57-Surathul Hadheed-01-29

അധ്യായം-57
 സൂറത്തുൽ ഹദീദ്
 അവതരണം- മദീന
 സൂക്തങ്ങൾ-29




പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 (  ഞാൻ ആരംഭിക്കുന്നു )....

( 01 ) ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിനു തസ്ബീഹ് ചെയ്യുന്നു. 
 അവൻ അജയ്യനും യുക്തിമാനുമാകുന്നു...... 

( 02 ) ആകാശഭൂമികളുടെ ആധിപത്യം അവനുള്ളതാകുന്നു. 
 അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. 
 എല്ലാ കാര്യത്തിനും കഴിവുള്ളവനാണ് അവൻ.... 

( 03 ) അവൻ ആദ്യനും അന്ത്യനും പ്രത്യക്ഷനും പരോക്ഷനുമാകുന്നു. 
 അവൻ എല്ലാ കാര്യത്തെ  കുറിച്ചും ഏറ്റവും അറിയുന്നവനാണ്...... 

( 04 ) അവൻ ആകാശഭൂമികളെ ആറു ദിവസങ്ങളിലായി സൃഷ്ടിച്ചവനാണ്. 
 എന്നിട്ടവൻ അർശിന്മേൽ ആധിപത്യം നടത്തി. 
 ഭൂമിയിൽ കടക്കുന്നതും, അതിൽ നിന്ന് പുറത്തു വരുന്നതും ആകാശത്തിൽ നിന്ന് ഇറങ്ങുന്നതും അങ്ങോട്ട് കയറി പോകുന്നതും അവൻ അറിയുന്നുണ്ട്. 
 നിങ്ങൾ എവിടെയാണെങ്കിലും അവൻ നിങ്ങളോന്നിച്ചുണ്ട്. 
 നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അവൻ കണ്ടു അറിയുന്നവനാണ്.... 

( 05 ) ആകാശഭൂമികളുടെ ആധിപത്യം അവനാകുന്നു. 
 അല്ലാഹുവിലേക്ക് തന്നെയാണ് കാര്യങ്ങൾ മടക്കപ്പെടുന്നതും..... 

( 06 ) അവൻ രാത്രിയെ പകലിലും പകലിനെ രാത്രിയിലും പ്രവേശിപ്പിക്കുന്നു. 
 ഹൃദയങ്ങളിലുള്ളതിനെ കുറിച്ചു  അവൻ ശരിക്കും അറിയുന്നവനാകുന്നു..... 

( 07 )( ജനങ്ങളേ )
 നിങ്ങൾ അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുക. 
 അവൻ ഏതൊന്നിൽ നിങ്ങളെ പ്രാതിനിധ്യം നൽകപ്പെട്ടവർ ആക്കിയിരിക്കുന്നുവോ അതിൽ നിന്ന് ചെലവഴിക്കുകയും ചെയ്യുക. 
 എന്നാൽ നിങ്ങളിൽ നിന്ന് ആർ വിശ്വസിക്കുകയും ചെലവഴിക്കുകയും ചെയ്യുന്നുവോ അവർക്ക് വലിയ പ്രതിഫലമുണ്ട്... 


( 08 ) നിങ്ങൾക്ക് എന്തുപറ്റി !
 നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുന്നില്ലേ? 
 റസൂൽ ആകട്ടെ നിങ്ങളുടെ നാഥനിൽ വിശ്വസിക്കാൻ ആയി നിങ്ങളെ ക്ഷണിച്ചു കൊണ്ടിരിക്കുന്നു. 
 അല്ലാഹു നിങ്ങളെ കരാർ വാങ്ങിയിട്ടുമുണ്ട്. 
 നിങ്ങൾ സത്യവിശ്വാസികൾ ആണെങ്കിൽ.. 

( 09 ) അവൻ തന്റെ ദാസന്റ   മേൽ വ്യക്തമായ പല ദൃഷ്ടാന്തങ്ങളും ഇറക്കി കൊടുക്കുന്നവനാണ്. 
 നബി( സ. അ ) നിങ്ങളെ അന്ധകാരങ്ങളിൽ നിന്ന് പ്രകാശത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി
( വന്നതാണ് ). 
 തീർച്ചയായും അല്ലാഹു നിങ്ങളോട് വളരെ കൃപയുള്ളവനും കരുണ ഉള്ളവനും ആകുന്നു... 

( 10 ) അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കാതെ ഇരിക്കുന്നതിന് എന്ത് ന്യായീകരണമാണ് നിങ്ങൾക്കുള്ളത്? 
 ആകാശഭൂമികളുടെ അനന്തരാവകാശം അല്ലാഹുവിനുണല്ലോ
( എന്നിട്ടും )
 നിങ്ങളിൽനിന്ന് 
( മക്ക )
 വിജയത്തിന് മുമ്പ് ചെലവഴിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തവർ
( അങ്ങനെ ചെയ്യാത്തവരോട് )
 സമമാവുകയില്ല. 
 അവർ അതിനു ശേഷം ചെലവഴിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തവരെക്കാൾ മഹത്തായ പദവി ഉള്ളവർ ആകുന്നു. 
 എല്ലാവർക്കും അല്ലാഹു ഏറ്റവും നല്ല പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്. 
 നിങ്ങളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് നല്ലതുപോലെ അറിയുന്നവനാണ് അല്ലാഹു... 

( 11 ) അല്ലാഹുവിന് നല്ല കടം  നൽകുന്നവർ ആരാണ്? 
 എന്നാൽ അവൻ അത് അവനു  ഇരട്ടിയാക്കി കൊടുക്കുന്നതാണ്. 
 ഉദാരമായ പ്രതിഫലവും അവന് ലഭിക്കും..... 

( 12 ) സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും പ്രകാശം അവരുടെ മുൻപിൽ കൂടിയും വലത് ഭാഗങ്ങളിൽ കൂടിയും  പാഞ്ഞു കൊണ്ടിരിക്കുന്നതായി താങ്കൾ കാണുന്ന ദിവസം
( ഓർക്കുക )
" ഇന്ന് നിങ്ങൾക്കുള്ള സന്തോഷവാർത്ത 
( അതായത് )
 താഴ്ന്ന ഭാഗങ്ങളിൽ കൂടി നദികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗ്ഗങ്ങൾ ആണ് അതിൽ സ്ഥിരതാമസക്കാരായി  കൊണ്ട്"
( എന്ന് അവരോട് പറയപ്പെടും ). 
 അതുതന്നെയാണ് മഹത്തായ വിജയം.... 


( 13 ) അതായത് കപടവിശ്വാസികളും കപടവിശ്വാസിനികളും സത്യവിശ്വാസികളോട്
" ഞങ്ങളെ നോക്കണേ, ഞങ്ങൾ നിങ്ങളുടെ പ്രകാശത്തിൽ നിന്ന് അല്പം പിടിച്ചെടുക്കട്ടെ "
 എന്ന് പറയുന്ന ദിവസം. 
 അവരോട് പറയപ്പെടും: നിങ്ങളുടെ പിന്നിലേക്ക് നിങ്ങൾ മടങ്ങിയിട്ട് പ്രകാശം അന്വേഷിച്ചു കൊള്ളുക. 
 അപ്പോൾ അവർ രണ്ടുകൂട്ടർക്കും ഇടയിൽ ഒരു മതിൽ നിർമ്മിക്കപ്പെടുന്നതാണ്. 
 അതിന് ഒരു വാതിൽ ഉണ്ടായിരിക്കും. 
 അതിന്റെ ഉൾഭാഗത്ത്
 കാരുണ്യം ആകുന്ന
( സ്വർഗ)
മാകുന്നു. 
 പുറംഭാഗം ആകട്ടെ അതിന്റെ വശത്തു കൂടിയാണ്  ശിക്ഷ
( നരകം )...... 

( 14 )  അവർ അവരെ
( സത്യവിശ്വാസികളെ )
 വിളിച്ചു ചോദിക്കും.
 ഞങ്ങൾ
( ഇഹലോകത്ത് )
 നിങ്ങളുടെ കൂടെ ആയിരുന്നില്ലേ ? 
 അവർ പറയും : അതെ.
 പക്ഷേ നിങ്ങൾ  സ്വന്തത്തെ തന്നെ കുഴപ്പത്തിലാക്കി.
( സത്യവിശ്വാസികൾക്ക് ആപത്ത് സംഭവിക്കുന്നത് )
 നിങ്ങൾ പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും
( സത്യത്തെ കുറിച്ച് )
 സംശയിക്കുകയും അല്ലാഹുവിന്റെ കല്പന
( മരണം )
 വന്നെത്തുന്നത് വരെ വ്യാമോഹങ്ങൾ നിങ്ങളെ വഞ്ചിച്ചു കളയുകയും ചെയ്തു.
 അല്ലാഹുവിനെ സംബന്ധിച്ച്
 വഞ്ചകനായ ആ പിശാച് നിങ്ങളെ വഞ്ചിക്കുകയും ചെയ്തു..... 

( 15 ) ഇനി ഇന്ന് നിങ്ങളിൽ നിന്ന് ആയിക്കോട്ടെ സത്യനിഷേധികൾ നിന്നാകട്ടെ യാതൊരു ദണ്ഡവും  സ്വീകരിക്കപ്പെടുകയില്ല. 
 നിങ്ങളുടെ താമസസ്ഥലം നരകമാണ്.
 അതാണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത്.
 ആ സങ്കേതം വളരെ ദുഷിച്ചത് തന്നെ.....

(  16 ) അല്ലാഹുവിന്റെ സ്മരണയിലേക്കും
( അവൻ )
 അവതരിപ്പിച്ച സത്യത്തി
( ഖുർആനി )
 ലേക്കും തങ്ങളുടെ ഹൃദയങ്ങൾ വഴങ്ങാൻ സത്യവിശ്വാസികൾക്ക് സമയമായില്ലേ? 
 മുൻപ് വേദം നൽകപ്പെട്ടവരെ  പോലെ ആകാതിരിക്കാനും 
( സമയമായില്ലേ?   )
 എന്നിട്ട് അവരിൽ
( ആ വേദക്കാരിൽ )
 കാലം ദീർഘിച്ചു.
 അങ്ങനെ അവരുടെ ഹൃദയങ്ങൾ കടുത്തുപോയി.
 അവരിൽ അധികപേരും 
( തങ്ങളുടെ വിശ്വാസത്തിൽ നിന്ന് )
 പുറത്ത് പോയവരാണ്....


( 17 ) ഭൂമിയിൽ നിർജീവം ആയതിനുശേഷം അല്ലാഹു അതിനെ ജീവിപ്പിക്കുക തന്നെ ചെയ്യുന്നു.
 എന്ന് നിങ്ങൾ മനസ്സിലാക്കണം.
 തീർച്ചയായും ചിന്തിച്ച് ഗ്രഹിക്കാൻ വേണ്ടി നാം ദൃഷ്ടാന്തങ്ങൾ വ്യക്തമാക്കി തന്നിരിക്കുന്നു....

( 18 ) തീർച്ചയായും ദാനം ചെയ്യുകയും അല്ലാഹുവിനു നല്ല നിലയിൽ  കടം കൊടുക്കുകയും ചെയ്യുന്ന പുരുഷന്മാർക്കും സ്ത്രീകൾക്കും
( പ്രതിഫലം )
 ഇരട്ടിയായി നൽകപ്പെടുന്നതാണ്.
 അവർക്ക് മാന്യമായ പ്രതിഫലം ലഭിക്കും....




( 19 ) അല്ലാഹുവിലും അവന്റെ ദൂതൻമാരിലും വിശ്വസിച്ചവർ ആരോ അവർ തന്നെയാണ് തങ്ങളുടെ നാഥങ്കൽ സിദ്ദീഖുകളും ശഹീദ്കളും, അവർക്ക് തങ്ങളുടേതായ പ്രതിഫലവും പ്രകാശവും ഉണ്ടായിരിക്കും.
 സത്യത്തെ നിഷേധിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ തള്ളിക്കളയുകയും ചെയ്തവരാരോ അവർ നരകക്കാരാകുന്നു..... 

( 20 ) നിങ്ങൾ മനസ്സിലാക്കണം.
 ഇഹലോക ജീവിതം കളിയും വിനോദവും അലങ്കാരവും നിങ്ങൾ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുക്കളിലും സന്താനങ്ങളിലും പെരുമ കാണിക്കൽ മാത്രമാകുന്നു 
( അതിന്റെ ഉപമ ).
 ഒരു  മഴ പോലെയാണ്.
 അതുപോലെ മുളച്ച സസ്യം കർഷകരെ അത്ഭുതപ്പെടുത്തി. 
 പിന്നീടത് ഉണങ്ങി പോകുന്നു.
 എന്നിട്ട് അതിനെ മഞ്ഞനിറമുള്ളതായി  നീ കാണും. 
 അങ്ങനെ അത് ദ്രവിച്ച വൈക്കോൽ ആയി തീരുന്നു.
 പരലോകത്ത് കഠിന ശിക്ഷയും, അല്ലാഹുവിങ്കൽ നിന്നുള്ള പാപമോചനവും സംതൃപ്തിയുമുണ്ട്. 
 ഇഹലോകജീവിതം വഞ്ചനയുടെ വിഭവം മാത്രമാണ്...


( 21 ) നിങ്ങളുടെ നാഥനിൽ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമികളുടെതിനു തുല്യമായ വിശാലതയുള്ള സ്വർഗ്ഗത്തിലേക്കും നിങ്ങൾ കടന്ന് ചെല്ലുക.
 അല്ലാഹുവിലും അവന്റെ ദൂതൻമാരിലും വിശ്വസിച്ചവർക്ക് വേണ്ടി അത് തയ്യാറാക്കപ്പെട്ടിരിക്കുന്നു. 
 അല്ലാഹുവിന്റെ ഔദാര്യം ആണത്. 
 അവൻ ഉദ്ദേശിക്കുന്നവർക്ക് അത് അവൻ നൽകുന്നു. 
 അല്ലാഹു മഹത്തായ ഔദാര്യമുള്ളവൻ ആകുന്നു......

( 22 ) ഭൂമിയിൽ ആകട്ടെ നിങ്ങളുടെ ശരീരങ്ങളിൽ ആകട്ടെ ഒരാപത്തും- അതിനെ നാം സൃഷ്ടിക്കുന്നതിന്  മുമ്പായി തന്നെ- ഒരു ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടില്ലാതെ 
( നിങ്ങളെ )
 ബാധിക്കുകയില്ല.
 തീർച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ളതാകുന്നു...

( 23 )( ഇക്കാര്യം നിങ്ങളെ അറിയിക്കുന്നത് )
 നിങ്ങൾക്ക് നഷ്ടപ്പെട്ടതിൽ നിങ്ങൾ ദുഃഖിക്കാതിരിക്കാനും നിങ്ങൾക്കവൻ നൽകിയതിൽ നിങ്ങൾ
( അധികമായി )
 സന്തോഷം പ്രകടിപ്പിക്കാതിരിക്കാനും വേണ്ടിയാണ്.
 അഹങ്കരിക്കുകയും അഭിമാനം നടിക്കുകയും ചെയ്യുന്ന ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല....


( 24 ) അതായത് പിശുക്ക് കാണിക്കുകയും, പിശുക്ക് കാണിക്കാൻ ജനങ്ങളെ ഉപദേശിക്കുകയും ചെയ്യുന്നവരെ
( ഇത് സ്വീകരിക്കാതെ )
 ആരെങ്കിലും പിന്തിരിഞ്ഞു കളയുന്ന പക്ഷം അല്ലാഹു നിരാശ്രയനും സ്തുത്യർഹനുമാകുന്നു....... 


