26-Surah Al Shshuaraah-40-159

 
سورة الشعراء-26
അവതരണം -മക്ക
സൂക്തങ്ങൾ -227
 40 മുതൽ 159 വരെയുള്ള വചനങ്ങളുടെ അർത്ഥം

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....

( 40 ) ജാലവിദ്യക്കാർ ഉറപ്പായും വിജയിക്കുകയാണെങ്കിൽ നമുക്ക് അവരെ പിന്തുടരാമല്ലോ 
( എന്ന് അവരോട് പറയപ്പെട്ടു ).... 

( 41 ) അങ്ങനെ ജാലവിദ്യക്കാർ വന്നപ്പോൾ അവർ ഫിർഔനോട്‌ ചോദിച്ചു :  ഞങ്ങൾ തന്നെയാണ് വിജയിക്കുകയാണെങ്കിൽ തീർച്ചയായും ഞങ്ങൾക്ക് പ്രതിഫലം ലഭിക്കുമോ  ? 

( 42 ) ഫിർഔൻ പറഞ്ഞു : അതെ. മാത്രമല്ല അന്നേരം നിങ്ങൾ നമ്മുടെ സാമീപ്യം സിദ്ധിച്ചവരിൽപെട്ടവരുമായിരിക്കും.... 

( 43 ) മൂസാനബി അവരോട് പറഞ്ഞു : നിങ്ങൾക്ക് ഇടാനുള്ളത് ഇട്ടു കൊള്ളുക.... 


( 44 ) അപ്പോൾ അവർ തങ്ങളുടെ കയറുകളും വടികളും നിലത്തിടുകയും  ഇങ്ങനെ പറയുകയും ചെയ്തു. ഫിർഔന്റെ അന്തസ്സ് കൊണ്ട് തന്നെ സത്യം തീർച്ചയായും ഞങ്ങൾ തന്നെയാണ്  വിജയികളായിത്തീരുക..... 

( 45 ) അങ്ങനെ മൂസാനബിയും തന്റെ വടി  നിലത്തിട്ടു. 
അപ്പോഴതാ അവർ പകിട്ടാക്കിക്കാണിച്ചിരുന്നതിനെയെല്ലാം അത് വിഴുങ്ങി കളയുന്നു....

( 46 ) ഉടനെ ജാലവിദ്യക്കാർ സുജൂദ് ചെയ്യുന്നവരായി നിലത്തു  വീണു.... 

( 47-48 ) അവർ പറഞ്ഞു : ലോകനാഥനിൽ - മൂസാ നബിയുടെയും ഹാറൂൻ  നബിയുടെയും നാഥനിൽ - ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു...

( 49 ) ഫിർഔൻ പറഞ്ഞു : ഞാൻ സമ്മതം തരുന്നതിനു മുൻപേ നിങ്ങൾ അവനെ വിശ്വസിച്ചുവോ ? 
 തീർച്ചയായും അവൻ നിങ്ങൾക്ക് ജാലവിദ്യ  പഠിപ്പിച്ചുതന്ന നിങ്ങളുടെ ഗുരുവാണ്. അതിനാൽ ഇതിന്റെ ഫലം നിങ്ങൾക്ക് പിന്നീട് മനസ്സിലാകും.
തീർച്ചയായും നിങ്ങളുടെ കൈകളും കാലുകളും വ്യത്യസ്ത നിലയിൽ ഞാൻ മുറിച്ചു കളയും.
 നിങ്ങൾ എല്ലാവരെയും ഞാൻ ക്രൂശിക്കുകയും ചെയ്യും... 

( 50 ) അവർ പറഞ്ഞു : വിരോധമൊന്നുമില്ല, തീർച്ചയായും ഞങ്ങളുടെ നാഥന്റെ അടുത്തേക്ക് ഞങ്ങൾ മടങ്ങി പോകുന്നവരാണ്...

( 51 ) ഞങ്ങൾ( ഫിർഔന്റെ 
അനുയായികളിൽ ) ആദ്യത്തെ സത്യവിശ്വാസികൾ ആയതുകൊണ്ട് ഞങ്ങളുടെ നാഥൻ ഞങ്ങളുടെ തെറ്റുകൾ പൊറുത്തു തരും എന്ന്  തീർച്ചയായും ഞങ്ങൾ ആശിക്കുന്നു....

( 52 ) എന്റെ അടിമകളെയും കൊണ്ട് താങ്കൾ രാത്രി പോയി കൊള്ളുക.
 തീർച്ചയായും ഫിർഔനും കൂട്ടരും നിങ്ങളെ പിന്തുടരുന്നതാണ് എന്ന്  മൂസാനബിക്ക് നാം സന്ദേശം നൽകി....

( 53 ) അപ്പോൾ ( ഇസ് റാഈല്യർ പോയ വിവരമറിഞ്ഞ്) ഫിർഔൻ സൈന്യങ്ങളെ ശേഖരിക്കുന്ന വരെ പട്ടണങ്ങളിൽ അയച്ചു 
( അവർ ഇങ്ങനെ പ്രചാരണം നടത്തി )....

( 54-56 ) തീർച്ചയായും ഇവർ 
( ഇസ്റാഈല്യർ ) കുറച്ച് ആളുകൾ ഉള്ള ഒരു സംഘവും നമ്മെ അരിശം  കൊള്ളിച്ചവരും
 നാം ജാഗരൂകരായ ഒരു സംഘവുമാണ്.....

( 57 -58 ) അങ്ങനെ അവരെ ചില തോപ്പുകളിലും അരുവികളിലും, ഭണ്ഡാരങ്ങളിലും ഉന്നതസ്ഥാനങ്ങളിൽ നിന്നും നാം  പുറത്താക്കി....

( 59 ) അത് പ്രകാരമാണ് 
( നമ്മുടെ പ്രവർത്തി )
ഇസ്റാഈല്യർക്കു നാം അതിനെ അനന്തരാവകാശമായി നൽകുകയും ചെയ്തു.....


( 60 ) അങ്ങനെ ഫിർഔനും കൂട്ടരും സൂര്യോദയ സമയത്ത് ഇസ്റാഈല്യരുടെ അടുത്തു  എത്തിച്ചേർന്നു.....


( 61 ) അങ്ങനെ ഇരു സംഘവും പരസ്പരം കണ്ടപ്പോൾ മൂസാ നബിയുടെ കൂട്ടുകാർ പറഞ്ഞു : തീർച്ചയായും നാം പിടിക്കപ്പെടുന്നവർ തന്നെയാണ്....

( 62 )മൂസാ നബി പറഞ്ഞു : ഇല്ല.
എന്റെ നാഥൻ എന്റെ കൂടെ തന്നെയുണ്ട്.
അവൻ എനിക്ക് ഒരു മോചന മാർഗ്ഗം കാണിച്ചു തരും.....

( 63 )അപ്പോൾ, താങ്കളുടെ വടികൊണ്ട് സമുദ്രത്തെ അടിക്കുക എന്ന് മൂസാ നബിക്കു നാം വഹ് യ് നൽകി.
( അദ്ദേഹം അടിച്ചു )അപ്പോൾ അത് പിളർന്നു.
എന്നിട്ട് ഓരോ പിളർപ്പും വലിയ പർവ്വതം പോലെയായി...

( 64 ) അവിടേക്ക് മറ്റേ കൂട്ടരേ
( ഫിർഔനെയും സംഘത്തെയും) നാം അടുപ്പിച്ചു....

( 65 ) മൂസാനബിയെയും  കൂടെയുള്ളവരെയും
 മുഴുവൻ നാം രക്ഷപ്പെടുത്തുകയും ചെയ്തു....

( 66 ) പിന്നെ മറ്റേ കൂട്ടരെ നാം വെള്ളത്തിൽ മുക്കി നശിപ്പിച്ചു......

( 67 ) തീർച്ചയായും അതിൽ വലിയ ദൃഷ്ടാന്തമുണ്ട്. പക്ഷെ അവരിൽ അധികപേരും വിശ്വാസികളായിട്ടില്ല...

( 68 )തീർച്ചയായും താങ്കളുടെ നാഥൻ  തന്നെയാണ് അജയ്യനും  പരമകാരുണികനും....

( 69 )ഇബ് റാഹീം നബിയുടെ ചരിത്രം താങ്കൾ അവർക്ക് ഓതി കേൾപ്പിക്കുക.....

( 70 ) അതായത് തന്റെ പിതാവിനോടും ജനതയോടും നിങ്ങൾക്ക് എന്തിനെയണ് ആരാധിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ച സന്ദർഭം...

( 71 ) അവർ പറഞ്ഞു : ഞങ്ങൾ ചില വിഗ്രഹങ്ങളെയാണ് ആരാധിക്കുന്നത്.  അവർക്ക് മുൻപിൽ എപ്പോഴും ഭജനമിരിക്കുകയും ചെയ്യുന്നു....

( 72 ) അദ്ദേഹം ചോദിച്ചു: നിങ്ങൾ വിളിക്കുമ്പോള് അവ വിളി
 കേൾക്കുന്നുണ്ടോ  ?

( 73 ) അല്ലെങ്കിൽ അവൻ നിങ്ങൾക്ക് ഉപകാരമോ  ഉപദ്രവമോ  ചെയ്യുന്നുണ്ടോ ?

( 74 ) അവർ പറഞ്ഞു : അങ്ങനെയൊന്നുമില്ല പക്ഷേ ഞങ്ങളുടെ പിതാക്കൾ അങ്ങനെ ചെയ്യുന്നതായി ഞങ്ങൾ കണ്ടു
( അവരെ അനുകരിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത് )......

( 75-76 ) അദ്ദേഹം ചോദിച്ചു : എന്നാൽ നിങ്ങൾ - നിങ്ങളും നിങ്ങളുടെ പൂർവ്വ പിതാക്കളും ആരാധിച്ചുവരുന്ന വസ്തുക്കളെ നിങ്ങൾ കണ്ടു  മനസ്സിലാക്കിയോ  ?

( 77 ) അവർ എനിക്ക് ശത്രുക്കൾ തന്നെയാണ്.
പക്ഷേ ലോകനാഥൻ അങ്ങനെയല്ല....

( 78 ) അവൻ എന്നെ സൃഷ്ടിക്കുകയും എന്നിട്ട് എന്നെ നേർമാർഗത്തിൽ ആക്കുകയും ചെയ്തിരിക്കുന്നു....

( 79-80 ) അവൻ എനിക്ക് ആഹാരവും പാനീയവും നൽകുകയും രോഗം ബാധിക്കുമ്പോൾ എന്നെ സുഖപ്പെടുത്തുകയും ചെയ്യുന്നു.....

( 81 ) അവൻ എന്നെ മരണപ്പെടുത്തുകയും പിന്നീട് ജീവിപ്പിക്കുകയും ചെയ്യുന്നു....

( 82 ) പ്രതിഫലം നൽകുന്ന ദിവസവും അവൻ എന്റെ  പാപം പൊറുത്തു തരും എന്ന് ഞാൻ പ്രതീക്ഷിക്കുകയും ചെയ്യുന്നു.
( ഇതാണ് ലോകരക്ഷിതാവ് അവൻ എന്റെ ശത്രുവല്ല. അവനെ ഞാൻ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു  ).....

( 83 ) എന്റെ നാഥാ, എനിക്ക് നീ വിജ്ഞാനം പ്രാധാന്യം ചെയ്യുകയും,  സദ്‌വൃത്തരോടൊപ്പം   എന്നെ ചേർക്കുകയും ചെയ്യേണമേ .....

( 84 ) എനിക്ക് നീ പിൻതലമുറകളിൽ സൽക്കീർത്തി ഉണ്ടാക്കി തരികയും ചെയ്യേണമേ....

( 85 ) അനുഗ്രഹങ്ങൾ നിറഞ്ഞ സ്വർഗ്ഗം അനന്തരാവകാശം എടുക്കുന്നവരിൽ എന്നെ   നീ ഉൾപ്പെടുത്തുകയും ചെയ്യണമേ ?

( 86 ) എന്റെ പിതാവിന് പൊറുത്തുകൊടുക്കുകയും ചെയ്യണമേ.
 തീർച്ചയായും അദ്ദേഹം വഴിതെറ്റിയവരിൽ  പെട്ടുപോയിരിക്കുന്നു.....

( 87 ) ജനങ്ങൾ ഉയർത്തെഴുന്നേൽപ്പിക്കപ്പെടുന്ന  ദിവസം എന്നെ നീ അപമാനത്തിലാക്കരുതേ...

( 88 ) അതായത് സ്വത്തും സന്താനങ്ങളും ഉപകരിക്കാത്ത ദിവസം....

( 89 )( എല്ലാവിധ മാലിന്യങ്ങളിൽ നിന്നും ) സുരക്ഷിതമായ ഹൃദയവുമായി അല്ലാഹുവിനെ സമീപിച്ചവർ ഒഴികെ
( അവർക്കത് ഉപകരിക്കും ).....

( 90-91 )( അതായത് അന്ന് ) ഭക്തന്മാർക്ക് സ്വർഗ്ഗം അടുപ്പിക്കപ്പെടുകയും വഴിതെറ്റിവർക്ക്   നരകം കാണിക്കപ്പെടുകയും ചെയ്യും....

( 92-93 ) അവരോട് ചോദിക്കപ്പെടും. അല്ലാഹുവിനെ കൂടാതെ നിങ്ങൾ ഇബാദത്ത് ചെയ്തുവന്നിരുന്നവ  എവിടെ?
 അവർ നിങ്ങളെ സഹായിക്കുന്നുണ്ടോ? അതോ സ്വന്തം കാര്യത്തിൽ സഹായം തേടുന്നുണ്ടോ  ?

( 94-95 ) അങ്ങനെ ആ ആരാധ്യവസ്തുക്കളെയും,  അവയെ ആരാധിച്ചു വഴിതെറ്റിയവരെയും ഇബിലീസിന്റെ സൈന്യങ്ങളെയും മുഴുവൻ നരകത്തിൽ മുഖം കുത്തി തള്ളിയിടപ്പെടും....

( 96 ) അതിൽ വഴക്കടിച്ചു  കൊണ്ട് അവർ ആരാധ്യരോട് പറയും.....

( 97 ) അല്ലാഹുവിനെ തന്നെയാണ്
 സത്യം :തീർച്ചയായും ഞങ്ങൾ വ്യക്തമായ ദുർമാർഗത്തിൽ ആയിരുന്നു...

( 98 )ലോകരക്ഷിതാവിനു തുല്യമായ സ്ഥാനം നിങ്ങൾക്ക് ഞങ്ങൾ കല്പിച്ചപ്പോൾ....

( 99 ) ആ കുറ്റവാളികൾ തന്നെയാണ് ഞങ്ങളെ വഴി പിഴപ്പിച്ചത്.....


( 100-101 ) ഞങ്ങൾക്കിപ്പോൾ ശുപാർശക്കാരനും  അനുകമ്പയുള്ള സുഹൃത്തുമില്ല....


( 102 ) ഇനി ഞങ്ങൾക്ക്
 (മുൻ ലോകത്തേക്ക് )ഒരു മടക്കം ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ.
 എങ്കിൽ ഞങ്ങൾ സത്യവിശ്വാസികളിൽ  ഉൾപ്പെടുമായിരുന്നു....

( 103 ) ഇതിലെല്ലാം വലിയ ദൃഷ്ടാന്തമുണ്ട് പക്ഷേ അവരിൽ അധികപേരും വിശ്വസിക്കുന്നവരല്ല....

( 104 ) തീർച്ചയായും താങ്കളുടെ നാഥൻ അജയ്യനും പരമകാരുണികനും തന്നെയാണ്...

( 105 ) നൂഹ് നബിയുടെ ജനത മുർസലുകളെ  നിഷേധിച്ചു ....

( 106 ) തങ്ങളുടെ സഹോദരൻ നൂഹ്
( നബി) അവരോട് ചോദിച്ച സന്ദർഭം നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ  ?

( 107 ) ഞാൻ നിങ്ങൾക്ക് വേണ്ടി അയക്കപ്പെട്ട വിശ്വസ്തനായ ദൂതനാകുന്നു...

( 108 ) അതുകൊണ്ട് നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിൻ....

( 109 ) അതിന്റെ പേരിൽ ഞാൻ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോക നാഥനായ അല്ലാഹുവിങ്കൽ മാത്രമാണ്...

( 110 ) അതുകൊണ്ട് നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക....

( 111 ) അവർ ചോദിച്ചു : ഈ നിസ്സാരമായ ആളുകൾ നിന്നെ പിന്തുടർന്നിരിക്കെ  ഞങ്ങൾ നിന്നെ വിശ്വസിക്കുകയോ   ?

( 112 ) അദ്ദേഹം പറഞ്ഞു :  അവരുടെ പ്രവർത്തനങ്ങളെ പറ്റി എനിക്ക് എന്ത് അറിവാണുള്ളത്   ?

( 113 ) അവരെ വിചാരണ ചെയ്യാനുള്ള ഉത്തരവാദിത്വം എന്റെ  നാഥനനു മാത്രമാണ്  നിങ്ങൾ അറിയുന്നവർ ആയിരുന്നെങ്കിൽ....

( 114 ) ഞാൻ സത്യവിശ്വാസികളെ ആട്ടിയകറ്റുന്നവനല്ലതന്നെ...

( 115 ) ഞാൻ പ്രത്യക്ഷമായ ഒരു മുന്നറിയിപ്പുകാരൻ മാത്രമാണ്....

( 116 ) അവർ പറഞ്ഞു : നൂഹേ, നീ ഇതിൽനിന്ന്  പിൻമാറുന്നില്ലെങ്കിൽ നീ എറിഞ്ഞുകൊല്ലപ്പെടുന്നവരിൽ ഉൾപ്പെടുക തന്നെ ചെയ്യും..

( 117 ) അദ്ദേഹം പറഞ്ഞു: എന്റെ നാഥാ, തീർച്ചയായും എന്റെ ജനത എന്നെ നിഷേധിച്ചു കളഞ്ഞിരിക്കുന്നു...

( 118 ) അതുകൊണ്ട് എനിക്കും അവർക്കുമിടയിൽ നീ  യുക്തമായ ഒരു വിധി നൽകുകയും എന്നെയും എന്റെ കൂടെയുള്ള സത്യവിശ്വാസികളെയും നീ രക്ഷപ്പെടുത്തുകയും ചെയ്യേണമേ...

( 119 ) അപ്പോൾ അദ്ദേഹത്തെയും കൂടെയുള്ളവരെയും ഭാരം നിർക്കപ്പെട്ട  ഒരു കപ്പലിൽ നാം രക്ഷപ്പെടുത്തി...

( 120 ) പിന്നെ ബാക്കിയുള്ളവരെ അതിനുശേഷം നാം വെള്ളത്തിൽ മുക്കി കൊല്ലുകയും ചെയ്തു....

( 121 ) തീർച്ചയായും അതിൽ വലിയ ദൃഷ്ടാന്തമുണ്ട്.
പക്ഷേ അവരിൽ അധികപേരും വിശ്വസിച്ചവരല്ല....

( 122 ) തീർച്ചയായും താങ്കളുടെ നാഥൻ അജയ്യനും പരമകാരുണികനുമാകുന്നു...

( 123 ) ആദ് സമുദായം മുർസലുകളെ  നിഷേധിച്ചു....

( 124 ) തങ്ങളുടെ സഹോദരൻ ഹൂദ്  അവരോട് പറഞ്ഞ സന്ദർഭം.
  നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ  ?

( 125 ) തീർച്ചയായും ഞാൻ നിങ്ങളിലേക്ക് അയക്കപ്പെട്ട വിശ്വസ്തനായ ഒരു ദൂതനാകുന്നു....

( 126 ) അതുകൊണ്ട് നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക....

( 127 ) ഇതിന്റെ പേരിൽ ഞാൻ നിങ്ങളോട് ഒരു പ്രതിഫലം ചോദിക്കുന്നില്ല.
എനിക്ക് പ്രതിഫലം നൽകേണ്ടത് രക്ഷിതാവിങ്കൽ മാത്രമാണ്....

( 128 ) നിങ്ങൾ വിനോദിക്കുന്നവരായികൊണ്ട് എല്ലാ കുന്നുകളിലും അടയാളം (കെട്ടിടം) നിർമിച്ചു വരികയാണോ   ?

( 129 ) നിങ്ങൾ ഇവിടെ  നിത്യവാസികളായിരിക്കും എന്ന ധാരണയിൽ പ്രബല മന്ദിരങ്ങൾ നിർമിക്കുകയാണോ....

( 130 ) നിങ്ങൾ വല്ലവരെയും പിടികൂടുക ആണെങ്കിൽ നിഷ്ഠൂരമായി പിടികൂടുകയും ചെയ്യുന്നു....

( 131 ) അതിനാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക....

( 132 ) നിങ്ങൾക്ക് അറിയാവുന്ന (അനുഗ്രഹങ്ങൾ )കൊണ്ട് നിങ്ങളെ സഹായിച്ച അല്ലാഹുവിനെ നിങ്ങൾ സൂക്ഷിച്ചു കൊള്ളുക....

( 133-134 ) നാൽക്കാലികളും  സന്താനങ്ങളും തോട്ടങ്ങളും നദികളും നൽകിക്കൊണ്ട് അവൻ നിങ്ങളെ സഹായിച്ചു..

( 135 ) തീർച്ചയായും ഒരു ഭയങ്കര ദിനത്തിലെ  ശിക്ഷ നിങ്ങളുടെ മേൽ ഞാൻ ഭയപ്പെടുകയാണ്...

( 136 ) അവർ പറഞ്ഞു : (ഹൂദേ ) നീ സദുപദേശം ചെയ്യുന്നതും സദ്ഉപദേശകരിൽ പെടാതിരിക്കുന്നതും ഞങ്ങൾക്ക് ഒരുപോലെയാണ് ....

( 137 ) ഇത് പൂർവ്വികരുടെ നടപടിക്രമം മാത്രമാണ്....

( 138 ) ഞങ്ങൾ ശിക്ഷിക്കപ്പെടുന്നവരല്ല  തന്നെ....

( 139 ) അങ്ങനെ അവർ അദ്ദേഹത്തെ നിഷേധിച്ചു.
അപ്പോൾ അവരെ നാം നശിപ്പിച്ചു.
 തീർച്ചയായും അതിൽ വലിയ ദൃഷ്ടാന്തമുണ്ട്. പക്ഷെ അവരിൽ അധികപേരും വിശ്വാസികളല്ല..

( 140 ) തീർച്ചയായും താങ്കളുടെ നാഥൻ അജയ്യനും പരമകാരുണികനും  തന്നെയാണ്...

( 141 ) സമൂദ് സമുദായം മുർസലുകളെ  നിഷേധിച്ചു...

( 142 ) തങ്ങളുടെ സഹോദരൻ സ്വാലിഹ് നബി അവരോട് പറഞ്ഞ സന്ദർഭം.
  നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ  ?

( 143 ) ഞാൻ നിങ്ങൾക്കുവേണ്ടി അയക്കപ്പെട്ട വിശ്വസ്തനായ  ദൂതൻ തന്നെയാണ്.....

( 144 ) അതുകൊണ്ട് അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക....

( 145 ) ഇതിന്റെ പേരിൽ നിങ്ങളോടു  യാതൊരു പ്രതിഫലവും ഞാൻ ആവശ്യപ്പെടുന്നില്ല.
എന്റെ പ്രതിഫലം ലോക നാഥനായ അല്ലാഹുവിങ്കൽ മാത്രമാണ്...

( 146 )ഇവിടെയുള്ളതില്‍( സമൃദ്ധിയില്‍) നിര്‍ഭയരായിക്കഴിയാന്‍ നിങ്ങള്‍ വിട്ടേക്കപ്പെടുമോ ?

( 147-148 ) അതായത് തോട്ടങ്ങളിലും നദികളിലും വയലുകളിലും പഴങ്ങളുടെ ഭാരം മൂലം കുല തൂങ്ങിനിൽക്കുന്ന ഈത്തപ്പന തോട്ടങ്ങളിലും...,..

( 149 ) അമിത ആഹ്ലാദ ചിത്തരായി കൊണ്ട് മലകൾ തുരന്ന് നിങ്ങൾ വീടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു....

( 150 ) അതിനാൽ അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക....

( 151-152 ) ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും നന്മയുണ്ടാക്കാതിരിക്കുകയും  ചെയ്യുന്ന
 അതിക്രമകാരികളുടെ കല്പന നിങ്ങൾ അനുസരിക്കരുത്...

( 153 ) അവർ പറഞ്ഞു  : തീർച്ചയായും നീ മാരണം ബാധിച്ചവരിൽ പെട്ടവൻ തന്നെയാകുന്നു....

( 154 ) നീ ഞങ്ങളെ പോലെ ഒരു മനുഷ്യൻ മാത്രമാണ്.
 അതുകൊണ്ട് സത്യ വാദികളിൽപെട്ടവനാണെങ്കിൽ ഒരു ദൃഷ്ടാന്തം നീ കൊണ്ടുവരണം....

( 155 ) അദ്ദേഹം പറഞ്ഞു  : ഇതാ ദൃഷ്ടാന്തമായ ഒട്ടകം.
  ഒരു നിശ്ചിത ദിവസത്തെ വെള്ളം കുടി അതിനും ഒരു നിശ്ചിത ദിവസത്തെ വെള്ളം കുടി നിങ്ങൾക്കുമാണ്..

( 156 ) ഒരുവിധ തിന്മ കൊണ്ടും നിങ്ങൾ അതിനെ  സ്പർശിച്ചു  പോകരുത്.
 സ്പർശിച്ചാൽ ഒരു ഭയങ്കര ദിവസത്തെ ശിക്ഷ നിങ്ങളെ പിടികൂടും....

( 157 ) എന്നാൽ അവർ അതിനെ അറുത്തു കളഞ്ഞു.
എന്നിട്ട് അവർ ഖേദിച്ചവരായി തീർന്നു....

( 158 ) അപ്പോൾ ശിക്ഷ അവരെ പിടികൂടി. തീർച്ചയായും അതിൽ വലിയ ദൃഷ്ടാന്തമുണ്ട്. പക്ഷേ അവരിൽ അധികപേരും വിശ്വസിക്കുന്നവരല്ല...

( 159 ) തീർച്ചയായും താങ്കളുടെ നാഥൻ അജയ്യനും  പരമകാരുണികനും തന്നെയാകുന്നു....

അഭിപ്രായങ്ങള്‍