31-Suraththu Luqmaan--20-34

അദ്ധ്യായം-31
 സൂറത്തു ലുഖ്മാൻ
 അവതരണം-മക്ക 
 സൂക്തങ്ങൾ-34
 20 മുതൽ 34 വരെയുള്ള വചനങ്ങളുടെ അർഥം. 


 പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ 
(ഞാൻ ആരംഭിക്കുന്നു. ).. 

( 20 ) തീർച്ചയായും ആകാശ ഭൂമിയിൽ ഉള്ള വസ്തുക്കളെ അള്ളാഹു നിങ്ങൾക്ക് അധീനമാക്കി തരികയും, അവന്റെ ബാഹ്യവും ആന്തരികവുമായ അനുഗ്രഹങ്ങൾ നിങ്ങൾക്ക് അവൻ നിറവേറ്റിത്തരികയും ചെയ്തതു നിങ്ങൾ കണ്ടില്ലേ.? 
( എന്നിട്ടും ) ഏതെങ്കിലും തരത്തിലുള്ള അറിവോ  മാർഗദർശനമോ, വെളിച്ചം നൽകുന്ന ഗ്രന്ഥമോ കൂടാതെ അല്ലാഹുവിനെ സംബന്ധിച്ച് തർക്കിക്കുന്ന ചിലർ മനുഷ്യരിലുണ്ട്..... 

( 21 ) അല്ലാഹു അവതരിപ്പിച്ചതിനെ നിങ്ങൾ പിന്തുടരുക എന്ന് അവരോട് പറയപ്പെട്ടാൽ 
"അല്ല, ഞങ്ങളുടെ പൂർവ പിതാക്കൾ സ്വീകരിച്ച മാർഗ്ഗത്തെ ഞങ്ങൾ പിന്തുടരും 
" എന്നവർ പറയും. 
 പിശാച് പൂർവ്വ പിതാക്കളെ നരകശിക്ഷയിലേക്കു  ക്ഷണിക്കുകയാണെങ്കിലും 
( അവരെ തന്നെയാണോ ഇവർ പിന്തുടരുന്നത് ?  ).... 

( 22 ) ആരെങ്കിലും നന്മ പ്രവർത്തിച്ചത് കൊണ്ട് തന്റ  ശരീരത്തെ അല്ലാഹുവിനു  കീഴ്പ്പെടുത്തുക യാണെങ്കിൽ തീർച്ചയായും അവൻ വളരെ പ്രബലമായ ഒരു പിടിക്കയറാണ് പിടിച്ചിരിക്കുന്നത്. 
 എല്ലാ കാര്യങ്ങളുടെയും മടക്കം അല്ലാഹുവിലേക്ക് തന്നെ ആകുന്നു.... 

( 23 ) ആരെങ്കിലും സത്യനിഷേധം സ്വീകരിക്കുകയാണെങ്കിൽ  അവന്റെ സത്യനിഷേധം
( നബീ ) താങ്കളെ ദുഃഖിക്കേണ്ടതില്ല. 
 നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം. അവൻ പ്രവർത്തിച്ചതിനെ പറ്റി  അന്നേരം അവർക്ക് നാം മനസ്സിലാക്കി കൊടുക്കും. 
 തീർച്ചയായും അല്ലാഹു ഹൃദയങ്ങളിൽ ഉള്ളതിനെ സംബന്ധിച്ച് ഏറ്റവും നന്നായി അറിയുന്നവനാണ്.... 

( 24 ) കുറച്ചുകാലം നാം അവർക്ക് സുഖം നൽകും. 
 പിന്നീട് നാം അവരെ കഠിനശിക്ഷ യിലേക്ക് നിർബന്ധിച്ച് കൊണ്ടുപോകുകയും ചെയ്യും... 

( 25) ആകാശഭൂമികളെ സൃഷ്ടിച്ചത്  ആരാണെന്ന് താങ്കൾ അവരോട് ചോദിച്ചാൽ
" അത് അല്ലാഹു തന്നെ " തീർച്ചയായും അവർ മറുപടി പറയും. 
 താങ്കൾ പറയുക. 
 അല്ലാഹുവിനാണ് സർവ്വസ്തുതിയും. 
 പക്ഷെ അവരിൽ അധികപേരും അറിയുന്നില്ല... 

( 26 ) ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിനുള്ളതാണ്.
 തീർച്ചയായും അല്ലാഹു തന്നെയാണ് നിരാശ്രയനും സ്തുത്യർഹനും.... 

( 27 ) ഭൂമിയിലുള്ള മരങ്ങളെല്ലാം പേനകൾ ആയിത്തീരുകയും, 
 സമുദ്രം -അതിനുപുറമേ ഏഴ് സമുദ്രങ്ങൾ അതിനു  പോഷണം നൽകി- മഷി ആയിത്തീരുകയും ചെയ്താലും അല്ലാഹുവിന്റെ വചനങ്ങൾ എഴുതി തീരുകയില്ല - തീർച്ചയായും അല്ലാഹു അജയ്യനും  അഗാധജ്ഞാനം ഉള്ളവനും ആകുന്നു.... 

( 28 ) നിങ്ങളെ എല്ലാവരെയും സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നത് ഒരൊറ്റ ആളെ സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതുപോലെ മാത്രമേയുള്ളൂ. തീർച്ചയായും അല്ലാഹു എല്ലാം കാണുന്നവനും കേൾക്കുന്നവനുമാണ്.... 

( 29 ) തീർച്ചയായും അല്ലാഹു രാവിനെ പകലിലും പകലിനെ രാവിലും കടത്തുന്നതും സൂര്യനേയും ചന്ദ്രനേയും അധീനപ്പെടുത്തി തന്നതും കണ്ടില്ലേ? 
 അവയെല്ലാംതന്നെ ഒരു നിശ്ചിത അവധി വരെ സഞ്ചരിക്കുന്നു.
 തീർച്ചയായും നിങ്ങൾ പ്രവർത്തിക്കുന്നതിനെ കുറിച്ച് അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു
( എന്നും നീ അറിഞ്ഞിട്ടില്ലേ  ?  )...

( 30 ) അത്,  തീർച്ചയായും അല്ലാഹു തന്നെയാണ് സ്ഥിരമായി നിലകൊള്ളുന്നത് എന്നത് കൊണ്ടും,  അവനു പുറമേ അവർ ആരാധിച്ചു വരുന്ന വസ്തുക്കൾ വൃർതഥമാണ് എന്നത് കൊണ്ടും ആണ്.
 തീർച്ചയായും അല്ലാഹു തന്നെയാണ് ഉന്നതനും മഹാനും 
( എന്നതുകൊണ്ടും ആകുന്നു )....

( 31 ) അവന്റെ ദൃഷ്ടാന്തങ്ങളിൽ ചിലത് നിങ്ങൾക്ക് കാണിച്ചുതരാൻ വേണ്ടി അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് കപ്പലുകൾ സമുദ്രത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് നീ കണ്ടില്ലേ? 
 തീർച്ചയായും നന്ദി കാണിക്കുന്ന ക്ഷമാശീലരായ എല്ലാവർക്കും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്.... 

( 32 ) പർവ്വതങ്ങൾ പോലെയുള്ള തിരമാലകൾ അവരെ മൂടി  കളഞ്ഞാൽ കീഴ്വണക്കം അല്ലാഹുവിനു  മാത്രം ആക്കികൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കും. 
 എന്നാൽ അവൻ കരയിലേക്ക് രക്ഷപ്പെടുത്തിയാൽ അപ്പോൾ അവരിൽ ചിലർ മിതത്വം പുലർത്തിയവർ ആയിത്തീരും. 
( ചിലർ സത്യനിഷേധികൾ ആകുകയും  ചെയ്യും ). 
 തീരെ നന്ദിയില്ലാത്ത മഹാ വഞ്ചകർ മാത്രമേ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയുള്ളൂ...


( 33 ) മനുഷ്യരേ, നിങ്ങളുടെ നാഥനെ സൂക്ഷിച്ചുകൊള്ളുക. 
 ഒരു ദിവസത്തെ ഭയപ്പെടുകയും ചെയ്യുക. 
 അന്ന് ഒരു ജനയിതാവും തന്റെ സന്താനത്തിന് ഒരു പ്രയോജനവും ചെയ്യുകയില്ല.  
 ഒരു സന്താനവും തന്റെ ജനയിതാവിന് എന്തെങ്കിലും പ്രയോജനം ചെയ്യുന്നവൻ ആവുകയില്ല. 
 അല്ലാഹുവിന്റെ വാഗ്ദാനം തീർച്ചയായും സത്യമാണ്. 
 അതുകൊണ്ട് ഐഹിക ജീവിതം ഒരിക്കലും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. 
 മഹാ വഞ്ചകനായ പിശാചും അല്ലാഹുവിനെ ക്കുറിച്ച്  നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ.... 

( 34 ) അന്ത്യ സമയത്തെ കുറിച്ചുള്ള അറിവ് തീർച്ചയായും അല്ലാഹുവിന്റെ പക്കൽ ആണുള്ളത്. 
 അവൻ മഴ പെയ്യിക്കുകയും  ഗർഭാശയങ്ങളിൽ  ഉള്ളത് എന്താണെന്ന് അറിയുകയും ചെയ്യുന്നു. 
 നാളെ എന്താണ് താൻ ചെയ്യുകയാണ് എന്നും, ഏതു നാട്ടിൽ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. 
 തീർച്ചയായും അല്ലാഹു സർവ്വജ്ഞനും 
 സൂക്ഷ്മജ്ഞനുമാകുന്നു... 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Quran Malayalam