23-Surah Al muhminoon -90-118

അദ്ധ്യായം-23
സൂറത്തുൽ മുഹ് മിന്നൂൻ 
 അവതരണം-മക്ക 
 സൂക്തങ്ങൾ-118
 90 മുതൽ 118 വരെയുള്ള വചനങ്ങളുടെ അർത്ഥം...

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ 
 ( ഞാൻ ആരംഭിക്കുന്നു )....

( 90 ) പക്ഷേ സത്യവുമായി നാം അവരുടെ അടുത്ത് ചെന്നു. 
( എന്നാൽ ) അവരാകട്ടെ തീർച്ചയായും കള്ളവാദികളാണ്... 

( 91 ) അല്ലാഹു ഒരു സന്താനത്തെയും  ഉണ്ടാക്കിയിട്ടില്ല. അവനോടൊപ്പം ഒരു ദൈവവുമില്ല. ഉണ്ടായിരുന്നെങ്കിൽ ഓരോ ദൈവവും താൻ സൃഷ്ടിച്ചതുമായി വേറിട്ട് പോവുകയും, അവർ പരസ്പരം അക്രമം നടത്തുകയും ചെയ്യുമായിരുന്നു. അല്ലാഹുവിനെ അവർ നൽകുന്ന  വിശേഷണങ്ങളിൽ നിന്ന് അവൻ എത്രയോ പരിശുദ്ധൻ... 

( 92 ) ദൃശ്യവും അദൃശ്യവുമായ കാര്യങ്ങൾ അറിയുന്നവനാണവൻ. അപ്പോൾ അവർ പങ്കുചേർക്കുന്നതിൽ നിന്നും അവൻ അതീതനായിരിക്കുന്നു.. . 

( 93 ) പറയുക, എന്റെ നാഥാ, ഇവരോട് താക്കീത് ചെയ്യപ്പെടുന്ന ശിക്ഷ വല്ലപ്പോഴും എനിക്ക് കാണിക്കുകയാണെങ്കിൽ... 

( 94 ) എന്റെ നാഥാ, അക്രമികളായ ജനങ്ങളുടെ കൂട്ടത്തിൽ എന്നെ നീ ആക്കരുതേ !

( 95 ) തീർച്ചയായും അവരോട് താക്കീത് ചെയ്യപ്പെടുന്നത് താങ്കൾക്ക് കാണിച്ചുതരാൻ നാം കഴിവുള്ളവർ  തന്നെയാണ്... 

( 96 ) ഏറ്റവും നല്ല കാര്യം ഏതോ അതുകൊണ്ട് തിന്മയെ തടയുക. അവർ വിശേഷിപ്പിച്ചു  പറയുന്നതിനെക്കുറിച്ച്
 നാം നല്ലതുപോലെ അറിയുന്നവരാണ്....

( 97 ) താങ്കൾ പറയുക, എന്റെ നാഥാ, പിശാചുക്കളെ ദുർബോധനങ്ങളിൽ നിന്ന് നിന്നോട് ഞാൻ രക്ഷതേടുന്നു....

( 98 ) ആ പിശാചുക്കൾ എന്റെ അടുത്ത് വരുന്നതിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.... 

( 99 ) അങ്ങനെ അവരിൽ ഒരാൾക്ക് മരണം ആസന്നമാകുമ്പോൾ അവർ പറയും, എന്റെ നാഥാ, 
( പഴയ ജീവിതത്തിലേക്ക് )
 എന്നെ മടക്കി അയക്കുക....

( 100 ) ഞാൻ വിട്ടു കളഞ്ഞതിന് പകരമായി സൽകർമ്മങ്ങൾ അനുഷ്ഠിക്കാൻ വേണ്ടി. ഒരിക്കലുമില്ല.
 തീർച്ചയായും അത് അവൻ പറയുന്ന ഒരു വാക്ക് മാത്രമാണ്.
 ഉയർത്തെഴുന്നേൽപ്പിക്കപ്പെടുന്ന ദിവസംവരെ അവരുടെ മുൻപിൽ ശക്തിയായ ഒരു മറയുണ്ട്....

( 101 ) അങ്ങനെ കാഹളത്തിൽ ഊതപ്പെട്ടാൽ അവർക്കിടയിൽ അന്ന് യാതൊരു രക്തബന്ധങ്ങളും ഉണ്ടായിരിക്കുകയില്ല. അവർ പരസ്പരം അന്വേഷിക്കുകയുമില്ല... 

( 102 ) അപ്പോൾ ആരുടെ സൽകർമ്മങ്ങളുടെ തൂക്കങ്ങൾ കനമുള്ളതായോ, അവർ തന്നെയാണ് വിജയികൾ....

( 103 ) മറിച്ച് ആരുടെ സൽക്കർമ്മങ്ങളുടെ  തൂക്കം കനം കുറഞ്ഞുവോ അവർ തങ്ങൾക്ക് തന്നെ നഷ്ടം വരുത്തി വെച്ചവരാണ്. അവർ നരകത്തിൽ നിത്യവാസികളാകുന്നു.... 


( 104 ) തീ  അവരുടെ മുഖങ്ങളെ കരിച്ചു കളയും. അവരതിൽ പല്ലിളിച്ചു കിടക്കുന്നവരാണ്...

( 105 )( അവരോട് ചോദിക്കപ്പെടും )
 എന്റെ വചനങ്ങൾ നിങ്ങൾക്ക് ഓതി കേൾപ്പിക്കപ്പെട്ടിരുന്നില്ലേ ? 
 അപ്പോൾ നിങ്ങൾ അവ നിഷേധിക്കുകയല്ലേ  ചെയ്തത്....


( 106 ) അവർ പറയും, ഞങ്ങളുടെ നാഥാ, നിർഭാഗ്യം ഞങ്ങളെ അതിജയിക്കുകയും, ഞങ്ങൾ വഴിപിഴച്ച ജനതയായി തീരുകയും ചെയ്തു....

( 107 ) ഞങ്ങളുടെ നാഥാ, ഇതിൽ നിന്ന് ഞങ്ങളെ നീ മോചിപ്പിച്ചു തരേണമേ !
 ഇനി ഞങ്ങൾ( ദുർമാർഗത്തിലേക്ക് )
 മടങ്ങുന്ന പക്ഷം തീർച്ചയായും ഞങ്ങൾ അക്രമികൾ തന്നെയായിരിക്കും 
( ഇപ്രാവശ്യം ഞങ്ങൾക്ക് മാപ്പ് തരേണമേ )....

( 108 ) അല്ലാഹു പറയും. നിങ്ങളവിടെ നിന്ദ്യരായി കിടക്കുക. എന്നോട് മിണ്ടിപ്പോകരുത്.....

( 109 ) തീർച്ചയായും എന്റെ അടിമകളിൽ ഒരു വിഭാഗം
( ഇങ്ങനെ ) പറയുന്നവരായിരുന്നു. ഞങ്ങളുടെ നാഥാ, ഞങ്ങൾ സത്യവിശ്വാസം സ്വീകരിച്ചിരിക്കുന്നു. അതിനാൽ ഞങ്ങൾക്ക് നീ പൊറുത്തുതരികയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീ കരുണ കാണിക്കുന്നവരിൽ ഉത്തമനാണല്ലൊ  ..... 

( 110 ) അപ്പോൾ നിങ്ങൾ അവരെ പരിഹാസപാത്രമാക്കി കളഞ്ഞു. എത്രത്തോളമെന്നാൽ അവർ
( അവരെ പരിഹസിക്കുന്ന പ്രവർത്തി)
 എന്നെ കുറിച്ചുള്ള സ്മരണ പോലും നിങ്ങൾക്ക് വിസ്മരിപ്പിച്ചു പോയി.
 നിങ്ങൾ അവരെക്കുറിച്ചും ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു... 

( 111 ) തീർച്ചയായും അവർ ക്ഷമ കൈകൊണ്ടതിനാൽ  ഇന്നേ ദിവസം അവർ വിജയികളായതിനു വേണ്ടി നാം  അവർക്ക് പ്രതിഫലം നൽകിയിരിക്കുന്നു....

( 112 ) അല്ലാഹു ചോദിക്കും : നിങ്ങൾ ഭൂമിയിൽ എത്ര കൊല്ലം താമസിക്കുകയുണ്ടായി  ? 

( 113 ) അവർ പറയും : ഒരു ദിവസമോ ഒരു ദിവസത്തിന്റെ ഏതാനും സമയമോ ഞങ്ങൾ താമസിച്ചിട്ടുണ്ടാകും. എണ്ണി കണക്കാക്കിയവരോട്  ചോദിക്കുക.... 

( 114 ) അവർ പറയും  : നിങ്ങൾ ഭൂമിയിൽ കുറച്ചുകാലം മാത്രമാണ് താമസിച്ചത്. നിങ്ങൾ അറിവുള്ളവരായിരുന്നെങ്കിൽ 
( ഈ ദുസ്ഥിയിൽ എത്തുമായിരുന്നില്ല )......


( 115 ) അപ്പോൾ നിങ്ങളെ യാതൊരു ലക്ഷ്യവുമില്ലാതെ വെറുതെ സൃഷ്ടിച്ചതാണെന്നും, നിങ്ങൾ നമ്മുടെ അടുത്തേക്ക് മടക്കപ്പെടുകയില്ലെന്നും
 നിങ്ങൾ കരുതിയിരിക്കുന്നുവോ   ? ( 116 ) എന്നാൽ യഥാർത്ഥ രാജാവായ അള്ളാഹു അത്യുന്നതനായിരിക്കുന്നു. അവനല്ലാതെ ഒരു ദൈവവുമില്ല. അവൻ ആദരണീയമായ അർശിന്റെ  നാഥനാണ്....


( 117 ) അല്ലാഹുവിനോടൊപ്പം മറ്റൊരു ദൈവത്തിനെ  ആരെയെങ്കിലും ആരാധിക്കുകയാണെങ്കിൽ- അതിന്നവനു യാതൊരു രേഖയുമില്ല തന്നെ- അവന്റെ വിചാരണ അവന്റെ നാഥന്റെ പക്കലാണ്. സത്യനിഷേധികൾ വിജയിക്കുകയില്ല തന്നെ.... 

( 118 )( നബിയേ) താങ്കൾ പറയുക. എന്റെ നാഥാ, നീ പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്യേണമേ. നീ കരുണ ചെയ്യുന്നവരിൽ ഏറ്റവും ഉത്തമനാണല്ലോ...... 

അഭിപ്രായങ്ങള്‍