24-Surathu Nnoor -01-20

അദ്ധ്യായം-24
സൂറത്തുന്നൂർ 
 അവതരണം- മദീന
 സൂക്തങ്ങൾ-64
 ഒന്നു മുതൽ 20 വരെയുള്ള വചനങ്ങളുടെ അർഥം.


പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ 
 ( ഞാൻ ആരംഭിക്കുന്നു )....

( 01 ) ഇതൊരു ( മുഖ്യ ) അദ്ധ്യായമാണ്. 
 നാം ഇത് അവതരിപ്പിക്കുകയും, ഇതിലെ നിർദ്ദേശങ്ങൾ നിർബന്ധമാക്കുകയും ചെയ്തിരിക്കുന്നു. 
 വ്യക്തമായ ചില ദൃഷ്ടാന്തങ്ങൾ നാം ഇതിൽ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. 
 നിങ്ങൾ ചിന്തിക്കാൻ വേണ്ടി... 

( 02 ) വ്യഭിചരിച്ച സ്ത്രീപുരുഷന്മാരിൽ ഓരോരുത്തരെയും നൂറു അടി വീതം അടിക്കുക. 
 അള്ളാഹുവിന്റെ നിയമവിധി നടപ്പാക്കുന്നതിൽ രണ്ടുപേരോടും യാതൊരു ദയയും നിങ്ങൾ ചെയ്യരുത്. 
 നിങ്ങൾ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർ ആണെങ്കിൽ. 
 അവരുടെ ശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് സത്യവിശ്വാസികളിൽ നിന്ന് ഒരു സംഘം സന്നിഹിതരാവുകയും ചെയ്യട്ടെ... 

( 03 ) വേശ്യയെയോ ബഹുദൈവ വിശ്വാസിനിയെയോ അല്ലാതെ വ്യഭിചാരി വിവാഹം ചെയ്യുകയില്ല.
 വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വേശ്യയെയും  വിവാഹം ചെയ്യുകയില്ല. 
 അത് സത്യവിശ്വാസികൾക്ക് നിരോധിക്കപ്പെട്ടിരിക്കുന്നു.. 

( 04 ) പവിത്രകളുടെ  പേരിൽ വ്യഭിചാര ആരോപണം നടത്തുകയും എന്നിട്ട് അതിനെ നാല് സാക്ഷികളെ കൊണ്ട് വരാതിരിക്കുകയും  ചെയ്യുന്നവർ ആരോ അവരെ നിങ്ങൾക്ക് എൺപത് അടി വീതം അടിക്കുക. 
 അവരുടെ സാക്ഷ്യം ഒരിക്കലും നിങ്ങൾ സ്വീകരിക്കരുത്. 
 അവർ തന്നെയാണ് അതിക്രമകാരികൾ... 

( 05 ) അതിനുശേഷം പശ്ചാത്തപിക്കുകയും ജീവിതം നന്നാക്കിത്തീർക്കുകയും ചെയ്തവരൊഴികെ. 
 തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണ്യകനും ആകുന്നു... 

( 06 ) സ്വന്തം ഭാര്യമാരെ വ്യഭിചാരം ആരോപിക്കുകയും, അതിന് തങ്ങൾ തന്നെ അല്ലാതെ വേറെ സാക്ഷികൾ ഇല്ലാതിരിക്കുകയും ചെയ്താൽ
( ശിക്ഷയിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ )
 തീർച്ചയായും താൻ സത്യവാദിയാണെന്ന്  അത്തരമൊരാൾ അല്ലാഹുവിനെ മുൻനിർത്തി നാലുതവണ സത്യം ചെയ്യണം.. 

( 07 ) അഞ്ചാമതായി താൻ കള്ളവാദി  ആണെങ്കിൽ അല്ലാഹുവിന്റെ ശാപം തന്നിൽ ഉണ്ടാകുക തന്നെ ചെയ്യട്ടെ എന്നും പറയണം... 

( 08 ) തീർച്ചയായും അയാൾ കള്ളവാദി  ആണെന്ന് അവൾ അല്ലാഹുവിനെ മുൻനിർത്തി നാല് പ്രാവശ്യം സത്യം ചെയ്താൽ വ്യഭിചാരത്തിന്റ  ശിക്ഷയിൽ നിന്ന്  അവളെ ഒഴിവാക്കണം... 

( 09 ) അയാൾ സത്യ വാദി ആണെങ്കിൽ അല്ലാഹുവിന്റെ കോപം തന്നിൽ ഉണ്ടാകട്ടെ എന്ന്  അവൾ അഞ്ചാമത്തെ പ്രാവശ്യം പറയുകയും വേണം... 

( 10 ) അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും നിങ്ങൾക്ക് ഉണ്ടാകുകയും, തീർച്ചയായും അവൻ പശ്ചാത്താപം സ്വീകരിക്കുന്നവനും മഹാ യുക്തിമാനും ആവുകയും ചെയ്തിരുന്നില്ലെങ്കിൽ 
( അവൻ യാഥാർത്ഥ്യം വെളിപ്പെടുത്തുകയും ഉടനെ ശിക്ഷിക്കുകയും ചെയ്യുമായിരുന്നു ).... 

