16-Surathu Nnahl -35-64
അദ്ധ്യായം-16
സൂറത്തു നഹ്ൽ
അവതരണം- മക്ക
സൂക്തങ്ങൾ-128
35 മുതൽ 64 വരെ യുള്ള വചനങ്ങളുടെ അർഥം
( 35 ) ബഹുദൈവ വിശ്വാസികൾ പറയുന്നു, ' അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവനെ കൂടാതെ യാതൊരു വസ്തുവിനെയും ഞങ്ങളും ഞങ്ങളുടെ പിതാക്കളും ആരാധിക്കുമായിരുന്നില്ല.
അവൻ നിഷിദ്ധമാക്കിയതല്ലാതെ ഞങ്ങൾ മറ്റൊന്നും നിഷിദ്ധമാക്കുകയും ചെയ്യുമായിരുന്നില്ല "
എന്ന്.
ഇവരുടെ മുമ്പുള്ളവരും ഇതുപോലെ ചെയ്തിരുന്നു.
വ്യക്തമായ പ്രബോധനം അല്ലാതെ
മുർസലുകൾക്ക്
( വേറെ )
വല്ല ഉത്തരവാദിത്തവുമുണ്ടോ ?
( 36 ) നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും വിഗ്രഹങ്ങളെ ദൂരീകരിക്കുകയും ചെയ്യുക എന്ന പ്രബോധനവുമായി എല്ലാ ഓരോ ജനതയിലേക്കും നാം തീർച്ചയായും ഓരോ ദൂതനെ അയച്ചിട്ടുണ്ട്.
അങ്ങനെ ആ ജനതകളിൽ ചിലരെ അള്ളാഹു സന്മാർഗത്തിൽ ആക്കി.
ചിലരുടെ മേൽ ദുർമാർഗം നിർബ്ബന്ധമാക്കുകയും ചെയ്തു.
അതുകൊണ്ട് നിങ്ങൾ ഭൂമിയിൽ സഞ്ചരിക്കുക. എന്നിട്ട്
( പ്രവാചകരെ )
നിഷേധിച്ചവരുടെ അന്ത്യം എങ്ങനെയായിരുന്നു എന്ന് നോക്കുക....
( 37 )( നബിയെ )
അവർ നേർവഴിയിൽ ആകണമെന്ന് താങ്കൾക്ക് ആഗ്രഹിക്കുന്നുവെങ്കിൽ
( ഓർക്കുക )
അള്ളാഹു വഴിപിഴപ്പിച്ചവർക്ക് അവൻ മാർഗ്ഗദർശനം നൽകുകയില്ല.
അവർക്ക് സഹായികളും ഉണ്ടാവുകയില്ല....
( 38 ) മരിച്ചവരെ അല്ലാഹു വീണ്ടും ജീവിപ്പിക്കുക ഇല്ലെന്ന് ശക്തിയായി ഉറപ്പിച്ചുകൊണ്ട് അവർ അല്ലാഹുവിനെ കൊണ്ട് സത്യം ചെയ്തു പറയുന്നു.
അതെ.
അത് അല്ലാഹുവിന്റെ യഥാർത്ഥമായ വാഗ്ദാനമാണ്.
പക്ഷേ ഭൂരിപക്ഷം ആളുകളും ഇത് അറിയുന്നില്ല.....
( 39 )( അവരെ പുനർജജീവിപ്പിക്കുന്നത് )
തങ്ങൾക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്ന കാര്യങ്ങൾ അവർക്ക് വ്യക്തമാക്കി കൊടുക്കാനും, തീർച്ചയായും തങ്ങൾ നുണ പറയുന്നവർ ആയിരുന്നുവെന്ന് സത്യനിഷേധികൾ സ്വയം മനസ്സിലാക്കാനും വേണ്ടിയാണ്......
( 40 ) ഒരു കാര്യം ഉണ്ടാകണമെന്ന് നാം ഉദ്ദേശിച്ചാൽ അതിനോട്
" ഉണ്ടാവുക "
എന്ന് പറയുക മാത്രമാണ് നാം ചെയ്യുന്നത്.
ഉടനെ അതുണ്ടാകും.....
( 41 ) അക്രമിക്കപ്പെട്ടതിനുശേഷം അല്ലാഹുവിന്റെ മാർഗത്തിൽ ഹിജ്റ
( പാലായനം ) ചെയ്തവരെ ഇഹലോകത്ത് താമസസ്ഥലത്ത് തീർച്ചയായും അല്ലാഹു പുനരധിവസിപ്പിക്കും.
പരലോകത്തെ പ്രതിഫലം അതിനേക്കാൾ മഹത്തരമായതാണ്.
ഇവർ
( ഇക്കാര്യങ്ങളൊക്കെ )
മനസ്സിലാക്കിയിരുന്നുവെങ്കിൽ !
( 42 ) അവർ ക്ഷമ പാലിച്ചവരും തങ്ങളുടെ നാഥനിൽ ഭാരം ഏൽപ്പിക്കുന്നവരുമായിരുന്നു...