( 25 ) തീർച്ചയായും വ്യക്തമായ ദൃഷ്ടാന്തങ്ങൾ കൊണ്ട് നമ്മുടെ ദൂതന്മാരെ നാം അയക്കുകയും, ജനങ്ങൾ നീതിയനുസരിച്ച് നിലകൊള്ളാൻ ആയി അവരോടൊപ്പം ഗ്രന്ഥവും നീതിയും ഇറക്കുകയും ചെയ്തു.
 നാം ഇരുമ്പും സൃഷ്ടിച്ചിരിക്കുന്നു.
 അതിനാൽ കഠിനമായ ആയോധന ശക്തിയും ജനങ്ങൾക്ക് പല പ്രയോജനങ്ങളുമുണ്ട്.
 ദൃശ്യമായ നിലയിൽ തന്നെയും തന്റെ ദൂതന്മാരെയും സഹായിക്കുന്നവർ ആരാണെന്ന് അള്ളാഹു
( പ്രത്യക്ഷത്തിൽ )
 അറിയാൻ വേണ്ടിയാണ്
( അത് ).
 അല്ലാഹു ശക്തനും അജയ്യനും ആകുന്നു....

( 26 ) തീർച്ചയായും ഹസ്രത്ത് നൂഹിനെയും
ഹസ്രത്ത് ഇബ്റാഹീമിനെയും നാം അയച്ചു.
 അവർ ഇരുവരുടെയും സന്തതികളിൽ പ്രവാചകത്വവും വേദവും നാം ഏർപ്പെടുത്തുകയും ചെയ്തു.
 എന്നാൽ അവരിൽ നേർമാർഗം പ്രാപിച്ചവർ ഉണ്ട്.
( എന്നാൽ )
 അവരിൽ കൂടുതൽ പേരും കുറ്റവാളികൾ ആകുന്നു....

( 27 ) പിന്നീട് അവരുടെ ശേഷം ആയി നമ്മുടെ ദൂതൻമാർ തുടർന്ന് അയച്ചു.
 മറിയമിന്റ പുത്രൻ ഈസായെയും നാം തുടർന്ന് അയക്കുകയും അദ്ദേഹത്തിന്
 ഇൻജീൽ നൽകുകയും അദ്ദേഹത്തെ പിന്തുടർന്നവരുടെ ഹൃദയങ്ങളിൽ കൃപയും കരുണയും ഉണ്ടാക്കുകയും ചെയ്തു.
 പൗരോഹിത്യം അവർ നൂതനമായി  ഉണ്ടാക്കിയതാണ്.
 അവരോട് നാം അത് കൽപ്പിച്ചിരുന്നില്ല.
 പക്ഷേ അല്ലാഹുവിന്റെ തൃപ്തി തേടിക്കൊണ്ട്
( അവരത് ചെയ്തു )
 എന്നാലത് പാലിക്കേണ്ട മുറപ്രകാരം അവർ പാലിച്ചില്ല.
 എന്നിട്ട് അവരിൽനിന്ന് സത്യവിശ്വാസം സ്വീകരിച്ചവർക്ക് നാം അവരുടെ പ്രതിഫലം നൽകി. 
 അവരിൽ കൂടുതൽ പേർ കുറ്റവാളികൾ ആകുന്നു...

( 28 ) സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും അവന്റെ ദൂതരിൽ  വിശ്വസിക്കുകയും ചെയ്യുക.
 എന്നാൽ തന്റെ കാരുണ്യത്തിൽ നിന്ന് രണ്ട് ഓഹരി അവൻ നിങ്ങൾക്ക് നൽകുന്നതാണ്.
 നിങ്ങൾക്ക് സഞ്ചരിക്കാനുള്ള ഒരു പ്രകാശം അവൻ ഏർപ്പെടുത്തി തരികയും, നിങ്ങളുടെ പാപങ്ങൾ പൊറുക്കുകയും ചെയ്യും. അല്ലാഹു വളരെ പൊറുക്കുന്നവനും പരമകാരുനികനുമാകുന്നു...



( 29 ) തങ്ങൾക്ക് അല്ലാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന് യാതൊന്നും കരസ്ഥമാക്കാൻ കഴിയുകയില്ലെന്നും അനുഗ്രഹം അല്ലാഹുവിന്റെ പക്കൽ തന്നെയാണ് - അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ നൽകുന്നു എന്നും വേദക്കാർ അറിയാൻ വേണ്ടിയാണ്
( ഇക്കാര്യം വിശദമാക്കുന്നത് ).
 അല്ലാഹു മഹത്തായ അനുഗ്രഹം ഉള്ളവനുമാകുന്നു........

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam