22-Surathul Hajj -65-78
അദ്ധ്യായം-22
സൂറത്തുൽ ഹജ്ജ്
അവതരണം- മദീന
സൂക്തങ്ങൾ-78
( ഞാൻ ആരംഭിക്കുന്നു )....
( 65 ) തീർച്ചയായും അല്ലാഹു നിങ്ങൾക്ക് ഭൂമിയിലുള്ള വസ്തുക്കളും, തന്റെ കല്പനയനുസരിച്ച് സമുദ്രത്തിൽ സഞ്ചരിക്കുന്ന കപ്പലുകളും കീഴ്പെടുത്തി തന്നിരിക്കുന്നത് നീ കണ്ടില്ലേ?
അവന്റെ അനുവാദം കൂടാതെ ആകാശം ഭൂമിയുടെ മേൽ വീഴുന്നതിനെ അവൻ തടഞ്ഞുനിർത്തുന്നു.
തീർച്ചയായും അല്ലാഹു മനുഷ്യരോട് വളരെ കൃപയും കാരുണ്യമുള്ളവനുമാകുന്നു...
( 66 ) അവനാണ് നിങ്ങളെ ജീവിപ്പിച്ചത്. പിന്നീട് അവൻ നിങ്ങളെ മരിപ്പിക്കുകയും, പിന്നീട് അവൻ നിങ്ങളെ പുനരുജ്ജീവിപ്പക്കുകയും ചെയ്യുന്നു.
തീർച്ചയായും മനുഷ്യൻ വളരെ നന്ദികെട്ടവൻ തന്നെയാണ്...
( 67 )( നബിയേ )
ഓരോ സമുദായത്തിനും ഓരോ കർമപദ്ധതി നാം നിശ്ചയിച്ചിട്ടുണ്ട്.
അവരത് അനുഷ്ഠിച്ചു വരുന്നവരാണ്.
അതുകൊണ്ട് ഇക്കാര്യത്തിൽ ഇവർ താങ്കളോട് കലഹിക്കാതിരിക്കട്ടെ.
താങ്കളുടെ നാഥനിലേക്ക് താങ്കൾ ക്ഷണിച്ച് കൊള്ളുക.
തീർച്ചയായും താങ്കൾ ശരിയായ മാർഗത്തിൽ തന്നെയാണ്...
( 68 ) അവർ താങ്കളോട് തർക്കിക്കുക ആണെങ്കിൽ അവരോട് പറയുക.
നിങ്ങൾ പ്രവർത്തിക്കുന്നതിനെ സംബന്ധിച്ച് അല്ലാഹു ഏറ്റവും നന്നായി അറിയുന്നവനാണ്....
( 69 ) നിങ്ങൾ ഭിന്നിച്ചിരിക്കുന്ന കാര്യങ്ങളിൽ അന്ത്യനാളിൽ അല്ലാഹു നിങ്ങൾക്കിടയിൽ വിധി കൽപ്പിക്കുന്നതാണ്...
( 70 ) ആകാശഭൂമികളിലുള്ളതെല്ലാം അള്ളാഹു അറിയുക തന്നെ ചെയ്യുമെന്ന് താങ്കൾ അറിഞ്ഞില്ലേ?
തീർച്ചയായും അതെല്ലാം ഒരു ഗ്രന്ഥത്തിൽ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.
അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അതു വളരെ എളുപ്പമുള്ള കാര്യം തന്നെയാണ്....
( 71 ) അവർ അല്ലാഹുവിന് പുറമേ അവൻ യാതൊരു തെളിവും അവതരിപ്പിച്ചിട്ടില്ലാത്തവയെയും താങ്കൾക്ക് യാതൊരു അറിവുമില്ലാത്തവയെയും ആരാധിക്കുന്നു.
ഈ അക്രമികൾക്ക് യാതൊരു സഹായിയും ഉണ്ടാവുകയില്ല....
( 72 ) വ്യക്തമായ നിലയിൽ നമ്മുടെ വചനങ്ങൾ ഓതി കൊടുക്കുമ്പോൾ ആ സത്യനിഷേധികളുടെ മുഖങ്ങളിൽ വെറുപ്പ് പ്രത്യക്ഷപ്പെടുന്നത് താങ്കൾ കണ്ടറിയും.
നമ്മുടെ വചനങ്ങൾ ഓതിക്കൊടുക്കുന്ന വരെ അവൻ കയ്യേറ്റം ചെയ്യാൻ ആകും
( ആഗ്രഹിക്കുന്നത് ).
അവരോട് താങ്കൾ പറയുക.
എന്നാൽ നിങ്ങൾക്ക് ഇതിനേക്കാൾ വെറുപ്പായ ഒരു കാര്യത്തെ പറ്റി നിങ്ങൾക്ക് ഞാൻ അറിവ് നൽകട്ടെ യോ?
നരകമാണത്.
സത്യനിഷേധികൾക്ക് അള്ളാഹു അത് വാഗ്ദാനം ചെയ്തിരിക്കുന്നു.
അവരുടെ മടക്ക സ്ഥാനം വളരെ ചീത്തയായത് തന്നെ.....
( 73 ) മനുഷ്യരേ, ഒരു ഉപമ ഇതാ വിവരിക്കുന്നു.
അത് നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുക.
തീർച്ചയായും അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്ന വസ്തുക്കൾ ഒരു ഈച്ചയെ പോലും സൃഷ്ടിക്കുകയില്ല തന്നെ.
അതിനുവേണ്ടി അവർ എല്ലാവരും കൂടി ഒത്തു കൂടിയാലും അവയിൽ നിന്ന് ഈച്ച വല്ലതും തട്ടിയെടുക്കുകയാണെങ്കിൽ അതിന്റെ പക്കൽനിന്ന് അവരത് വീണ്ടെടുക്കുകയുമില്ല.
തേടുന്നതും തേടപ്പെടുന്നതും ബലഹീനമായിരിക്കുന്നു.....
( 74 ) അല്ലാഹുവിന്റെ മഹത്വത്തിന് ചേർന്ന നിലയിൽ അവർ അവനെ ബഹുമാനിച്ചിട്ടില്ല.
തീർച്ചയായും അല്ലാഹു ശക്തനും അജയ്യനും തന്നെയാണ്....
( 75 ) അള്ളാഹു മലക്കുകളിൽ നിന്നും മനുഷ്യരിൽ നിന്നും ചില ദൂതന്മാരെ തെരഞ്ഞെടുക്കുന്നു.
അല്ലാഹു എല്ലാം കേൾക്കുന്നവനും കാണുന്നവനും തന്നെയാണ്....
( 76 ) അവർക്ക് വരാൻ ഉള്ളതും കഴിഞ്ഞു പോയതുമെല്ലാം അവൻ അറിയും.
അല്ലാഹുവിങ്കലേക്ക് ആണ് എല്ലാ കാര്യങ്ങളും മടക്കപ്പെടുന്നത്......
( 77 ) സത്യവിശ്വാസികളേ, നിങ്ങൾ റുകൂഉം സുജൂദും ചെയ്യുകയും
( നിസ്കരിക്കുകയും )
നിങ്ങളുടെ നാഥനെ ആരാധിക്കുകയും നന്മ പ്രവർത്തിക്കുകയും ചെയ്യുക.
നിങ്ങൾ വിജയികളായി തീരാൻ വേണ്ടി...
( 78 ) അല്ലാഹുവിന്റെ മാർഗത്തിൽ പോരാടേണ്ട മുറപ്രകാരം നിങ്ങൾ പോരാടുക.
അവൻ നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു.
വിശ്വാസത്തിന്റെ കാര്യത്തിൽ
( മതത്തിന്റെ കാര്യത്തിൽ )
നിങ്ങളുടെ മേൽ യാതൊരു പ്രയാസവും അവൻ ഉണ്ടാക്കി വെച്ചിട്ടില്ല.
നിങ്ങളുടെ പിതാവ്
ഇബ്റാഹീം നബിയുടെ മാർഗം
( നിങ്ങൾ പിന്തുടരുക )
അള്ളാഹു നിങ്ങൾക്ക് ഇതിനുമുൻപും ഈ വേദത്തിലും
" മുസ്ലിംകൾ " എന്ന് നാമകരണം ചെയ്തിരിക്കുന്നു.
( നിങ്ങളെ അവൻ തെരഞ്ഞെടുത്തത് )
നിങ്ങൾക്ക് റസൂൽ സാക്ഷിയും, മനുഷ്യർക്ക് നിങ്ങൾ സാക്ഷികളുമായിരിക്കാൻ വേണ്ടിയാണ്.
അതുകൊണ്ട് നിങ്ങൾ നിസ്കാരം മുറപ്രകാരം അനുഷ്ഠിക്കുകയും, സക്കാത്ത് കൊടുക്കുകയും, അല്ലാഹുവിനെ കൊണ്ട് ശക്തിപ്രാപിക്കുകയും ചെയ്യുക.
അവനാണ് നിങ്ങളുടെ രക്ഷാധികാരി.
അപ്പോൾ അവൻ എത്ര നല്ല രക്ഷാധികാരി !
എത്ര നല്ല സഹായി.....