23- sura th Al muhminoon 60-89

അദ്ധ്യായം-23
സൂറത്തുൽ മുഹ്മിനൂൻ 
 അവതരണം-മക്ക 
 സൂക്തങ്ങൾ-118
 60 മുതൽ 89 വരെയുള്ള വചനങ്ങളുടെ അർത്ഥം.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....

( 60 ) കൊടുക്കുന്നത് എന്തും തങ്ങളുടെ നാഥങ്കലേക്കു തങ്ങൾ മടങ്ങി ചെല്ലുന്നവരാണ് എന്ന് ഓർത്ത് ഹൃദയങ്ങൾ ഭയന്നു കൊണ്ട് കൊടുക്കുന്നവരും ആരോ... 

( 61 ) അവർ നല്ല കാര്യങ്ങൾക്ക് ധൃതി കൂട്ടുന്നു. അവർ അതിലേക്ക് മറ്റുള്ളവരേക്കാൾ മുന്നിൽ കടന്നുചെല്ലുന്നവരാണ്... 


( 62 ) ഒരു മനുഷ്യനോടും അവന് സാധിക്കുന്നത് അല്ലാതെ നാം കൽപ്പിക്കുകയില്ല. സത്യം തുറന്നു പറയുന്ന ഒരു ഗ്രന്ഥം നമ്മുടെ പക്കലുണ്ട്. അവരോട് തീരെ അനീതി ചെയ്യപ്പെടുകയില്ല.. 

( 63 ) പക്ഷേ അവരുടെ
( സത്യനിഷേധികളുടെ ) ഹൃദയങ്ങൾ ഇതിനെക്കുറിച്ച്
 ശ്രദ്ധയില്ലാത്തവരാകുന്നു. അവർക്ക് അതല്ലാത്ത ചില പ്രവർത്തികൾ ആണുള്ളത്. 
 അത് അവർ ചെയ്തു കൊണ്ടിരിക്കുന്നവരാണ്.. 

( 64 ) അങ്ങനെ അവരിലുള്ള സുഖലോലുപരെ ശിക്ഷ മുഖേന നാം പിടികൂടിയാൽ അന്നേരം അതാ  അവർ നിലവിളിക്കുന്നു.... 

( 65 )( അപ്പോൾ അവരോട് പറയപ്പെടും ) ഇന്ന് നിങ്ങൾ നിലവിളിക്കേണ്ട. 
തീർച്ചയായും നിങ്ങൾക്ക് നമ്മിൽ നിന്ന് യാതൊരു സഹായവും നൽകപ്പെടുകയില്ല..... 

( 66 ) എന്റെ  വചനങ്ങൾ നിങ്ങൾക്ക് ഓതി കേൾപ്പിക്കപ്പെടുക തന്നെ ചെയ്തിരുന്നു. അപ്പോൾ നിങ്ങൾ പിന്മാറി പോയി കളയുകയാണ് ചെയ്തിരുന്നത്... 

( 67 ) നിങ്ങൾ അഹങ്കരിക്കുന്നവരായും ഖുർആനെ സംബന്ധിച്ച് ഇല്ലാത്ത കഥ പറയുന്നവരായും നിരർത്ഥക വർത്തമാനം പറയുന്നവരായും കൊണ്ടാണ് നിങ്ങൾ
( പിന്മാറി പോയിരുന്നത് )..... 

( 68 ) അവർ (ഖുർആൻ )വാക്യങ്ങൾ ചിന്തിക്കുന്നില്ലേ   ? 
 അതോ തങ്ങളുടെ പൂർവ്വപിതാക്കൾക്ക് വന്നിട്ടില്ലാത്തത്  അവർക്ക് വന്നിരിക്കുകയാണോ  ? 

( 69 ) അതോ തങ്ങളുടെ റസൂലിനെ അവർ
( ശരിക്ക് ) മനസ്സിലാക്കിയിട്ടില്ലേ  ? 
 അക്കാരണത്താൽ അവർ അദ്ദേഹത്തെ നിഷേധിക്കുന്നവരാണോ  ? 

( 70 ) അതല്ലെങ്കിൽ നബിക്ക് ഭ്രാന്ത് ഉണ്ടെന്ന് അവർ പറയുന്നുണ്ടോ  ? 
 എന്നാൽ വാസ്തവത്തിൽ അദ്ദേഹം അവരുടെ അടുത്ത് സത്യവും കൊണ്ടാണ് വന്നിരിക്കുന്നത്. അവരിൽ അധികപേരും സത്യത്തെ വെറുക്കുന്നവരാണ്... 

( 71 ) സത്യം അവരുടെ ഇച്ഛകളെ പിന്തുടർന്നിരുന്നെങ്കിൽ ആകാശ ഭൂമികളും അവയിൽ ഉള്ളവരെല്ലാം കുഴപ്പത്തിലായി പോകുമായിരുന്നു. പക്ഷേ നാം അവരുടെ അടുത്ത് അവർക്കുള്ള ഉപദേശം
( ഖുർആൻ ) കൊണ്ടുചെന്നു. 
 അപ്പോൾ തങ്ങളുടെ ഉപദേശത്തെ വിട്ട് അവരതാ  പിന്മാറി പോകുന്നു....... 


( 72 ) അഥവാ താങ്കൾ അവരോട് എന്തെങ്കിലും പ്രതിഫലം ചോദിക്കുന്നുണ്ടോ ? 
 എന്നാൽ താങ്കളുടെ രക്ഷിതാവിങ്കൽ നിന്നുള്ള പ്രതിഫലമാണ് ഏറ്റവും ഉത്തമം. അവൻ പ്രതിഫലം നൽകുന്നവരിൽ ഏറ്റവും  ഉത്തമനാണ്.... 

( 73 ) തീർച്ചയായും താങ്കൾ അവരെ നേരായ മാർഗ്ഗത്തിലേക്കാണ്  ക്ഷണിക്കുന്നത്... 

( 74 ) പരലോകത്തിൽ  വിശ്വസിക്കാത്തവരാകട്ടെ തീർച്ചയായും നേർമാർഗത്തിൽ നിന്നും തെറ്റി പോകുന്നവർ തന്നെയാണ്... 

( 75 ) നാം അവർക്ക് കരുണ ചെയ്യുകയും അവരിലുള്ള വിഷമം അകറ്റി കൊടുക്കുകയും ചെയ്താൽ അവർ തങ്ങളുടെ ധിക്കാരത്തിൽ
അന്ധതയോടെ വിഹരിക്കുന്നവരായി 
ചുറ്റിത്തിരിയുന്നതാണ്..... 

( 76 ) നാം അവരെ ശിക്ഷയുമായി പിടികൂടുകയുണ്ടായി. എന്നിട്ടവര്‍ തങ്ങളുടെ രക്ഷിതാവിന്‌ കീഴൊതുങ്ങുകയോ അവനോട് സങ്കടം ബോധിപ്പിക്കുകയോ  ചെയ്തില്ല..... 


( 77 ) അങ്ങനെ കഠിനശിക്ഷയുടെ ഒരു കവാടം നാം അവർക്ക് തുറന്നു കൊടുത്തപ്പോൾ അന്നേരം അവരതാ നിരാശരായിപ്പോകുന്നു..... 

( 78 ) അവനാണ് നിങ്ങൾക്ക് കാതുകളും കണ്ണുകളും ഹൃദയങ്ങളും സൃഷ്ടിച്ചു തന്നത്. നിങ്ങൾ കുറച്ച് മാത്രമേ നന്ദി ചെയ്യുന്നുള്ളൂ.... 

( 79 ) നിങ്ങളെ ഭൂമിയിൽ സൃഷ്ടിച്ചാക്കിയതും  അവൻ തന്നെ. 
 അവങ്കലേക്ക് തന്നെ നിങ്ങൾ ഒരുമിച്ച് കൂട്ടപ്പെടുകയും  ചെയ്യും.... 


( 80 ) അവൻ തന്നെയാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവൻ. 
 രാവും പകലും വ്യത്യാസപ്പെടുന്നതും അവന്റെ കൽപ്പനയനുസരിച്ചാണ്. എന്നിട്ട് ഇതിനെക്കുറിച്ചൊന്നും നിങ്ങൾ ചിന്തിക്കുന്നില്ലേ    ? 

( 81 ) എന്നാൽ പൂർവ്വീകന്മാർ പറഞ്ഞിരുന്നതുപോലെ ഇവരും
( മക്കക്കാരും ) പറയുകയാണ്... 

( 82 ) പൂർവികന്മാർ പറഞ്ഞു : ഞങ്ങൾ മരിച്ച് മണ്ണും എല്ലുമായി കഴിഞ്ഞാൽ ഞങ്ങൾ ജീവിപ്പിക്കപ്പെടുന്നവരാണോ  ? 

( 83 )( മക്കക്കാർ പറഞ്ഞു ) ഞങ്ങളോടും ഇതിനു മുൻപ് ഞങ്ങളുടെ പിതാക്കളോടും ഇത് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് പൂർവ്വീകരുടെ പഴങ്കഥകൾ മാത്രമാണ്....

( 84 ) താങ്കൾ ചോദിക്കുക. ഭൂമിയും അതിലുള്ളവരും ആർക്കുള്ളതാണ്    ? 
 നിങ്ങൾ അറിവുള്ളവരാണെങ്കിൽ
( പറയുക )..... 

( 85 ) അല്ലാഹുവിനുള്ളതാണ് എന്ന് അവർ പറയും. താങ്കൾ ചോദിക്കുക. എന്നിട്ട് നിങ്ങൾ ചിന്തിക്കുന്നില്ലേ. ? 

( 86 ) 7 ആകാശങ്ങളുടെയും മഹത്തായ സിംഹാസനത്തിന്റെയും 
( അർശിന്റെയും ) നാഥൻ ആരാണ് എന്ന്  താങ്കൾ ചോദിക്കുക... 

( 87 ) അതെല്ലാം അല്ലാഹുവിനുള്ളതാണ് എന്ന് അവർ പറയും. എന്നാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ   ? 

( 88 ) എല്ലാ വസ്തുക്കളുടെയും ആധിപത്യം കൈവശം വെച്ചവനും അവൻ എല്ലാവരെയും സഹായിക്കുകയും അവനെതിരെ സഹായിക്കപ്പെടാതിരിക്കുകയും ചെയ്യുന്നവനും ആരാണ്   ? 
 നിങ്ങൾ അറിവുള്ളവരാണെങ്കിൽ
( പറയുക ) എന്ന് താങ്കൾ പറയുക... 

( 89 ) അതും  അല്ലാഹുവിനുള്ളതാണ് എന്നവർ പറയും. ചോദിക്കുക. എങ്കിൽ പിന്നെ നിങ്ങൾ എങ്ങനെയാണ് വഞ്ചിതരായി പോകുന്നത്   ? 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam