20-Surathu Twaha -65-97

അധ്യായം -20
സൂറത്തു ത്വഹാ 
അവതരണം -മക്ക 
സൂക്തങ്ങൾ -135
67മുതൽ 97 വരെയുള്ള വചനങ്ങളുടെ അർത്ഥം. 


പരമകാരുണികനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തിൽ
 ( ഞാൻ ആരംഭിക്കുന്നു )....

( 65 ) അവർ പറഞ്ഞു : ഓ മൂസാ.ഒന്നുങ്കിൽ  നീ ( ആദ്യം) ഇടുക.
അല്ലെങ്കിൽ ആദ്യമായി ഇടുന്നത് ഞങ്ങളാകാം..... 


 ( 66 ) അദ്ദേഹം പറഞ്ഞു : എന്നാൽ നിങ്ങൾ ഇടുക. ( അങ്ങനെ അവർ ഇട്ടു ) അപ്പോഴതാ അവരുടെ കയറുകളും, വടികളും- ജാലവിദ്യ മൂലം - ഓടുക തന്നെ ചെയ്യുന്നുണ്ടെന്ന് അദ്ദേഹത്തിന് തോന്നി പോകുന്നു....

( 67 ) അപ്പോൾ മൂസാ നബിക്കും  മനസ്സിൽ ഭയം തോന്നി.....

( 68 ) നാം പറഞ്ഞു : താങ്കൾ പേടിക്കണ്ട, തീർച്ചയായും താങ്കൾ തന്നെയാണ് വിജയിക്കുക....

( 69 ) താങ്കളുടെ വലുത് കൈയിലുള്ള വടി താഴെ ഇടുക.
അവർ പ്രവർത്തിച്ചുണ്ടാക്കിയതെല്ലാം അത് വിഴുങ്ങി കൊള്ളും.
അവർ ഉണ്ടാക്കിയത് എല്ലാം ജാലവിദ്യ ക്കാരുടെ തന്ത്രം മാത്രമാണ്. ജാലവിദ്യക്കാരൻ എവിടെ ചെന്നാലും വിജയിക്കുകയില്ല....

( 70 ) ഉടനെ ആ ജാലവിദ്യക്കാർ സാഷ്ടാംഗം  ചെയ്യുന്നവരായി നിരത്തി വീണു.
 അവർ പറഞ്ഞു ഞങ്ങൾ ഹാറൂൻ  നബിയുടെയും മൂസാ  നബിയുടെയും നാഥനിൽ വിശ്വസിച്ചിരിക്കുന്നു.... 

( 71 ) അവൻ  പറഞ്ഞു : ഞാൻ അനുവാദം തരുന്നതിനു മുൻപ് നിങ്ങൾ മൂസായെ വിശ്വസിച്ചുവോ  ? 
 അവൻ നിങ്ങൾക്ക് ജാലവിദ്യ പഠിപ്പിച്ചുതന്ന നേതാവ് തന്നെയാണ്.. 
 അതുകൊണ്ട് നിങ്ങളുടെ കൈകളും കാലുകളും വ്യത്യസ്ത നിലയിൽ ഞാൻ മുറിച്ചുകളയുകയും, ഈത്തപ്പനത്തടികളിൽ  നിങ്ങളെ ഞാൻ ക്രൂശിക്കുകയും ചെയ്യും.
 ഞങ്ങളിൽ ആരാണ് ഏറ്റവും കഠിനവും ഏറ്റവും നീണ്ടുനിൽക്കുന്നതുമായ ശിക്ഷ നൽകുക എന്ന് തീർച്ചയായും നിങ്ങൾ അറിയുന്നതാണ്....

( 72 ) അവർ പറഞ്ഞു  : ഞങ്ങൾക്ക് വന്നുകിട്ടിയ വ്യക്തമായ തെളിവുകളേയും, ഞങ്ങളെ സൃഷ്ടിച്ച അല്ലാഹുവിനെക്കാൾ നിനക്ക് ഞങ്ങൾ ഒട്ടും മുൻഗണന നൽകുകയില്ല.
 അതിനാൽ നീ വിധിക്കുന്നത് എന്തോ   അത് വിധിച്ചുകൊള്ളുക .
 ഈ ഐഹികജീവിതത്തിൽ മാത്രമാണ് നീ വിധിക്കുക ( എന്ന് ഞങ്ങൾക്കറിയാം )....

( 73 ) ഞങ്ങളുടെ തെറ്റുകളും നീ നിർബന്ധിച്ച് ചെയ്യിച്ച ജാലവ്യത്തിയും പൊറുത്തു തരാൻ വേണ്ടി ഞങ്ങളുടെ നാഥങ്കൽ  തീർച്ചയായും
 ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു.
 അല്ലാഹു ഏറ്റവും ഉത്തമനും
 എന്നെന്നും ശേഷിക്കുന്നവനുമാകുന്നു..... 

( 74 ) ആരെങ്കിലും തന്റെ നാഥങ്കലേക്കു കുറ്റവാളിയായി ചെന്നാൽ തീർച്ചയായും അവനു നരകം  തന്നെയാണ് ലഭിക്കുക.
 അതിൽ അവൻ മരിക്കുകയില്ല ജീവിക്കുകയുമില്ല.... 

( 75 ) ആരെങ്കിലും തന്റെ നാഥന്റെ  അടുത്ത്  സൽക്കർമ്മങ്ങൾ ചെയ്തു സത്യവിശ്വാസിയായിക്കൊണ്ട് ചെന്നാൽ അവർക്ക് തന്നെയാണ് അത്യുന്നതമായ പദവികൾ.... 

( 76 ) അതായത് താഴ്ഭാഗത്തുകൂടി നദികൾ ഒഴുകുന്ന സ്ഥിരവാസത്തിന്റെ  സ്വർഗ്ഗങ്ങൾ, അതിൽ അവർ സ്ഥിരവാസികളാണ്. പരിശുദ്ധി നേടിയവർക്കുള്ള പ്രതിഫലമാണത്.... 

( 77 ) എന്റെ അടിമകളെയും കൊണ്ട് താങ്കൾ 
( ഈജിപ്തിൽനിന്ന് ) രാത്രി സമയത്ത് പോവുക.
എന്നിട്ട് ശത്രുക്കൾ പിടിക്കുമോ എന്നും, വെള്ളത്തിൽ മുങ്ങി പോകുമോ എന്നും ഭയപ്പെടാത്ത നിലയിൽ സമുദ്രത്തിൽ ഉണങ്ങിയ ഒരു വഴി അവർക്ക് താങ്കൾ ഏർപ്പെടുത്തി കൊടുക്കുക എന്നും മൂസാനബിക്ക് നാം വഹിയ്യ് നൽകുക തന്നെ ചെയ്തു...

( 78 ) എന്നിട്ട് ഫിർഔൻ തന്റെ സൈന്യങ്ങളെയും കൂട്ടി അവരെ പിന്തുടർന്നു. അപ്പോൾ സമുദ്രത്തിൽനിന്ന് അവരെ മൂടിക്കളഞ്ഞതെല്ലാം മൂടിക്കളഞ്ഞു.. 

( 79 ) ഫിർഔൻ തന്റെ ജനതയെ വഴിതെറ്റിച്ചു. അവർക്ക് സന്മാർഗം കാണിച്ചു കൊടുത്തില്ല... 


( 80 )ഇസ്റാഈൽ സന്തതികളെ, തീർച്ചയായും നിങ്ങളെ നിങ്ങളുടെ ശത്രുവിൽ നിന്ന് നാം രക്ഷപ്പെടുത്തി. 
 സീനാ  പർവ്വതത്തിന്റെ  വലതുഭാഗം നിങ്ങൾക്ക് നാം വാഗ്ദാനം ചെയ്യുകയും
മന്നായും സാൽവയും നിങ്ങൾക്ക് നാം ഇറക്കി തരികയും ചെയ്തു... 

( 81 )( എന്നിട്ട് നാം നിങ്ങളോട് പറഞ്ഞു )
 നിങ്ങൾക്ക് നാം നൽകിയ നല്ല ആഹാരത്തിൽ നിന്നും ഭക്ഷിച്ചുകൊള്ളുക. അതിൽ നിങ്ങൾ അതിക്രമം കാണിക്കരുത്. 
 അങ്ങനെ ചെയ്യുന്നപക്ഷം എന്റെ കോപം നിങ്ങളുടെമേൽ ഇറങ്ങും. 
 എന്റെ കോപം ആരുടെമേൽ ഇറങ്ങുന്നുവോ
 അവൻ( നരകത്തിൽ )
 വീണുപോയതു  തന്നെ...... 

( 82 ) പശ്ചാത്തപിക്കുകയും, സത്യവിശ്വാസം സ്വീകരിക്കുകയും സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും, അങ്ങനെ നേർമാർഗത്തിലൂടെ തുടരുകയും ചെയ്യുന്നവർക്ക് തീർച്ചയായും നാം പൊറുത്തുകൊടുക്കുന്നവൻ തന്നെയാണ്.... 

( 83 ) ഓ മൂസാ,  താങ്കളുടെ ജനതയെ വിട്ടുപോരാൻ താങ്കളെ ഇത്ര ധൃതിപ്പെടുത്തിയത് എന്താണ്   ? 

( 84 ) അദ്ദേഹം പറഞ്ഞു : അവരിതാ എന്റെ  പിറകിൽ തന്നെയുണ്ട്.
എന്റെ നാഥാ,
നിന്റെ തൃപ്തി കൂടുതൽ നേടാൻ വേണ്ടിയാണ് ഞാൻ നിന്റെ അടുത്തേക്ക് ധൃതിപ്പെട്ട് വന്നത്... 

( 85 ) അല്ലാഹു പറഞ്ഞു : എന്നാൽ താങ്കൾ പോന്നതിനു ശേഷം താങ്കളുടെ ജനതയെ പരീക്ഷിച്ചിരിക്കുകയാണ്. 
 സാമിരി അവരെ വഴി തെറ്റിച്ചിരിക്കുന്നു... 

( 86 ) അങ്ങനെ കോപാകുലനും ദുഃഖിതനുമായി കൊണ്ട്  മൂസാ നബി തന്റെ ജനതയുടെ അടുത്തേക്ക് മടങ്ങി വന്നു. 
 എന്നിട്ട് നബി ചോദിച്ചു : എന്റെ ജനങ്ങളേ, 
 നിങ്ങളുടെ നാഥൻ നിങ്ങൾക്ക് സത്യമായ ഒരു വാഗ്ദാനം ചെയ്തില്ലേ
( നിങ്ങൾക്ക് വേദഗ്രന്ഥം നൽകാമെന്ന് )
 എന്നിട്ട് നിങ്ങൾക്ക് കാലദൈർഘ്യം വന്നു പോയോ ? 
 അതല്ല. നിങ്ങളുടെ നാഥനിൽ നിന്നുള്ള കോപം നിങ്ങളുടെമേൽ ഇറങ്ങുമെന്ന് നിങ്ങൾ ഉദ്ദേശിച്ച് പ്രവർത്തിച്ചിരിക്കുകയാണ്. 
 അങ്ങനെ ഞാനുമായുള്ള നിശ്ചയം നിങ്ങൾ ലംഘിച്ചിരിക്കുന്നു.... 

( 87 ) അവര്‍ പറഞ്ഞു: സ്വന്തം ഹിതം  അനുസരിച്ച്  താങ്കളുടെ കരാർ ഞങ്ങൾ ലംഘിച്ചതല്ല.
 പക്ഷേ ആ ജനതയുടെ  
( ഈജിപ്തുകാരുടെ )
 ആഭരണങ്ങളിൽ കുറെ ഭാരങ്ങൾ ഞങ്ങള്‍ വഹിപ്പിക്കപ്പെട്ടു .
അങ്ങനെ ഞങ്ങളത്‌
 ( തീയില്‍ ) എറിഞ്ഞുകളഞ്ഞു.
 അപ്രകാരം  തന്നെ സാമിരിയും
  ( തന്റെ പക്കലുള്ളത് തീയില്‍ ) ഇട്ടു......


( 88 ) എന്നിട്ട് അവൻ അവർക്കൊരു പശുക്കുട്ടിയെ - പശുവിനെ പോലെ ശബ്ദിക്കുന്ന ഒരു ശരീരത്തെ- ഉണ്ടാക്കിക്കൊടുത്തു.
അന്നേരം അവർ തമ്മിൽ പറഞ്ഞു : ഇത് നിങ്ങളുടെയും മൂസായുടെയും ദൈവമാണ്. 
 നബി ഇത് മറന്നു 
( സീനായിലേക്ക് ) പോയതാണ്... 

( 89 ) എന്നാൽ അത് അവരോട് മറുപടി പറയുന്നില്ലെന്നും, അവർക്ക് യാതൊരു തരത്തിലുള്ള ഉപകാരമോ ഉപദ്രവമോ സ്വയത്തമാക്കുന്നില്ലെന്നും അവർ കാണുന്നില്ലേ      ? 

( 90 ) ഹാറൂൻ  നബി അവരോട് മുൻപ് തന്നെ ഇങ്ങനെ പറഞ്ഞിരുന്നു. 
 എന്റെ ജനങ്ങൾ തീർച്ചയായും ഈ പശുകുട്ടി മൂലം നിങ്ങൾ പരീക്ഷിക്കപ്പെട്ടിരിക്കുകയാണ്. തീർച്ചയായും നിങ്ങളുടെ നാഥൻ കരുണാനിധിയായ അല്ലാഹുവാകുന്നു. അതുകൊണ്ട് എന്നെ നിങ്ങൾ പിന്തുടരുകയും, എന്റെ കൽപ്പന അനുസരിക്കുകയും ചെയ്യുക.... 

( 91 ) അവർ പറഞ്ഞു : ഓ മൂസാ ഞങ്ങളുടെ അടുത്തേക്ക് മടങ്ങി വരുന്നതുവരെ ഞങ്ങൾ ഇതിനെ പൂജിച്ചു കൊണ്ടിരിക്കുക തന്നെ ചെയ്യും... 

( 92-93 ) മൂസാ നബി ചോദിച്ചു : ഓ ഹാറൂൻ, ഇവർ വഴിപിഴച്ചതായി കണ്ടപ്പോൾ എന്നെ  പിന്തുടരുന്നതിൽ നിന്ന് നിങ്ങളെ തടഞ്ഞത് എന്തായിരുന്നു    ? 
 എന്റെ കൽപ്പന താങ്കൾ മനപ്പൂർവ്വം ലംഘിച്ചുവോ   ? 

( 94 ) ഹാറൂൻ  പറഞ്ഞു : എന്റെ മാതാവിന്റെ മകനേ , നിങ്ങൾ എന്റെ താടിയും തലമുടിയും പിടിക്കണ്ട, ഇസ്റാഈൽ സന്തതികൾക്കിടയിൽ നിങ്ങൾ ഭിന്നിപ്പുണ്ടാക്കി.
 എന്റെ വാക്ക് ഗൗനിച്ചില്ല എന്ന് നിങ്ങൾ എന്നെക്കുറിച്ച് പറയുമെന്ന് ഞാൻ ഭയപ്പെടുക തന്നെ ചെയ്തു. 
( അതുകൊണ്ടാണ് ഞാൻ ഇവരോട് പരുഷമായി  പെരുമാറാതിരുന്നത് )...... 


( 95 ) മൂസാ ചോദിച്ചു : ഓ സാമിരി, നിന്റെ കാര്യം എന്താണ് ? 

( 96 ) അവൻ പറഞ്ഞു: അവർ ( ജനങ്ങൾ )
 കാണാത്ത ചിലത് ഞാൻ കണ്ടു.
അങ്ങനെ റസൂലിന്റെ ചവിട്ടടയാളത്തിൽ നിന്ന് ഒരുപിടി ഞാൻ പിടിച്ചു.
എന്നിട്ട് ഞാനത് ഇടുകയും ചെയ്തു. അപ്രകാരമാണ് എന്റെ മനസ്സ് എനിക്ക് ഭംഗിയായി തോന്നിച്ചു തന്നത്.... 

( 97 )മൂസാ പറഞ്ഞു : എന്നാൽ  (ഞങ്ങൾക്കിടയിൽ നിന്ന് ) നീ പോകണം.
 ഈ ജീവിതത്തിൽ " തൊടരുത് " എന്ന് പറയൽ നിനക്കുള്ളതാണ്.
നിനക്ക് നിർണയിക്കപ്പെട്ട ഒരു സമയമുണ്ട്. അത് നിനക്ക്  ലംഘിക്കപ്പെടുകയേയില്ല. 
 നീ ആരാധിച്ചു കൊണ്ടിരിക്കുന്ന നിന്റെ ആരാധ്യ വസ്തുവെ നോക്ക്.
അത് ഞാൻ ചുട്ടുകരിച്ചു കളയുകയും, എന്നിട്ടത് നാം പൊടിയാക്കി കടലിൽ വലിച്ചെറിയുകയും ചെയ്യും...💞completely 50%💞

അഭിപ്രായങ്ങള്‍