തിന് നേരെ തിരിഞ്ഞു.
 അത് ഒരു (തരം )പുകയായിരുന്നു.
 എന്നിട്ട് അതിനോടും ഭൂമിയോടും അവൻ പറഞ്ഞു : നിങ്ങൾ രണ്ടും അനുസരണത്തോടെ നിർബ്ബന്ധിതരായോ വരിക.
 അവ രണ്ടും പറഞ്ഞു : ഞങ്ങൾ അനുസരണത്തോടെ തന്നെ ഇതാ വന്നിരിക്കുന്നു....

( 12 ) അങ്ങനെ അവയെ അള്ളാഹു രണ്ടുദിവസങ്ങളിലായി ഏഴ് ആകാശങ്ങളാക്കി തീർക്കുകയും എല്ലാ ഓരോ ആകാശത്തിലും അതിന്റെ കാര്യം അറിയിച്ചു കൊടുക്കുകയും ചെയ്തു.
( ഭൂമിയോട് ) ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകൾ കൊണ്ട് നാം അലങ്കരിക്കുകയും അതിനെ നാം സംരക്ഷിക്കുകയും ചെയ്തു.
 അജയ്യനും സർവ്വജ്ഞനുമായ അള്ളാഹു വ്യവസ്ഥ ചെയ്തു കണക്കാക്കിയതാണിതെല്ലാം...

( 13 ) എന്നിരിക്കെ അവർ പിന്തിരിഞ്ഞു പോകുകയാണെങ്കിൽ താങ്കൾ അവരോട് പറയുക.
 ആദിനെയും സമുദിനെയും ബാധിച്ച ഘോരശിക്ഷ പോലെയുള്ള ഒരു ഘോരശിക്ഷ നിങ്ങളെയും ബാധിക്കുമെന്ന് ഞാനിതാ നിങ്ങളെ താക്കീത് ചെയ്യുന്നു....

( 14 ) നിങ്ങൾ അല്ലാഹുവിനെ അല്ലാതെ ഇബാദത്ത് ചെയ്യരുതെന്ന് ഉപദേശിച്ചു കൊണ്ട് മുന്നിൽ കൂടിയും പിന്നിൽ കൂടിയും അല്ലാഹുവിന്റെ ദൂതന്മാർ അവരുടെ അടുത്ത് ചെന്നപ്പോൾ അവർ പറഞ്ഞു : ഞങ്ങളുടെ രക്ഷിതാവ് ഉദ്ദേശിച്ചാൽ അവൻ മലക്കുകളെ
( ഞങ്ങളുടെ അടുത്തേക്ക് ) ഇറക്കുമായിരുന്നു.
 അതിനാൽ നിങ്ങൾ ഏതെന്ന് കൊണ്ട് അയക്കപ്പെട്ടിരിക്കുന്നുവോ അതിനെ തീർച്ചയായും ഞങ്ങൾ നിഷേധിക്കുന്നവരാണ്....

( 15 ) ആദ് സമുദായമാകട്ടെ ന്യായമില്ലാത്ത നിലയിൽ ഭൂമിയിൽ അഹങ്കരിക്കുകയും ഞങ്ങളെക്കാൾ ശക്തൻമാർ ആരാണ് എന്ന്
( ധാർഷ്ട്യത്തോടെ ) ചോദിക്കുകയും ചെയ്തു.
അവരെ സൃഷ്ടിച്ചവൻ അവരെക്കാൾ ഏറ്റവും ശക്തമാണെന്ന് അവർ അറിഞ്ഞിട്ടില്ലേ ?
 അവർ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുന്നവരായി....

( 16 ) അത് മൂലം ദുശ്ശകുനം  ചിലദിവസങ്ങളിൽ അവരുടെമേൽ നാം ഒരു കൊടുങ്കാറ്റ് അയച്ചു.
 ഐഹിക  ജീവിതത്തിൽ തന്നെ അപമാനത്തിന്റെ  ശിക്ഷ  അവർക്ക് നാം ആസ്വദിപ്പിക്കാൻ വേണ്ടി.
 പരലോക ശിക്ഷയാകട്ടെ കൂടുതൽ അപമാനകരവുമാണ്.  അവർ സഹായിക്കപ്പെടുകയുമില്ല.....

( 17 ) സമൂദ് സമുദായമാകട്ടെ.
 അവർക്ക് നാം സന്മാർഗ്ഗം  കാണിച്ചുകൊടുത്തു.
 അപ്പോഴവർ സൻമാർഗ്ഗത്തെക്കാൾ അന്ധതയെ
( ദുർ മാർഗ്ഗത്തെ )ഇഷ്ടപ്പെടുകയാണ് ചെയ്തത്.
 അതിനാൽ അവർ ചെയ്തു കൊണ്ടിരുന്ന പ്രവർത്തനങ്ങളുടെ ഫലമായി ശിക്ഷയുടെ ഘോര വിപത്ത് അവരെ പിടികൂടി.....

( 18 ) സത്യവിശ്വാസം സ്വീകരിക്കുകയും ഭക്തിമാർഗ്ഗം  കൈക്കൊള്ളുകയും ചെയ്തവരെ നാം  രക്ഷിക്കുകയും ചെയ്തു....

( 19 ) അല്ലാഹുവിന്റെ ശത്രുക്കൾ നരകത്തിലേക്ക് ഒരുമിച്ച് കൂട്ടപ്പെടുന്ന ദിവസം ( ഓർക്കുക )അപ്പോൾ അവർ നിർബന്ധിതരായി നിയന്ത്രിക്കപ്പെടുന്നതാണ്...

( 20 ) അങ്ങനെ അതിന്റെ അടുത്ത് വരുമ്പോൾ അവരുടെ കാതുകളും    കണ്ണുകളും തൊലികളും  തങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിനെപറ്റി അവർക്കെതിരെ സാക്ഷി പറയും......

( 21 )( അപ്പോൾ ) അവർ തങ്ങളുടെ തൊലികളോടു ചോദിക്കും.
 നിങ്ങൾ എന്തിനാണ് ഞങ്ങൾക്കെതിരായി സാക്ഷി പറഞ്ഞത് ?
 അവർ ( തൊലികൾ ) പറയും : എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ച അള്ളാഹു ഞങ്ങളെയും സംസാരിപ്പിച്ചതാണ്.
 അവനാണല്ലോ നിങ്ങളെ ഒന്നാം പ്രാവശ്യം സൃഷ്ടിച്ചത്.
 അവങ്കലേക്ക് തന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യുന്നു.....

( 22 ) നിങ്ങളുടെ കാതുകളും കണ്ണുകളും തൊലികളും നിങ്ങൾക്കെതിരെ സാക്ഷ്യം വഹിക്കുന്നതിൽ നിന്ന് നിങ്ങൾ മറഞ്ഞുനിന്നിരുന്നില്ല.
( കാരണം പരലോക ജീവിതത്തിൽ അവർ വിശ്വസിച്ചില്ല ) പക്ഷേ നിങ്ങളുടെ മിക്ക പ്രവർത്തികളും അള്ളാഹു അറിയുകയില്ലെന്ന്   നിങ്ങൾ ധരിച്ചുപോയി.....


( 23 ) അത് - നിങ്ങളുടെ നാഥനെക്കുറിച്ച് നിങ്ങൾ ധരിച്ച് വെച്ചിട്ടുള്ള ആ ധാരണ നിങ്ങളെ നശിപ്പിച്ചു.
അങ്ങനെ നിങ്ങൾ നഷ്ടക്കാരിൽപ്പെട്ടവനായിത്തീരുകയും ചെയ്തു....

( 24 ) ഇനി അവർ ക്ഷമിക്കുകയാണെങ്കിലും
( അല്ലെങ്കിലും )
നരകമാണ് അവർക്ക് പാർപ്പിടം.
( ഇഹലോകത്തെക്ക് )
 മടക്കി അയക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ അവർ മടക്കി അയക്കപ്പെടുകയുമില്ല....

( 25 ) അവർക്ക്   നാം ചില കൂട്ടുകാരെ നിശ്ചയിച്ചു.
അങ്ങനെ ഇവർ അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവർക്ക് ഭംഗിയായി കാണിച്ചുകൊടുത്തു.
 അവരുടെമേൽ ( ശിക്ഷയുടെ ) വാക്ക് സ്ഥിരപ്പെടുകയും ചെയ്തു.
 ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നും അവരുടെ മുൻപ് കഴിഞ്ഞു പോയിട്ടുള്ള സമുദായങ്ങളുടെ  സമൂഹത്തിൽ പെട്ടവരായ സ്ഥിതിയിൽ തീർച്ചയായും അവർ നഷ്ടപ്പെട്ടവരായിരുന്നു....

( 26 ) സത്യനിഷേധികൾ പറഞ്ഞു : നിങ്ങൾ ഈ ഖുർആനിലേക്ക് ചെവി കൊടുക്കരുത്. അതിൽ ഒച്ചപ്പാടുണ്ടാക്കുക.
 നിങ്ങൾ വിജയിച്ചേക്കാം...

( 27 ) എന്നാൽ തീർച്ചയായും ആ സത്യനിഷേധികളെ കഠിനമായ ശിക്ഷ നാം ആസ്വദിപ്പിക്കും.
 അവർ പ്രവർത്തിച്ചുകൊണ്ടിരുന്ന തിന്മകൾക്ക് അവർക്ക് നാം പ്രതിഫലം നൽകുകയും ചെയ്യും....

( 28 ) അത് അല്ലാഹുവിന്റെ ശത്രുക്കളുടെ പ്രതിഫലമാകുന്നു.നരകം !
 അവർക്ക് അതിൽ സ്ഥിരവാസത്തിനുള്ള ഭവനമുണ്ട്.
 നമ്മുടെ ദൃഷ്ടാന്തങ്ങളെ അവർ നിഷേധിച്ചതിന്റെ  പ്രതിഫലമായിട്ട്...

( 29 ) സത്യനിഷേധികൾ
(അവിടെവെച്ച് )പറയും : ഞങ്ങളുടെ രക്ഷിതാവേ. ജിന്നുകളിലും മനുഷ്യരിലും നിന്ന് ഞങ്ങളെ വഴിതെറ്റിച്ച ഇരുവരെയും നീ ഞങ്ങൾക്ക് കാണിച്ചു തരേണമേ !
 അവർ രണ്ടുകൂട്ടരും ഏറ്റവും അധമന്മാരിൽ  ആയിത്തീരേണ്ടതിനായി ഞങ്ങൾ അവരെ കാലടികൾക്ക് താഴെയാ
(ക്കി ചവിട്ടിയോ )ക്കട്ടെ.....

( 30 ) തീർച്ചയായും ഞങ്ങളുടെ നാഥൻ അല്ലാഹുവാണെന്ന് പറയുകയും പിന്നീട് അതനുസരിച്ച് ചൊവ്വായി നിലകൊള്ളുകയും ചെയ്തവർ, അവരുടെ അടുത്ത് മലക്കുകൾ ഇറങ്ങിവരും. ( എന്നിട്ട് പറയും )
 നിങ്ങൾ ഭയപ്പെടുകയോ വ്യസനിക്കുകയോ  ചെയ്യരുത്.
 നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടു  കൊണ്ടിരുന്ന സ്വർഗ്ഗം കൊണ്ട് നിങ്ങൾ സന്തുഷ്ടരായികൊള്ളുക....

( 31 ) ഐഹിക  ജീവിതത്തിലും പരലോകത്തും ഞങ്ങൾ നിങ്ങളുടെ മിത്രങ്ങളാണ്.  അവിടെ
 (പരലോകത്ത് )നിങ്ങളുടെ മനസ്സുകൾ ആഗ്രഹിക്കുന്നതും, നിങ്ങൾ അവിടെവച്ച് ആവശ്യപ്പെടുന്നതും നിങ്ങൾക്കുണ്ട്......

( 32 ) പരമകാരുണികനും  വളരെ പൊറുത്തു തരുന്നവനുമായ അല്ലാഹുവിന്റെ പക്കൽ നിന്നുള്ള സൽക്കാരമാണിത്.....

( 33 ) അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സൽകർമമങ്ങൾ അനുഷ്ഠിക്കുകയും,  ഞാൻ മുസ് ലിമുകളിൽ  പെട്ടവനാണെന്ന്  പറയുകയും ചെയ്തവനേക്കാൾ നല്ല വാക്ക് പറയുന്നവൻ ആരുണ്ട് ?

( 34 ) നന്മയും തിന്മയും തുല്യമാവുകയില്ല.
 നല്ലത് കൊണ്ട് നിങ്ങൾ തിന്മയെ തടഞ്ഞു കൊള്ളുക.
 എന്നാൽ നിങ്ങളുടേയും ഏതൊരുത്തന്റെയും  ഇടയിൽ ശത്രുതയുണ്ടോ  അവൻ താങ്കളുടെ  ഉറ്റബന്ധുവിനെ പോലെ ആയിത്തീരുന്നതാണ്...

( 35 ) ക്ഷമ കൈകൊണ്ടവർക്കല്ലാതെ ഇത് നൽകപ്പെടുകയില്ല.
 മഹാഭാഗ്യവാന്മാർക്കല്ലാതെയും ഇത് നൽകപ്പെടുകയില്ല.....

( 36 ) പിശാചിൽ നിന്ന് എന്തെങ്കിലും ദുഷ്പ്രേരണ താങ്കളെ ഇളക്കിവിടുന്ന പക്ഷം നിങ്ങൾ അല്ലാഹുവിനോട് ശരണം തേടിക്കൊള്ളുക. തീർച്ചയായും അവൻ എല്ലാം അറിയുന്നവനും കേൾക്കുന്നവനുമാകുന്നു...

( 37 ) രാവും പകലും സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടവയാണ്. സൂര്യനോ ചന്ദ്രനോ നിങ്ങൾ സുജൂദ് ചെയ്യരുത്.
അവയെ സൃഷ്ടിച്ച അല്ലാഹുവിന് നിങ്ങൾ സുജൂദ് ചെയ്യുക.
അവനെ മാത്രമാണ് നിങ്ങൾ ആരാധിക്കുന്നതെങ്കിൽ.....

( 38 ) ഇനി അവർ അഹങ്കരിക്കുകയാണെങ്കിൽ
( നബിയെ ) താങ്കളുടെ നാഥന്റെ  അടുത്തുള്ളവർ രാത്രിയും പകലും അവന്റെ പരിശുദ്ധിയെ പ്രകീർത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്.
 അവർ മടി കാണിക്കുകയില്ല.....

( 39 ) തീർച്ചയായും ഭൂമിയെ അടങ്ങിയതായി നിങ്ങൾ കാണുന്നതും, അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതുതന്നെയാണ്.
 എന്നിട്ട് അതിന്മേൽ നാം മഴ ഇറക്കിയാൽ അത് കുതിർന്ന് ഇളകുകയും ചീർക്കുകയും ചെയ്യുന്നു.
 തീർച്ചയായും അതിനു ജീവൻ നൽകിയാൽ
( അല്ലാഹു ) മരണമടഞ്ഞവരെ ജീവിപ്പിക്കുന്നവൻ തന്നെയാണ്.
 തീർച്ചയായും അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്.....


( 40 ) തീർച്ചയായും നമ്മുടെ ദൃഷ്ടാന്തങ്ങളിൽ  വക്രത കാട്ടുന്നവർ നമ്മുടെ ദൃഷ്ടിയിൽ നിന്ന് മറഞ്ഞു പോവുകയില്ല.
 അപ്പോൾ നരകത്തിൽ വലിച്ചെറിയപ്പെടുന്നവനോ, ഉത്തമൻ? അതല്ല അന്ത്യനാളിൽ സുരക്ഷിതനായി
വരുന്നവനോ   ?
 നിങ്ങൾ വിചാരിക്കുന്നത് ചെയ്തുകൊള്ളുക. തീർച്ചയായും നിങ്ങൾ പ്രവർത്തിക്കുന്നത് കാണുന്നവൻ തന്നെയാണവൻ ....

( 41 )തീർച്ചയായും ( ഈ ഖുർആൻ ആകുന്ന) സന്ദേശം വന്നു കിട്ടിയപ്പോൾ അതിനെ നിഷേധിച്ചു കളഞ്ഞവർ
( ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും)
 അത് അന്തസ്സാർന്ന ഒരു ഗ്രന്ഥം തന്നെയാണ്...

( 42 ) അതിന്റെ മുൻപിൽ കൂടിയോ പിൻപിൽ കൂടിയോ അസത്യം അതിൽ വന്നു ചേരുകയില്ല.
 യുക്തിമാനും സ്തുതിക്കപ്പെട്ടവനുമായ  അല്ലാഹുവിങ്കൽനിന്ന് അവതരിച്ചതാണത്....

( 43 ) താങ്കൾക്ക് മുൻപുണ്ടായിരുന്ന ദൂതൻമാരോട് പറയപ്പെട്ടത് അല്ലാതെ
( പുതിയതൊന്നും )
 താങ്കളോട് പറയപ്പെടുന്നില്ല.
 താങ്കളുടെ നാഥൻ തീർച്ചയായും തെറ്റുകൾ പൊറുക്കുന്നവനും വേദനാജനകമായ ശിക്ഷ നൽകുന്നവനുമാണ് ...

( 44 ) ഇതിനെ നാം  അറബിയല്ലാത്ത മറ്റെന്തെങ്കിലും ഭാഷയിലുള്ള ഖുർആൻ ആക്കിയിരുന്നെങ്കിൽ അവരിങ്ങനെ ചോദിക്കുമായിരുന്നു : ഇതിലെ വാക്യങ്ങൾ വിശദീകരിച്ചു പറയപ്പെടാത്തത്  എന്തുകൊണ്ടാണ് ?
( ഗ്രന്ഥം ) ഒരു അനറബിയും
( പ്രവാചകൻ ) ഒരു അറബിയുമോ
( ഇതെന്തൊരു അത്ഭുതം ) താങ്കൾ പറയുക : ഇത് സത്യത്തിൽ വിശ്വസിച്ചവർക്ക് മാർഗ്ഗദർശനവും ശമനവുമാണ്.
 വിശ്വസിക്കാത്തവരാകട്ടെ അവരുടെ കാതുകളിൽ ഒരുതരം കട്ടിയുണ്ട്.
 ഖുർആൻ അവരെ സംബന്ധിച്ച് ഒരു അന്ധതയുമാണ്.
 അക്കൂട്ടർ ഒരു വിദൂര സ്ഥലത്തുനിന്ന് വിളിക്കപ്പെടുകയാണ്....

( 45 ) തീർച്ചയായും മൂസാക്ക്  നാം വേദഗ്രന്ഥം നൽകി. 
എന്നിട്ട് അതിലും ഭിന്നതയുണ്ടായി.
 താങ്കളുടെ രക്ഷിതാവിങ്കൽ നിന്നും ഒരുവാക്ക് മുൻപ് ഉണ്ടായിരുന്നെങ്കിൽ അവർക്കിടയിൽ
( അപ്പോൾ തന്നെ )
 വിധി നൽകപ്പെടുമായിരുന്നു.
 തീർച്ചയായും അവർ അതിനെക്കുറിച്ച് വലിയ സംശയത്തിലാണ്....

( 46 ) ആരെങ്കിലും നന്മ ചെയ്താൽ അവനു  തന്നെയാണ് ( അതിന്റെ പ്രയോജനം ) ആരെങ്കിലും തിന്മ ചെയ്താൽ അവന് തന്നെയാണ്
( അതിന്റെ ദോഷവും )
 താങ്കളുടെ നാഥൻ തന്റെ അടിമകളോട് തീരെ അനീതി കാണിക്കുന്നവനല്ല......

( 47 ) അന്ത്യ സമയത്തെക്കുറിച്ചുള്ള അറിവ് അല്ലാഹുവിലേക്ക് തന്നെയാണ് മടക്കപ്പെടുന്നത് .
 അവന്റെ അറിവോടുകൂടി അല്ലാതെ ഏത് പഴങ്ങളും തന്നെ അവയുടെ
( കുലകളിൽ ഉള്ള ) പോളകളിൽനിന്നും
 പുറത്ത് വരികയോ, ഒരു സ്ത്രീയും ഗർഭം ധരിക്കുകയോ, പ്രസവിക്കുകയോ  ചെയ്യുന്നില്ല.  എന്റെ പങ്കുകാർ എവിടെ എന്ന് അവരോട് അവൻ വിളിച്ചു ചോദിക്കുന്ന ദിവസം അവർ പറയും : ഞങ്ങളിതാ നിന്നെ അറിയിച്ചുകൊള്ളുന്നു. ഞങ്ങളിൽ ആരും തന്നെ അതിനു സാക്ഷ്യം വഹിക്കുന്നവരില്ല....


( 48 )അവർ മുമ്പ് പ്രാർത്ഥിച്ചിരുന്ന വസ്തുക്കൾ അവരിൽ നിന്ന് മറഞ്ഞു പോവുകയും, തങ്ങൾക്ക് ഓടി ചെല്ലാവുന്ന ഒരു രക്ഷാസങ്കേതവും ഇല്ലെന്ന്  അവർക്ക് ഉറപ്പാക്കുകയും ചെയ്യും....

( 49 ) നന്മ  വേണ്ടി പ്രാർത്ഥിക്കുന്ന കാര്യത്തിൽ മനുഷ്യനു  മടുപ്പ് തോന്നുകയില്ല.
 തിൻമ ബാധിച്ചു എങ്കിലോ  അവനതാ  അങ്ങേയറ്റം നിരാശനായിത്തീരുന്നു....

( 50 ) അവനെ ബാധിച്ച തിന്മക്ക്  ശേഷം നമ്മുടെ പക്കൽ നിന്നുള്ള എന്തെങ്കിലും കാരുണ്യം നാം  അവനെ ആസ്വദിപ്പിച്ചാൽ തീർച്ചയായും അവൻ പറയും : ഇതെനിക്ക് അർഹമായതാണ്. അന്ത്യസമയം നിലവിൽ വരുന്നതാണെന്ന്  ഞാൻ കരുതുന്നില്ല.
 ഇനി എന്റെ രക്ഷിതാവിങ്കലേക്ക് ഞാൻ മടക്കപ്പെട്ടുവെന്നുവന്നാൽ തന്നെ.
 ഏറ്റവും ഉത്തമമായ സ്ഥാനമാണ് അവന്റെ പക്കൽ എനിക്ക് ഉണ്ടായിരിക്കുക.
 തീർച്ച എന്നാൽ ( ഇങ്ങനെയുള്ള ) സത്യനിഷേധികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് നാം അവരെ ബോധ്യപ്പെടുത്തുകയും അധി കഠിനമായ ശിക്ഷ അവരെ ആസ്വദിപ്പിക്കുകയും തന്നെ ചെയ്യും....


( 51 ) മനുഷ്യനു  നാം അനുഗ്രഹം ചെയ്താൽ അവൻ തിരിഞ്ഞു കളയുകയും,  അഹങ്കാരത്തോടെ അവൻ അകന്നു പോവുകയും ചെയ്യും. എന്തെങ്കിലും  തിന്മ അവനെ ബാധിച്ചാലോ അവനതാ  നീണ്ട പ്രാർത്ഥനക്കാരനായിത്തീരുന്നു....

( 52 )( നബിയെ ) പറയുക. ഇത്
( ഖുർആൻ ) അല്ലാഹുവിങ്കൽ നിന്നുള്ളതാകുകയും എന്നിട്ട് നിങ്ങളത് നിഷേധിക്കുകയുമാണ് ചെയ്യുന്നതെങ്കിൽ വിദൂരകക്ഷി മത്സരത്തിൽ സ്ഥിതിചെയ്യുന്നവരെക്കാൾ വഴിതെറ്റിയവർ മറ്റാരോണെന്ന് ഒന്ന് പറഞ്ഞു തരൂ....


( 53 ) നമ്മുടെ ദൃഷ്ടാന്തങ്ങളെ നാനാഭാഗങ്ങളിലും - അവരിൽ തന്നെയും- നാം അവർക്ക് കാണിച്ചുകൊടുക്കും. അങ്ങനെ ഇത് ( ഖുർആൻ ) സത്യം തന്നെ എന്ന് അവർക്ക് ബോധ്യമാവുകയും ചെയ്യും.
( നബിയേ ) താങ്കളുടെ നാഥൻ - അതായത് അവൻ എല്ലാ കാര്യത്തിനും സാക്ഷിയാണ് എന്നത്  - തന്നെ മതിയാകയില്ലേ  ?
( പിന്നെ മറ്റെന്തെങ്കിലും തെളിവിന്റെ  ആവശ്യമുണ്ടോ ? )......

( 54 ) അറിയുക.തീർച്ചയായും അവർ തങ്ങളുടെ നാഥനെ കണ്ടുമുട്ടുന്നതിനെക്കുറിച്ച് സംശയത്തിലാണ്.  അറിയുക. തീർച്ചയായും അവൻ അഖില വസ്തുക്കളെയും വലയം ചെയ്തവനാകുന്നു......
 

അഭിപ്രായങ്ങള്‍