25-Surathul Furqan -56-77
അധ്യായം-25
സൂറത്തുൽ ഫുർഖാൻ
അവതരണം- മക്ക
സൂക്തങ്ങൾ-77
( ഞാൻ ആരംഭിക്കുന്നു )....
( 56 )( നബിയെ ജനങ്ങൾക്ക് )
സന്തോഷവാർത്ത അറിയിക്കുന്നവനും മുന്നറിയിപ്പു നൽകുന്നതിനുമായിട്ടല്ലാതെ താങ്കളെ നാം നിയോഗിച്ചയച്ചിട്ടില്ല....
( 57 ) താങ്കൾ പറയുക.
ഈ ദൗത്യ നിർവഹണത്തിന്റ പേരിൽ യാതൊരു പ്രതിഫലവും ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നില്ല.
എന്നാൽ ആരെങ്കിലും തന്റെ നാഥന്റെ മാർഗത്തിലേക്ക് ഒരു മാർഗ്ഗം ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അത് ചെയ്തുകൊള്ളട്ടെ....
( 58 ) മരിക്കാത്ത എന്നെന്നും ജീവിച്ചിരിക്കുന്നവനായ അല്ലാഹുവിന്റെ മേൽ താങ്കൾ ഭാരം ഏൽപ്പിക്കുക.
അവനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുക.
തന്റെ അടിമകളുടെ പാപങ്ങളെക്കുറിച്ച് സൂക്ഷ്മജ്ഞനായി അവൻ തന്നെ മതി....
( 59 ) അവൻ ആകാശങ്ങളെയും ഭൂമിയെയും അവയ്ക്കിടയിലുള്ള വസ്തുക്കളെയും ആറു ദിവസങ്ങളിലായി സൃഷ്ടിച്ചവനത്രേ.
അർശിനെ കീഴടക്കുകയും ചെയ്തിരിക്കുന്നു.
അവൻ കരുണാനിധിയാണ്.
അതിനാൽ അതിനെ സംബന്ധിച്ച് കൂടുതൽ അറിവുള്ളവരോട് ചോദിച്ചു കൊള്ളുക..
( 60 ) നിങ്ങൾ റഹ്മാന് സുജൂദ് ചെയ്യുക എന്ന് അവരോട് പറയപ്പെട്ടാൽ അവർ പറയുന്നു !
ആരാണ് റഹ്മാൻ ?
നീ കൽപ്പിക്കുന്ന വസ്തുവിന് ഞങ്ങൾ സുജൂദ് ചെയ്യുകയോ ?
ഈ ഉപദേശം അവർക്ക് കൂടുതൽ വെറുപ്പ് ഉണ്ടാക്കുകയാണ് ചെയ്തത്...
( 61 ) ആകാശത്ത് രാശിമണ്ഡലങ്ങൾ ഉണ്ടാക്കിയ അള്ളാഹു അനുഗ്രഹിതനായിരിക്കുന്നു.
അവൻ ആദ്യം സൂര്യനെയും പ്രകാശിക്കുന്ന ചന്ദ്രനെയും ഉണ്ടാക്കിയിരിക്കുന്നു....
( 62 ) ചിന്തിക്കാനോ നന്ദി പ്രകടിപ്പിക്കാനോ ഉദ്ദേശിക്കുന്നവർക്ക് വേണ്ടി രാവിനെയും പകലിനെയും മാറിമാറി വരുന്നതാക്കിയതും അവൻ തന്നെയാണ്....
( 63-64 ) കരുണാനിധിയായ അല്ലാഹുവിന്റെ അടിമകൾ ഭൂമിയിൽ വിനയത്തോടെ നടക്കുന്നവരും അറിവില്ലാത്തവർ തങ്ങളെ അഭിമുഖീകരിച്ച് സംസാരിക്കുന്നത് ആയാൽ സമാധാനപരമായ വാക്ക് പറയുന്നവരും തങ്ങളുടെ നാഥനു നിസ്കരിക്കുന്നവരായി
രാത്രി കഴിച്ചുകൂട്ടുന്നവരുമാണ്.....
( 65 ) ഞങ്ങളുടെ രക്ഷിതാവേ, നരകശിക്ഷ ഞങ്ങളിൽ നിന്നും നീ ഒഴിവാക്കി തരേണമേ. തീർച്ചയായും അതിന്റെ ശിക്ഷ നിത്യമായതാണ്....
( 66 ) വളരെ ചീത്തയായ വാസസ്ഥലവും പാർപ്പിടവും തന്നെയാണത് എന്ന് പ്രാർത്ഥിക്കുന്നുവരും ആണ്....
( 67 ) ചെലവ് ചെയ്യുമ്പോൾ അമിതമാക്കുകയോ പിശുക്ക് കാണിക്കുകയോ ചെയ്യാതെ രണ്ടിനും ഇടയ്ക്കുള്ള മിതമായ നിലപാട് സ്വീകരിക്കുന്നവരും ആണവർ....
( 68 ) അല്ലാഹുവിന്റെ കൂടെ വേറെ ദൈവത്തോട് പ്രാർത്ഥിക്കത്തവരും ന്യായമായ അവകാശമില്ലാതെ അള്ളാഹു വിരോധിച്ച ഒരു ശരീരത്തെ കൊലപ്പെടുത്താത്തവരും വ്യഭിചരിക്കാത്തവരുമാണവർ- ഈ കാര്യങ്ങൾ ആരെങ്കിലും ചെയ്താൽ അതിന്റെ ശിക്ഷ അവൻ കണ്ടെത്തുന്നതാണ്....
( 69 ) അതായത് പുനരുത്ഥാന നാളിൽ അവൻ ശിക്ഷാ ഇരട്ടിയായി നൽകപ്പെടും.
അതിൽ അവൻ നിന്ദ്യനായി എന്നെന്നും താമസിക്കും.....
( 70 ) പക്ഷേ ആരെങ്കിലും പശ്ചാത്തപിച്ച് മടങ്ങുകയും, സത്യവിശ്വാസം സ്വീകരിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുകയാണെങ്കിൽ അവരുടെ തിന്മകളെ അള്ളാഹു നന്മകൾ ആക്കി മാറ്റും.
അല്ലാഹു വളരെ പൊറുക്കുന്നവനും കാരുണ്യവാനുമാണ്.....
( 71 ) ആരെങ്കിലും പശ്ചാത്തപിക്കുകയും, സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ തീർച്ചയായും അവൻ അള്ളാഹുവിലേക്ക് തൃപ്തികരമായി വിധം മടങ്ങുന്നവനാകുന്നു.....
( 72 ) അവർ കള്ള സാക്ഷ്യം വഹിക്കാത്തവരും, അനാവശ്യങ്ങളുടെ അടുത്തുകൂടി പോകുമ്പോൾ മാന്യന്മാരായി നടന്നു പോകുന്നവരും ആണ്...
( 73 ) തങ്ങളുടെ നാഥന്റ വചനങ്ങൾ കൊണ്ട് ഒരു ഉൽബോധനം ചെയ്യപ്പെട്ടാൽ അതിൽ അശ്രദ്ധയും അവഗണനയും കാണിക്കാത്തവരുമാണവർ.....
( 74 ) ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഭാര്യമാരിലും സന്താനങ്ങളിലും നിന്നും സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ ഞങ്ങൾക്ക് നീ പ്രദാനം ചെയ്യേണമേ- ഞങ്ങളെ നീ ഭക്തന്മാർക്ക് മാതൃകയാക്കുകയും ചെയ്യേണമേ എന്ന് പ്രാർത്ഥിക്കുന്നവരും ആണ് അവർ....
( 75 )( ഏതു പ്രതികൂല സാഹചര്യങ്ങളിലും )
ക്ഷമ കൈക്കൊണ്ടത് നിമിത്തം അവർക്ക്
( പരലോകത്ത് )
ഉന്നതമായ സ്വർഗ്ഗം പ്രതിഫലമായി നൽകപ്പെടുന്നതാണ്.
അഭിവാദ്യത്തോടും സമാധാന സന്ദേശത്തോടും കൂടി അവർ അവിടെ എതിരേൽക്കപ്പെടുകയും ചെയ്യും....
( 76 ) അവർ അതിൽ നിത്യവാസികളായിരിക്കും.
അത് താമസിക്കാനും വിശ്രമിക്കാനും എത്ര നല്ല സ്ഥലം....
( 77 )( നബിയെ )
പറയുക. നിങ്ങളുടെ പ്രാർത്ഥന ഉണ്ടായിരുന്നില്ലെങ്കിൽ എന്റെ നാഥൻ നിങ്ങളെ വകവെക്കുമായിരുന്നില്ല.
എന്നാൽ നിങ്ങൾ സത്യത്തെ നിഷേധിക്കുക തന്നെ ചെയ്തിരിക്കുന്നു.
അതുകൊണ്ട് പിന്നീട് അതിന്റെ ശിക്ഷ അനിവാര്യമായി തീരുന്നതാണ്......