( 11 ) ഏറ്റവും ദുഷിച്ച ആ കള്ള വാർത്ത കെട്ടിയുണ്ടാക്കിയവർ നിങ്ങളിൽ പെട്ട ഒരു കൂട്ടർ തന്നെയാണ്. 
 അത് നിങ്ങൾക്ക് ദോഷം ആണെന്ന് കരുതരുത്. 
 പക്ഷേ അത് നിങ്ങൾക്ക് ഗുണകരമാണ്. 
 അവരിൽ ഓരോരുത്തനും താൻ ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കും. 
 അതിന്റെ നേതൃത്വം ഏറ്റെടുത്തവന്  കഠിനശിക്ഷ ലഭിക്കുന്നതാണ്.... 


( 12 ) നിങ്ങൾ ആ വ്യാജ വാർത്ത കേട്ടപ്പോൾ സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാർ സ്വന്തം ആളുകളെ കുറിച്ച് എന്തുകൊണ്ട് നന്മ വിചാരിച്ചില്ല   ? 
 ഇത് വ്യക്തമായ വ്യാജവാർത്ത ആണെന്ന്  എന്തുകൊണ്ട് പറഞ്ഞില്ല.... 

( 13 ) അവർ എന്തുകൊണ്ട് അതിനു  നാല് സാക്ഷികള ഹാജരാക്കിയില്ല. 
 സാക്ഷികളെ കൊണ്ട് വരാതിരുന്നപ്പോൾ അല്ലാഹുവിന്റെ പക്കൽ അവർ കളവ് പറഞ്ഞവർ  തന്നെയാണ്.... 

( 14 ) ഇഹത്തിലും പരത്തിലും അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും നിങ്ങൾക്ക് ഉണ്ടായിരുന്നില്ലെങ്കിൽ നിങ്ങൾ ഏതൊന്നിൽ പ്രവേശിച്ചുവോ അതുമൂലം വമ്പിച്ച ശിക്ഷ നിങ്ങളെ പിടികൂടുമായിരുന്നു..... 

( 15 ) സ്വന്തം നാവുകൾ കൊണ്ട് നിങ്ങളെ തെറ്റു പറയുകയും, തീരെ അറിവില്ലാത്ത ഒരു കാര്യം നിങ്ങളുടെ വായകൊണ്ട് പറയുകയും ചെയ്ത സന്ദർഭത്തിൽ
( ആ ശിക്ഷ പിടികൂടുമായിരുന്നു ). 
 നിങ്ങൾ ഇതൊരു നിസ്സാര കാര്യമാണെന്ന് വിചാരിക്കുന്നു. 
 സത്യത്തിൽ ഇത് അല്ലാഹുവിങ്കൽ ഗൗരവമേറിയ കാര്യമാണ്... 

( 16 ) നമുക്ക് ഇതിനെ കുറിച്ച് സംസാരിക്കാൻ പാടില്ല. 
 അല്ലാഹുവേ, നീ പരിശുദ്ധൻ. ഇത് വമ്പിച്ച ഒരു കള്ളക്കഥ തന്നെയാണ് എന്ന് അത് കേട്ടപ്പോൾ നിങ്ങൾ എന്തുകൊണ്ട് പറഞ്ഞില്ല.... 

( 17 ) ഇതു പോലെയുള്ളത് ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കാൻ വേണ്ടി നിങ്ങളെ അള്ളാഹു ഉപദേശിക്കുന്നു. 
 നിങ്ങൾ സത്യവിശ്വാസികൾ ആണെങ്കിൽ
( മേലിൽ ഇങ്ങനെ ആവർത്തിക്കരുത് ).... 

( 18 ) തന്റെ ദൃഷ്ടാന്തങ്ങൾ അള്ളാഹു നിങ്ങൾക്ക് വിശദീകരിച്ചു തരുന്നു. 
 അല്ലാഹു സർവ്വജ്ഞനും മഹാ യുക്തിമാനുമാകുന്നു... 

( 19 ) സത്യവിശ്വാസികളിൽ നീച പ്രവർത്തി വ്യാപിപ്പിക്കണമെന്ന ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഈ ലോകത്തും പരലോകത്തും വേദനാജനകമായ ശിക്ഷയുണ്ട്. 
 അല്ലാഹു എല്ലാം അറിയുന്നു. 
 നിങ്ങൾ അത് അറിയുന്നില്ല.,.. 

( 20 ) നിങ്ങളിൽ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യമുണ്ടാവുകയും തീർച്ചയായും അല്ലാഹു കൃപയും കാരുണ്യവും ഉള്ളവൻ ആവുകയും ചെയ്തിരുന്നില്ലെങ്കിൽ 
( ഉടൻ നിങ്ങളെ അവൻ ശിക്ഷിക്കും ആയിരുന്നു ).... 

അഭിപ്രായങ്ങള്‍