21-Sura th Al Ambiyaah -36-72
അദ്ധ്യായം-21
സൂറത്തുൽ അമ്പിയാഹ്
അവതരണം -മക്ക
സൂക്തങ്ങൾ -112
( ഞാൻ ആരംഭിക്കുന്നു )....
( 36 ) ഇവനാണോ നിങ്ങളുടെ ദൈവങ്ങളെ കുറ്റം പറയുന്നവൻ എന്ന് പറഞ്ഞ് സത്യനിഷേധികൾ താങ്കളെ കണ്ടാൽ പരിഹസിക്കുക തന്നെ ചെയ്യുന്നു. അവരാകട്ടെ കരുണാനിധിയായ അല്ലാഹുവിന്റെ ഉൽബോധത്തെ നിഷേധിക്കുന്നവരുമാണ്...
( 37 ) മനുഷ്യൻ ധൃതി കൂട്ടുന്നവനായിട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എന്റെ ദൃഷ്ടാന്തങ്ങൾ പിന്നീട് ഞാൻ നിങ്ങൾക്ക് കാണിച്ചു തരും.
അതിനാൽ എന്നോട് നിങ്ങൾ ധൃതി കൂട്ടരുത്....
( 38 ) നിങ്ങൾ സത്യവാദികൾ ആണെങ്കിൽ ആ താക്കീത് എപ്പോഴാണ് ഉണ്ടാവുക എന്ന് അവർ ചോദിക്കുന്നു.....
( 39 ) തങ്ങളുടെ മുഖങ്ങളിൽ നിന്നോ മുതുകളിൽ നിന്നോ നരകാഗ്നിയെ തടയാൻ കഴിയാതെ വരികയും, തങ്ങൾ സഹായിക്കപ്പെടാതെ ഇരിക്കുകയും ചെയ്യുന്ന സന്ദർഭത്തെ കുറിച്ച് സത്യനിഷേധികൾ അറിഞ്ഞിരുന്നെങ്കിൽ
( അവരങ്ങനെ ധൃതികൂട്ടുകയില്ലായിരുന്നു )....
( 40 ) എന്നാൽ അത് അവർക്ക് പെട്ടെന്നാണ് വന്നെത്തുക. തന്നിമിത്തം അത് അവരെ അമ്പരപ്പിച്ചു കളയും. അതിനെ തടുക്കാൻ അവർക്ക് കഴിയുകയില്ല. അവർക്ക് ഇട നൽകപ്പെടുകയുമില്ല.....
( 41 )( നബിയെ )താങ്കൾക്ക് മുൻപും പല ദൂതന്മാരും പരിഹസിക്കപ്പെട്ടിട്ടുണ്ട്.
അത് മൂലം ആ പരിഹാസകരിൽ തന്നെ, അവർ ഏതൊന്നിനെ കുറിച്ച് പരിഹസിച്ചിരുന്നുവോ അത്
( ശിക്ഷ )വന്നെത്തി.....
( 42 ) താങ്കൾ ചോദിക്കുക. കരുണാനിധിയായ അല്ലാഹുവല്ലാതെ രാവിലും പകലിലും നിങ്ങളെ കാത്തു രക്ഷിക്കുന്നത് ആരാണ് ? എന്നാൽ അവർ തങ്ങളുടെ നാഥനെ ഓർക്കുന്നതിൽ നിന്നും പിന്തിരിഞ്ഞു കളയുകയാണ്....
( 43 ) അഥവാ നമ്മെ കൂടാതെ അവരെ രക്ഷിക്കുന്ന വല്ല ദൈവങ്ങളും അവർക്കുണ്ടോ ആ ദൈവങ്ങൾക്ക് തങ്ങളെ തന്നെ സഹായിക്കാൻ കഴിയില്ല. നമ്മിൽ നിന്ന് അവർ സഹായിക്കപ്പെടുകയുമില്ല...
( 44 ) പക്ഷേ ഈ വർക്കും ഇവരുടെ പൂർവികർക്കും നാം ജീവിത വിഭവങ്ങൾ നൽകി. അങ്ങനെ അവർക്ക് ആയുസ്സ് ദീർഘിച്ചു.
എന്നാൽ ഭൂമിയെ അതിന്റെ നാനാ വശങ്ങളിൽ നിന്നും, നാം ചുരുക്കി കൊണ്ടുവരുന്നത് ഇവർ കാണുന്നില്ലേ? അപ്പോൾ ഇവർ വിജയികളാണോ ?
( 45 )( നബിയെ )താങ്കൾ പറയുക. അല്ലാഹുവിങ്കൽ നിന്നുള്ള സന്ദേശം മൂലം തന്നെയാണ് ഞാൻ നിങ്ങളെ താക്കീത് ചെയ്യുന്നത്.( പക്ഷേ ) ബധിരരെ വിളിച്ച് താക്കീത് ചെയ്യുമ്പോൾ അവരാ വിളി കേൾക്കുകയില്ലല്ലോ....
( 46 ) തീർച്ചയായും താങ്കളുടെ നാഥന്റെ ശിക്ഷയിൽനിന്ന് ഒരംശം അവരെ സ്പർശിച്ചു കഴിഞ്ഞാൽ "ഹാ ഞങ്ങളുടെ നാശം !തീർച്ചയായും ഞങ്ങൾ അക്രമികളായി തീർന്നല്ലോ "എന്ന് അവർ പറയുക തന്നെ ചെയ്യും.....
( 47 ) അന്ത്യനാളിൽ നീതിപൂർവ്വകമായ തുലാസ് നാം ഹാജരാക്കും. അപ്പോൾ ഒരാളും ഒട്ടും ദ്രോഹിക്കപ്പെടുകയില്ല.
മനുഷ്യന്റെ കർമ്മം ഒരു കടുകുമണി തൂക്കം ആയിരുന്നാലും അത് നാം കൊണ്ടുവരുന്നതാണ്. കണക്കാക്കാൻ നാം തന്നെ മതി...
( 48 ) തീർച്ചയായും മൂസാക്കും ഹാറൂനും നാം സത്യാസത്യങ്ങളെ വേർതിരിക്കുന്ന ഗ്രന്ഥവും പ്രകാശവും ഭക്തിയുള്ളവർക്ക് ഉൽബോധനവും നൽകിയിട്ടുണ്ട്.....
( 49 ) തങ്ങളുടെ നാഥനെ നേരിട്ട് കാണാതെ തന്നെ ഭയപ്പെടുന്നവരാണവർ.
അന്ത്യ നാളിനെ കുറിച്ചും ഭയമുള്ളവരാണവർ....
( 50 ) ഇത് ( ഖുർആൻ )നാം അവതരിപ്പിച്ച അനുഗ്രഹീതമായ ഒരു ഉൽബോധനമാകുന്നു.
എന്നിട്ടും ഇതിനെ നിങ്ങൾ നിഷേധിക്കുകയാണോ ?
( 51 ) തീർച്ചയായും ഇബ്റാഹീം ( അ )
ന് നബിയോട് യോജിച്ച സന്മാർഗബോധം അതിന് മുൻപ് തന്നെ നാം നൽകിയിരുന്നു. നബിയെ സംബന്ധിച്ച് നമുക്ക് അറിവുണ്ടായിരുന്നു....
( 52 ) ഹസ്രത്ത് ഇബ്റാഹീം തന്റെ പിതാവിനോടും ജനതയോടും ചോദിച്ച സന്ദർഭം( ഓർക്കുക ) നിങ്ങൾ ഭജനമിരിക്കുന്ന ഈ വിഗ്രഹങ്ങൾ എന്താകുന്നു ?
( 53 ) അവർ പറഞ്ഞു : ഞങ്ങളുടെ പിതാക്കൾ ഇവയെ ആരാധിക്കുന്നതായാണു ഞങ്ങൾ കണ്ടത്....
( 54 ) നബി പറഞ്ഞു : നിങ്ങളും നിങ്ങളുടെ പിതാക്കളും വ്യക്തമായ ദുർമാർഗത്തിൽ തന്നെയാണ്...
( 55 ) അവർ ചോദിച്ചു : നീ ഞങ്ങളുടെ അടുത്ത് സത്യവും കൊണ്ടുവന്നതാണോ?
അതോ നീ തമാശക്കാരിൽ പെട്ടവനോ ?
( 56 ) ഇബ്റാഹീം നബി പറഞ്ഞു : തമാശയല്ല. ആകാശഭൂമികളെ സൃഷ്ടിച്ചു അവയെ സംരക്ഷിച്ച് പോരുന്നവനാണ് നിങ്ങളുടെ നാഥൻ. ഞാൻ അതിനു സാക്ഷ്യം വഹിക്കുന്നവരിൽ പ്പെട്ടവനുമാണ്....
( 57 ) അല്ലാഹുവിനെ തന്നെയാണ് സത്യം, നിങ്ങൾ പിരിഞ്ഞു പോയതിനു ശേഷം നിങ്ങളുടെ വിഗ്രഹങ്ങളെ നശിപ്പിക്കാൻ ഞാൻ ശ്രമിക്കുന്നതാണ്...
( 58 ) അങ്ങനെ അവരുടെ ഒരു വലിയ വിഗ്രഹം മാറ്റിനിർത്തി മറ്റെല്ലാം നബി കഷണങ്ങളാക്കി. അവർ വലിയതിന്റെ അടുത്തേക്ക് മടങ്ങി ചെല്ലാൻ വേണ്ടിയാണ്
( അങ്ങനെ ചെയ്തത് )....
( 59 ) അവർ പറഞ്ഞു : നമ്മുടെ ദൈവങ്ങളെ കൊണ്ട് ആരാണ് ഇത് ചെയ്തത് ?
തീർച്ചയായും അവൻ അക്രമികളിൽപ്പെട്ടവർ തന്നെയാകുന്നു...
( 60 ) ചിലർ പറഞ്ഞു : ഇബ്റാഹീം എന്ന് പേരുള്ള ഒരു യുവാവ് ഈ ദൈവങ്ങളെ ആക്ഷേപിച്ചു പറയുന്നത് ഞങ്ങൾ കേട്ടിട്ടുണ്ട്...
( 61 ) അവർ പറഞ്ഞു : എന്നാൽ അവനെ ജനങ്ങളുടെ മുൻപാകെ കൊണ്ടുവരിക. അവൻ സാക്ഷി പറയേണ്ടതിനുവേണ്ടി...
( 62 ) അവർ ചോദിച്ചു : ഓ ഇബ്റാഹീം, നീയാണോ ഞങ്ങളുടെ ദൈവങ്ങളെ കൊണ്ട് ഇത് ചെയ്തത് ?
( 63 ) അദ്ദേഹം പറഞ്ഞു : എന്നാൽ അത് അവരിലുള്ള ഈ വലിയവൻ ചെയ്തതാണ്.
അവർ സംസാരിക്കും എങ്കിൽ അവരോട് തന്നെ ചോദിച്ചു കൊള്ളുക..
( 64 ) അപ്പോൾ അവർ ചിന്തിച്ചു : എന്നിട്ട് അവർ പറഞ്ഞു: തീർച്ചയായും നിങ്ങൾ അക്രമികൾ തന്നെയാണ്...
( 65 ) പിന്നീട് മുൻ സ്ഥിതിയിലേക്ക് തന്നെ അവർ മടക്കപ്പെട്ടു.
" ഈ ദൈവങ്ങൾക്ക് സംസാരിക്കാൻ കഴിയില്ല എന്ന് നിനക്ക് അറിയാമല്ലോ
( എന്ന് അവർ പറഞ്ഞു )....
( 66 ) അപ്പോൾ അല്ലാഹുവിന് പുറമെ ഒരുവിധ ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയാത്ത വസ്തുക്കൾക്ക് ആണോ നിങ്ങൾ ഇബാദത്ത് ചെയ്യുന്നത് ?
എന്ന് നബി ചോദിച്ചു..
( 67 ) നിങ്ങളും, അല്ലാഹുവിനു പുറമേ നിങ്ങൾ ഇബാദത്ത് ചെയ്യുന്ന വസ്തുക്കളും വളരെ മോശം തന്നെ.
നിങ്ങൾ ചിന്തിക്കുന്നില്ലേ ?
( 68 ) അവർ പറഞ്ഞു : നിങ്ങൾ വല്ല നടപടിയും എടുക്കുന്നുവെങ്കിൽ ഇവനെ ചുട്ടെരിക്കുകയും നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക....
( 69 ) നാം പറഞ്ഞു : ഓ അഗ്നിയെ, നീ ഇബ്റാഹിമിനു തണുപ്പും രക്ഷയും ആയിത്തീരുക.....
( 70 ) അവർ അദ്ദേഹത്തെക്കൊണ്ട് ഒരു കുതന്ത്രം ഉദ്ദേശിച്ചു. എന്നാൽ അവരെ തന്നെ ഏറ്റവും നഷ്ടപ്പെട്ടവരാക്കുകയാണ് നാം ചെയ്തത്....
( 71 ) നബി( ഇബ്റാഹീം )യെയും ലൂഥ് നബിയും ലോക ജനതക്ക് നാം അനുഗ്രഹം ചെയ്തു വെച്ച ഒരു ഭൂമിയിലേക്ക് നാം രക്ഷപ്പെടുത്തി കൊണ്ടുപോവുകയും ചെയ്തു....
( 72 )ഇബ്റാഹീം നബിക്കും നാം ഇസ്ഹാഖിനെയും, കൂടുതലായി യഹ്ഖൂബിനെയും ദാനമായി നൽകി.
അവരെയെല്ലാം നാം സദ്വൃത്തരാക്കുകയും ചെയ്തു.....