Sooraththu Muhmin -50-66
അദ്ധ്യായം--40
സൂറത്തു മുഹ്മിൻ
അവതരണം -മക്ക
സൂക്തങ്ങൾ-85
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
( ഞാൻ ആരംഭിക്കുന്നു )...
( 50 ) അവർ ചോദിക്കും : നിങ്ങളുടെ അടുത്ത് ദൂതൻമാർ വ്യക്തമായ ദൃഷ്ടാന്തങ്ങളും ആയി വന്നിരുന്നില്ലേ?
അവർ പറയും : അതെ വന്നിരുന്നു.
അവർ( കാവൽക്കാർ )
പറയും.
എങ്കിൽ നിങ്ങൾ തന്നെ പ്രാർത്ഥിക്കുക.
സത്യനിഷേധികളുടെ പ്രാർത്ഥന ഒരിക്കലും സഫലമാവുകയില്ല....
( 51 ) നമ്മുടെ ദൂതന്മാരെയും സത്യവിശ്വാസികളെയും ഐഹിക ജീവിതത്തിലും സാക്ഷികൾ നിൽക്കുന്ന ദിവസവും നാം സഹായിക്കുക തന്നെ ചെയ്യും..
( 52 ) അതായത് അക്രമികൾക്ക് അവരുടെ ഒഴിവു കഴിവ് പ്രയോജനപ്പെടാത്ത ദിവസം അവർക്ക് തന്നെയാണ് ശാപം.
അവർക്ക് തന്നെയാണ് ദുഷിച്ച ഭവനവും....
( 53 ) തീർച്ചയായും മൂസാനബിക്ക് നാം മാർഗദർശനം നൽകുകയും ഇസ്റാഈൽ സന്തതികൾക്ക് വേദഗ്രന്ഥം അനന്തരവകാശം ആക്കി കൊടുക്കുകയും ചെയ്തു..
( 54 ) ബുദ്ധിയുള്ളവർക്ക് ഒരു മാർഗദർശനവും ഉൽബോധനവും ആയി കൊണ്ട്......
( 55 ) അതുകൊണ്ട്
(നബിയെ ) താങ്കൾ ക്ഷമിക്കുക.
തീർച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്.
താങ്കളുടെ പാപമോചനത്തിന് വേണ്ടി പ്രാർത്ഥിക്കുക.
രാവിലെയും വൈകുന്നേരവും താങ്കളുടെ നാഥനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുകയും ചെയ്യുക..
( 56 ) തീർച്ചയായും തങ്ങൾ വന്നുകിട്ടിയ യാതൊരു തെളിവും കൂടാതെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ കുറിച്ച് തർക്കിക്കുന്നവർ, അവരുടെ ഹൃദയങ്ങളിൽ തങ്ങൾ പ്രാപിച്ചിട്ടില്ലാത്ത അഹന്ത നടിക്കൽ
മാത്രമാണുള്ളത്.
അതുകൊണ്ട് അല്ലാഹുവോട് രക്ഷ തേടിക്കൊള്ളുക. തീർച്ചയായും അവൻ തന്നെയാണ് എല്ലാം കാണുന്നവനും കേൾക്കുന്നവനും.....
( 57 ) ആകാശഭൂമികളെ സൃഷ്ടിക്കുന്നത് മനുഷ്യരെ സൃഷ്ടിക്കുന്നതിനെക്കാൾ വലിയ കാര്യം തന്നെയാണ്.
പക്ഷേ മനുഷ്യരിൽ അധികപേരും ഗ്രഹിക്കുന്നില്ല
( ചിന്തിക്കുന്നില്ല )...
( 58 ) കണ്ണ് കാണാത്തവനും കാഴ്ച ഉള്ളവനും തുല്യരാവുകയില്ല.
( അതുപോലെ ) സത്യവിശ്വാസം കൈക്കൊള്ളുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്തവരും ദുർമാർഗ്ഗിയും ഒരുപോലെ ആവുകയില്ല..
നിങ്ങൾ അല്പം മാത്രമേ ചിന്തിക്കുന്നുള്ളൂ...
( 59 ) തീർച്ചയായും അന്ത്യഘട്ടം വന്നെത്തുന്നത് തന്നെയാണ്.
അതിൽ ഒട്ടും സംശയമില്ല.
പക്ഷെ മനുഷ്യരിൽ അധികപേരും അത് വിശ്വസിക്കുന്നില്ല...
( 60 )(ഓ മനുഷ്യരേ ) നിങ്ങളുടെ നാഥൻ പറയുന്നു : നിങ്ങൾ എന്നോട് പ്രാർത്ഥിക്കുക.
ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം.
തീർച്ചയായും എന്നെ ആരാധിക്കുന്ന കാര്യത്തിൽ അഹങ്കരിക്കുന്നവർ പിന്നീട് നിന്ദ്യരായി കൊണ്ട് നരകത്തിൽ പ്രവേശിക്കുന്നതാണ്...
( 61 ) നിങ്ങൾക്ക് വിശ്രമിക്കാൻ വേണ്ടി രാത്രിയെയും കണ്ണ് കാണാവുന്ന നിലയിൽ പകലിനെയും സൃഷ്ടിച്ചുതന്നവനാണ് അള്ളാഹു.
തീർച്ചയായും അല്ലാഹു ജനങ്ങൾക്ക് ഔദാര്യം ചെയ്യുന്നവനാണ്.
പക്ഷേ അധികമാളുകളും നന്ദി ചെയ്യുന്നില്ല....
( 62 ) അതാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു.
എല്ലാ വസ്തുക്കളുടെയും സൃഷ്ടാവ്.
അവനല്ലാതെ ഒരു ആരാധ്യനുമില്ല.
എന്നിരിക്കെ എങ്ങനെയാണ് നിങ്ങൾ
( സത്യത്തിൽ നിന്നും )
തെറ്റിക്കപെടുന്നത്.....
( 63 ) അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ നിഷേധിക്കുന്നവർ അപ്രകാരം
( യാഥാർത്ഥ്യത്തിൽ നിന്നും )
തെറ്റിക്കപ്പെടുന്നതാണ്....
( 64 ) നിങ്ങൾക്ക് ഭൂമിയെ ഒരു വാസസ്ഥലവും
ആകാശത്തെ ഒരു മേൽതട്ടും ആക്കി തന്നവൻ അല്ലാഹുവാണ്.
അവൻ നിങ്ങളെ രൂപപ്പെടുത്തുകയും നിങ്ങളുടെ രൂപങ്ങൾ ഭംഗി ആക്കുകയും,
നിങ്ങൾക്ക് നല്ല വസ്തുക്കളിൽ നിന്ന് ആഹാരം നൽകുകയും ചെയ്തു.
അതാണ് നിങ്ങളുടെ നാഥനായ അല്ലാഹു.
ലോകരക്ഷിതാവായ അല്ലാഹു ഉൽകൃഷ്ടഗുണങ്ങൾ ഉള്ളവനായിരിക്കുന്നു...
( 65 ) അവൻ ജീവിച്ചിരിക്കുന്നവനാണ്.
അവനല്ലാതെ ഒരു ആരാധ്യനുമില്ല.
അതുകൊണ്ട് കീഴ്വണക്കം അവനു നിഷ്കളങ്കം ആക്കി കൊണ്ട് നിങ്ങൾ അവനോട് പ്രാർത്ഥിക്കുക.
ലോകനാഥനായ അല്ലാഹുവിനാണ് എല്ലാ സ്തുതിയും..
( 66 )( നബിയെ ) താങ്കൾ പറയുക.
എന്റെ രക്ഷിതാവിങ്കൽ നിന്ന് എനിക്ക് വ്യക്തമായ തെളിവുകൾ കിട്ടിയിരിക്കെ അള്ളാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്ന വസ്തുക്കളെ ഞാൻ ആരാധിക്കുന്നത് തീർച്ചയായും എന്നോട് നിരോധിക്കപ്പെടുകയും ലോക നാഥനെ കീഴൊതുങ്ങി ജീവിക്കണം എന്ന് എന്നോട് കൽപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു....