21-Sura th Al abiyaah -01-35

അദ്ധ്യായം-21
സൂറത്തുൽ അമ്പിയാഹ് 
 അവതരണം-മക്ക 
 സൂക്തങ്ങൾ-112
 ഒന്നുമുതൽ 35 വരെയുള്ള വചനങ്ങളുടെ അർത്ഥം. 

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ 
 ( ഞാൻ ആരംഭിക്കുന്നു )....

( 01 ) ജനങ്ങൾക്ക് അവരുടെ വിചാരണ ഇതാ അടുത്ത് കഴിഞ്ഞിരിക്കുന്നു. 
 അവരാകട്ടെ അതിനെക്കുറിച്ച് അശ്രദ്ധയിലായി തിരിഞ്ഞു കളയുന്നവരാണ്.. 

( 02 ) അവരുടെ നാഥന്റെ  പക്കൽനിന്ന് പുതിയതായി ഏതൊരു ഉൽബോധനം വന്നു കിട്ടുമ്പോഴും അവരത് വിനോദ ഭാവത്തിൽ മാത്രമാണ് കേൾക്കുന്നത്... 

( 03 ) അവരുടെ ഹൃദയങ്ങൾ അതിനെക്കുറിച്ച് ബോധരഹിതങ്ങളാണ്. 
 ഇയാൾ ( മുഹമ്മദ് നബി ) നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ തന്നെയല്ലേ : എന്നിട്ട് നിങ്ങൾ അറിഞ്ഞുകൊണ്ടുതന്നെ ആ കൺകെട്ട് വിദ്യയിൽ നിങ്ങൾ ചെന്നു ചാടുകയാണോ എന്നവർ- അക്രമകാരികൾ- പരസ്പരം രഹസ്യം പറയുന്നു..... 

( 04 )( നബി ) പറഞ്ഞു : എന്റെ നാഥൻ  ആകാശത്തും ഭൂമിയിലും വെച്ച് പറയുന്നതെല്ലാം അറിയുന്നുണ്ട്. അവൻ എല്ലാം കേൾക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു... 

( 05 ) അത്രയുമല്ല അവർ പറഞ്ഞു : 
( മുഹമ്മദ് പറയുന്നത്)
 ദുഃഖ സ്വപ്ന വൃത്താന്തങ്ങളാണ്. അതല്ലെങ്കിൽ സ്വയം കെട്ടിച്ചമച്ചുണ്ടാക്കിയതാണ്. 
 അതുമല്ല ഇയാൾ ഒരു കവിയാണ്. എന്നാൽ
( ഇയാൾ ഒരു പ്രവാചകൻ ആണെങ്കിൽ )
 മുൻ പ്രവാചകൻമാർ അയക്കപ്പെട്ടതുപോലെ
 ഇയാൾ നമുക്ക് ഒരു ദൃഷ്ടാന്തം കൊണ്ടുവരട്ടെ  ... 

( 06 ) ഇവർക്കു മുൻപ് നാം നശിപ്പിച്ചുകളഞ്ഞ ഒരു നാട്ടുകാരും( നമ്മുടെ ദൃഷ്ടാന്തം കണ്ടിട്ട് )
 അത് യഥാർത്ഥത്തിൽ വിശ്വസിച്ചിട്ടില്ല. എന്നിരിക്കെ ഇവർ വിശ്വസിക്കുമോ   ? 

( 07 )( നബിയേ ) താങ്കൾക്കു മുൻപും  പുരുഷന്മാരെ മാത്രമാണ് നാം ദൂതന്മാരായി അയച്ചിരുന്നത്. അവർക്ക് നാം നമ്മുടെ സന്ദേശം നൽകുന്നു. അതുകൊണ്ട്
( സത്യനിഷേധികളെ )
 നിങ്ങൾക്ക് ഇത് അറിയില്ലെങ്കിൽ അറിയുന്നവരോട് ചോദിച്ചു നോക്കൂ.... 

( 08 ) നാം അവരെ ഭക്ഷണം കഴിക്കാത്ത ശരീരങ്ങളാക്കിയിട്ടില്ല. 
 അവർ ഇവിടെ ശാശ്യതമായി  ജീവിച്ചിരുന്നിട്ടുമില്ല.... 


( 09 ) പിന്നീട് നമ്മുടെ വാഗ്ദാനം അവർക്ക് നാം സാക്ഷാൽക്കരിച്ചു  കൊടുത്തു. അങ്ങനെ അവരെയും നാം ഉദ്ദേശിച്ച  മറ്റുള്ളവരെയും നാം രക്ഷപ്പെടുത്തി. 
 അതിരുവിട്ട്  പ്രവർത്തിച്ചവരെ നാം നശിപ്പിക്കുകയും  ചെയ്തു.....

( 10 ) തീർച്ചയായും നിങ്ങളുടെ അടുത്തേക്ക് നാം ഒരു വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു. അതിൽ നിങ്ങൾക്കുള്ള ഉൽബോധനമുണ്ട്. 
 എന്നിട്ടും നിങ്ങൾ ചിന്തിക്കുന്നില്ലേ   ? 

( 11 ) അക്രമം പ്രവർത്തിച്ചുകൊണ്ടിരുന്ന എത്രയോ നാട്ടുകാരെ നാം ഉന്മൂലനം ചെയ്യുകയും, അതിനു ശേഷം മറ്റൊരു ജനതയെ നാം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.... 

( 12 ) അങ്ങനെ നമ്മുടെ ശിക്ഷ അനുഭവിച്ചറിഞ്ഞപ്പോൾ അവരതാ  അതിൽനിന്ന് കുതിച്ചോടിപ്പോകുന്നു..... 

( 13 )( അപ്പോൾ അവരോട് പറയപ്പെട്ടു )
 നിങ്ങൾ ഓടി പോകേണ്ട. നിങ്ങൾക്ക് നൽകപ്പെട്ടിരുന്ന സുഖസൗകര്യങ്ങളിലേക്കും ഭവനങ്ങളിലേക്കും നിങ്ങൾ മടങ്ങി കൊള്ളുക. 
 നിങ്ങൾ ചോദിക്കപ്പെട്ടേക്കാം..... 

( 14 ) അവർ പറഞ്ഞു, ഹാ ഞങ്ങളുടെ 
നാശം ! തീർച്ചയായും ഞങ്ങൾ അക്രമികൾ തന്നെയായിരുന്നു... 

( 15 ) അങ്ങനെ അവരെ നാം കൊയ്തെടുത്ത ധാന്യം പോലെയും കെട്ടടങ്ങിയ തീ
 പോലെയും ആക്കി കളയുന്നത് വരെ ആ വാക്ക് തന്നെ അവരുടെ 
( വിഫലമായ)
 നിലവിളിയായി കൊണ്ടിരുന്നു... 

( 16 )ആകാശത്തെയും ഭൂമിയെയും, അവ രണ്ടിനുമിടയിലുള്ളതിനെയും നാം കളിയായിക്കൊണ്ട്‌ സൃഷ്ടിച്ചതല്ല...... 

( 17 )ഒരു വിനോദമുണ്ടാക്കണമെന്നു 
  നാം ഉദ്ദേശിച്ചിരുന്നെങ്കിൽ നമ്മുടെ പക്കൽ നിന്ന് തന്നെ നാം അത്  ഉണ്ടാക്കുമായിരുന്നു. 
 നാം  അത് ചെയ്യുമായിരുന്നുങ്കിൽ...... 

( 18 ) എന്നാൽ നാം സത്യം കൊണ്ട് അസത്യത്തെ എറിയുന്നു. 
 അപ്പോൾ സത്യം അസത്യത്തെ തകർത്തുകളയും   . ഉടനെ അസത്യം അതാ ഒന്നുമല്ലാതായി പോകുന്നു. 
( സത്യനിഷേധികളേ ) നിങ്ങൾ (അല്ലാഹുവിനെ സംബന്ധിച്ച് )പറയുന്നത് മൂലം നിങ്ങൾക്ക് മഹാ നാശം..... 

( 19 ) ആകാശഭൂമികളിലുള്ളവരെല്ലാം അല്ലാഹുവിനുള്ളതാണ്. 
 തന്റെ അടുത്തുള്ളവർ  അവനെ ഇബാദത്ത് ചെയ്യുന്നതിനെപ്പറ്റി അഹങ്കരിക്കുകയുമില്ല. 
അവർ ക്ഷീണിതരായിപോവുകയുമില്ല.....  

( 20 ) അവർ രാവും പകലും അവന്റെ പരിശുദ്ധിയെ പ്രകീർത്തനം ചെയ്യുന്നു. അവർ തളരുകയില്ല... 

( 21 ) അതല്ല. മരിച്ചവരെ ജീവിപ്പിക്കുന്ന ചില ദൈവങ്ങളെ  ഭൂമിയിൽനിന്നും അവർ ഉണ്ടാക്കി വെച്ചിട്ടുണ്ടോ   ? 

( 22 ) ആകാശഭൂമികളിൽ  അല്ലാഹുവല്ലാതെ മറ്റു ദൈവങ്ങൾ  ഉണ്ടായിരുന്നെങ്കിൽ അവ രണ്ടും നശിച്ചുപോകുമായിരുന്നു. 
 അപ്പോൾ അർശിന്റെ  നാഥനായ അല്ലാഹു അവർ പറയുന്നതിൽ നിന്നെല്ലാം എത്രയോ പരിശുദ്ധൻ.....

( 23 ) അവൻ  ചെയ്യുന്നതിനെപ്പറ്റി അവനോട് ചോദിക്കപ്പെടുകയില്ല. 
( അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി )
 അവർ ചോദ്യം ചെയ്യപ്പെടുന്നതാണ്....

( 24 ) അതല്ല,  അവനു  പുറമേ അവർ  ചില ദൈവങ്ങളെ സ്ഥാപിച്ചിരിക്കുകയാണോ ? താങ്കൾ പറയുക. ( അങ്ങനെയാണെങ്കിൽ )
 നിങ്ങളുടെ തെളിവുകൾ കൊണ്ടുവരിക.
 ഇതാ എന്റെ കൂടെയുള്ളവരുടെ വേദവും
 എന്റെ മുൻപ് ഉള്ളവരുടെ വേദവും. 
 എന്നാൽ അവരിൽ അധികപേരും സത്യം ഗ്രഹിക്കുന്നില്ല. തന്നിമിത്തം അവർ പിന്തിരിഞ്ഞു കളയുന്നവരാകുന്നു..... 

( 25 )( ഓ നബീ ) തീർച്ചയായും നാം  അല്ലാതെ വേറെ ഒരു ദൈവവുമില്ല. അതുകൊണ്ട് എനിക്ക് നിങ്ങൾക്ക് ഇബാദത്ത് ചെയ്യുക. എന്ന സന്ദേശം അറിയിക്കാതെ താങ്കൾക്കു മുൻപ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല...

( 26 ) കരുണാനിധിയായ അല്ലാഹു സന്താനത്തെ സ്വീകരിച്ചുവെന്ന് അവർ പറയുന്നു. അവൻ
( അതിൽനിന്നും ) പരിശുദ്ധനായിരിക്കുന്നു.
 എന്നാൽ അവർ
( മലക്കുകൾ )ആദരണീയമായ ദാസന്മാരാകുന്നു....

( 27 ) അവനെ മുൻ കടന്ന് അവർ സംസാരിക്കുകയില്ല. അവന്റെ കല്പനയനുസരിച്ച് മാത്രമേ അവർ പ്രവർത്തിക്കുകയുള്ളൂ....

( 28 ) അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവൻ അറിയുന്നു. അവൻ തൃപ്തിപ്പെട്ടവർക്ക്  വേണ്ടിയല്ലാതെ അവർ  ശുപാർശ പറയുകയില്ല.
 അവനോടുള്ള ബഹുമാന ഭയത്താൽ അവർ പേടിച്ചു കൊണ്ടിരിക്കുന്നവരാണ്..

( 29 ) ഞാൻ അള്ളാഹുവിനെ പുറമേ ഒരു ദൈവമാണ് എന്ന് അവരിൽ ആരെങ്കിലും പറയുകയാണെങ്കിൽ അവന് നാം നരകത്തെ പ്രതിഫലം കൊടുക്കും. അപ്രകാരമാണ് അക്രമികൾക്ക് നാം പ്രതിഫലം കൊടുക്കുക.....

( 30 ) സത്യനിഷേധികൾ അറിഞ്ഞിട്ടില്ലേ, തീർച്ചയായും ആകാശങ്ങളും ഭൂമിയും അടഞ്ഞു നിൽക്കുന്നതായിരുന്നു. എന്നിട്ട് അവ രണ്ടിനെയും നാം പിളർത്തി. വെള്ളത്തിൽ നിന്ന് എല്ലാ ജീവനുള്ള വസ്തുക്കളെയും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവർ 
വിശ്വസിക്കുന്നില്ലേ ? 

( 31 ) ഭൂമി മനുഷ്യരെയും കൊണ്ട് ചെരിഞ്ഞു  പോകാതിരിക്കാൻ വേണ്ടി അതിൽ നാം ചില ഉറച്ച പർവ്വതങ്ങളെ സ്ഥാപിച്ചു.
 അവർ തങ്ങളുടെ ഉദ്ധിഷ്ഠ ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ വേണ്ടി അതിൽ വിശാലമായ പലവഴികൾ നാം ഏർപ്പെടുത്തുകയും ചെയ്തു...

( 32 ) ആകാശത്തെ സുരക്ഷിതമായ ഒരു മേല്പുര ( പോലെ) നാം ആക്കി.
 എന്നാൽ ഇവരാകട്ടെ, അതിലെ ദൃഷ്ടാന്തങ്ങളിൽ നിന്നും പിന്തിരിഞ്ഞു കളയുന്നവരാണ്...

( 33 ) രാത്രിയെയും പകലിനെയും സൂര്യനെയും ചന്ദ്രനേയും സൃഷ്ടിച്ചത് അവനാണ്. അവ ഓരോന്നും അതിന്റെ ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു....

( 34 )( നബിയേ) താങ്കളുടെ മുൻപ് ഒരു മനുഷ്യനും( ഇഹലോകത്ത് )ശാശ്യത ജീവിതം നാം നൽകിയിട്ടില്ല. എന്നിരിക്കെ താങ്കൾ മരണമടഞ്ഞിട്ടുണ്ട് അവർ എന്നെന്നും ജീവിക്കുമോ   ? 

( 35 ) എല്ലാ ഓരോ മനുഷ്യരും മരണം ആസ്വദിക്കുന്നതാണ്. തിന്മ കൊണ്ടും നന്മ കൊണ്ടും നിങ്ങളെ നാം പരീക്ഷിക്കുകയും
( ഒടുവിൽ ) നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യും...

അഭിപ്രായങ്ങള്‍