20-Surathu Twaha -01-37

അദ്ധ്യായം-20
സൂറത്തു ത്വാഹാ 
 അവതരണം- മക്ക
 സൂക്തങ്ങൾ-135
 1 മുതൽ 37 വരെയുള്ള വചനങ്ങളുടെ അർത്ഥം.


പരമകാരുണികനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തിൽ 
 ( ഞാൻ ആരംഭിക്കുന്നു )....

( 01 )ത്വാ,  ഹാ 

( 02 ) താങ്കൾ വിഷമിക്കാൻ വേണ്ടിയല്ല താങ്കൾക്ക് നാം ഖുർആൻ അവതരിപ്പിച്ച് തന്നിട്ടുള്ളത്. 


( 03 ) പക്ഷേ ഭയപ്പെടുന്നവർക്ക് ഒരു ഉദ്ബോധനമായിട്ടാണ്..... 

( 04 ) ഭൂമിയെയും ഉന്നതങ്ങളായ ആകാശങ്ങളെയും സൃഷ്ടിച്ചവനിൽ നിന്ന് അവതരിച്ചതാണ്
( ഇത് ).... 


( 05 ) കരുണാനിധിയായ അള്ളാഹു അർഷിമേൽ ആധിപത്യം ഉറപ്പിച്ചിരിക്കുന്നു..... 

( 06 ) ആകാശങ്ങളിലും ഭൂമിയിലുള്ളതും അവയ്ക്കിടയിലുള്ളതും  ഭൂമിക്കടിയിലുള്ളതുമെല്ലാം  അവനുള്ളത്  തന്നെയാണ്... 

( 07 ) താങ്കൾ അവനോട് ഉച്ചത്തിൽ പറയുന്നുവെങ്കിൽ 
( അതിന്റെ ആവശ്യമില്ല.  കാരണം )
 തീർച്ചയായും അവൻ രഹസ്യമായതും അതീവ ഗൂഢമായതും അറിയുകതന്നെ ചെയ്യും... 

( 08 ) അവൻ അള്ളാഹുവാണ്. അവനല്ലാതെ ഒരു ഇലാഹുമില്ല 
( ഒരു ദൈവവുമില്ല ). 
 അവനു  ഏറ്റവും നല്ല പേരുകളുമുണ്ട്.... 

( 09 ) മൂസ നബിയുടെ ചരിത്രം താങ്കൾക്ക് വന്നു കിട്ടിയോ ? 

( 10 ) അദ്ദേഹം തീ കണ്ട സന്ദർഭത്തിൽ
( ഉണ്ടായ ചരിത്രം ) അപ്പോഴദ്ദേഹം തന്റെ കുടുംബത്തോട് പറഞ്ഞു : നിങ്ങൾ ഇവിടെ നിൽക്കുക. തീർച്ചയായും ഞാൻ ഒരു തീ കണ്ടിരിക്കുന്നു.
 അതിൽ  നിന്ന് നിങ്ങൾക്ക് ഞാനൊരു തീക്കൊള്ളി എടുത്തുകൊണ്ടുവന്ന് തന്നേക്കാം.
അല്ലെങ്കിൽ തീയുടെ അടുത്ത്
( നമ്മുക്ക് വഴി )
 വഴി കാണിച്ചു തരുന്ന ആരെങ്കിലും ഞാൻ കണ്ടെത്തിയേക്കാം..... 

( 11 ) അങ്ങനെ തീയുടെ അടുത്തെത്തിയപ്പോൾ നബിയോട് വിളിച്ചു പറയപ്പെട്ടു. ഓ , മൂസാ.... 

( 12 ) തീർച്ചയായും ഞാൻ  തന്നെയാണ് താങ്കളുടെ നാഥൻ. 
 അതുകൊണ്ട് താങ്കളുടെ രണ്ട് ചെരിപ്പുകളും ഊരി വെക്കുക. 
 തീർച്ചയായും താങ്കൾ പരിശുദ്ധമായ തുവാ  താഴ്വരയിലാണ്..... 

( 13 ) താങ്കളെ ഞാൻ ( പ്രവാചകനായി ) തെരഞ്ഞെടുത്തിരിക്കുന്നു.
 അതുകൊണ്ട് താങ്കൾക്ക് നൽകപ്പെടുന്ന സന്ദേശം ശ്രദ്ധിച്ചുകേൾക്കുക..

( 14 ) തീർച്ചയായും ഞാൻ തന്നെയാണ് അള്ളാഹു.
 ഞാനല്ലാതെ ഒരു ദൈവവുമില്ല
( ഇലാഹുമില്ല ).
അതുകൊണ്ട് എനിക്ക് ഇബാദത്ത് ചെയ്യുക. 
എന്നെ സ്മരിക്കാൻ വേണ്ടി നിസ്ക്കാരം 
നിർവ്വഹിക്കുകയും ചെയ്യുക.... 


( 15 ) തീർച്ചയായും അന്ത്യസമയം വരുന്നതാണ്.
ഓരോ വ്യക്തിക്കും അവൻ പ്രവർത്തിച്ചതിന് പ്രതിഫലം നൽകാൻ വേണ്ടി ആ സമയത്തെ മറച്ചു വെക്കാൻ ഞാൻ ഉദ്ദേശിക്കുന്നു..... 

( 16 ) അതിനാൽ അതു വിശ്വസിക്കാതിരിക്കുകയും,
സ്വന്തം ഇച്ഛയെ പിന്തുടരുകയും ചെയ്തു നടക്കുന്നവർ അതിൽ ( വിശ്വസിക്കുന്നതിൽ )
 നിന്ന് താങ്കളെ തടയാതിരിക്കട്ടെ. 
 അങ്ങനെ തടഞ്ഞാൽ താങ്കൾ നശിച്ചുപോകുന്നതാണ്..... 

( 17 ) ഓ മൂസാ, താങ്കളുടെ വലതു കൈയിൽ എന്താണത്   ?  

( 18 ) നബി പറഞ്ഞു. ഇതെന്റെ വടിയാണ്. 
 ഞാൻ ഇതിനുമേൽ ചാരി നിൽക്കും. ഇതുകൊണ്ട് ഞാനെന്റെ ആടുകൾക്ക്
( മരത്തിന്റെ പച്ചിലകൾ അടിച്ചു )
 വീഴ്ത്തി കൊടുക്കുകയും ചെയ്യും. 
 ഇതുകൊണ്ട് മറ്റുചില ആവശ്യങ്ങളും എനിക്കുണ്ട്.... 

( 19 ) അല്ലാഹു പറഞ്ഞു  : ഓ മൂസാ, അതങ്ങു താഴെ ഇടുക... 

( 20 ) അപ്പോൾ മൂസാനബി അത് താഴെയിട്ടു. 
 ഉടനെ അത് ഓടുന്ന ഒരു സർപ്പമായിരിക്കുന്നു അത്..... 

( 21 ) അല്ലാഹു പറഞ്ഞു :( താങ്കൾ )
അതിനെ പിടിക്കുക.
 പേടിക്കണ്ട. അതിനെ മുൻസ്ഥിതിയിലേക്ക് തന്നെ നാം മടക്കുന്നതാണ്....

( 22 ) താങ്കളുടെ പാർശ്വ ഭാഗത്തേക്ക് താങ്കളുടെ കൈ ചേർത്ത് വെക്കുക.
 എന്നാൽ അത് യാതൊരു ന്യൂനതയും കൂടാതെ (മിന്നിത്തിളങ്ങുന്ന) വെളുത്തതായി പുറത്തേക്ക് വരും.
 ഇത് മറ്റൊരു ദൃഷ്ടാന്തമാണ്....

( 23 ) നമ്മുടെ ചില വലിയ ദൃഷ്ടാന്തങ്ങൾ താങ്കൾക്ക് നാം കാണിച്ചുതരാനായിട്ടാണ് 
( ഇങ്ങനെ നാം കൽപ്പിച്ചിരിക്കുന്നത് ).....

( 24 ) താങ്കൾ ഫിർഔന്റെ അടുത്തേക്ക് പോവുക.
തീർച്ചയായും അവൻ വലിയ  ധിക്കാരിയായിരിക്കുന്നു.....

( 25 ) നബി പ്രാർത്ഥിച്ചു, എന്റെ നാഥാ, എന്റെ ഹൃദയം എനിക്ക് നീ വിശാലമാക്കി തരേണമേ...

( 26-27 ) എന്റെ കാര്യം എനിക്ക് നീ എളുപ്പമാക്കിത്തരികയും, എന്റെ നാവിൽ നിന്നും നീ കുരുക്കഴിച്ച് തരികയും ചെയ്യേണമേ..... 

( 28 ) എങ്കിൽ എന്റെ വാക്കുകൾ അവർ ഗ്രഹിക്കുന്നതാണ്... 

( 29 ) എന്റെ കുടുംബത്തിൽ നിന്നും എനിക്ക് നീ ഒരു സഹായിയെ നിയമിച്ചു തരികയും ചെയ്യേണമേ.....

( 30 ) അതായത് എന്റെ സഹോദരൻ ഹാറൂനെ...... 

( 31 ) സഹോദരനെ കൊണ്ട് എന്നെ നീ ശക്തിപ്പെടുത്തിത്തരേണമേ...

( 32 ) എന്റെ ബാധ്യതയിൽ സഹോദരനെയും നീ പങ്കാളിയാക്കേണമേ..... 

( 33-34 ) ഞങ്ങൾക്ക് നിന്റെ പരിശുദ്ധിയെ ധാരാളമായി വാഴ്ത്താനും, നിന്നെ കൂടുതൽ സ്മരിക്കാനും വേണ്ടിയാണ്
( ഞാൻ ഇതെല്ലാം ചോദിക്കുന്നത് ).....

( 35 ) തീർച്ചയായും നീ ഞങ്ങളുടെ സ്ഥിതി നല്ലതുപോലെ കാണുന്നവനാണല്ലോ....

( 36 ) അല്ലാഹു പറഞ്ഞു : ഓ മൂസാ, തീർച്ചയായും താങ്കൾ ചോദിച്ചത് നൽകപ്പെട്ടിരിക്കുന്നു...

( 37 ) മറ്റൊരിക്കലും താങ്കളോട് നാം ഔദാര്യം കാണിക്കുക തന്നെ ചെയ്തിട്ടുണ്ട്....

❤Completely 50%❤

അഭിപ്രായങ്ങള്‍