( 43 ) താങ്കൾക്ക് മുമ്പും നാം പുരുഷന്മാരെ അല്ലാതെ
( നബി മാരായി )
നിയോഗിച്ചിട്ടില്ല.
അവർക്ക് നാം സന്ദേശം നൽകുന്നു.
അതിനാൽ നിങ്ങൾ അറിയാത്തവർ ആണെങ്കിൽ വേദ പണ്ഡിതന്മാരോട് ചോദിച്ചു നോക്കുക....
( 44 ) വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളും ആയാണ്
( നാം അവരെ അയച്ചിട്ടുള്ളത് ).
( നബിയേ ) ഈ ഖുർആൻ താങ്കൾക്ക് നാം ഇറക്കി തന്നു.
ജനങ്ങൾക്ക് അവതീർണമായത് താങ്കൾ അവർക്ക് വിവരിച്ചു കൊടുക്കാനും, അവർ ചിന്തിക്കാനും വേണ്ടി......
( 45 ) ദുഷിച്ച കുതന്ത്രങ്ങൾ ആസൂത്രണം ചെയ്തവരെ അല്ലാഹു ഭൂമിയിൽ താഴ്ത്തുകയോ, അല്ലെങ്കിൽ അവർക്കറിയാത്ത വിധത്തിലൂടെ അവരിൽ ശിക്ഷാ വന്നെത്തുകയോ ചെയ്യുന്നതിനെപ്പറ്റി
അവർ ഭയമില്ലാതെ ഇരിക്കുന്നുവോ ?
( 46 ) അല്ലെങ്കിൽ തങ്ങളുടെ പോക്കുവരവിൽ
അല്ലാഹു അവരെ പിടിച്ച് ശിക്ഷിക്കുന്നതിനെ പറ്റി
( അവർ ഭയമില്ലാതെ ഇരിക്കുന്നുവോ ?).....
( 47 ) അതല്ലെങ്കിൽ അവൻ അവരെ കുറേശ്ശെ കുറേശ്ശെയായി പിടിച്ച് ശിക്ഷിക്കുന്നതിനെ പറ്റി
( അവർ ഭയമില്ലാതെ ഇരിക്കുന്നുവോ ? )
എന്നാൽ നിങ്ങളുടെ നാഥൻ ഏറെ കൃപയുള്ളവനും പരമകാരുണ്യകനും ആകുന്നു...
( 48 ) അല്ലാഹു സൃഷ്ടിച്ച വസ്തുവിലേക്ക് അവർ നോക്കുന്നില്ലേ?
അതിന്റെ നിഴലുകൾ അള്ളാഹുവിനെ കീഴടങ്ങിക്കൊണ്ട് അവന് സാഷ്ടാംഗം ചെയ്യുന്ന വിധത്തിൽ വലത്തോട്ടും ഇടത്തോട്ടും ചായുന്നു.....
( 49 ) ആകാശങ്ങളിലും ഭൂമിയിലുമുള്ള ജീവികളും മലക്കുകളും അല്ലാഹുവിനു സുജൂദ് ചെയ്യുന്നു. അവർ അഹങ്കരിക്കുകയില്ല.....
( 50 ) തങ്ങൾക്ക് മീതെ
( സർവ്വ അധികാരിയായ )
തങ്ങളുടെ നാഥനെ അവർ ഭയപ്പെടുകയും തങ്കളോട് കൽപ്പിക്കപ്പെടുന്നത് പ്രവർത്തിക്കുകയും ചെയ്യുന്നു..
( 51 ) അല്ലാഹു പറയുന്നു : നിങ്ങൾ രണ്ട് ആരാധ്യരെ സ്വീകരിക്കരുത്.
ആരാധ്യൻ ഒന്നു മാത്രമേയുള്ളൂ.
അതുകൊണ്ട് എന്നെ മാത്രം ഭയപ്പെടുക..
( 52 ) ആകാശ ഭൂമികളിലുളളവ അല്ലാഹുവിനാകുന്നു.
കീഴ്വണക്കം എന്നെന്നും അവനുള്ളതാണ്.
എന്നിട്ടും അല്ലാഹുവല്ലാത്തവരെ നിങ്ങൾ പേടിക്കുകയാണോ ?
( 53 ) നിങ്ങളിൽ ഉള്ള അനുഗ്രഹങ്ങൾ അല്ലാഹുവിങ്കൽ നിന്നുള്ളതാണ്.
പിന്നെയാണെങ്കിൽ നിങ്ങൾക്ക് എന്തെങ്കിലും ഉപദ്രവം ബാധിച്ചാൽ നിങ്ങൾ ഉറക്കെ കേണപേക്ഷിക്കുന്നതും അവനോട് തന്നെ....
( 54 ) പിന്നീട് ആ പ്രയാസം നിങ്ങളിൽ നിന്ന് അവൻ നീക്കി കളഞ്ഞാൽ അന്നേരം നിങ്ങളിൽ ഒരു വിഭാഗം അതാ തങ്ങളുടെ നാഥന് പങ്കാളികളെ ഉണ്ടാക്കുന്നു.....
( 55 ) നാം അവർക്ക് ചെയ്തു കൊടുത്ത അനുഗ്രഹത്തിന് നന്ദികേട് കാണിക്കാൻ വേണ്ടി.
എന്നാൽ നിങ്ങൾ സുഖിച്ച് കൊള്ളുക.
പിന്നീട് നിങ്ങൾക്ക് മനസ്സിലായിക്കൊള്ളും...
( 56 ) നാം അവർക്ക് നൽകിയതിൽ നിന്ന് ഒരു ഓഹരി തങ്ങൾക്ക് അറിയാത്ത ചില വസ്തുക്കൾക്ക് വേണ്ടി അവർ നീക്കിവെക്കുന്നു.
അല്ലാഹുവാണെ സത്യം നിങ്ങൾ കെട്ടിച്ചമച്ചു ഉണ്ടാക്കുന്നതിനെ പറ്റി തീർച്ചയായും നിങ്ങൾ ചോദിക്കപ്പെടും....
( 57 ) അല്ലാഹുവിന് അവർ പുത്രിമാരെ സ്ഥാപിക്കുന്നു.
അവൻ എത്ര പരിശുദ്ധൻ !
തങ്ങൾ ആശിക്കുന്നത് തങ്ങൾക്കും
( അവർ സ്ഥാപിക്കുന്നു )......
( 58 ) അവരിൽ ഒരാൾക്ക് ഒരു മകൾ ഉണ്ടായെന്ന സന്തോഷവാർത്ത ലഭിച്ചാൽ ദുഃഖത്തിൽ മുഴുകിവനായി കൊണ്ട് അവന്റെ മുഖം കറുത്തുവാടും.........
( 59 ) അയാൾക്ക് ലഭിച്ച സന്തോഷവാർത്തയുടെ തിന്മയാൽ ജനതയിൽ നിന്ന് അയാൾ മറയുന്നു.
അപമാനത്തോടുകൂടി ആ കുഞ്ഞിനെ വെച്ചുകൊണ്ടിരിക്കണോ, അതോ മണ്ണിൽ
കുഴിച്ചുമൂടണമോ
( എന്ന് ചിന്തിക്കുന്നു )
അറിയുക.
അവരുടെ വിധി എത്രയോ ചീത്ത....
( 60 ) പരലോകത്തിൽ വിശ്വസിക്കാത്തവർക്ക് മോശമായ സ്ഥിതിവിശേഷമാണുള്ളത്.
പരമോന്നതമായ സ്ഥിതിവിശേഷമുള്ളത് അല്ലാഹുവിനാകുന്നു.
അവൻ അജയ്യനും യുക്തിമാനുമാകുന്നു...
( 61 ) മനുഷ്യരെ തങ്ങളുടെ അക്രമം മൂലം അല്ലാഹു പിടിച്ച് ശിക്ഷിക്കുകയാണെങ്കിൽ ഇവിടെ ഒരു ജീവിയേയും അവൻ ബാക്കിവെക്കില്ലായിരുന്നു.
പക്ഷേ നിശ്ചിത അവധി വരെ അവൻ അവരെ പിന്തിപ്പിക്കുന്നു.
എന്നാൽ തങ്ങളുടെ അവധി എത്തിയാൽ ഒരു നിമിഷം പോലും അവർ മുന്തുകയോ പിന്തുകയോ ഇല്ല.....
( 62 ) തങ്ങൾക്ക് ഇഷ്ടമില്ലാത്തതവർ അല്ലാഹുവിനു സ്ഥാപിക്കുന്നു.
തീർച്ചയായും തങ്ങൾക്കുള്ളതാണു നന്മയെന്ന് അവരുടെ നാവുകൾ കള്ളം പറയുകയും ചെയ്യുന്നു.
സംശയമോ ഇല്ല, നരകം തന്നെയാണ് അവർക്കുള്ളത്.
അവർ അതിലേക്ക് തള്ളപ്പെടുക തന്നെ ചെയ്യും.....
( 63 ) അള്ളാഹുവാണെ സത്യം,
( നബിയെ )
താങ്കൾക്ക് മുമ്പ് പല ജനതകളിലേക്കും നാം
( ദൂതന്മാരെ )
അയച്ചിട്ടുണ്ട്.
എന്നാൽ പിശാച് തങ്ങളുടെ പ്രവർത്തനങ്ങളെ അവർക്ക്
( ആ ജനതകൾക്ക് )
മനോഹരമായി കാണിച്ചുകൊടുത്തു.
അതിനാൽ ഇന്ന് അവരുടെ രക്ഷാധികാരി പിശാചാണ്.
അവർക്ക് വേദനാജനകമായ ശിക്ഷയുണ്ട്..
( 64 ) താങ്കൾക്ക് നാം ഖുർആൻ അവതരിപ്പിച്ചത് തങ്ങൾക്ക് അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങൾ അവർക്ക് വിശദീകരിച്ചു കൊടുക്കാനും, സത്യവിശ്വാസികളായ ജനതക്കു മാർഗദർശനവും കാരുണ്യവും ആയിട്ടു മാത്രമാണ്......