28-Surah Al Khasas -01-88


سورة القصص-28
അവതരണം -മക്ക
സൂക്തങ്ങൾ -88


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....

( 01 )ത്വാ, സീൻ, മീം

( 02 ) ഇത് സ്പഷ്ടമായ ഗ്രന്ഥത്തിലെ വചനങ്ങളാണ്....

( 03 ) വിശ്വസിക്കുന്ന ജനതയ്ക്കുവേണ്ടി മൂസാ നബിയുടെയും ഫിർഔന്റെയും വൃത്താന്തങ്ങളിൽ നിന്ന്
( ചില ഭാഗങ്ങൾ )
യഥാർത്ഥ നിലക്ക് താങ്കൾക്ക് നാം
ഓതി തരുന്നു....

( 04 ) തീർച്ചയായും ഫിർഔൻ നാട്ടിൽ അഹങ്കാരം പ്രവർത്തിക്കുകയും അവിടുത്തെ ആളുകളെ പല വിഭാഗങ്ങളാക്കുകയും
ചെയ്തു.
 എന്നിട്ട് അവരിൽ ഒരു വിഭാഗത്തെ- തങ്ങളുടെ ആൺകുട്ടികളെ അറുകൊല ചെയ്യുകയും, പെൺകുട്ടികളെ ജീവനോടെ വിടുകയും ചെയ്തുകൊണ്ട്- അവൻ ബലഹീനരാക്കി.
 തീർച്ചയായും അവൻ വിനാശകാരികളിൽ  പെട്ടവനായിരുന്നു....

( 05 ) നാട്ടിൽ ബലഹീനരായി കണക്കാക്കിയിരുന്നവർക്ക് ഔദാര്യം ചെയ്യണമെന്നും, അവരെ നേതാക്കളും അനന്തരവകാശികളും  ആക്കണമെന്നും
 നാം ഉദ്ദേശിക്കുന്നു....

( 06 ) നാട്ടിൽ അവർക്ക് സ്വാധീനം നൽകാനും, ഫിർഔനും, ഹാമിനും അവരുടെ സൈന്യങ്ങൾക്കും ബലഹീനരായി  കണക്കാക്കിയിരുന്ന ആ ജനതയിൽ നിന്ന് അവർ ഭയപ്പെട്ടിരുന്നത് എന്തോ അത് അവർക്ക് അനുഭവത്തിൽ കാണിച്ചു കൊടുക്കുവാനും
( നാം ഉദ്ദേശിക്കുന്നു )....

( 07 ) മൂസാ നബിയുടെ മാതാവിന് നാം ബോധനം നൽകി.
 കുട്ടിക്ക് നീ മുല കൊടുക്കുക.
 ഇനി നിനക്ക് അവനെ കുറിച്ച് ഭയം ഉണ്ടായാൽ അവനെ നീ
( ഒരു പെട്ടിയിലാക്കി )
 നദിയിൽ ഇട്ടേക്കുക.
 ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട.
 തീർച്ചയായും അവനെ നാം നിനക്ക് മടക്കി തരുന്നതും പ്രവാചകന്മാരിൽ ഉൾപ്പെടുത്തുന്നതുമാണ്.....

( 08 ) എന്നിട്ട് അവൻ നിങ്ങൾക്ക് ശത്രുവും വ്യസന കാരണമായിത്തീരുക എന്നത് മാത്രമായിരുന്നു ഫലം.
 അതിനുവേണ്ടി ഫിർഔന്റെ ആൾക്കാർ അവനെ
( നദിയിൽ നിന്ന് ) കണ്ടെടുത്തു.
 തീർച്ചയായും ഫിർഔനും ഹാമാനും അവരുടെ സൈന്യങ്ങളും അബദ്ധം പ്രവർത്തിക്കുന്നവരായി  പ്പോയിരിക്കുന്നു...

( 09 ) ഫിർഔന്റെ ഭാര്യ പറഞ്ഞു
( ഈ കുട്ടി ) എനിക്കും താങ്കൾക്കും ഒരു
 കൺകുളിർമമയായിരിക്കും.
 ഇവനെ നിങ്ങൾ കൊന്നു കളയരുത്.
 ഇവൻ നമുക്ക് ഉപകരിച്ചേക്കാം. അല്ലെങ്കിൽ ഇവനെ നമുക്ക്
 സന്താനമാക്കി വെക്കാം.
 അവർ (യാഥാർത്ഥ്യം )അറിഞ്ഞിരുന്നില്ല....

( 10 )മൂസായുടെ മാതാവിന്റെ ഹൃദയം
( കുട്ടിയെ കുറിച്ചുള്ള ചിന്തയില്ലാത്ത മറ്റെല്ലാ ചിന്തകളിൽ നിന്നും ) ശൂന്യമായി തീർന്നു.
 അവളുടെ ഹൃദയത്തെ നാം ഉറപ്പിച്ചു നിർത്തിയിട്ടില്ലായിരുന്നെങ്കിൽ തീർച്ചയായും അവളത്
( തന്റെ മനോവിഷമം )
 പ്രകടമാക്കുമായിരുന്നു.
 അവൾ വിശ്വസിക്കുന്നവരിൽ  പെട്ടവളാകാൻ വേണ്ടിയാണ്
( നാം അങ്ങനെ ചെയ്തത് )....

( 11 ) കുട്ടിയുടെ ( മൂസയുടെ ) സഹോദരിയോട് നീ അവന്റെ പിന്നാലെ ചെന്ന് അന്വേഷിക്കുക. എന്ന് അവൾ പറഞ്ഞു.
 അപ്പോൾ അവൾ കുട്ടിയെ പറ്റി ദൂരെ നിന്ന് കണ്ടു മനസ്സിലാക്കി അവരാകട്ടെ അത് അതറിഞ്ഞില്ല....

( 12 ) അതിനുമുൻപ് മുലകൊടുക്കുന്ന സ്ത്രീകളെ നാമവന്നു നിരോധിച്ചു.
അപ്പോൾ അവൾ പറഞ്ഞു : നിങ്ങൾക്ക് വേണ്ടി ഇവനെ ഏറ്റെടുക്കുന്ന ഒരു വീട്ടുകാരെ കുറിച്ച് ഞാൻ അറിയിച്ചു തരട്ടെയോ ?
 അവർ രാജാവിനു  ഗുണകാംക്ഷികളായിരിക്കുന്നതാണ്....

( 13 ) അങ്ങനെ അവന്റെ മാതാവിന്റെ കൺകുളിർക്കാനും അവൾ വ്യസനിക്കാതിരിക്കാനും,  അല്ലാഹുവിന്റെ വാഗ്ദാനം സത്യം തന്നെയാണെന്ന് അവർ അറിയേണ്ടതിന് വേണ്ടി  അവനെ നാം അവർക്ക് തിരിച്ചു കൊടുത്തു.  പക്ഷേ അവരിൽ മിക്കപേരും
( വസ്തുതകൾ ) അറിയാത്തവരാണ്....

