73-Surathul Muzzammil --01-20


 അദ്ധ്യായം-73
 സൂറത്തുൽ മുസ്സമ്മിൽ 
 അവതരണം- മക്ക 
 സൂക്തങ്ങൾ-20
 ഒന്നു മുതൽ 20 വരെയുള്ള വചനങ്ങളുടെ അർത്ഥം.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തി
 ( ഞാൻ ആരംഭിക്കുന്നു )....


( 01 )വസ്ത്രം കൊണ്ടു മൂടിയ നബിയെ... 

( 02 ) രാത്രി കുറച്ചു സമയം ഒഴിച്ച്
( ബാക്കി സമയം )
 എഴുന്നേറ്റ് നിസ്കരിച്ചു കൊള്ളുക.... 

( 03, 04 ) അതായത് അതിന്റെ പകുതി സമയം. അല്ലെങ്കിൽ അതിൽ നിന്ന് അല്പം കുറക്കുകയോ, അതിനേക്കാൾ വർധിപ്പിക്കുകയോ  ചെയ്യുക.
 ഖുർആൻ നിർത്തി നിർത്തി സാവകാശം
 ഓതുകയും ചെയ്യുക... 

( 05 ) തീർച്ചയായും ഭാരമുള്ള വചനം താങ്കൾക്ക് നാം അവതരിപ്പിക്കാൻ പോകുന്നു.... 

( 06 ) രാത്രി
( നിസ്കാരത്തിനു വേണ്ടി )
 ഉണർന്നു എഴുന്നേൽക്കുക എന്നത്, അത്
( കാതും ഹൃദയവും തമ്മിൽ )
 കൂടുതൽ യോജിപ്പ് ഉണ്ടാക്കുന്നതും
( ഖുർആൻ )
 പാരായണം കൂടുതൽ സ്പഷ്ടം ആകുന്നതും തന്നെയാണ്.... 

( 07 ) തീർച്ചയായും താങ്കൾക്ക് പകൽസമയത്ത് ദീർഘമായ ജോലി തിരക്കുണ്ട്...

( 08 ) താങ്കളുടെ നാഥന്റ  നാമം സ്മരിക്കുക.
( ഏകാഗ്രതയോടെ ആരാധനയിൽ )
 അവനിലേക്ക് കൂടുതൽ അടുക്കുകയും ചെയ്യുക.....


( 09 ) ഉദയ സ്ഥാനത്തിന്റെയും  അസ്തമന സ്ഥാനത്തിന്റെയും നാഥനാണവൻ. 
 അവനല്ലാതെ ഒരു ദൈവവുമില്ല. 
 അതിനാൽ താങ്കൾ അവനെ എല്ലാം ഭാരം ഏൽപ്പിക്കപ്പെട്ടവനാക്കുക.... 

( 10 ) അവർ
( സത്യനിഷേധികൾ )
 പറഞ്ഞതിനെ പറ്റി താങ്കൾ ക്ഷമിക്കുകയും, നല്ല രീതിയിൽ അവരെ വെടിഞ്ഞു നിൽക്കുകയും ചെയ്യുക....

( 11 ) എന്നെയും അനുഗ്രഹങ്ങൾ ലഭിച്ചിട്ടുളള 
( ധനികരായ )
 സത്യനിഷേധികളെയും താങ്കൾ വിട്ടേക്കുക.
 അവർക്ക് അല്പം ഇട നൽകുകയും ചെയ്യുക....

( 12 ) തീർച്ചയായും നമ്മുടെ പക്കൽ കനത്ത ചങ്ങലകളും ജ്വലിക്കുന്ന അഗ്നിയുമുണ്ട്.... 

( 13 ) തൊണ്ടയിൽ തടസം നിൽക്കുന്ന ഭക്ഷണവും വേദനാജനകമായ
 ശിക്ഷയും അവർക്കുണ്ട്...

( 14 ) ഭൂമിയും പർവതങ്ങളും കിടുകിടാ വിറക്കുകയും, പർവ്വതങ്ങൾ ഒഴുകുന്ന 
മണൽ കുന്ന്
( പോലെ )
 ആയിത്തീരുകയും ചെയ്യുന്ന ദിവസം
( അന്നായിരിക്കും ആ ശിക്ഷ )..... 

( 15 ) തീർച്ചയായും ഫിർഔന്റെ അടുത്തേക്ക് നാം ഒരു ദൂതനെ അയച്ചതു  പോലെ തന്നെ
( ജനങ്ങളേ )
 നിങ്ങളുടെ മേൽ സാക്ഷിയായ ഒരു ദൂതന് നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു.... 

( 16 ) എന്നിട്ട് ഫിർഔൻ ആ ദൂതനെ  ധികരിച്ചു. 
 അത് മൂലം അവനെ നാം ശക്തമായ ഒരു പിടുത്തം പിടിച്ചു. 
( ശിക്ഷിച്ചു )..... 

( 17 ) എന്നാൽ നിങ്ങൾ സത്യത്തെ നിഷേധിക്കുകയാണെങ്കിൽ കുട്ടികളെ നരച്ചവരാക്കുന്ന  ഒരു ഭയങ്കര ദിവസത്തെ
 നിങ്ങൾ എങ്ങനെയാണ് സൂക്ഷിക്കുക... 

( 18 ) അന്ന് ആകാശം പൊട്ടിപ്പിളർന്നതാകും. 
 അല്ലാഹുവിന്റെ വാഗ്ദാനം പ്രാവർത്തികം ആകുന്നതാണ്..... 

( 19 ) തീർച്ചയായും ഇത്
( മഹത്തായ )
 ഒരു ഉപദേശം ആകുന്നു. 
 അതുകൊണ്ട് ആരെങ്കിലും
( വേണമെന്ന് )
 ഉദ്ദേശിക്കുന്നുവെങ്കിൽ തന്റെ നാഥനിലേക്ക് ഒരു മാർഗ്ഗം അവൻ സ്വീകരിച്ചു കൊള്ളട്ടെ... 

( 20 ) താങ്കളും താങ്കളോടൊപ്പം ഉള്ളവരിൽ ഒരു വിഭാഗവും രാത്രിയുടെ ഏതാണ്ട് മൂന്നിൽ രണ്ടു ഭാഗവും 
( ചിലപ്പോൾ ) രാത്രിയുടെ പകുതിയും
( ചിലപ്പോൾ )
 രാത്രിയുടെ മൂന്നിലൊന്നു സമയവും നിസ്കരിക്കും എന്ന് തീർച്ചയായും താങ്കൾ നാഥൻ അറിയുന്നുണ്ട്. 
 രാത്രിയെയും പകലിനെയും കണക്കാക്കി കൊണ്ടിരിക്കുന്നത് അല്ലാഹുവാണ്. 
 നിങ്ങൾക്ക് ശരിക്കതു  കണക്കാക്കാനാകില്ലെന്ന് അല്ലാഹുവിനറിയാം. 
 അതുകൊണ്ട് അവൻ നിങ്ങൾക്ക് ഇളവ് നൽകിയിരിക്കുന്നു. 
 ഇനി നിങ്ങൾ ഖുർആനിൽനിന്ന് സൗകര്യ പെട്ടത് ഓതി
( നിസ്കരിച്ചു കൊള്ളുക )
 അവനറിയാം: നിങ്ങളിൽ രോഗികൾ ഉണ്ടായേക്കാം എന്നും  വേറെ ചിലർ അല്ലാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന് തേടിക്കൊണ്ട് ഭൂമിയിൽ സഞ്ചരിക്കുന്നുണ്ടെന്നും, മറ്റുചിലർ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധത്തിന് പോകുമെന്നും, അതുകൊണ്ട് നിങ്ങൾ ഖുർആനിൽ നിന്നും സൗകര്യ പെട്ടത് പാരായണം ചെയ്തു നിസ്കരിച്ചു കൊള്ളുക. 
 നിങ്ങൾ നിസ്ക്കാരം കൃത്യമായി അനുഷ്ഠിക്കുകയും, സക്കാത്ത് കൊടുക്കുകയും, അള്ളാഹുവിനു  നല്ല നിലയിൽ കടം കൊടുക്കുകയും  ചെയ്യുക. 
 നിങ്ങൾ സ്വന്തത്തിനു വേണ്ടി വല്ല നന്മയും മുൻകൂട്ടി ചെയ്തു വെക്കുന്നത് എങ്കിൽ അത് കൂടുതൽ ഗുണകരമായും, വളരെ മഹത്തായ പ്രതിഫലമുള്ളതായും അല്ലാഹുവിങ്കൽ നിങ്ങൾക്ക് കണ്ടെത്താവുന്നതാണ്. നിങ്ങൾ അല്ലാഹുവിനോട് പാപമോചനം തേടുക. തീർച്ചയായും അല്ലാഹു വളരെ പൊറുക്കുന്നവനും പരമകാരുണ്യകനും ആകുന്നു.... 

അഭിപ്രായങ്ങള്‍