23-Surath Al muhminoon -28-59

അദ്ധ്യായം -23
സൂറത്തുൽ മുഹ് മിനൂൻ 
 അവതരണം-മക്ക 
 സൂക്തങ്ങൾ-118
 28 മുതൽ 59 വരെയുള്ള വചനങ്ങളുടെ അർത്ഥം.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....

 ( 28 ) അങ്ങനെ താങ്കളും കൂടെയുള്ളവരും കപ്പലിൽ  സ്ഥാനമുറപ്പിച്ചു  കഴിഞ്ഞാൽ 
താങ്കൾ പറയുക. 
 അക്രമികളായ ജനതയിൽ നിന്നും  നമ്മെ രക്ഷപ്പെടുത്തിയ അല്ലാഹുവിനാണ് സർവ്വസ്തുതിയും..... 

( 29 )എന്റെ നാഥാ, അനുഗ്രഹീതമായ ഒരു താവളത്തിൽ എന്നെ നീ  ഇറക്കി തരേണമേ.
 നീ ഇറക്കി തരുന്നവരിൽ  ഏറ്റവും ഉത്തമനാണല്ലോ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുക ..... 
 
( 30 ) തീർച്ചയായും ഇതിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട്. 
 നാം മനുഷ്യരെ പരീക്ഷിക്കുന്നവർ തന്നെ ആയിരിക്കുന്നു.... 

( 31 ) പിന്നീട് അവർക്ക് ശേഷം മറ്റൊരു തലമുറയെ നാം സൃഷ്ടിച്ചു.... 

( 32 ) എന്നിട്ട് അവരിൽ നിന്ന് തന്നെ ഒരു റസൂലിനെ അവരിൽ നാം നിയോഗിച്ചു. 
 നിങ്ങൾ അല്ലാഹുവിനെ ആരാധിച്ചു കൊള്ളുക. അവനല്ലാതെ നിങ്ങൾക്ക് വേറൊരു  ദൈവവുമില്ല. എന്നിരിക്കെ നിങ്ങൾ അവനെ ഭയപ്പെടുന്നില്ലേ ? 
( എന്ന് അദ്ദേഹം അവരോട് പറഞ്ഞു ).... 


( 33 ) അദ്ദേഹത്തിന്റെ സമുദായത്തിൽപെട്ട സത്യനിഷേധികളും, പരലോകത്തെ കണ്ടുമുട്ടുന്നതിനെ  നിഷേധിക്കുന്നവരും, 
 ഐഹിക ജീവിതത്തിൽ നാം സൗഖ്യം നൽകിയവരുമായ നേതാക്കൾ പറഞ്ഞു : 
 ഇയാൾ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ
 മാത്രമാണ്. 
 നിങ്ങൾ തിന്നുന്നതിൽ നിന്ന് ഇയാളും തിന്നുന്നു. നിങ്ങൾ കുടിക്കുന്നതിൽനിന്ന് ഇയാളും കുടിക്കുന്നു.... 

( 34 ) നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനെ നിങ്ങൾ അനുസരിച്ചാൽ അപ്പോൾ നിങ്ങൾ നഷ്ടപ്പെട്ടവർ തന്നെയായിരിക്കും. തീർച്ച.... 


( 35 ) മരിച്ചു  മണ്ണും എല്ലുമായി കഴിഞ്ഞാലും നിങ്ങൾ വീണ്ടും പുറത്തുകൊണ്ടുവരാൻ പെടുന്നവരാണെന്ന് അയാൾ നിങ്ങൾക്ക് താക്കീത് നൽകുന്നുണ്ടോ  ? 

( 36 ) അയാൾ നിങ്ങൾക്ക് നൽകുന്ന താക്കീത് യാഥാർത്ഥ്യമാകുന്നത് എത്ര വിദൂരം  !

( 37 ) ജീവിതം എന്നത് നമ്മുടെ ഐഹിക ജീവിതം മാത്രമാണ്. ഇവിടെ നാം മരിക്കുകയും ജീവിക്കുകയും ചെയ്യുന്നു. 
 നാം ഒരിക്കലും പുനർജ്ജീവിക്കപ്പെടുന്നവരല്ല... 

( 38 ) ഇയാൾ അല്ലാഹുവിന്റെ പേരിൽ കളവ് കെട്ടി പറയുന്ന ഒരു മനുഷ്യൻ മാത്രമാണ്. 
 നാം ഇയാളെ ഒരിക്കലും വിശ്വസിക്കുന്നവരല്ല... 

( 39 ) നബി പറഞ്ഞു : എന്റെ നാഥാ, ഇവർ എന്നെ നിഷേധിച്ചത്  കൊണ്ട്  എന്നെ നീ സഹായിക്കേണമേ... 

( 40 ) അല്ലാഹു അരുളി, ഇതാ അടുത്തുതന്നെ തീർച്ചയായും അവർ ഖേദിക്കുന്നവരാകുന്നതാണ്... 

( 41 ) അങ്ങനെ നീതിയനുസരിച്ച് ഒരു ഭയങ്കര ശബ്ദം അവരെ പിടികൂടി. എന്നിട്ട് നാം അവരെ വരിവെള്ളത്തിലെ ചണ്ടി  പോലെയാക്കി. 
 അക്രമികളായ ആ ജനത
( വിജയത്തിൽ നിന്നും )
 എത്രയോ അകലെയാണ്...? 

( 42 ) പിന്നീട് അവർക്ക് ശേഷം മറ്റു ചില തലമുറകളെയും നാം സൃഷ്ടിച്ചു.... 

( 43 ) ഒരൊറ്റ സമുദായവും അതിന്റെ അവധിക്ക് മുന്നോട്ടു പോവുകയോ പിന്നോട്ട് പോവുകയോ ഇല്ല... 

( 44 ) പിന്നീട് നമ്മുടെ ദൂതന്മാരെ തുടർച്ചയായി നാം അയച്ചുകൊണ്ടിരുന്നു. ഓരോ സമുദായത്തിനും തങ്ങളുടെ ദൂതൻ വരുമ്പോഴെല്ലാം അവരാ  റസൂലിനെ  നിഷേധിച്ചു. 
 അത് മൂലം അവരിൽ ചിലരെ മറ്റു ചിലരോട്
( നാശത്തിൽ ) നാം തുടർത്തുകയും അവരെ നാം കഥാവിഷയങ്ങളാക്കുകയും ചെയ്തു. 
 സത്യവിശ്വാസം സ്വീകരിക്കാത്ത ജനത
( അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്നും )
 ബഹുദൂരം അകന്നു പോയിരിക്കുന്നു... 


( 45 ) പിന്നീട് മൂസാനബിയെയും  സഹോദരൻ
 ഹാറൂൻ  നബിയെയും നമ്മുടെ ദൃഷ്ടാന്തങ്ങളോടും വ്യക്തമായ തെളിവോടുകൂടി നാം അയച്ചു... 

( 46 ) ഫിർഔന്റെയും അവന്റെ പ്രമുഖ സംഘത്തിന്റെയും അടുത്തേക്ക്. 
 അപ്പോൾ അവർ അഹങ്കരിച്ചു. അവർ ധിക്കാരികളായ ഒരു ജനതയായിരുന്നു... 

( 47 ) അതിനാൽ അവർ പറഞ്ഞു : നമ്മെ പോലെയുള്ള രണ്ടു മനുഷ്യരെ - അവരുടെ ജനതയാകട്ടെ നമ്മുടെ സേവകരുമാണ് - നാം വിശ്വസിക്കുകയോ   ? 

( 48 ) അങ്ങനെ അവരിരുവരെയും അവർ നിഷേധിച്ചും അത് മൂലം അവർ നശിപ്പിക്കപ്പെട്ടവരിൽ ഉൾപ്പെട്ടവരായിത്തീർന്നു..... 

( 49 ) മൂസാനബിക്ക് തീർച്ചയായും നാം  വേദം നൽകി. അവർ
( ഇസ്റാഈല്യർ ) സന്മാർഗം പ്രാപിക്കാൻ വേണ്ടി.. 

( 50 ) മറിയമിന്റെ  പുത്രൻ ( ഈസാ )
യെയും, മാതാവിനെയും നാം ഒരു ദൃഷ്ടാന്തമാക്കിയിരിക്കുന്നു. 
 അവർ രണ്ടുപേർക്കും നിവാസയോഗ്യവും
 വെള്ളമൊഴുകുന്നതുമായ ഒരു ഉയർന്ന സ്ഥലത്ത് നാം അഭയം നൽകുകയും ചെയ്തു.. 

( 51 ) ഓ റസൂലുകളേ, നിങ്ങൾ നല്ല വസ്തുക്കളിൽ നിന്ന് ഭക്ഷിക്കുകയും, സൽകർമ്മം അനുഷ്ഠിക്കുകയും ചെയ്യുക. നിങ്ങൾ പ്രവർത്തിക്കുന്നത് നാം നല്ലതുപോലെ അറിയുന്നവൻ തന്നെയാണ്.. 

( 52 ) തീർച്ചയായും ഇത് നിങ്ങളുടെ മതമാണ്. ഏകമതം. നാം നിങ്ങളുടെ നാഥനുമാണ്. 
 അതുകൊണ്ട് എന്നോട് നിങ്ങൾ ഭയഭക്തിയുള്ളവരായിരിക്കുക... 

( 53 ) പക്ഷേ അവർ തങ്ങളുടെ മതകാര്യം കഷ്ണം കഷ്ണമായി മുറിച്ചുകളഞ്ഞു. ഓരോ വിഭാഗവും തങ്ങളുടെ പക്കലുള്ളത്  കൊണ്ട് തൃപ്തരാണ്.. 

( 54 ) അതുകൊണ്ട് ഒരു നിശ്ചിത കാലം വരെ തങ്ങളുടെ ദുർമാർഗത്തിൽ അവരെയങ്ങുവിട്ടേക്കുക... 

( 55-56 ) ധനം കൊണ്ടും സന്താനങ്ങൾ കൊണ്ടും നാം അവരെ സഹായിക്കുന്നത് ധൃതിപ്പെട്ട് നാം ചില നന്മകൾ അവർക്ക് ചെയ്തു കൊടുക്കുകയാണെന്ന് അവർ വിചാരിക്കുന്നുണ്ടോ. ? 
 പക്ഷേ
( യാഥാർത്ഥ്യം മറ്റൊന്നാണ് )
 അവരത് ഗ്രഹിക്കുന്നില്ല... 

( 57 ) തീർച്ചയായും തങ്ങളുടെ നാഥനെ ഭയപ്പെട്ടത് മൂലം
( ശിക്ഷയുടെ കാരണങ്ങളെ ) സൂക്ഷിക്കുന്നവരും .... 


  ( 58 ) തങ്ങളുടെ നാഥന്റെ ദൃഷ്ടാന്തങ്ങളിൽ  വിശ്വസിക്കുന്നവരും.... 

( 59 ) തങ്ങളുടെ നാഥനോട് 
( മറ്റാരെയും ) പങ്കു ചേർക്കാത്തവരും... 

അഭിപ്രായങ്ങള്‍