11 -Surathu Hood -54-81
അദ്ധ്യായം-11
സൂറത്ത് ഹൂദ്
അവതരണം- മക്ക
സൂക്തങ്ങൾ-123
( ഞാൻ ആരംഭിക്കുന്നു )....
( 54-55 ) ഞങ്ങളുടെ ഏതോ ദൈവം നിനക്ക് എന്തോ തിന്മ ഏൽപ്പിച്ചിട്ടുണ്ട് എന്ന് തന്നെയാണ് ഞങ്ങൾ പറയുന്നത്.
ഇത് കേട്ടപ്പോൾ ഹുദ് നബി പറഞ്ഞു : ഞാൻ അല്ലാഹുവിനെ സാക്ഷി നിർത്തുന്നു. നിങ്ങളും സാക്ഷ്യംവഹിച്ചു കൊള്ളുക. അല്ലാഹുവിന് പുറമെ നിങ്ങൾ പങ്കുചേർക്കുന്നവരിൽ നിന്നെല്ലാം ഞാൻ വിമുക്തനാണ്. അതുകൊണ്ട് നിങ്ങൾ എല്ലാവരും എനിക്കെതിരായി തന്ത്രം പ്രയോഗിച്ചു കൊള്ളുക. എനിക്ക് നിങ്ങൾ സാവകാശം തരേണ്ടതില്ല...
( 56 ) തീർച്ചയായും എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിനെയാണ് ഞാൻ അവലംബിച്ചിട്ടുള്ളത്.
ചലിക്കുന്ന ഒരു ജീവിയും അവന്റെ നിയന്ത്രണത്തിനതീതമല്ല. എന്റെ രക്ഷിതാവ്
( തന്റെ ഭരണകാര്യങ്ങളിൽ )
നേർമാർഗത്തിൽ തന്നെയാണ്...
( 57 ) നിങ്ങൾ പിന്തിരിഞ്ഞു കളയുകയാണ് എങ്കിൽ നിങ്ങൾക്ക് ഏൽപ്പിച്ചയക്കപ്പെട്ട സന്ദേശം നിങ്ങളെ ഞാൻ അറിയിച്ചു കഴിഞ്ഞിരിക്കുന്നു.
( ഈ സ്ഥിതിവിശേഷം നിങ്ങൾ തുടരുന്ന പക്ഷം )
നിങ്ങളുടെ സ്ഥാനത്ത് മറ്റൊരു ജനതയെ അവൻ പകരം കൊണ്ടുവരും.
അവനെ ഒരു തരത്തിലും ദ്രോഹിക്കാൻ നിങ്ങൾക്ക് കഴിയുകയില്ല.
തീർച്ചയായും എന്റെ രക്ഷിതാവ് എല്ലാ കാര്യത്തിനും മേൽനോട്ടം വഹിക്കുന്നവനാണ്....
( 58 ) നമ്മുടെ കൽപന വന്നപ്പോൾ ഹൂദ് നബിയെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ പക്കൽ നിന്നുള്ള അനുഗ്രഹം കൊണ്ട് നാം രക്ഷപ്പെടുത്തി.
കഠിന ശിക്ഷയിൽ നിന്നാണ് നാം അവരെ രക്ഷപ്പെടുത്തിയത്....
( 59 ) അതാണ് ആദ് സമുദായം.
അവർ തങ്ങളുടെ നാഥന്റ് ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും അവന്റെ ദൂതന്മാരെ ധിക്കരിക്കുകയും ചെയ്തു.
സ്വേച്ഛാധികാരികളും ധിക്കകാരികളുമായ എല്ലാവരുടെയും കൽപ്പനകൾ അവർ പിന്തുടരുകയും ചെയ്തു..
( 60 ) ഈ ഐഹിക ജീവിതത്തിലും പുനരുത്ഥാന നാളിലും ശാപം അവരെ പിന്തുടർന്നു.
അറിയുക.
ആദ് സമുദായം അവരുടെ നാഥനോട് നന്ദികേട് കാണിച്ചു.
ഹൂദ് നബിയുടെ ജനതയായ ആദ് സമുദായത്തിന് വമ്പിച്ച നാശം....
( 61 ) സമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരൻ സ്വാലിഹ് നബിയെ നാം നിയോഗിച്ചു അയച്ചു.
അദ്ദേഹം പറഞ്ഞു : എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുക. അവനല്ലാതെ നിങ്ങൾക്ക് ഒരു ദൈവവുമില്ല.
അവൻ നിങ്ങളെ ഭൂമിയിൽ നിന്ന് സൃഷ്ടിക്കുകയും , അതിൽ അധിവസിപ്പിക്കുകയും ചെയ്തു.
അതുകൊണ്ട് അവനോട് മാപ്പപേക്ഷിക്കുകയും അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുക.
ഉറപ്പായും എന്റെ നാഥൻ സമീപസ്ഥനും ഉത്തരം ചെയ്യുന്നവനുമാണ്.....
( 62 ) അവർ പറഞ്ഞു : ഓ സ്വാലിഹ്, താങ്കൾ ഇതിനു മുമ്പ് ഞങ്ങൾക്കെല്ലാം വേണ്ടപ്പെട്ട ആളായിരുന്നു.
ഞങ്ങളുടെ പൂർവ്വ പിതാക്കൾ ആരാധിച്ചു വന്ന ദൈവങ്ങളെ ആരാധിക്കുന്നത് ഞങ്ങളോട് താങ്കൾ വിരോധിക്കുകയാണോ?
ഏതൊന്നിലേക്ക് താങ്കൾ ക്ഷണിക്കുന്നുവോ ആ കാര്യത്തെക്കുറിച്ച് ഞങ്ങൾ തീർച്ചയായും അങ്ങേയറ്റത്തെ സംശയത്തിലാണ്...
( 63 ) അദ്ദേഹം ചോദിച്ചു : എന്റെ ജനങ്ങളേ, നിങ്ങൾ ഒന്ന് പറഞ്ഞു തരൂ !
ഞാൻ എന്റെ നാഥങ്കൽ നിന്നുള്ള വ്യക്തമായ തെളിവോടുകൂടി ആയിരിക്കുകയും, അവന്റെ കാരുണ്യം അവൻ എനിക്ക് നൽകുകയും ചെയ്താൽ, ആ സ്ഥിതിക്ക് അവനെ ഞാൻ ധിക്കരിക്കുന്ന പക്ഷം അല്ലാഹുവിന്റെ ശിക്ഷയിൽനിന്ന് എന്നെ ആരു രക്ഷിക്കും. ?
നിങ്ങൾ എനിക്ക് കൂടുതൽ നഷ്ടം വരുത്തി വെക്കുക മാത്രമാണ് ചെയ്യുന്നത്.....
( 64 ) എന്റെ ജനങ്ങളേ, നിങ്ങൾക്ക് ഒരു ദൃഷ്ടാന്തമായി ഇതാ അല്ലാഹുവിന്റെ ഒരു ഒട്ടകം. ഇത് അള്ളഹുവിന്റെ ഭൂമിയിൽ മേഞ്ഞു നടക്കട്ടെ.
നിങ്ങൾ ഇതിനെ വിട്ടേക്കുക.
അതിനെ നിങ്ങൾ ഒരു കാരണവശാലും ദ്രോഹിക്കരുത്.
ദ്രോഹിക്കുന്ന പക്ഷം ഉടനെതന്നെ ശിക്ഷ നിങ്ങളെ പിടികൂടുന്നതാണ്.....
( 65 ) അങ്ങനെ അവർ ഒട്ടകത്തെ അറുത്തു.
അദ്ദേഹം അവരോട് പറഞ്ഞു : മൂന്നു ദിവസം സ്വന്തം വീടുകളിൽ നിങ്ങൾ സുഖമായി താമസിച്ചു കൊള്ളുക.
( അതാണ് നിങ്ങളുടെ അവധി )
ഒട്ടും കളവല്ലാത്ത ഒരു താക്കീത് ആണിത്......
( 66 ) അങ്ങനെ നമ്മുടെ കൽപന വന്നപ്പോൾ സ്വാലിഹ് നബിയെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ പക്കൽ നിന്നുള്ള കാരുണ്യത്താൽ
( ആ ഗോത്രത്തെ ബാധിച്ച ശിക്ഷയിൽ നിന്നും)
അന്നത്തെ അപമാനത്തിൽ നിന്നും നാം രക്ഷിച്ചു.
താങ്കളുടെ നാഥൻ അതിശക്തനും പ്രതാപശാലിയും ആകുന്നു....
( 67 ) അക്രമികളെ ഒരു ഭയങ്കര ശബ്ദം പിടികൂടി.
അതുമൂലം അവർ സ്വന്തം വീടുകളിൽ ചത്ത് വിറങ്ങലിച്ചവരായി തീർന്നു.......
( 68 ) അവർ ആ വീടുകളിൽ ഒരിക്കലും താമസിച്ചിട്ടില്ല എന്ന് തോന്നും വിധം.
അറിയുക.
സമൂദ് സമുദായം താങ്കളുടെ നാഥനോട് നന്ദികേട് കാണിച്ചു.
അറിയുക.
സമൂദിനു വമ്പിച്ച നാശം.......
( 69 ) തീർച്ചയായും നമ്മുടെ ദൂതൻമാർ
( മലക്കുകൾ )
ഇബ്റാഹീം നബിയുടെ അടുത്ത് സന്തോഷവാർത്തയുമായി വരിക തന്നെ ചെയ്തു.
അവർ സലാം പറയുകയും അദ്ദേഹം സലാം മടക്കുകയും ചെയ്തു.
അങ്ങനെ അധികം താമസിയാതെ അദ്ദേഹം ചുട്ടു പാകപ്പെടുത്തിയ ഒരു മൂരി കുട്ടിയെ കൊണ്ടുവന്നു....
( 70 ) അവരുടെ കൈകൾ അതിലേക്ക് എത്താൻ ഇരിക്കുന്നത് കണ്ടപ്പോൾ അദ്ദേഹം അവരെ സംശയിക്കുകയും, അവരെക്കുറിച്ച് അദ്ദേഹത്തിന് അഭയം തോന്നുകയും ചെയ്തു.
അവർ പറഞ്ഞു,
താങ്കൾ പേടിക്കണ്ട.
ഞങ്ങൾ ലൂഥ് നബിയുടെ ജനതയിലേക്ക് അയക്കപ്പെട്ടവരാണ്.....
( 71 ) അദ്ദേഹത്തിന്റെ ഭാര്യ അവിടെ നിൽക്കുന്നുണ്ടായിരുന്നു.
അപ്പോൾ അവർ ചിരിച്ചു.
അന്നേരം ഇസ്ഹാഖ് നബിയെ കുറിച്ചും
ഇസ്ഹാഖ് നബിയുടെ പിന്നാലെ
യഹ്ഖൂബ് നബിയെ കുറിച്ചും
( ദൂതന്മാർ മുഖേന )
അവർക്ക് നാം സന്തോഷവാർത്ത അറിയിച്ചു....
( 72 ) ആ മഹതി പറഞ്ഞു, അഹോ ഞാൻ വൃദ്ധയായിരിക്കുന്നു.
എന്റെ ഭർത്താവും ഇതാ ഒരു വൃദ്ധനായിരിക്കുന്നു.
ആ സ്ഥിതിക്ക് ഞാൻ പ്രസവിക്കുകയോ ?
ഇതൊരു അത്ഭുതകരമായ കാര്യം തന്നെയാണ് ...
( 73 ) അവർ പറഞ്ഞു : അല്ലാഹുവിന്റെ വിധിയെ കുറിച്ച് നിങ്ങൾ അത്ഭുതപ്പെടുകയാണോ ?
വീട്ടുകാരെ, അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹങ്ങളും നിങ്ങൾക്ക് ലഭിക്കട്ടെ
അവൻ സ്തുത്യർഹനും ശ്രേഷ്ഠനും തന്നെയാകുന്നു.....
( 74 ) അങ്ങനെ ഭയം വിട്ടുപോവുകയും സന്തോഷ വാർത്ത വരികയും ചെയ്തപ്പോൾ ഇബ്റാഹീം അതാ ലൂഥ് നബിയുടെ ജനതയുടെ കാര്യത്തിൽ നമ്മോട് തർക്കിക്കുന്നു...
( 75 )ഇബ്റാഹീം നബി വളരെ ശാന്തശീലനും വളരെയധികം ദയാലുവും അല്ലാഹുവിലേക്ക് മടങ്ങുന്ന ആളും തന്നെയാകുന്നു...
( 76 )( മലക്കുകൾ ഇപ്രകാരം പറഞ്ഞു )
ഓ ഇബ്റാഹീം, ഈ കാര്യം അങ്ങ് വിട്ടേക്കുക. താങ്കളുടെ രക്ഷിതാവിന്റ് കൽപ്പന തീർച്ചയായും വന്നുകഴിഞ്ഞിരിക്കുന്നു.
തടയപ്പെടാത്ത ശിക്ഷ തീർച്ചയായും അവർക്ക് വന്നെത്തുക തന്നെ ചെയ്യും.....
( 77 ) നമ്മുടെ ദൂതൻമാർ ചെന്നപ്പോൾ ലൂഥ് നബി മൂലം ദുഃഖിതനാവുകയും, അവരെ സംബന്ധിച്ച് വളരെ വിഷമിക്കുകയും ചെയ്തു.
"ഇത് വളരെ ആപൽക്കരമായ ഒരു ദിവസം തന്നെ എന്ന് "
പറയുകയും ചെയ്തു....
( 78 ) സ്വന്തം ജനത അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിച്ചെന്നു.
അവർ മുൻപ് തന്നെ നീചവൃത്തികൾ ചെയ്തിരുന്നവരായിരുന്നു.
അദ്ദേഹം പറഞ്ഞു : എന്റെ ജനങ്ങളേ,
എന്റെ പുത്രിമാരിതാ !
ഇവർ നിങ്ങൾക്ക് വളരെ വൃത്തിയുള്ളവരാണ്.
അതിനാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക.
വിരുന്നുകാരുടെ കാര്യത്തിൽ എന്നെ നിങ്ങൾ അപമാനിക്കരുത്.
വിവേകമുള്ള ഒരു പുരുഷനും നിങ്ങളുടെ കൂട്ടത്തിൽ ഇല്ലേ ?
( 79 ) അവർ പറഞ്ഞു : നിന്റെ പുത്രിമാരെ കൊണ്ട് ഞങ്ങൾക്കൊരു ആവശ്യമില്ലെന്ന് വ്യക്തമായിത്തന്നെ നിനക്കറിയാം.
ഞങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് നിനക്ക് നല്ലതുപോലെ അറിയാവുന്നതാണ്.....
( 80 ) അദ്ദേഹം മറുപടി പറഞ്ഞു : നിങ്ങളെ എതിർക്കത്തക്ക ശക്തി എനിക്ക് ഉണ്ടായിരുന്നെങ്കിൽ
അഥവാ അഭയം പ്രാപിക്കാൻ സുശക്തനായ ഒരു സഹായി എനിക്ക് ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ.....
( 81 )അവര്‍ പറഞ്ഞു: ഓ ലൂഥ്, ഞങ്ങള്‍ നിന്റെ രക്ഷിതാവിന്റെ ദൂതന്മാരാണ്. അവര്‍ക്ക്
( ജനങ്ങള്‍ക്ക് )
നിന്റെ അടുത്തേക്കെത്താനാവില്ല. ആകയാല്‍ നീ രാത്രിയില്‍ നിന്നുള്ള ഒരു യാമത്തില്‍ നിന്റെ കുടുംബത്തേയും കൊണ്ട് യാത്ര പുറപ്പെട്ട് കൊള്ളുക. നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒരാളും തിരിഞ്ഞ് നോക്കരുത്. നിന്റെ ഭാര്യയൊഴികെ. തീര്‍ച്ചയായും അവര്‍ക്ക്
( ജനങ്ങള്‍ക്ക് )
വന്നുഭവിച്ച ശിക്ഷ അവള്‍ക്കും വന്നുഭവിക്കുന്നതാണ്. തീര്‍ച്ചയായും അവര്‍ക്ക് നിശ്ചയിച്ച അവധി പ്രഭാതമാകുന്നു. പ്രഭാതം അടുത്ത് തന്നെയല്ലേ?