( 14 ) മൂസാ  യൗവനം പ്രാപിക്കുകയും
( ബുദ്ധിപരമായ ) പക്വത എത്തുകയും ചെയ്തപ്പോൾ നാം അദ്ദേഹത്തിന് അധികാരവും അറിവും നൽകി.
അപ്രകാരം സദ് വ്യത്തർക്ക് നാം പ്രതിഫലം നൽകുന്നതാണ്....

( 15 ) പട്ടണവാസികൾ അശ്രദ്ധയിലായിരുന്ന ഒരു സമയത്ത് മൂസാ  അവിടെ പ്രവേശിച്ചു. അപ്പോൾ രണ്ട് പുരുഷന്മാർ അവിടെ തല്ല്  കൂടുന്നതായി അദ്ദേഹം കണ്ടു.
 ഒരാൾ തന്റെ കക്ഷിയിൽ പെട്ടവനും മറ്റേയാൾ ശത്രു പക്ഷത്തിൽ പെട്ടവനുമാണ്.
 അപ്പോൾ തന്റെ കക്ഷിയിൽ പെട്ടവൻ, ശത്രു പക്ഷത്തിൽ പെട്ടവൻ എതിരിൽ സഹായം തേടി.അപ്പോൾ മൂസാ  അവനെ മുഷ്ടിചുരുട്ടി ഒരു ഇടി കൊടുത്തു.
അങ്ങനെ അവന്റെ കഥ കഴിച്ചു.അദ്ദേഹം പറഞ്ഞു : ഇത് പിശാചിന്റെ പ്രവർത്തനത്തിൽ പെട്ടതാണ്. തീർച്ചയായും പിശാച്( മനുഷ്യരുടെ) ശത്രുവും,  വ്യക്തമായും വഴിപിഴപ്പിക്കുന്നവനുമാണ്......

( 16 ) അദ്ദേഹം പറഞ്ഞു : എന്റെ രക്ഷിതാവേ ഞാൻ എന്നോടുതന്നെ അക്രമം പ്രവർത്തിച്ചിരിക്കുന്നു. അതുകൊണ്ട് എനിക്ക് നീ പൊറുത്തു തരേണമേ.
അപ്പോൾ അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുത്തു.
തീർച്ചയായും അവൻ വളരെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.....

( 17 ) അദ്ദേഹം പറഞ്ഞു എന്റെ നാഥാ,  നീ എനിക്ക് അനുഗ്രഹം ചെയ്തു തന്നിരിക്കുന്നത് കൊണ്ട് ഞാനൊരിക്കലും കുറ്റവാളികൾക്ക് സഹായം ചെയ്യുന്നവനാവുകുകയില്ല....

( 18 ) അങ്ങനെ അദ്ദേഹം ആ പട്ടണത്തിൽ ഭയപ്പെട്ടവനും ( പ്രത്യാഘാതങ്ങളെ ) വീക്ഷിക്കുന്നവനുമായി.
  അപ്പോഴതാ ഇന്നലെ അദ്ദേഹത്തോട് സഹായം തേടിയവൻ വീണ്ടും സഹായത്തിനായി നിലവിളിക്കുന്നു.
 മൂസാ  അവനോട് പറഞ്ഞു : തീർച്ചയായും നീ വ്യക്തമായ ഒരു ദുർമാർഗ്ഗി  തന്നെയാണ്....

( 19 ) എന്നിട്ടദ്ദേഹം അവർക്ക് ഇരുവരുടെയും ശത്രുവായവനെ പിടിക്കാൻ ഉദ്ദേശിച്ചപ്പോൾ അവൻ ( ഇസ്റാഈലി ) പറഞ്ഞു : മൂസ,
നീ ഇന്നലെ ഒരാളെ കൊന്നതുപോലെ
( ഇന്ന് )എന്നെയും കൊല്ലാൻ ഉദ്ദേശിക്കുകയാണോ?
 നീ നാട്ടിൽ ഒരു സ്വെച്ഛാധിപതിയായി  തീരാൻ മാത്രമാണ് ഉദ്ദേശിക്കുന്നത്.
 നന്മ ഉണ്ടാക്കുന്നവരുടെ കൂട്ടത്തിലാകാൻ നീ ഉദ്ദേശിക്കുന്നില്ല....

( 20 ) പട്ടണത്തിന്റെ  അങ്ങേയറ്റത്ത് നിന്ന് ഒരു പുരുഷൻ ഓടി വന്നു.
  അയാൾ പറഞ്ഞു. മൂസാ  താങ്കളെ കൊല്ലാനായി നേതാക്കൾ താങ്കളുടെ കാര്യത്തിൽ ആലോചിക്കുന്നുണ്ട്. അതുകൊണ്ട് (ഉടനെ) ഇവിടെ നിന്ന് പുറത്തു പോകണം.
തീർച്ചയായും ഞാൻ താങ്കളുടെ ഗുണകാംക്ഷികളിൽ  പെട്ടവനാണ്...


( 21 )അപ്പോൾ അദ്ദേഹം ഭയപ്പെട്ടവനായും
( ഭവിഷ്യത്തിനെ )
 വീക്ഷിച്ചവനായും  കൊണ്ട് അവിടെ നിന്ന് ഓടിപ്പോയി.
 അദ്ദേഹം പറഞ്ഞു : എന്റെ നാഥാ, അക്രമികളായ ജനതയിൽ നിന്നും എന്നെ നീ രക്ഷിക്കേണമേ ....

( 22 ) താൻ മദ് യന്റ് ഭാഗത്തേക്ക് തിരിഞ്ഞപ്പോൾ  അദ്ദേഹം പറഞ്ഞു: എന്റെ നാഥൻ, എനിക്ക് ശരിയായ മാർഗത്തിലേക്ക് വഴി കാണിച്ചു തന്നേക്കാം....

( 23 )മദ് യനിലെ വെള്ളത്തിങ്കൽ എത്തിയപ്പോൾ അതിന്റെ അടുത്ത് ഒരു കൂട്ടം ആളുകൾ തങ്ങളുടെ ആടുകൾക്കു വെള്ളം കൊടുക്കുന്നതായും    അവർക്ക് അപ്പുറത്തായി രണ്ടു സ്ത്രീകൾ
( തങ്ങളുടെ ആടുകളെ ) തടഞ്ഞുനിർത്തുന്നതായും  അദ്ദേഹം കണ്ടു. അദ്ദേഹം ചോദിച്ചു. നിങ്ങൾ ഇരുവരുടെയും കാര്യമെന്താണ്  ?
 അവർ പറഞ്ഞു : ഇടയന്മാർ തങ്ങളുടെ ആടുകൾക്കു വെള്ളം കൊടുത്തു തിരിച്ചുകൊണ്ടു പോകുന്നതുവരെ ഞങ്ങളുടെ ആടുകൾക്ക് വെള്ളം കൊടുക്കുകയില്ല. ഞങ്ങളുടെ പിതാവ് വലിയ വൃദ്ധനാണ്....

( 24 ) അപ്പോൾ അദ്ദേഹം ആ രണ്ട് സ്ത്രീകൾക്ക് ( അവരുടെ ആടുകൾക്ക്)
 വേണ്ടി  വെള്ളം എടുത്തു കൊടുത്തു.
 അന്നേരം അദ്ദേഹം ( ഒരു വൃക്ഷത്തിന്റെ )
 തണലിലേക്ക് മാറി നിന്നിട്ട് ഇങ്ങനെ പറഞ്ഞു.
 എന്റെ നാഥാ, എനിക്ക് വല്ല നന്മയും നീ ഇറക്കി തരുന്നതിന് തീർച്ചയായും ഞാൻ ആവശ്യക്കാരനാണ്....

( 25 ) അങ്ങനെ ആ രണ്ട് സ്ത്രീകളിൽ ഒരുത്തി അദ്ദേഹത്തിന്റെ അടുത്ത് നാണത്തോടെ നടന്നുവന്നു കൊണ്ട് പറഞ്ഞു.
" ഞങ്ങൾക്കുവേണ്ടി താങ്കൾ വെള്ളം തന്നതിന് പ്രതിഫലം തരാൻ വേണ്ടി എന്റെ പിതാവ് താങ്കളെ വിളിക്കുന്നുണ്ട്." അങ്ങനെ മൂസാ അദ്ദേഹത്തിന്റെ അടുത്ത് ചെല്ലുകയും അദ്ദേഹത്തിന് സംഭവം വിവരിച്ചുകൊടുക്കുകയും ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞു : താങ്കൾ പേടിക്കണ്ട. അക്രമികളായ ജനതയിൽ നിന്ന് താങ്കൾ രക്ഷപ്പെട്ടു കഴിഞ്ഞിരിക്കുന്നു....

( 26 ) ആ രണ്ട് പെൺമക്കളിൽ ഒരുത്തി പറഞ്ഞു.  എന്റെ പിതാവേ!
 അദ്ദേഹത്തെ നമുക്ക് ഒരു കൂലിക്കാരനായി വെക്കുക.
 താങ്കൾ കൂലിക്ക് നിശ്ചയിക്കുന്നവരിൽ  ഉത്തമനും ശക്തനും വിശ്വസ്തനും തന്നെയാണ്.....

( 27 ) അദ്ദേഹം  ( പിതാവ്) പറഞ്ഞു.
 താങ്കൾ എട്ടുവർഷം കൂലിപ്പണി എടുക്കണമെന്ന വ്യവസ്ഥയിൽ എന്റെ ഈ രണ്ട് പെൺമക്കളിൽ ഒരുത്തിയെ താങ്കൾക്ക് വിവാഹം ചെയ്തു തരുവാൻ തീർച്ചയായും ഞാൻ ഉദ്ദേശിക്കുന്നു  .
 ഇനി പത്ത് വർഷം പൂർത്തിയാക്കുകയാണെങ്കിൽ അത് താങ്കളുടെ വകയാണ്.
 താങ്കൾക്ക് പ്രയാസം ഉണ്ടാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.
 അല്ലാഹു ഉദ്ദേശിച്ചാൽ സദ് വൃത്തരിൽ  പെട്ടവനായി താങ്കൾ എന്നെ കാണുന്നതാണ്...

( 28 ) മൂസാ  പറഞ്ഞു : അത് എനിക്കും താങ്കൾക്കും ഇടയ്ക്കുള്ള തീരുമാനമാണ്.
ആ രണ്ട് അവധിയിൽ ഏതെങ്കിലും ഒന്ന് ഞാൻ നിറവേറ്റുകയാണെങ്കിൽ  പിന്നെ എന്നോട് അനീതി പാടില്ല.
നാം  പറയുന്നതിന് അള്ളാഹു സാക്ഷിയാകുന്നു....

( 29 ) അങ്ങനെ മൂസാ(അ ) കാലാവധി പൂർത്തിയാക്കുകയും തന്റെ വീട്ടുകാരുമായി
( സ്വദേശത്തേക്ക്) പോവുകയും
ചെയ്തപ്പോൾ ത്തൂർ പർവ്വതത്തിന്റെ  ഭാഗത്തുനിന്നും തീ കണ്ടു.
 അപ്പോൾ അദ്ദേഹം തന്റെ വീട്ടുകാരോട്  പറഞ്ഞു :  നിങ്ങൾ ഇവിടെ ഇരിക്കുക. ഞാനൊരു തീ കണ്ടിരിക്കുന്നു.
അവിടെനിന്ന് (വഴിയെ സംബന്ധിച്ച് )വല്ല വിവരമോ നിങ്ങൾക്ക് തീ കായാനായി ഒരു തീക്കൊള്ളിയോ ഞാൻ  കൊണ്ടു വന്നേക്കാം...

( 30 ) അങ്ങനെ അദ്ദേഹം അതിന്റെ അടുത്തെത്തിയപ്പോൾ അനുഗൃഹീതമായ ആ സ്ഥലത്തുള്ള താഴ്വരയുടെ വലതു  ഭാഗത്തുനിന്ന്   - അതായത് അവിടെയുള്ള ഒരു വൃക്ഷത്തിൽ നിന്ന് വിളിച്ചു പറയപ്പെട്ടു : ഹേ മൂസാ  തീർച്ചയായും ഞാൻ ലോകനാഥനായ അള്ളാഹു ആകുന്നു.....

( 31 )താങ്കളുടെ വടി താഴെ ഇടുക
( എന്നും വിളിച്ചു പറയപ്പെട്ടു ) അപ്പോൾ
( അദ്ദേഹം അത് താഴെയിട്ടു. അന്നേരം)
 അത് ഒരു സർപ്പത്തെപ്പോലെ പിടഞ്ഞു നടക്കുന്നതായി കണ്ടപ്പോൾ അദ്ദേഹം പിന്തിരിഞ്ഞോടി.
 പുറകിലേക്ക് തിരിഞ്ഞു നോക്കിയതേയില്ല
( അപ്പോൾ അല്ലാഹു പറഞ്ഞു)
ഓ മൂസാ,  മുന്നോട്ടു വരൂ,
താങ്കൾ പേടിക്കണ്ട. തീർച്ചയായും താങ്കൾ സുരക്ഷിതരിൽപ്പെട്ടവനാകുന്നു..

( 32 ) താങ്കളുടെ കൈ കുപ്പായമാറിൽ കടത്തുക.
എന്നാൽ യാതൊരു ദൂഷ്യവും  കൂടാതെ തന്നെ അത് വെള്ളനിറം ആയി പുറത്തു വരും.
 ഭയത്തിൽ നിന്ന് മോചനം നേടാനായി നിന്റെ കൈ ശരീരത്തോട് ചേർത്തു വെക്കുകയും ചെയ്യുക.
 അങ്ങനെ അവ രണ്ടും ഫിർഔന്റെയും - അവന്റെ പ്രധാനികളുടെയും അടുത്തേക്ക്
 താങ്കളുടെ നാഥനിൽ നിന്നുള്ള രണ്ട് ദൃഷ്ടാന്തങ്ങളാകുന്നു.
തീർച്ചയായും അവർ അക്രമികളായ ജനതയായിരിക്കുന്നു....

( 33 ) അദ്ദേഹം പറഞ്ഞു : എന്റെ നാഥാ, അവരിൽ ഒരാളെ ഞാൻ കൊന്നിട്ടുണ്ട്.
അതുകൊണ്ട് അവർ എന്നെ കൊല്ലുമെന്ന് ഞാൻ ഭയപ്പെടുന്നു...

( 34 ) എന്റെ സഹോദരൻ ഹാറൂൻ എന്നെക്കാളും സംസാര വൈഭവമുള്ളവനാണ്.
 അതുകൊണ്ട് അദ്ദേഹത്തെ എന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തുന്ന ഒരു സഹായകനായി  എന്നോടൊപ്പം   
( പ്രവാചകത്വം നൽകി)
 അയച്ചു തരണേ.
തീർച്ചയായും അവർ എന്നെ നിഷേധിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു....

( 35 ) അല്ലാഹു പറഞ്ഞു : നിന്റെ സഹോദരനെ കൊണ്ട് നിന്റെ കൈക്ക് നാം ബലം കൂട്ടിത്തരാം.
 നിങ്ങൾ ഇരുവർക്കും നാം വിജയം നൽകുകയും ചെയ്യും.
 അതിനാൽ അവർ നിങ്ങളിലേക്ക് എത്തിച്ചേരുകയില്ല.
 നമ്മുടെ ദൃഷ്ടാന്തങ്ങൾ മുഖേന നിങ്ങൾ രണ്ടുപേരും നിങ്ങളെ പിന്തുടർന്നവരും വിജയിക്കുന്നവർ തന്നെയാണ്....

( 36 ) അങ്ങനെ മൂസാ ( അ ) പ്രത്യക്ഷങ്ങളായ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി അവരുടെ അടുത്ത് ചെന്നപ്പോൾ  അവർ പറഞ്ഞു.: ഇത് വ്യാജ നിർമ്മിതമായ ഒരു ജാലവിദ്യ മാത്രമാണ്.
പൂർവ്വപിതാക്കളിൽ ഞങ്ങൾ ഇതിനെക്കുറിച്ച് കേട്ടിട്ടുപോലുമില്ല...

( 37 ) മൂസാനബി പറഞ്ഞു : എന്റെ നാഥൻ അവന്റെ പക്കൽ നിന്ന്  സന്മാർഗ്ഗവും കൊണ്ടുവന്നവൻ  ആരാണെന്നും
 ഈ ഭവനത്തിന്റെ ശുഭപര്യവസാനം ആർക്കാണ് ഉണ്ടാവുകയെന്നും നല്ലതുപോലെ അറിയുന്നവനാണ്. അക്രമികൾ ഒരിക്കലും വിജയിക്കുകയില്ല തന്നെ...

( 38 ) ഫിർഔൻ പറഞ്ഞു : നേതാക്കളെ, ഞാനല്ലാതെ നിങ്ങൾക്കൊരു ദൈവം ഉള്ളതായി ഞാൻ അറിഞ്ഞിട്ടില്ല.
 അതിനാൽ ഓ ഹാമാൻ,  എനിക്ക് നീ കളിമണ്ണി(ന്റെ ഇഷ്ടികയുണ്ടാക്കി അതി )
ന്മേൽ തീ കത്തിക്കുക.
 എന്നിട്ട് നീ എനിക്ക് ഉയർന്ന ഒരു കെട്ടിടം നിർമ്മിച്ച് തരിക.
 മൂസയുടെ ദൈവത്തിലേക്ക് ഞാൻ ഒന്ന് എത്തി നോക്കട്ടെ.
( മറ്റൊരു ദൈവമുണ്ടെന്ന വാദത്തിൽ )
 അവൻ കള്ളം പറയുന്നവരിൽ പെട്ടവനാണ് എന്ന് ഞാൻ കരുതുന്നത്...

( 39 ) അവനും അവന്റെ സൈന്യങ്ങളും അന്യായമായി അഹങ്കരിച്ചു.
 തങ്ങൾ നമ്മുടെ അടുത്തേക്ക് മടക്കപ്പെടുകയില്ലെന്ന്
 അവർ ധരിക്കുകയും  ചെയ്തു....

( 40 ) അതുകൊണ്ട് അവനെയും അവന്റെ സൈന്യങ്ങളെയും നാം പിടികൂടി . 
എന്നിട്ട് അവരെ നാം സമുദ്രത്തിൽ എറിഞ്ഞുകളഞ്ഞു.
അപ്പോൾ ആ അക്രമികളുടെ പര്യവസാനം എങ്ങനെയാണ് ഉണ്ടായിരുന്നത് എന്ന്  നോക്കുക.....

( 41 ) നാമവരെ നരകത്തിലേക്ക് ക്ഷണിക്കുന്ന നേതാക്കളാക്കി.
 പുനരുത്ഥാന നാളിൽ അവർ
 സഹായിക്കപ്പെടുകയില്ല.....


( 42 ) ഈ ലോകത്ത് വെച്ച് അവരുടെ പിന്നാലെ നാം ശാപം തുടർത്തുകയും ചെയ്തു.
 പുനരുത്ഥാന നാളിൽ അവർ
(നമ്മുടെ കാരുണ്യത്തിൽ നിന്നും)
 മാറ്റിനിർത്തിയവരുടെ കൂട്ടത്തിലായിരിക്കും....

( 43 ) പൂർവ്വ തലമുറകളെ നശിപ്പിച്ചതിന്ശേഷം ജനങ്ങൾക്ക് ഉൾക്കാഴ്ചയും മാർഗദർശനവും കാരുണ്യവുമായി മൂസാനബിക്ക് നാം വേദഗ്രന്ഥം നൽകുക തന്നെ ചെയ്തു...
 അവർ ചിന്തിക്കാൻ വേണ്ടിയായിരുന്നു (അങ്ങനെ ചെയ്തത്).....

( 44 ) (നബിയെ )മൂസാനബിക്ക് ആ കാര്യം
  ( പ്രവാചകത്വം) നൽകുന്ന സമയത്ത്
 ത്തൂർ പർവ്വതത്തിന്റെ  പടിഞ്ഞാറ് ഭാഗത്ത് താങ്കൾ ഉണ്ടായിരുന്നില്ല.
അതിന്റെ സാക്ഷികളിൽ ഒരാളും ആയിരുന്നില്ല താങ്കൾ....

( 45 )പക്ഷേ നാം പിന്നീട് പല തലമുറകളെയും സൃഷ്ടിക്കുകയും അങ്ങനെ അവരുടെ ആയുഷ്കാലം ദീർഘിപ്പിക്കുകയും ചെയ്തു
( അത് മൂലം അവർ നമ്മുടെ സന്ദേശങ്ങൾ വിസ്മരിച്ചു.
അതിനാൽ ജനങ്ങളെ അറിയിക്കാൻ വേണ്ടി താങ്കളെ നാം നിയോഗിച്ചു അയച്ചു )
മദ് യൻക്കാർക്ക് നമ്മുടെ ദൃഷ്ടാന്തങ്ങൾ ഓതിക്കേൾപ്പിച്ചു  കൊണ്ട് താങ്കൾ അവരുടെ കൂട്ടത്തിൽ താമസിക്കുന്ന ആളുമായിട്ടില്ല.
 പക്ഷേ നാം പ്രവാചകരെ നിയോഗിക്കുന്നവരായിട്ടുണ്ട് 
( അത് പ്രകാരമാണ് താങ്കളെയും നാം അയച്ചിരിക്കുന്നത് ).......

( 46 ) മൂസാ നബിയെ നാം  വിളിച്ചപ്പോൾ
 ത്തൂർ   പർവ്വതത്തിന്റെ  പാർശ്വഭാഗത്ത് താങ്കളുണ്ടായിരുന്നില്ല.
 പക്ഷേ താങ്കളുടെ നാഥനിൽ നിന്നുള്ള അനുഗ്രഹം മൂലമാണ്
( താങ്കളെ നാം  റസൂലായി അയക്കുകയും ഈ കാര്യങ്ങളെല്ലാം അറിയിക്കുകയും ചെയ്തത്.)
താങ്കളുടെ മുൻപ് ഒരു മുന്നറിയിപ്പ്ക്കാരനും  വന്നിട്ടില്ലാത്ത ഒരു ജനതയെ താങ്കൾ താക്കീത് ചെയ്യാൻ വേണ്ടിയാണത്.
 അവർ ചിന്തിക്കുന്നവരാകാൻ വേണ്ടിയാണ്
( അവരെ താക്കീത് ചെയ്യുന്നത് )....

( 47 ) താങ്കൾ മുൻപ് ചെയ്ത തെറ്റുകളുടെ ഫലമായി അവർക്ക് വല്ല ശിക്ഷയും ബാധിക്കുകയും,  അപ്പോൾ "ഞങ്ങളുടെ നാഥാ,എന്തുകൊണ്ട് നീ ഞങ്ങൾക്ക് ഒരു റസൂലിനെ അയച്ചു തന്നില്ല   .  അങ്ങനെ അയച്ചു  തന്നിരുന്നെങ്കിൽ നിന്റെ വചനങ്ങളെ ഞങ്ങൾ പിന്തുടരുകയും ഞങ്ങൾ സത്യവിശ്വാസികളിൽ ഉൾപ്പെടുകയും ചെയ്യുമായിരുന്നല്ലോ" എന്ന് പറഞ്ഞേക്കുകയും ചെയ്യുകയില്ലായിരുന്നെങ്കിൽ
( താങ്കളെ നാം അവരിലേക്ക് അയക്കുമായിരുന്നില്ല  ).....

( 48 ) അങ്ങനെ നമ്മുടെ അടുത്തുനിന്ന് സത്യം വന്നു കിട്ടിയപ്പോൾ അവർ പറയുകയാണ് . മൂസാക്ക്  നൽകപ്പെട്ടത് പോലെയുള്ളത്
(  ദൃഷ്ടാന്തങ്ങൾ ) ഇയാൾക്ക് നൽകപ്പെടാത്തത്  എന്താണ് ?
 ഇതിനു മുൻപ് മൂസാക്ക്  നൽകപ്പെട്ടതിനെ അവർ നിഷേധിച്ചില്ലേ    ?
 അവർ പറഞ്ഞു : ഇവ രണ്ടും പരസ്പരം സഹായിക്കുന്ന രണ്ട് 
 ജാലവിദ്യകളാണ്.
 തീർച്ചയായും ഞങ്ങൾ ഇതെല്ലാം നിഷേധിക്കുന്നവരാണ് എന്നും അവർ പറഞ്ഞു.....

( 49 )( നബിയെ ) പറയുക.  എന്നാൽ അവ രണ്ടിനെക്കാൾ മാർഗദർശനം നൽകുന്ന  
 അല്ലാഹുവിങ്കൽ നിന്നുള്ള ഒരു വേദഗ്രന്ഥം നിങ്ങൾ കൊണ്ടുവരിക.
ഞാനത് പിന്തുടർന്നു കൊള്ളാമല്ലോ.
 നിങ്ങൾ സത്യസന്ധരാണെങ്കിൽ
 ( അതൊന്നു കാണട്ടെ  )...


( 50 ) എന്നിട്ട് അവരതിന്  താങ്കൾക്ക് ഉത്തരം നൽകുന്നില്ലെങ്കിൽ തീർച്ചയായും അവർ തങ്ങളുടെ ദേഹേഛകളെ മാത്രം പിന്തുടരുകയാണ് ചെയ്യുന്നതെന്ന് താങ്കൾ അറിഞ്ഞു കൊള്ളുക.
 അല്ലാഹുവിങ്കൽ നിന്ന് യാതൊരു മാർഗ്ഗദർശനം കൂടാതെ തന്റെ ദേഹേച്ഛയെ പിന്തുടർന്നവനെക്കാൾ വഴിപിഴച്ചവർ ആരാണുള്ളത്. ?
 തീർച്ചയായും അക്രമികളായ ജനതയെ അല്ലാഹു സന്മാർഗത്തിലാക്കുകയില്ല..

( 51 ) നാം അവർക്ക് ഈ വചനത്തെ
( ഒന്നിനു ശേഷം മറ്റൊന്നായി ) ചേർത്ത് വിവരിച്ചു കൊടുക്കുക തന്നെ ചെയ്തിരിക്കുന്നു.
 അവർ ചിന്തിക്കാൻ വേണ്ടി...

( 52 ) ഈ ഖുർആന്റെ മുൻപ് നാം വേദം നൽകിയവർ തന്നെ ഇതിൽ  വിശ്വസിക്കുന്നവരാണ് .....

( 53 ) ഇത് അവർക്ക് ഓതി കേൾപ്പിക്കപ്പെടുമ്പോൾ അവർ പറയും : ഇതിൽ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥനിൽ നിന്നുള്ള സത്യം തന്നെയാണ് ഇത്.
തീർച്ചയായും ഞങ്ങൾ ഇതിനുമുൻപ് മുസ്‌ലിംകളായി  കഴിഞ്ഞവരാണ്...

( 54 ) അവർക്ക് തങ്ങൾ ക്ഷമിച്ചത് മൂലം അവരുടെ പ്രതിഫലം ഇരട്ടിയായി നൽകപ്പെടും.
 അവർ നന്മ കൊണ്ട് തിന്മയെ തടയുന്നു.
 നാം അവർക്ക് നൽകിയതിൽ നിന്ന് അവർ ചെലവഴിക്കുകയും ചെയ്യുന്നു...

( 55 ) അവർ അനാവശ്യമായ വാക്കുകൾ കേട്ടാൽ അതിൽ നിന്ന് തിരിഞ്ഞു കളയുകയും ഇങ്ങനെ പറയുകയും ചെയ്യും. ഞങ്ങൾക്ക് ഞങ്ങളുടെ കർമ്മങ്ങൾ, നിങ്ങൾക്ക് നിങ്ങളുടെ കർമ്മങ്ങളും - നിങ്ങൾക്ക് സലാം.
 വിഡ്ഢികളുടെ (മാർഗ്ഗം )ഞങ്ങൾ ആഗ്രഹിക്കുന്നില്ല....

( 56 ) (നബിയെ )താങ്കൾ ഇഷ്ടപ്പെട്ടവരെ താങ്കൾ നേർമാർഗത്തിലാക്കുകയില്ല. 
പക്ഷേ അല്ലാഹു ഉദ്ദേശിക്കുന്നവരെ അവൻ നേർമാർഗത്തിലാക്കുന്നു.
 സന്മാർഗ്ഗം പ്രാപിക്കുന്നവരെപ്പറ്റി അവൻ ഏറ്റവും അറിയുന്നവനാണ്...

( 57 ) അവർ പറയുന്നു : ( മുഹമ്മദേ ) സന്മാർഗ്ഗം പിന്തുടരുന്നതിൽ നിങ്ങളോട് സഹകരിച്ചാൽ ഞങ്ങളുടെ നാട്ടിൽ നിന്ന് ഞങ്ങൾ ബഹിഷ്കരിക്കപ്പെടുന്നതാണ്.
( അല്ലാഹു ചോദിക്കുന്നു )
 നാം അവർക്ക് നിർഭയമായ ഹറം
( ആദരണീയമായ സ്ഥലം )
 സൗകര്യപ്പെടുത്തി കൊടുത്തിട്ടില്ലേ  ?
 നമ്മുടെ പക്കൽ നിന്നുള്ള ആഹാരമായി എല്ലാ വസ്തുക്കളുടെയും ഫലങ്ങൾ അവിടേക്ക് ശേഖരിച്ചു കൊണ്ട് വരപ്പെടുന്നു.
 പക്ഷെ അവരിൽ അധികപേരും (യാഥാർത്ഥ്യം) അറിയുന്നില്ല....


( 58 ) തങ്ങൾക്ക് ലഭിച്ച ജീവിതത്തിൽ അഹങ്കരിച്ച എത്ര പട്ടണവാസികളെയാണ് നാം നശിപ്പിച്ചത്.
 എന്നിട്ടതാ  അവരുടെ വാസസ്ഥലങ്ങൾ, അവർക്ക് ശേഷം അപൂർവ്വമായിട്ടാല്ലാതെ അതിൽ താമസം ഉണ്ടായിട്ടില്ല.
 നാം തന്നെയാണ് അവയുടെ അവകാശികളായി തീർന്നത്....

( 59 ) താങ്കളുടെ നാഥൻ നാടുകളുടെ കേന്ദ്രത്തിൽ അവർക്ക് നമ്മുടെ വചനങ്ങൾ ഓതികേൾപ്പിക്കുന്ന  റസൂലിനെ നിയോഗിക്കുന്നത് വരെ നാം ആ നാടുകളെ
 നശിപ്പിക്കുന്നവനായിട്ടില്ല.
 നാട്ടുകാർ അക്രമികളായി  തീരുമ്പോൾ അല്ലാതെ അവരെ നാം നശിപ്പിക്കുന്നവരായിട്ടില്ല...

( 60 ) സുഖസൗകര്യങ്ങളായി നിങ്ങൾക്ക് എന്തെങ്കിലും നൽകപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഐഹികജീവിതത്തിന്റെ  സുഖഭോഗങ്ങളും
 അതിന്റെ അലങ്കാരങ്ങളുമാകുന്നു.
 അല്ലാഹുവിങ്കലുള്ളതാണ് ഏറ്റവും ഉത്തമവും അനശ്വരവുമായത്.
 നിങ്ങൾ ചിന്തിക്കുന്നില്ലേ ?

( 61 )അപ്പോൾ ഏതൊരുത്തനു നാം  നല്ല ഒരു വാഗ്ദാനം ചെയ്യുകയും എന്നിട്ട് അത്  അവനു ലഭിക്കുകയും ചെയ്യുന്നുവോ, അവൻ ഐഹികജീവിതത്തിന്റെ സുഖഭോഗങ്ങൾ  നാം അവന്  അനുഭവിപ്പിക്കുകയും,  അനന്തരം പുനരുത്ഥാന നാളിൽ
( നരകശിക്ഷക്ക് )ഹാജരാക്കപ്പെടുന്നവരിൽ ഉൾപ്പെടുകയും ചെയ്തവനെ പോലെയാണോ  ?

( 62 ) അല്ലാഹു അവരെ വിളിക്കുകയും, എന്നിട്ട് നിങ്ങൾ ജൽപ്പിച്ചുകൊണ്ടിരുന്നതായ എന്റെ പങ്കാളികൾ എവിടെ എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം
(  ഓർക്കുക ).....

( 63 ) അന്ന് ആരുടെമേൽ ശിക്ഷയുടെ വാക്ക് സ്ഥിരപ്പെട്ടിരിക്കുന്നുവോ അവർ പറയും, ഞങ്ങളുടെ നാഥാ,ഞങ്ങളെ വഴിതെറ്റിച്ചവർ ഇക്കൂട്ടരാണ്.
 ഞങ്ങൾ വഴിപിഴച്ചതു  പോലെ ഇവരെ ഞങ്ങൾ വഴിപിഴപ്പിച്ചു.
 ഞങ്ങളിതാ നിന്നിലേക്ക് അവരെ സംബന്ധിച്ച ഉത്തരവാദിത്വം ഒഴിഞ്ഞു തന്നിരിക്കുന്നു.
 അവർ ഞങ്ങളെ ആരാധിക്കുന്നവരായിരുന്നില്ല...

( 64 ) നിങ്ങളുടെ പങ്കാളികളെ വിളിക്കുക എന്ന് അവരോട് പറയപ്പെടും. അപ്പോൾ അവർ അവരെ വിളിച്ചു നോക്കും. അന്നേരം അവർ ഉത്തരം നൽകുകയില്ല.
 അവർ ശിക്ഷ കാണുകയും ചെയ്യും.
 തങ്ങൾ സന്മാർഗ്ഗം പ്രാപിച്ചിരുന്നെങ്കിൽ  എത്ര നന്നായിരുന്നു
( എന്നവർ ആഗ്രഹിക്കും )...

( 65 ) അല്ലാഹു അവരെ വിളിക്കുകയും എന്നിട്ട് മുർസലുകൾക്ക് നിങ്ങൾ എന്തു മറുപടിയാണ് കൊടുത്തത് എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം
( ഓർക്കുക )....


( 66 ) അന്ന് വാർത്തകൾ
 (മറുപടികൾ )അവർക്ക് അന്ധമായിപ്പോകും.
 അതുമൂലം അവർ പരസ്പരം ഒന്നും ചോദിച്ചറിയുകയില്ല....

( 67 ) എന്നാൽ ആരെങ്കിലും പശ്ചാത്തപിച്ച് മടങ്ങുകയും സത്യവിശ്വാസം സ്വീകരിക്കുകയും സൽകർമമങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ അവർ വിജയികളിൽ പെട്ടവനായേക്കാം .....

( 68 ) താങ്കളുടെ നാഥൻ അവൻ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും ഉദ്ദേശിക്കുന്നതു  തെരഞ്ഞെടുക്കുകയും ചെയ്യുന്നു.
 അവർക്ക് തെരഞ്ഞെടുക്കാൻ അവകാശമില്ല.
 അവർ പങ്കുചേർക്കുന്നതിൽ നിന്നും അല്ലാഹു പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു....

( 69 ) താങ്കളുടെ നാഥൻ അവരുടെ ഹൃദയങ്ങൾ മറച്ചു വെക്കുന്നതും അവർ പരസ്യമാക്കുന്നതും  അറിയുന്നു....

( 70 ) അവൻ  അള്ളാഹുവാണ്.
അവനല്ലാതെ ഒരു ദൈവവുമില്ല. ഇഹലോകത്തും പരലോകത്തും എല്ലാ സ്തുതിയും അവനാകുന്നു.
 അവനു തന്നെയാണ് ആജ്ഞാധികാരവും അവങ്കലേക്ക് തന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യും....

( 71 )( നബിയെ, അവരോട്  ) താങ്കൾ പറയുക. അന്ത്യനാൾവരെ എല്ലാസമയവും അള്ളാഹു നിങ്ങളുടെ മേൽ രാത്രിയെ നിലനിർത്തിയില്ലായിരുന്നെങ്കിൽ അവനല്ലാതെ ഏതൊരു ദൈവമാണ് നിങ്ങൾക്ക് വെളിച്ചം കൊണ്ട് തരുന്നത് എന്ന് നിങ്ങൾ ഒന്ന് പറഞ്ഞു തരൂ  !
 എന്നിട്ടും നിങ്ങൾ കേട്ട് മനസ്സിലാക്കുന്നില്ലേ  ?

( 72 ) താങ്കൾ പറയുക. അന്ത്യനാൾവരെ എല്ലാ സമയവും അള്ളാഹു നിങ്ങളുടെ മേൽ പകൽ തന്നെ   നിലനിർത്തിയില്ലായിരുന്നെങ്കിൽ അവനല്ലാതെ ഏതൊരു ദൈവമാണ് നിങ്ങൾക്ക് അടങ്ങിയിരിക്കാൻ ഉള്ള രാവു കൊണ്ടുവന്നു തരുന്നതെന്ന് എനിക്കൊന്നു പറഞ്ഞു തരൂ!
 എന്നിട്ടും നിങ്ങൾ ഇത് കണ്ട് അറിയുന്നില്ലേ?

( 73 ) അവന്റെ കാരുണ്യം മൂലം നിങ്ങൾക്ക് അവൻ രാവുംപകലും സൃഷ്ടിച്ചു തന്നു.
 രാത്രിയിൽ നിങ്ങൾക്ക് അടങ്ങിയിരിക്കാനും  പകലിൽ അവന്റെ അനുഗ്രഹത്തിൽ നിന്നും
( ജീവിതമാർഗം അന്വേഷിക്കാനും, നിങ്ങൾ നന്ദി കാണിക്കാനും വേണ്ടി ).....

( 74 ) അല്ലാഹു അവരെ വിളിക്കുകയും എന്നിട്ടും നിങ്ങൾ ജൽപ്പിച്ചു കൊണ്ടിരിക്കുന്നതായ  എന്റെ പങ്കുകാർ  എവിടെ എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം  ( ഓർക്കുക ).

( 75 ) എല്ലാ ഓരോ സമുദായത്തിൽ നിന്നും ഓരോ സാക്ഷിയെ നാം  പുറത്തുകൊണ്ടുവരും.
 എന്നിട്ട് "നിങ്ങളുടെ
തെളിവ്കൊണ്ടുവരിക "എന്ന് (സത്യനിഷേധികളോട് )നാം  പറയും.
 അപ്പോൾ തീർച്ചയായും ദൈവമായിരിക്കാനുള്ള അവകാശം അല്ലാഹുവിനാണെന്ന് അവരാറിയും.
 അപ്പോൾ കെട്ടിച്ചമച്ചു കൊണ്ടിരുന്നതെല്ലാം  അവരിൽനിന്ന് മറഞ്ഞുപോകുന്നതാണ്....

( 76 )ഖാറൂൻ  മൂസാനബിയുടെ ജനതയിൽ പ്പെട്ടവൻ തന്നെയായിരുന്നു.
 എന്നിട്ടവരോടവൻ  അവൻ ധിക്കാരം  പ്രവർത്തിച്ചു.
 അവന് നാം ധാരാളം നിക്ഷേപങ്ങൾ
(സമ്പത്ത് )നൽകി.
 അതിന്റെ താക്കോലുകൾ തന്നെ ശക്തരായ ഒരു സംഘം ആളുകൾക്ക് ഭാരം നൽകുന്നതായിരുന്നു. തന്റെ ജനത അവനോട് പറഞ്ഞ സന്ദർഭം ഓർക്കുക.
" നീ മതി മറന്നു ആഹ്ലാദിക്കേണ്ട മതിമറന്ന് ആഹ്ലാദിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല"..

( 77 ) അല്ലാഹു നിനക്ക് നൽകിയതിൽ നീ പരലോക ഗുണം തേടിക്കൊള്ളുക. ഇഹത്തിൽ നിന്നുള്ള നിന്റെ വിഹിതവും നീ വിസ്മരിക്കുകയും വേണ്ടാ.
 അല്ലാഹു നിനക്ക് നന്മ ചെയ്തത് പോലെ നീയും ( ജനങ്ങൾക്ക്) നന്മ ചെയ്യുക.
 നീ നാട്ടിൽ കുഴപ്പം ഉണ്ടാക്കാൻ ശ്രമിക്കരുത്.    കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല....

( 78 ) അവൻ പറഞ്ഞു ",  എന്റെ പക്കലുള്ള അറിവിന്റെ ഫലമായി തന്നെയാണ് എനിക്ക് ഇതെല്ലാം നൽകപ്പെട്ടിട്ടുള്ളത്"
 തീർച്ചയായും അവന് മുൻപ് അവനേക്കാൾ കടുത്ത ശക്തിയും, കൂടുതൽ ആൾബലവും ഉണ്ടായിരുന്ന തലമുറകളെ അല്ലാഹു നശിപ്പിച്ചു കളഞ്ഞത്  അവൻ അറിഞ്ഞില്ലേ ?
 കുറ്റവാളികളോട്  തങ്ങളുടെ കുറ്റങ്ങളെ കുറിച്ച്  ചോദിക്കപ്പെടുകയില്ല....

( 79 ) അങ്ങനെ( ഒരിക്കൽ )അവൻ തന്റെ ആഡംബരത്തിലായി തന്റെ ജനതയിലേക്ക് പുറപ്പെട്ടു ( ഇത് കണ്ടപ്പോൾ )
 ഐഹിക  ജീവിതദ്ദേശിക്കുന്നവർ  പറഞ്ഞു:ഖാറൂന് നല്കപ്പെട്ടത് പോലെയുള്ളത് നമുക്കും ലഭിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. തീർച്ചയായും അവൻ വലിയ ഭാഗ്യവാൻ തന്നെയാണ്.

( 80 ) അറിവ് നൽകപ്പെട്ടവർ പറഞ്ഞു : നിങ്ങൾക്ക് നാശം( അങ്ങനെ പറയരുത്)
 സത്യവിശ്വാസം സ്വീകരിക്കുകയും സൽകർമമങ്ങൾ അനുഷ്ഠിക്കുകയും  ചെയ്തവർക്ക് അല്ലാഹുവിങ്കൽ നിന്നുള്ള പ്രതിഫലമാണ്  ഉത്തമം. ക്ഷമശാലികൾക്ക് അല്ലാതെ അത് നൽകപ്പെടുകയില്ല....

( 81 ) അങ്ങനെ അവനെയും അവന്റെ ഭവനവും നാം ഭൂമിയിൽ ആഴ്ത്തി കളഞ്ഞു. അപ്പോൾ അല്ലാഹുവിനെ കൂടാതെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവനുണ്ടായില്ല. അവൻ സ്വയം രക്ഷ നേടുന്നവരിൽ പെട്ടവനായതുമില്ല....


( 82 )  ഇന്നലെ അവന്റെ സ്ഥാനം ആഗ്രഹിച്ചിരുന്നവർ ഇന്ന് രാവിലെ പറയുകയായി   . അഹോ അള്ളാഹു അവന്റെ അടിമകളിൽ നിന്ന് അവനുദ്ദേശിക്കുന്നവർക്ക് ഭക്ഷണം വിശാലമാക്കി കൊടുക്കുകയും
( അവൻ ഉദ്ദേശിക്കുന്ന മറ്റുചിലർക്ക് )
 അത് പ്രയാസമുള്ളതാക്കുകയും ചെയ്യുന്നതാണെന്ന് തോന്നുന്നു.
 അല്ലാഹു നമ്മോട് ഔദാര്യം കാണിച്ചിരുന്നില്ലെങ്കിൽ  നമ്മെയും ഭൂമിയിൽ ആഴ്ത്തികളയുമായിരുന്നു  .
 അഹോ,  സത്യനിഷേധികൾ ജയിക്കുകയില്ലെന്ന്  തന്നെ തോന്നുന്നു.....


( 83  )ആ പരലോകഭവനം  ഭൂമിയിൽ മേന്മയോ കുഴപ്പമോ ഉദ്ദേശിക്കാത്തവർക്ക് നാം സൗകര്യപ്പെടുത്തി കൊടുക്കുന്നതാണ്. അന്തിമവിജയം ഭക്തിയുള്ളവർക്കാകുന്നു.....

( 84 ) ആരെയെങ്കിലും നന്മയും കൊണ്ടുവന്നാൽ അവന്  അതിനേക്കാൾ ഉത്തമമായ പ്രതിഫലമുണ്ട്.
ആരെങ്കിലും തിന്മയും കൊണ്ടുവന്നാൽ  , തിന്മകൾ പ്രവർത്തിച്ചവർക്ക് അവർ പ്രവർത്തിച്ചതിന്റെ  പ്രതിഫലമല്ലാതെ നൽകപ്പെടുകയില്ല  ...

( 85 )( നബിയെ )തീർച്ചയായും താങ്കളുടെ മേൽ ഖുർആൻ ( പ്രബോധനം ചെയ്യൽ) നിർബന്ധമാക്കിയവൻ താങ്കളെ മടക്കസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരുന്നവനാണ്  .
 താങ്കൾ പറയുക.സന്മാർഗ്ഗം കൊണ്ടുവന്നിട്ടുള്ളത് ആരാണെന്നും       വ്യക്തമായ ദുർമാർഗ്ഗത്തിൽ ഉള്ളവൻ
ആരാണെന്നും എന്റെ നാഥൻ നന്നായി അറിയുന്നവനാണ്....

( 86 )( നബിയെ ) താങ്കൾക്ക് വേദഗ്രന്ഥം നൽകപ്പെടുമെന്ന് താങ്കൾ ആഗ്രഹിക്കുന്നുണ്ടായിരുന്നില്ല. 
പക്ഷേ താങ്കളുടെ നാഥങ്കൽ നിന്നുള്ള അനുഗ്രഹമായി മാത്രമാണ്
( അത് ലഭിച്ചത് )അതുകൊണ്ട് താങ്കൾ ഒരിക്കലും സത്യനിഷേധികൾക്ക് സഹായിയാകരുത്....( 87 ) അല്ലാഹുവിന്റെ വചനങ്ങൾ അവതരിച്ചു കിട്ടിയതിനുശേഷം അവയിൽ നിന്ന് താങ്കളെ അവർ (സത്യനിഷേധികൾ )തടഞ്ഞു നിർത്തരുത്.
 താങ്കളുടെ നാഥങ്കലേക്ക് താങ്കൾ ജനങ്ങളെ ക്ഷണിക്കുക.
 തീർച്ചയായും ബഹുദൈവവിശ്വാസികളിൽ താങ്കൾ പെട്ടുപോകരുത്...,,

( 88 ) അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും താങ്കൾ വിളിച്ച് പ്രാർത്ഥിക്കരുത് .
 അവനല്ലാതെ മറ്റൊരു ദൈവവുമില്ല.
 അവനല്ലാത്ത എല്ലാ വസ്തുക്കളും നശിക്കുന്നതാണ്.
 അവനാണ് നിയമാധികാരം.
 അവങ്കലേക്ക് നിങ്ങൾ മടക്കപ്പെടുതാണ്.....

അഭിപ്രായങ്ങള്‍