17-Surathul Israah -97-111
അദ്ധ്യായം-17
സൂറത്തുൽ ഇസ്റാഹ്
അവതരണം- മക്ക
സൂക്തങ്ങൾ-111
( 97 ) ആരെയെങ്കിലും അല്ലാഹു നേർമാർഗത്തിൽ ആക്കിയാൽ അവനാണു നേർമാർഗം പ്രാപിച്ചവൻ.
ആരെങ്കിലും അള്ളാഹു ദുർമാർഗത്തിൽ ആക്കിയാൽ അത്തരക്കാർക്ക് അല്ലാഹുവെ കൂടാതെ രക്ഷാകർത്താക്കളാരെയും നീ കണ്ടെത്തുകയില്ല.
അന്ത്യനാളിൽ തങ്ങളുടെ മുഖങ്ങൾ നിലത്ത് കുത്തിക്കൊണ്ട് നാം അവരെ ഒരുമിച്ച് കൂട്ടും.
അന്ധരും മൂകരും ബധിരരുമായി കൊണ്ടും.
നരകമാണ് അവരുടെ വാസസ്ഥലം.
അത് അടങ്ങുമ്പോൾ എല്ലാം അവർക്ക് ആളിക്കത്തൽ വർദ്ധിപ്പിക്കും....
( 98 ) നമ്മുടെ ദൃഷ്ടാന്തങ്ങളെ അവർ നിഷേധിച്ചതിന് അവർക്കുള്ള പ്രതിഫലം ആണത്.
അവർ പറയുകയും ചെയ്തു' ഞങ്ങൾ എല്ലുകളും മണ്ണുമായി തീർന്നാൽ പിന്നെ ഒരു പുതിയ സൃഷ്ടിയായി പുനരുത്ഥാനം ചെയ്യപ്പെടുന്നവർ ആണോ " എന്ന്.....
( 99 ) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച അല്ലാഹുവിന് അവരെ പോലെയുള്ളവരെ സൃഷ്ടിക്കാൻ കഴിയുമെന്ന് അവർ മനസ്സിലാക്കിയിട്ടില്ലേ.?
അവൻ അവർക്ക് ഒരു അവധി നിശ്ചയിച്ചിട്ടുണ്ട്.
അതിൽ യാതൊരു സംശയവുമില്ല.
എന്നാൽ അക്രമികൾ സത്യനിഷേധത്തെ മാത്രമേ സ്വീകരിക്കുനുള്ളു....
( 100 ) പറയുക. എന്റെ നാഥന്റ അനുഗ്രഹ ഖജനാവുകൾ നിങ്ങളുടെ അധീനതയിൽ ആണെങ്കിൽ അന്നേരം അത് ചെലവായി
പോകുമെന്ന് പേടി കാരണം നിങ്ങൾ പിടിച്ചു വെക്കുമായിരുന്നു.
മനുഷ്യൻ വളരെ പിശുക്കനാകുന്നു.....
( 101 ) തീർച്ചയായും മൂസാനബിക്ക് വ്യക്തമായ ഒൻപതു ദൃഷ്ടാന്തങ്ങൾ നൽകി.
അദ്ദേഹം ഇസ്രാഈൽ സന്തതികളിലേക്ക് ചെന്ന സന്ദർഭത്തെ പറ്റി താങ്കൾ അവരോട് ചോദിച്ചു നോക്കുക.
അപ്പോൾ അദ്ദേഹത്തോട് ഫിർഔൻ പറഞ്ഞു : അല്ലയോ മൂസാ, നീ ആഭിചാരം ബാധിച്ച ഒരാൾ ആണെനാണു ഞാൻ കരുതുന്നത്....
( 102 ) മൂസാ നബി പറഞ്ഞു : നിന്റെ കണ്ണിന് വെളിച്ചമേകുന്ന ഈ ദൃഷ്ടാന്തങ്ങൾ അവതരിപ്പിച്ചത് ആകാശങ്ങളുടെയും ഭൂമിയുടെയും നാഥനല്ലാതെ മറ്റാരും മല്ലെന്ന് തീർച്ചയായും നീ അറിഞ്ഞിട്ടുണ്ട്.
അല്ലയോ ഫിർഔൻ. നീ നാശത്തിലകപ്പെട്ടവൻ തന്നെയാണെന്ന് ഞാൻ കരുതുന്നു.....
( 103 ) അപ്പോൾ അവരെ അന്നാട്ടിൽ നിന്ന് പുറംതള്ളാൻ ഫിർഔൻ ഉപദേശിച്ചു.
എന്നാൽ രാജാവിനെയും കൂടെയുണ്ടായിരുന്ന എല്ലാവരെയും നാം മുക്കി നശിപ്പിക്കുകയാണ് ഉണ്ടായത്...
( 104 ) അയാളുടെ കാലശേഷം ഇസ്രാഈൽ സന്തതികളോട് നാം പറഞ്ഞു : നിങ്ങൾ ഈ നാട്ടിൽ വസിച്ചു കൊള്ളുക.
എന്നാൽ പരലോക വാഗ്ദാനം വന്നെത്തിയാൽ നിങ്ങളെയെല്ലാം നാം സമ്മേളിപ്പിച്ച് കൊണ്ടുവരുന്നതാണ്....
( 105 ) സത്യത്തോട് കൂടിത്തന്നെ നാം ഇത് അവതരിപ്പിച്ചിരിക്കുന്നു.
ഇത് അവതരിപ്പിച്ചതും സത്യത്തോട് കൂടിത്തന്നെ.
സന്തോഷവാർത്ത അറിയിക്കുന്നവനും താക്കീത് നൽകുന്നവനും ആയിട്ടല്ലാതെ
( നബിയെ )
താങ്കളെ നാം അയച്ചിട്ടില്ല....
( 106 ) സാവകാശത്തിൽ മനുഷ്യർക്ക് താങ്കൾ ഓതി കൊടുക്കാൻ വേണ്ടി ഖുർആനെ വേർതിരിക്കുകയും അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു.....
( 107 ) പറയുക.
നിങ്ങൾ ഇതു വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്തുകൊള്ളുക.
ഇതിനു മുൻപ് ജ്ഞാനം നൽകപ്പെട്ടവർ
( പൂർവ്വ വേദകാരായ നിഷ്പക്ഷമതികൾ )
ഖുർആൻ ഓതി കേൾപ്പിക്കപ്പെട്ടാൽ മുഖംകുത്തി സാഷ്ടാംഗം
ചെയുന്നവരായി നിലത്തു വീഴുകതന്നെ ചെയ്യും....
( 108 ) അവർ പറയുകയും ചെയ്യും : നമ്മുടെ നാഥൻ എത്ര പരിശുദ്ധൻ.
നമ്മുടെ നാഥന്റെ വാഗ്ദാനം നിറവേറ്റപ്പെടുന്നത് തന്നെയാകുന്നു....
( 109 ) അവർ വിലപിച്ച് കൊണ്ട് മുഖം കുത്തി വീഴുകയും ചെയ്യും.
അത് അവർക്ക് ഭയ ശക്തി വർധിപ്പിക്കുകയും ചെയ്യും....
( 110 ) നിങ്ങൾ അള്ളാഹു എന്ന് വിളിച്ചു കൊള്ളുക.
അല്ലെങ്കിൽ "റഹ്മാൻ" എന്ന് വിളിച്ചു കൊള്ളുക.
ഏതു വിളിച്ചാലും അവന് അത്യുൽകൃഷ്ടങ്ങളായ പേരുകളുണ്ട്.
താങ്കളുടെ നിസ്ക്കാരത്തിൽ അധികഉച്ചത്തിൽ ഓതരുത്.
തീരെ പതുക്കെയും ഓതരുത്.
രണ്ടിനുമിടയിൽ ഉള്ള വഴി സ്വീകരിക്കുക..
( 111 ) പറയുക.
സന്താനോൽപ്പാദനം ചെയ്യാത്തവനും ഭരണത്തിൽ പങ്കാളിയില്ലാത്തവനും ദൗർബല്യത്തിൽ നിന്ന് രക്ഷിക്കാൻ ഒരു രക്ഷിതാവിന്റെ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിനാണ് സർവ്വസ്തുതിയും.
അവന്റെ മഹത്വത്തെ നീ നല്ലതുപോലെ പ്രകീർത്തിച്ചു കൊള്ളുക.....